ജനസംഖ്യ സ്ഥിതിവിവര കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്

റസാഖ് ചെറൂപ്പ

2025 മെയ് 24, 1446 ദുൽഖഅദ് 22

ജനസംഖ്യയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ഡെമോഗ്രഫി. ഈയിടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഡെമോഗ്രഫിക് റിപ്പോർട്ടുകൾ നമ്മുടെ കണ്ണ് തുറപ്പിക്കുന്ന വസ്തുതകളാണ് പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. 2023 വരെ ലോകത്ത് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തായിരുന്ന രാജ്യമാണ് ചൈന. ആ സ്ഥാനം ഇപ്പോൾ ഇന്ത്യക്കാണ്. ക്രമാതീത ജനസംഖ്യാവളർച്ച ഉണ്ടായതുകൊണ്ടല്ല ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. മറിച്ച്, 142.6 കോടി മനുഷ്യരും വിസ്തൃതിയിൽ രണ്ടാം സ്ഥാനവുമുള്ള ചൈന രണ്ടുമൂന്നു വർഷമായി ജനസംഖ്യയിൽ കുറവ് കാണിച്ചുകൊണ്ടിരിക്കുന്നു എന്നതിനാലാണത്.

1960കളിൽ ചൈനക്കും ഇന്ത്യക്കും ഏകദേശം ഒരേ ഫെർട്ടിലിറ്റി നിരക്കാണ് ഉണ്ടായിരുന്നത്. അതായത് ഒരു സ്ത്രീക്ക് 6 കുട്ടികൾ എന്ന തോതിൽ. ഒരു സ്ത്രീക്ക് അവരുടെ ജീവിതകാലത്ത് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണമാണ് ഫേർട്ടിലിറ്റി നിരക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. 1980 ആകുമ്പോഴേക്കും ചൈനയുടെ ഫെർട്ടിലിറ്റി നിരക്ക് കേവലം 3ൽ എത്തി. 1965 മുതൽ നടപ്പിലാക്കിത്തുടങ്ങിയ, ‘വൺ ചൈൽഡ് പോളിസി’യാണ് ചൈനയുടെ ഫെർട്ടിലിറ്റി നിരക്ക് ക്രമാതീതമായി കുറച്ചു കൊണ്ടുവന്നത്. ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കുടുംബാസൂത്രണ പദ്ധതിയായിരുന്നു ചൈനയുടെ വൺ ചൈൽഡ് പോളിസി. ഒന്നിലധികം കുട്ടികളുള്ള കുടുംബത്തിന് ഗവൺമെന്റിന്റെ പല ആനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ടാണ് ചൈന ആ പദ്ധതി നടപ്പിലാക്കിയത് .

ഇന്ത്യയിൽ ഫെർട്ടിലിറ്റി നിരക്ക് 3ൽ എത്തിയത് 2000ത്തോടെയാണ്. ലോകത്ത് ആദ്യമായി കുടുംബാസൂത്രണം നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. 1952 ൽ ആരംഭിച്ച പദ്ധതി ‘ചെറിയ കുടുംബം, സന്തുഷ്ട കുടുംബം,’ ‘കുട്ടികൾ രണ്ടോ മൂന്നോ മതി,’ ‘നാം രണ്ട്, നമുക്ക് രണ്ട്,’ ‘നാം ഒന്ന്, നമുക്ക് ഒന്ന്’ തുടങ്ങിയ ക്യാപ്ഷനുകളോടുകൂടിയായിരുന്നു വിവിധ ഘട്ടങ്ങളിൽ പദ്ധതി പ്രചരിപ്പിച്ചത്. പൊതുവിൽ ഇന്ത്യയിൽ ഒരു കുടുംബത്തിൽ ഇത്ര കുട്ടികളേ പാടുള്ളൂ എന്ന നിയമമൊന്നുമില്ല. എങ്കിലും ചില സംസ്ഥാനങ്ങൾ ‘ടു ചൈൽഡ് പോളിസി’ നടപ്പിലാക്കിയിട്ടുണ്ട്. അവിടങ്ങളിൽ രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം നൽകുന്നതിലും രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനും നിയന്ത്രണങ്ങുണ്ട്.

