നബിﷺയുടെ നമസ്‌കാരം; ഒരു സംക്ഷിപ്ത വിവരണം
വിവ: മുഹമ്മദ് സിയാദ് കണ്ണൂർ
2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

(മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 14 )
കഅ്ബയെ അഭിമുഖീകരിക്കൽ
1. നിങ്ങൾ നമസ്‌കാരത്തിനായി എഴുന്നേറ്റുനിന്നാൽ, എവിടെയായിരുന്നാലും കഅ്ബയെ അഭിമുഖീകരിക്കുക-നിർബന്ധ നമസ്‌കാരങ്ങളിലും ഐച്ഛിക നമസ്‌കാരങ്ങളിലും- അത് നമസ്‌കാരത്തിന്റെ ഒരു റുക്‌നാണ്; അതില്ലാതെ നമസ്‌കാരം ശരിയാവുകയില്ല.
2. കഠിനമായ യുദ്ധത്തിന്റെ അവസരത്തിലും അതിയായ ഭയത്തിന്റെ നമസ്‌കാരത്തിലും കഅ്ബയെ അഭിമുഖീകരിക്കേണ്ട അനിവാര്യത ഒഴിവാക്കിയിട്ടുണ്ട്.
രോഗിയെ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും അതല്ലെങ്കിൽ കപ്പലിലോ കാറിലോ വിമാനത്തിലോ യാത്രചെയ്യുന്ന നമസ്‌കാര സമയം കഴിഞ്ഞുപോകുമെന്ന് ഭയപ്പെടുന്നവരെയും അതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മൃഗത്തിന്മേലോ വാഹനത്തിലോ സുന്നത്തും വിത്‌റും നമസ്‌കരിക്കുന്നവനെയും അതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സാധിക്കുമെങ്കിൽ പ്രാരംഭ തക്ബീറിന്റെ സന്ദർഭത്തിൽ ക്വിബ്‌ലയെ അഭിമുഖീകരിക്കൽ അഭികാമ്യമാണ്. ശേഷം അത് ഏതു ഭാഗത്തേക്ക് തിരിയുന്നുവോ, അങ്ങോട്ട് അവന്ന് തിരിയാവുന്നതാണ്.
3. കഅ്ബ നേരിൽ കാണുന്നവർക്ക് അതിനെ നേരിട്ട് അഭിമുഖീകരിക്കൽ നിർബന്ധമാണ്. എന്നാൽ, നേരിൽ കാണാൻ സാധിക്കാത്തവർ, അതിന്റെ ദിശയിലേക്ക് തിരിയേണ്ടതാണ്.
അബദ്ധത്തിൽ കഅ്ബയുടെതല്ലാത്ത ദിശയിലേക്ക് തിരിഞ്ഞുകൊണ്ട് നമസ്‌കരിക്കുന്നതിന്റെ വിധി
4. മേഘം മൂടിയതിനാലോ മറ്റുവല്ല കാരണത്താലോ നേരായ ദിശ കണ്ടെത്താനുള്ള പരിശ്രമത്തിനും അന്വേഷണത്തിനും ശേഷം ക്വിബ്‌ലയുടെതല്ലാത്ത ദിശയിലേക്ക് തിരിഞ്ഞുകൊണ്ട് ആരെങ്കിലും നമസ്‌കരിച്ചാൽ, അവന്റെ നമസ്‌കാരം സ്വീകാര്യമാണ്. അവൻ അത് മടക്കി നമസ്‌കരിക്കേണ്ടതില്ല.
5. എന്നാൽ, അവൻ നമസ്‌കരിക്കുമ്പോൾ, വിശ്വസ്തനായ ഒരാൾ വന്ന് നേരായ ദിശ അവന്ന് അറിയിച്ചുകൊടുത്താൽ, അവൻ ധൃതിയിൽ ആ ദിശയിലേക്ക് തിരിയേണ്ടതാണ്. അവന്റെ നമസ്‌കാരം ശരിയാവുകയും ചെയ്യും.
