ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവ്
അബൂറാഷിദ അൽകാസിമി കുടയത്തൂർ
2025 മാർച്ച് 22, 1446 റമദാൻ 21

(മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 11 )
വീട്ടിൽനിന്ന് പുറപ്പെടുന്ന സമയം ഭാര്യയെ ചുംബിക്കുന്നു: ആഇശ(റ)യിൽനിന്ന് ഉർവ(റ) നിവേദനം ചെട്ടുന്നു: “നിശ്ചയം, നബിﷺ അവിടുത്തെ ഒരു ഭാര്യയെ ചുംബിച്ചിട്ട് പള്ളിയിലേക്ക് നമസ്‌കരിക്കാൻ പുറപ്പെട്ടു. വുദൂഅ് എടുത്തതുമില്ല.’ അപ്പോൾ ഞാൻ ചോദിച്ചു: ‘ആ ഒരാൾ നിങ്ങളായിരിക്കുമല്ലോ?’’ അപ്പോൾ അവർ ചിരിച്ചു’’ (തിർമുദി, അബൂദാവൂദ്).
നോമ്പുകാരനായ അവസ്ഥയിൽ നബിﷺ ഭാര്യമാരെ ചുംബിക്കുമായിരുന്നു. ആഇശ(റ) പറയുന്നു: “നബിﷺ നോമ്പുകാരനായിരിക്കുന്ന അവസ്ഥയിൽ ചുംബിക്കുകയും ചേർന്ന് കിടക്കുകയും ചെയ്യുമായിരുന്നു. ശരീരത്തെയും മനസ്സിനെയും നന്നായി നിയന്ത്രിക്കാൻ സാധിക്കുന്ന ആളായിരുന്നു നബിﷺ’’ (ബുഖാരി, മുസ്‌ലിം).
ഭാര്യ കുടിച്ച ഭാഗത്ത് വായ വെച്ചു കുടിക്കുന്നു: ആഇശ(റ) പറയുന്നു: “ഞാൻ ആർത്തവകാരിയായി രിക്കെ വെള്ളം കുടിക്കും. ശേഷം നബിﷺ എന്നിൽ നിന്ന് (പാത്രം) എടുത്തു ഞാൻ വായ വെച്ച ഭാഗത്ത് അവിടുത്തെ വായ വെച്ച് കുടിച്ചിരുന്നു. ഞാൻ ആർത്തവകാരിയായിരിക്കെ എല്ലിൽനിന്നും ഇറച്ചി കടിച്ചെടുക്കുന്നതിന്റെ ഭാഗത്തുനിന്ന് തന്നെ അവിടുത്തെ വായ വെച്ച് കടിച്ചു കഴിക്കുമായിരുന്നു’’ (മുസ്‌ലിം).
മറ്റൊരു ഹദീസിൽ “ഞാൻ കുടിച്ചതിന്റെ മിച്ചമുള്ള വെള്ളം അവിടുന്ന് കുടിച്ചിരുന്നു’’ (നസാഈ) എന്ന് കാണാം.
ഇതെല്ലാം അങ്ങേയറ്റത്തെ സ്‌നേഹത്തിന്റെ അടയാളങ്ങളാണ്. ഒരു ഭാര്യയോട് സ്‌നേഹം തെളിയിക്കാൻ ഇതിലപ്പുറം എന്ത് പ്രവർത്തനമാണ് ഉള്ളത്! ഇത് സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും അടയാളപ്പെടുത്തലാണ്. ഇന്ന് കാമുകി എന്നും ബെസ്റ്റി എന്നുമൊക്കെ പറഞ്ഞ് അന്യ സ്ത്രീകളോടാണ് പലരും ഇത്തരം സ്‌നേഹ പ്രകടനം നടത്തുന്നത്. സ്വന്തം ഭാര്യയോട് ഇതൊന്നും കാണിക്കാൻ താൽപര്യമില്ല.
ഭാര്യ ദന്തശുദ്ധി വരുത്തിയ മിസ്‌വാക്കു കൊണ്ട് ദന്തശുദ്ധി വരുത്തുന്നു: ആഇശ(റ) പറയുന്നു: “അല്ലാഹു എനിക്ക് നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്, നബിﷺ എന്റെ ഭവനത്തിൽ, എന്റെ ദിവസത്തിൽ ഇഹലോകവാസം വെടിഞ്ഞു എന്നത്. നബിﷺയുടെ വിയോഗസമയം എന്റെയും അവിടുത്തെയും ഉമിനീർ അല്ലാഹു കൂട്ടിക്കലർത്തി.’’
ബുഖാരിയിൽ ഈ സംഭവം വിവരിക്കുന്നുണ്ട്. അതിന്റെ ചുരുക്കം ഇതാണ്: ആഇശ(റ) പറയുന്നു: “എന്റെ അടുക്കൽ സഹോദരൻ അബ്ദുറഹ്‌മാൻ വന്നു. കൈയിൽ ഒരു മിസ്‌വാക്ക് ഉണ്ടായിരുന്നു. നബി ﷺ എന്റെ ശരീരത്തിലേക്ക് ചാരിയിരിക്കുകയാണ്. അവിടുന്ന് ആ മിസ്‌വാക്കിലേക്ക് നോക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അതിൽ നബിﷺക്ക് താൽപര്യമുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ ചോദിച്ചു: ‘അങ്ങേക്കായി ഞാൻ അത് എടുത്തു തരട്ടെയോ?’ നബിﷺ തലകൊണ്ട് അതെ എന്ന് സൂചന നൽകി. ഞാൻ അത് എടുത്തിട്ട് ദന്തശുദ്ധി വരുത്തിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ നബിക്ക് പ്രയാസം അനുഭവപ്പെട്ടു. ഞാൻ ചോദിച്ചു: ‘അങ്ങേക്ക് അത് മയപ്പെടുത്തിത്തരേണമോ? ‘ അപ്പോൾ നബിﷺ വേണമെന്ന് തലകുലുക്കി. അങ്ങനെ ഞാൻ അത് ചവച്ചു മയപ്പെടുത്തി. എന്നിട്ട് നബിﷺക്ക് കൊടുത്തു. അതുകൊണ്ട് ദന്തശുദ്ധി ചെയ്തു. ആ സമയം നബിﷺ എന്റെ ദേഹത്ത് ചാരി കിടക്കുകയായിരുന്നു’’ (ബുഖാരി).