ലോകത്തെ ഇപ്പോഴത്തെ ഫെർട്ടിലിറ്റി നിരക്ക് കേവലം 2.3 ആണ്. നിലവിലെ ജനസംഖ്യ നിലനിൽക്കണമെങ്കിൽ (Replacement level) ചുരുങ്ങിയ ഫേർട്ടിലിറ്റി നിരക്ക് 2.1 ഉണ്ടായിരിക്കണം എന്നാണ് കണക്ക്. നിലവിൽ ജനസംഖ്യ വർധിക്കുകയാണെങ്കിലും വളർച്ചാതോത് നാമമാത്രമാണ്. 2060 ഓടെ വളർച്ച അവസാനിക്കുകയും 970-1000 കോടി എന്ന പാരമ്യതയിൽ എത്തുകയും തുടർന്ന് ജനസംഖ്യ റിവേഴ്സ് സ്വഭാവം കാണിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു .

യൂറോപ്പിലെ ഏറ്റവും കൂടിയ ഫെർട്ടിലിറ്റി നിരക്ക് 1.9 ഉം കുറഞ്ഞത് 1.2 മാണ്. അമേരിക്കയിലാകട്ടെ 1.8 ഉം ഏഷ്യയിൽ 2 ഉം ആസ്ട്രേലിയയിൽ 1.5 ഉം ആണ്. ആഫ്രിക്കയിൽ മാത്രമാണ് അൽപം കൂടുതൽ കാണിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് 2.3 മുതൽ 6.8 വരെയാണ്. ശരാശരി ഫെർട്ടിലിറ്റി നിരക്ക് 4.6 ആണ്. ലോകത്ത് ഏറ്റവും കൂടുതൽ ഫെർട്ടിലിറ്റി നിരക്കുള്ളത് (6.8) നൈജർ ആഫ്രിക്കയിലാണ്.

820 കോടി ജനങ്ങളാണ് ലോകത്തുള്ളത്. അതിന്റെ 60 ശതമാനം ജനങ്ങളും ഏഷ്യയിലാണ്. ചൈനയിലും ഇന്ത്യയിലും മാത്രമായി 285 കോടി ജനങ്ങളുണ്ട്. ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ ജനസംഖ്യ 14.48 കോടി മാത്രമാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അവിടത്തെ ജനസംഖ്യ പകുതിയായി കുറയും എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റഷ്യയിൽ, ജനസംഖ്യാ വർധനവ് ലക്ഷ്യംവച്ച്, പത്ത് കുട്ടികൾക്ക് ജന്മം നൽകുന്ന അമ്മമാർക്ക് ഒരു ബഹുമതി നിശ്ചയിച്ചിട്ടുണ്ട്. ‘മദർ ഹീറോയിൻ’ എന്നാണ് ആ ബഹുമതിയുടെ പേര്. 10 കുട്ടികളെ ആരോഗ്യത്തോടെ നല്ല വിദ്യാഭ്യാസവും നൽകി വളർത്തിയാൽ പത്താമത്തെ കുട്ടിയുടെ ഒന്നാം പിറന്നാളിന് നൽകുന്ന ബഹുമതിയാണിത്. ഒരു മില്യൺ റൂബിൾ ആണ് അവാർഡ് തുക. സോവിയറ്റ് യൂണിയന്റെ കാലത്തും (1944-1991) ഈ ബഹുമതി ഉണ്ടായിരുന്നെങ്കിലും 2022ൽ വ്‌ളാഡ്മിർ പുടിൻ ആണ് ഈ ബഹുമതി പുനഃസ്ഥാപിച്ചത് .