നിറുത്തം (ക്വിയാം)
6. നിന്നുകൊണ്ട് നമസ്‌കരിക്കൽ നിർബന്ധമാണ്. താഴെ പറയുന്നവർക്കൊഴികെ അത് റുക്‌നാണ്:
അതിയായ ഭയത്തിന്റെ സന്ദർഭത്തിലും കഠിനമായ പോരാട്ടത്തിന്റെ അവസരത്തിലും നമസ്‌കാരം നിർവഹിക്കുന്നവൻ: അവന്ന് യാത്രചെയ്തുകൊണ്ട് നമസ്‌കരിക്കുന്നത് അനുവദനീയമാണ്. നിന്ന് നമസ്‌കരിക്കാൻ ബുദ്ധിമുട്ടുള്ള രോഗി സാധിക്കുമെങ്കിൽ ഇരുന്ന് നമസ്‌കരിക്കണം; അല്ലെങ്കിൽ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടന്നുകൊണ്ട്. ഐഛിക നമസ്‌കാരം നിർവഹിക്കുന്നവന് സഞ്ചരിച്ചുകൊണ്ടോ അവൻ ഉദ്ദേശിക്കുകയാണെങ്കിൽ ഇരുന്നുകൊണ്ടോ നമസ്‌കരിക്കാവുന്നതാണ്-റുകൂഉം സുജൂദും തല കുനിച്ചുകൊണ്ട് നിർവഹിക്കണം. അപ്രകാരം തന്നെയാണ് രോഗിയും. റുകൂഇനെക്കാൾ കൂടുതൽ തലകുനിച്ചുകൊണ്ടാണ് സുജൂദ് ചെയ്യേണ്ടത്.
7. ഇരുന്നുകൊണ്ട് നമസ്‌കരിക്കുന്നയാൾക്ക്, സുജൂദ് ചെയ്യുന്നതിനുവേണ്ടി തറയിൽനിന്നും ഉയർന്ന് നിൽക്കുന്നവിധം വല്ലതും വെക്കാൻ പാടുള്ളതല്ല. പ്രത്യുത, നിലത്ത് നെറ്റി പതിപ്പിക്കാൻ സാധിക്കുന്നില്ലെ ങ്കിൽ, മുമ്പ് പറഞ്ഞതുപോലെ, റുകൂഇനെക്കാൾ കൂടുതൽ തലകുനിച്ചുകൊണ്ട് സുജൂദ് ചെയ്യണം.
കപ്പലിലും വിമാനത്തിലും വെച്ചുള്ള നമസ്‌കാരം
8. കപ്പലിൽ വെച്ച് നിർബന്ധനമസ്‌കാരം നിർവഹിക്കുന്നത് അനുവദനീയമാണ്; അപ്രകാരം തന്നെ വിമാനത്തിലും.
9. വീഴുമെന്ന ഭയമുണ്ടെങ്കിൽ അവ രണ്ടിലും ഇരുന്നുകൊണ്ട് നമസ്‌കരിക്കൽ അനുവദനീയമാണ്.
10. പ്രായാധിക്യം കാരണമോ ശരീരത്തിന്റെ ദുർബലത നിമിത്തമോ വടിയിന്മേലോ തൂണിന്മേലോ ചാരിനിന്നുകൊണ്ട് നമസ്‌കരിക്കുന്നത് അനുവദനീയമാണ്.
നിറുത്തവും ഇരുത്തവും ഒരുമിച്ച് നിർവഹിക്കൽ
11. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെതന്നെ രാത്രിനമസ്‌കാരം ഇരുന്നുകൊണ്ടും നിന്നുകൊണ്ടും അവ രണ്ടും സമ്മിശ്രമായും നിർവഹിക്കുന്നത് അനുവദനീയമാണ്. അങ്ങനെ നമസ്‌കരിക്കുമ്പോൾ ഇരുന്നുകൊണ്ട് പാരായണം ചെയ്യുകയും റുകൂഇന് അൽപം മുമ്പായി നിൽക്കുകയും, പിന്നെ അതിൽ ബാക്കിയുള്ള ആയത്തുകൾ നിന്നുകൊണ്ട് ഓതുകയും ചെയ്യാവുന്നതാണ്. ശേഷം റുകൂഉം സുജൂദും ചെയ്യുകയും രണ്ടാമത്തെ റക്അത്തിൽ അതുപോലെതന്നെ ചെയ്യാവുന്നതുമാണ്.
