മഹാന്മാർ അല്ലാഹുവിന് ആരാധന ചെയ്യേണ്ട ആവശ്യമില്ലെന്നോ?

മുസാഫിർ

2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

നേർച്ചവഴിപാടുകൾ അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കലും അവരിൽ കാര്യങ്ങൾ ഭരമേൽപിക്കലും മറഞ്ഞ രീതിയിലുള്ള ഗുണം പ്രതീക്ഷിക്കലും ദോഷം ഭയക്കലും സഹായാർഥന നടത്തലും തുടങ്ങിയുള്ള കാര്യങ്ങളൊന്നും അല്ലാഹു അല്ലാത്തവരോട് പാടുള്ളതല്ല. അപ്രകാരം തന്നെ സൃഷ്ടികളുടെ മുമ്പിൽ സുജൂദ് ചെയ്യലും ക്വബ്‌റിനെ ത്വവാഫ് ചെയ്യലുമൊന്നും പാടുള്ളതല്ല. ഔലിയാക്കൾക്കെന്നല്ല, അല്ലാഹുവല്ലാത്ത ഒരാൾക്കും ഇത്തരം ആരാധനകൾ അർപ്പിച്ചുകൂടാ. കാരണം, ആരാധന അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് അല്ലാഹുവല്ലാത്തവർക്കായാൽ ഗുരുതരപാതകമായ ബഹുദൈവാരാധന (ശിർക്ക്) ആയി.

തൗഹീദുൽ ഉലൂഹിയ്യയുടെ ചർച്ചയിൽ വരുന്ന ഒരു കാര്യമാണ് ശൈഖിനെ അന്ധമായി അനുസരിക്കുന്ന ചില സ്വൂഫീ-ത്വരീക്വത്തുകാരടെ ചിന്താഗതി. അല്ലാഹു നിഷിദ്ധമാക്കിയത് അനുവദനീയമാക്കിക്കൊണ്ടോ, അനുവദിച്ചത് നിഷിദ്ധമാക്കിക്കൊണ്ടോ ആയാലും ഇക്കൂട്ടർ തങ്ങളുടെ ശൈഖുമാരെ അന്ധമായി പിൻപറ്റുന്നു. ക്വുർആനും സുന്നത്തും പിൻപറ്റണമെന്ന് കൽപിക്കുന്ന, മതത്തിന്റെ വ്യക്തമായ വാക്യങ്ങൾക്ക് തികച്ചും കടകവിരുദ്ധമായ ഒന്നാണിത്. അല്ലാഹു പറയുന്നു: “അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തുകഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ, കാര്യത്തെ സംബന്ധിച്ച് സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു’’ (ക്വുർആൻ 33:36).

മഹാന്മാർക്ക് ഇബാദത്ത് (ആരാധന) തന്നെ ആവശ്യമില്ലെന്നും അല്ലാഹുവിന്റെയടുക്കലുള്ള ഉന്നതസ്ഥാനം കാരണത്താൽ മതത്തിലെ വിധിവിലക്കുകൾ അവർക്ക് ബാധകമല്ലെന്നും വരെ സ്വൂഫികളും ത്വരീഖത്തുകാരും വിശ്വസിക്കുന്നു. എന്നാൽ ഏറ്റവും ഉൽകൃഷ്ടനായ മുഹമ്മദ് നബിﷺക്ക് പോലും വിധിവിലക്കുകൾ പാലിക്കൽ നിർബന്ധമായിരുന്നു, എന്നിരിക്കെ അദ്ദേഹത്തിന് താഴെയുള്ളവരുടെ കാര്യത്തിൽ എങ്ങനെയാണ് അതുണ്ടാവുക? അല്ലാഹുവിന് വഴിപ്പെട്ട് ആരാധനകൾ നിർവഹിക്കുന്ന വിഷയത്തിൽ പ്രയാസങ്ങൾ സഹിക്കാൻ അവിടുന്ന് സന്നദ്ധനാകുമായിരുന്നു. തന്റെ ഇരു കാലുകളിലും നീരുകെട്ടുവോളം നബിﷺ രാത്രി നിന്ന് നമസ്‌കരിക്കുമായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് നൽകിയ മറുപടിയാകട്ടെ ‘ഞാൻ നന്ദിയുള്ള അടിമയാകേണ്ടതില്ലേ?’ എന്നായിരുന്നു.