ദുനിയാവിൽ നിന്നും വിടപറയുന്ന അവസാന നാളിൽ നബിയുﷺടെയും ആഇശ(റ)യുടെയും ഉമിനീരിനെ അല്ലാഹു ഒരുമിപ്പിച്ചു. ഇത് പ്രിയ പത്‌നിക്ക് ലഭിച്ച മഹത്തായ ഭാഗ്യം തന്നെയാണ്.
ആഇശ(റ) പറയുന്നു: “ഞാൻ ആർത്തവകാരിയായിരിക്കെ എന്റെ മടിയിൽ നബിﷺ ചാരിയിരുന്ന് ക്വുർആൻ പാരായണം ചെയ്യുമായിരുന്നു’’ (ബുഖാരി, മുസ്‌ലിം).
ആർത്തവകാരിയായ ഭാര്യയോട് അകൽച്ച കാണിക്കരുതെന്നും ശാരീരിക പ്രയാസങ്ങൾക്കൊപ്പം മാനസിക സംഘർഷം കൂടി അനുഭവിക്കുന്ന ആ ഘട്ടത്തിൽ അവരെ അവഗണിക്കരുതെന്നും ഈ സംഭവങ്ങൾ മനസ്സിലാക്കിത്തരുന്നു. ആർത്തവസമയത്ത് ഭാര്യമാരുടെ കൂടെ ഇരിക്കാൻ പാടില്ല, അവരോടൊപ്പം ഭക്ഷണം കഴിക്കാൻ പാടില്ല എന്നൊക്കയുള്ള ജൂതവിശ്വാസങ്ങളോട് എതിരായ ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാക്കുകയുമാണ് ഇതിലൂടെ.
ആർത്തവകാരിയായ ഭാര്യയോടൊപ്പം ഒരു പുതപ്പിനു കീഴിൽ കിടക്കുന്നു: ഉമ്മു സലമ(റ) പറയുന്നു: “ഞാൻ ആർത്തവകാരിയായിരിക്കവേ നബിﷺ എന്നോടൊപ്പം ഒരു വരയുള്ള പുതപ്പിൽ കിടക്കുന്ന സന്ദർഭത്തിൽ നബിﷺ അറിയാതെ ഞാൻ എഴുന്നേറ്റ് പോയി എന്റെ ആർത്തവ സമയത്ത് കെട്ടിവെക്കുന്ന തുണിയെടുത്തു. നബിﷺ ചോദിച്ചു: ‘നിനക്ക് ആർത്തവം ഉണ്ടായോ?’ ഞാൻ പറഞ്ഞു: ‘അതെ.’ അപ്പോൾ നബിﷺ എന്നെ വിളിച്ചു. ഞാൻ നബിﷺയോടൊപ്പം ഒരു പുതപ്പിൽ കിടന്നുറങ്ങി’’ (ബുഖാരി, മുസ്‌ലിം).
ഈ ഹദീസ് വ്യക്തമാക്കുന്നത് ആർത്തവകാരിയായ ഭാര്യയോടൊപ്പം ഒരു പുതപ്പിൽ കിടക്കാം എന്നാണ്. ആർത്തവകാലത്ത് നിങ്ങൾ ഭാര്യമാരിൽനിന്ന് അകന്നു കഴിയുക (അൽബക്വറ 222) എന്ന അല്ലാഹുവിന്റെ വചനത്തിന്റെ താൽപര്യം ഈ സമയത്ത് അവരുമായി ലൈംഗിക ബന്ധം പുലർത്താതിരിക്കുക എന്നാണ്.
നബിയുടെ ഭാര്യ മൈമൂന(റ) പറയുന്നു: “ഞാൻ ആർത്തവകാരിയായിരിക്കെ എന്നോടൊപ്പം നബി ﷺ കിടക്കുമായിരുന്നു. എന്നാൽ എന്റെ നബിﷺയുടെയും ഇടയിൽ മറയായി ഒരു തുണിയുണ്ടായിരുന്നു’’ (മുസ്‌ലിം).
ചില ഭർത്താക്കന്മാർ അവരുടെ ഭാര്യമാർ ആർത്തവകാരികളാകുന്ന സന്ദർഭത്തിൽ അവരിൽനിന്ന് വിട്ടുമാറി കിടക്കുന്നു. ഇത് നബിയുടെ മാർഗത്തിന് എതിരാണ.് ഭാര്യയുടെ അവസ്ഥക്ക് വലിയ പ്രയാസമുണ്ടാക്കുന്നതുമാണ്. കാരണം, നേരത്തെ സൂചിപ്പിച്ച പോലെ ആർത്തവ സമയത്ത് സ്ത്രീകൾക്ക് ശാരീരിക ക്ഷീണവും മാനസിക പിരിമുറുക്കവും അനുഭവപ്പെടാം. അതോടൊപ്പമുള്ള ഭർത്താവിന്റെ അകൽച്ച അവരെ കൂടുതൽ വിഷമത്തിലാക്കും.