12. ഇരുന്നുകൊണ്ട് നമസ്‌കരിക്കുകയാണെങ്കിൽ ചമ്രംപടിഞ്ഞിരിക്കുകയോ സൗകര്യപ്രദമായ മറ്റേതെങ്കിലും രൂപത്തിൽ ഇരിക്കുകയോ ചെയ്യാം.
പാദരക്ഷകൾ ധരിച്ചുകൊണ്ടുള്ള നമസ്‌കാരം
13. പാദരക്ഷകൾ ധരിച്ചുകൊണ്ട് നമസ്‌കരിക്കുന്നതും നഗ്‌നപാദനായി നമസ്‌കരിക്കുന്നതും അനുവദനീയമാണ്.
14. ഒരിക്കൽ ഇപ്രകാരം (അതായത്, നഗ്‌നപാദനായി), മറ്റൊരിക്കൽ ഇപ്രകാരം (അതായത്, പാദരക്ഷ ധരിച്ചുകൊണ്ട്) എന്ന രീതിയിൽ അവന്റെ സൗകര്യാഥം നമസ്‌കരിക്കുന്നതാണ് ഏറ്റവും ഉത്തമം. നമസ്‌കാരത്തിൽ അത് ധരിക്കുവാനോ ഊരിവെക്കാനോ നിർബന്ധിക്കാൻ പാടുള്ളതല്ല. പ്രത്യുത, നഗ്‌നപാദനായിരിക്കുകയാണങ്കിൽ നഗ്‌നപാദനായിത്തന്നെ നമസ്‌കരിക്കണം. എന്നാൽ പാദരക്ഷ ധരിച്ചവനാണെങ്കിൽ, പാദരക്ഷ ധരിച്ചുകൊണ്ടുതന്നെ നമസ്‌കരിക്കണം; പ്രത്യേക സാഹചര്യം ഉണ്ടായെങ്കിലല്ലാതെ.
15. പാദരക്ഷ ഊരിവെക്കുകയാണെങ്കിൽ തന്റെ വലതുഭാഗത്ത് വെക്കരുത്; തന്റെ ഇടതുഭാഗത്ത് ആരും നമസ്‌കരിക്കുന്നില്ലെങ്കിൽ ഇടതുഭാഗത്ത് ഊരിവെക്കണം. അല്ലെങ്കിൽ, അവ രണ്ട് കാൽപാദങ്ങൾക്കിടയിൽ വെക്കട്ടെ.(1) ഈ കാര്യം നബിﷺയിൽനിന്നും സ്ഥിരപ്പെട്ടതാണ്.
മിമ്പറിന്മേൽ വെച്ചുള്ള നമസ്‌കാരം
16. ജനങ്ങളെ പഠിപ്പിക്കുന്നതിനായി ഇമാം ഉയർന്ന ഒരു സ്ഥലത്ത് നിന്നുകൊണ്ട് നമസ്‌കരിക്കുന്നത് അനുവദനീയമാണ്. അതിന് മുകളിൽ വെച്ചുതന്നെ അദ്ദേഹം നിൽക്കുകയും തക്ബീർ ചൊല്ലുകയും ക്വുർആൻ പാരായണം ചെയ്യുകയും റുകൂഅ് നിർവഹിക്കുകയും വേണം. ശേഷം, മിമ്പറിന് താഴെ, തറയിൽ സുജൂദ് ചെയ്യുന്നതിനുവേണ്ടി പിന്നോട്ട് ഇറങ്ങിവരണം. പിന്നീട്, മിമ്പറിലേക്ക് തന്നെ മടങ്ങും. പിന്നീട്, ഒന്നാമത്തെ റക്അത്തിൽ ചെയ്തപോലെ അടുത്ത റക്അത്തിലും ചെയ്യണം.
മറ സ്വീകരിച്ചുകൊണ്ടും അതിനടുത്ത് നിന്നുകൊണ്ടും നമസ്‌കരിക്കേണ്ടതിന്റെ അനിവാര്യത
17. മറ (സുത്‌റ) സ്വീകരിച്ചുകൊണ്ട് നമസ്‌കരിക്കൽ നിർബന്ധമാണ്. അതിൽ പള്ളിയെന്നോ മറ്റ് സ്ഥലങ്ങളെന്നോ വലിയ പള്ളിയെന്നോ ചെറിയ പള്ളിയെന്നോ ഉള്ള വേർതിരിവില്ല. കാരണം നബിﷺയുടെ പൊതുവായ കൽപന അതിനുണ്ട്.