റഷ്യയെപോലെ വേറെ പല രാജ്യങ്ങളും ഈ ഭീഷണി നേരിടുന്നുണ്ട്. ജനസംഖ്യാ വർധനവ് ലക്ഷ്യം വച്ച് ചൈനയിലും ചില പദ്ധതികൾ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ‘ഒറ്റക്കുട്ടി’ നയം പിൻവലിച്ച് മൂന്നു കുട്ടികൾ നയം 2021ൽ നടപ്പാക്കി. കോളേജുകളിലും സർവകലാശാലകളിലും വിവാഹം, കുടുംബം, ഫെർട്ടിലിറ്റി എന്നിവയെക്കുറിച്ച് നല്ല വീക്ഷണങ്ങൾ പ്രചരിപ്പിക്കുന്നതിന് പാഠ്യപദ്ധതിയിൽ പ്രസ്തുത വിഷയങ്ങൾ ഉൾകൊള്ളിക്കാൻ നിർദേശങ്ങൾ നൽകുകയുണ്ടായി. കൂടാതെ, കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സാമ്പത്തികസഹായം, നികുതിയിൽ ഇളവ്, വീട് നിർമാണ വായ്പയിൽ സബ്സിഡി, രക്ഷിതാക്കൾക്ക് അധിക അവധി, ആരോഗ്യപരിരക്ഷ തുടങ്ങി പല പദ്ധതികളും നടപ്പിലാക്കിത്തു ടങ്ങിയിട്ടുണ്ട്. ജപ്പാൻ, ഇറ്റലി, ജർമനി, ഫ്രാൻസ്, യുഎസ് തുടങ്ങി പല രാജ്യങ്ങളും ഫേർട്ടിലിറ്റി തോത് വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ തന്നെ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അത് ആശാവഹം എന്ന രീതിയിലാണ് വിലയിരുത്തപ്പെട്ടത്. 2020 ഓടെയാണ് ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതുമായി ബന്ധപ്പെട്ട് അതിന്റെ പ്രത്യാഘാതങ്ങൾ ഗൗരവമായി ചർച്ച ചെയ്യാൻ തുടങ്ങിയത്. പുതിയ തലമുറയിൽ ജനനം കുറഞ്ഞതോടെ ജനസംഖ്യയിൽ നല്ലൊരു ശതമാനവും വൃദ്ധരായി മാറിക്കൊണ്ടിരിക്കുകയാണ്.

ജപ്പാനിലെ ജനസംഖ്യയിൽ 65 വയസ്സിനു മുകളിലുള്ളവർ 28 ശതമാനമാണ്. കുട്ടികളാകട്ടെ 11 ശതമാനവും. ഒരു സമൂഹത്തിന് അല്ലെങ്കിൽ രാജ്യത്തിന് യോജിച്ച വൃദ്ധജനസംഖ്യാ ശതമാനം 10 മുതൽ 15 ശതമാനം വരെയും കുട്ടികളുടെത് 20 മുതൽ 25 വരെയുമാണ്. ഇറ്റലി, പോർച്ചുഗൽ, ഗ്രീസ്, സ്‌പെയിൻ, ജർമനി തുടങ്ങി പല രാജ്യങ്ങളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. അവിടങ്ങളിലെ കുട്ടികളുടെ ശതമാനം 15ന് താഴെയും മുതിർന്നവരുടെത് 20ന് മുകളിലുമാണ്.

ഇന്ത്യയുടെ ഫെർട്ടിലിറ്റി നിരക്ക് ലോക ഫെർട്ടിലിറ്റി നിരക്കിനെക്കാളും റീപ്ലേസ്മെന്റ് നിരക്കിനെക്കാളും താഴെയുള്ള 2 ലാണുള്ളത്. കുട്ടികളുടെ തോത് നിലവിൽ 26 ശതമാനമുണ്ടെങ്കിലും പെട്ടെന്ന് കുറഞ്ഞു തുടങ്ങാനുള്ള സാധ്യതയുമുണ്ട്. കേരളത്തിന്റെ ഫേർട്ടിലിറ്റി നിരക്കാവട്ടെ ദേശീയ ശരാശരിയെക്കാളും താഴെയായി 1.8 ലാണുള്ളത്. കേരളത്തിലെ കുട്ടികളുടെ തോത് 19 ശതമാനമാണ്. ദേശീയ ശരാശരിയെക്കാളും വളരെ താഴെയാണത്. കേരളത്തിൽ 60 വയസ്സിനു മുകളിലുള്ളവർ 13-15 ശതമാനമായിരുന്നത് 2025ൽ 20 ശതമാനത്തിൽ എത്തിനിൽക്കുന്നു. പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ കുട്ടികൾ ശോഷിച്ച, മുതിർന്നവർ നിറഞ്ഞ കേരളത്തെയായിരിക്കും സമീപ ഭാവിയിൽ നമുക്ക് കാണാനാവുക.