“മറ സീകരിച്ചുകൊണ്ടല്ലാതെ നിങ്ങൾ നമസ്‌കരിക്കരുത്. നിങ്ങളുടെ മുന്നിലൂടെ ആരെയും കടന്നുപോകാൻ അനുവദിക്കുകയും അരുത്. (തടയുമ്പോൾ) ആരെങ്കിലും ചെറുത്തുനിന്നാൽ അവനുമായി മല്ലിടുക, കാരണം അവനോടൊപ്പം ഒരു ക്വരീൻ (അതായത്, ശൈത്വാൻ) ഉണ്ട്).’’
18. അതിനടുത്ത് നിൽക്കൽ നിർബന്ധമാണ്, കാരണം നബിﷺ അപ്രകാരം കൽപിച്ചിട്ടുണ്ട്.
19. നബിﷺ സുജൂദ് ചെയ്യുന്ന സ്ഥലത്തിനും (മറയായി സ്വീകരിച്ച) മതിലിനുമിടയിൽ ഒരു ആടിന് നടന്നുപോകാനുള്ള സ്ഥലം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ, ആരെങ്കിലും അങ്ങനെ ചെയ്താൽ, അവൻ അനിവാര്യമായ രീതിയിൽ മറ സ്വീകരിച്ചു.(2)
മറയുടെ ഉയരം
20. സുത്‌റ തറയിൽനിന്നും ഒരു ചാൺ, അല്ലെങ്കിൽ രണ്ടു ചാൺ (ഒരുചാൺ = 9 ഇഞ്ച് = 23 സെന്റിമീറ്റർ) ഉയർന്നതായിരിക്കൽ നിർബന്ധമാണ്. നബിﷺയുടെ വാക്കുകളിൽനിന്നും അതാണ് ഗ്രഹിക്കാൻ സാധിക്കുന്നത്.
“നിങ്ങളിലാരെങ്കിലും ഒട്ടകക്കട്ടിലിന്റെ പിൻഭാഗത്തെ വടിയുടെ(3) അത്രയുള്ള വല്ലതും മുന്നിൽ വെച്ചാൽ, അവൻ (അതിലേക്ക് തിരിഞ്ഞ്) നമസ്‌കരിക്കട്ടെ. അതിന് അപ്പുറത്ത് കൂടി ആരെങ്കിലും കടന്നുപോകുന്നുവെങ്കിൽ അതവൻ ശ്രദ്ധിക്കേണ്ടതില്ല.’’
21. നമസ്‌കരിക്കുന്നവൻ മറയുടെ നേരെ തിരിഞ്ഞ് നമസ്‌കരിക്കണം. മറ സ്വീകരിച്ചുകൊണ്ട് നമസ് രിക്കാനുള്ള കൽപനയിൽനിന്നും വ്യക്തമാകുന്നത് അതാണ്. എന്നാൽ, അതിനുനേരെ നിൽക്കാതെ, അതിന്റെ വലതുഭാഗത്തേക്കോ, ഇടതുഭാഗത്തെക്കോ ആയി അൽപം ചെരിഞ്ഞു നിൽക്കുക എന്നത് സ്ഥിരപ്പെട്ടിട്ടില്ല.
22. ഭൂമിയിൽ നാട്ടിവെച്ച വടിയിലേക്കോ അതുപോലുള്ളതിലേക്കോ തിരിഞ്ഞുകൊണ്ടും മരത്തിലേക്കോ തൂണിലേക്കോ തിരിഞ്ഞുകൊണ്ടും കിടക്കയിൽ പുതപ്പ് മൂടികിടക്കുന്ന ഭാര്യയിലേക്ക് തിരിഞ്ഞുകൊണ്ടും തന്റെ വാഹനമൃഗത്തിലേക്ക് - അത് ഒട്ടകമായിരുന്നാൽ പോലും - തിരിഞ്ഞുകൊണ്ടും നമസ്‌കരിക്കുന്നത് അനുവദനീയമാണ്.
ക്വബ്‌റിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കൽ നിഷിദ്ധം
23. ക്വബ്‌റിനു നേരെ തിരിഞ്ഞുകൊണ്ട് നമസ്‌കരിക്കുന്നത് അനുവദനീയമല്ല. അത് പ്രവാചകന്മാരുടെ ക്വബ്‌റായാലും അതല്ലാത്തവരുടെതായാലും സമമാണ്.
നമസ്‌കരിക്കുന്നവന്റെ മുന്നിലൂടെ കടന്നുപോകൽ നിഷിദ്ധം
24. മറ സ്വീകരിച്ചുകൊണ്ട് നമസ്‌കരിക്കുന്നവന്റെ മുന്നിലൂടെ കടന്നുപോകുന്നത് അനുവദനീയമല്ല. അതിന് മസ്ജിദിൽ ഹറാമെന്നോ, അല്ലാത്തതെന്നോ ഉള്ള വേർതിരിവില്ല. അനുവദനീയമല്ല എന്ന കാര്യത്തിൽ അവയെല്ലാം സമമാണ്. നബിﷺയുടെ പൊതുവായ കൽപനയിൽനിന്നും ഗ്രഹിക്കാവുന്നതാണ് അത്.
“നമസ്‌കരിക്കുന്നവന്റെ മുന്നിലൂടെ കടന്നുപോകുന്നവൻ, താൻ ചെയ്യുന്നതിന്റെ ഗൗരവം അറിഞ്ഞിരുന്നെങ്കിൽ, നാൽപത് വർഷംവരെ കാത്തിരിക്കുന്നതായിരിക്കും അതിനെക്കാൾ അവന്ന് ഗുണകരമായിരിക്കുക.’’ അതായത്, അവന്റെയും അവന്റെ സുജൂദിന്റെയും സ്ഥാനത്തിനിടയിലൂടെ നടന്നു പോകുന്നത്. (4)
നമസ്‌കരിക്കുന്നവന്റെ മുന്നിലൂടെ കടന്നുപോകുന്നവനെ തടയേണ്ടതിന്റെ അനിവാര്യത
25. മറ സ്വീകരിച്ചുകൊണ്ട് നമസ്‌കരിക്കുന്ന ഒരുവന്, തന്റെ മുന്നിലൂടെ കടന്നുപോകുന്ന ആരെയും തടയാതെ വിടുന്നത് അനുവദനീയമല്ല. മുമ്പ് പറഞ്ഞ ‘നിങ്ങളുടെ മുന്നിലൂടെ കടന്നുപോകാൻ ആരെയും അനുവദിക്കരുത്....’ എന്ന ഹദീസ് തന്നെയാണ് കാരണം. കൂടാതെ, നബിﷺയുടെ പറഞ്ഞു:
“ജനങ്ങളിൽനിന്നും തന്നെ മറയ്ക്കുന്ന ഒരു വസ്തുവിന്റെ നേർക്ക് തിരിഞ്ഞ് നമസ്‌കരിക്കുമ്പോൾ, അവന്റെ മുന്നിലൂടെ ആരെങ്കിലും കടന്നുപോകുവാൻ ഉദ്ദേശിക്കുകയാണെങ്കിൽ, അവൻ അയാളുടെ കഴുത്തിന് പിടിച്ച് തള്ളുകയും സാധ്യമാകുംവിധം തടയുകയും ചെയ്യട്ടെ.’’
മറ്റൊരു റിപ്പോർട്ടിൽ: “അവൻ അയാളെ രണ്ടുതവണ തടയുകയും ചെയ്യട്ടെ. അയാൾ വിസമ്മതിക്കുകയാണെങ്കിൽ അയാളുമായി യുദ്ധം ചെയ്തുകൊള്ളട്ടെ! കാരണം, അയാൾ ഒരു പിശാചാണ്.’’
തടയാൻ വേണ്ടി മുന്നോട്ട് നടക്കൽ
26. മൃഗമോ കുട്ടിയോ പോലെ ‘തക്‌ലീഫ്’ (നിയമം അനുസരിക്കൽ ബാധ്യതയുള്ളവൻ) ഇല്ലാത്ത ആരെങ്കിലും മുന്നിലൂടെ കടന്നുപോകുന്നതിനെ തടയുന്നതിനുവേണ്ടി, അവ പിറകിലൂടെ കടന്നുപോകുവോളം ഒന്നോ അതിലധികമോ ചുവടുകൾ മുന്നോട്ട് നടക്കുന്നത് അനുവദനീയമാണ്.
നമസ്‌കാരത്തിന് വിഘ്‌നം വരുത്തുന്നവ
27. നമസ്‌കാരത്തിൽ മറ സ്വീകരിക്കുന്നതിന്റെ പ്രാധാന്യങ്ങളിലൊന്ന് ഇതാണ്: മറ സ്വീകരിക്കാതെ നമസ്‌കരിക്കുന്ന ഒരാളിൽ നിന്ന് വ്യത്യസ്തമായി, തന്റെ മുന്നിലൂടെ കടന്നുപോകുന്നതിലൂടെ തന്റെ നമസ്‌കാരത്തിന് വിഘ്‌നം വരുന്നത് മറ സ്വീകരിച്ച വ്യക്തിയെ അത് തടയുന്നു എന്നതാണ്. മറ സ്വീകരിക്കാതെ നമസ്‌കരിക്കുന്നവനാകട്ടെ, തന്റെ മുന്നിലൂടെ പ്രായപൂർത്തിയായ ഒരു സ്ത്രീയോ ഒരു കഴുതയോ കറുത്ത നായയോ കടന്നുപോയാൽ തന്റെ നമസ്‌കാരത്തിന് അത് വിഘ്‌നം വരുത്തും.
(1) ഞാൻ (അൽബാനി) പറയുന്നു: അവ മുന്നിൽ വെക്കരുതെന്ന വ്യക്തമായ സൂചന ഇതിലുണ്ട്. നമസ്‌കാരക്കാരിൽ ഭൂരിഭാഗവും അവഗണിക്കുന്ന ഒരു മര്യാദയാണിത്. അവർ പാദരക്ഷയിലേക്ക് തിരിഞ്ഞു കൊണ്ട് നമസ്‌കരിക്കുന്നത് കാണാം!
(2) ഞാൻ (അൽബാനി) പറയുന്നു: സിറിയയിലെയും മറ്റും പള്ളികളിൽ ജനങ്ങൾ ചെയ്യുന്നതായി കണ്ടപോലെ, മതിലിൽനിന്നും തൂണുകളിൽനിന്നും അകന്നുകൊണ്ട് പള്ളിയുടെ മധ്യത്തിൽ നിൽക്കുന്നത് പ്രവാചക കൽപനയെകുറിച്ചും ചര്യയെ കുറിച്ചുമുള്ള തികഞ്ഞ അജ്ഞതയല്ലാതെ മറ്റൊന്നുമല്ല എന്നാണ് നാം മനസ്സിലാക്കുന്നത്.
(3) ‘മുഅ്ഖിറതുർറഹ്ൽ’: ഒട്ടകക്കട്ടിലിന്റെ പിന്നിൽ ചാരിയിരിക്കുന്നതിന് വേണ്ടിയുള്ള ചെറിയ മരത്തടി. നിലത്ത് വര വരക്കുന്നത് അനുവദനീയമല്ലെന്ന സൂചന ഈ ഹദീസിലുണ്ട്. അത് സംബന്ധമായി വന്നിട്ടുള്ള ഹദീസുകളെല്ലാം ദുർബലമാണ്.
(4) എന്നാൽ, ‘മറയൊന്നും കൂടാതെ ത്വവാഫ് ചെയ്യുന്ന സ്ഥലത്തിന്റെ അറ്റത്ത് നിന്നുകൊണ്ട് നബി നമസ്‌കരിക്കുകയും അദ്ദേഹത്തിന്റെ മുന്നിലൂടെ ജനങ്ങൾ നടക്കുകയും ചെയ്തു’ എന്ന ഹദീസ് സ്വഹീഹല്ല. മാത്രമല്ല, അദ്ദേഹത്തിന്റെയും അദ്ദേഹം സുജൂദ് ചെയ്യുന്ന സ്ഥലത്തിനുമിടയിലൂടെയാണ് നടന്നത് എന്നും അതിലില്ല.

