ഭാര്യമാരുടെ മനസ്സറിഞ്ഞ് പെരുമാറുന്ന പ്രവാചകൻ ﷺ

അബൂറാഷിദ അൽകാസിമി, കുടയത്തൂർ

2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

(മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 13 )

ഭാര്യമാരുടെ മനസ്സ് സംതൃപ്തമാണോ അല്ലയോ എന്ന് വ്യക്തമായി മനസ്സിലാക്കിയായിരുന്നു നബിﷺയുടെ ഇടപെടൽ. ആഇശ(റ)യോട് നബിﷺ ഇപ്രകാരം പറഞ്ഞു: “നീ എന്നിൽ തൃപ്തയാണെങ്കിലും എന്നോട് അതൃപ്തയാണെങ്കിലും എനിക്ക് നന്നായി അറിയാൻ കഴിയും.’’ ആഇശ(റ) ചോദിച്ചു: “എങ്ങനെയാണ് അത് മനസ്സിലാക്കുക?’’ നബിﷺ പറഞ്ഞു: “നീ എന്നിൽ തൃപ്തയാണെങ്കിൽ ‘മുഹമ്മദിന്റെ രക്ഷിതാവിൽ സത്യം’ എന്ന് നീ പറയും. എന്നിൽ നീ സംതൃപ്തയല്ലെങ്കിൽ ‘ഇബ്‌റാഹീമിന്റെ രക്ഷിതാവിൽ സത്യം’ എന്നായിരിക്കും നീ പറയുക.’ ആഇശ(റ) പറഞ്ഞു: “ശരിയാണ്, അല്ലാഹുവിൽ സത്യം! അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ പേര് ഉച്ചരിക്കുന്നത് മാത്രമെ ഞാൻ വിട്ടുകളയാറുണ്ടായിരുന്നുള്ളൂ. അങ്ങയെ എന്റെ മനസ്സിൽ നിന്നും ഒഴിവാക്കാറില്ല’’ (ബുഖാരി, മുസ്‌ലിം).

ഭാര്യമാരുടെ ദേഷ്യമോ തൃപ്തിയോ മനസ്സിലാക്കാത്ത പുരുഷന്മാരുടെ ഗണത്തിലായിരുന്നില്ല നബി ﷺ. രാഷ്ട്രത്തിന്റെ ഭരണത്തെ കുറിച്ചുള്ള ചിന്തകൾ, യുദ്ധസാഹചര്യങ്ങൾ, ധർമസമരങ്ങൾ, സൈന്യ രൂപീകരണം, പ്രബോധന ദൗത്യം... ഇങ്ങനെയുള്ള ഒരു കാര്യവും മഹാനായ നബിﷺക്ക് കുടുംബത്തെ ശ്രദ്ധിക്കുന്നതിന് തടസ്സമായി നിന്നില്ല.

തന്റെ ഇണയുടെ അവസ്ഥകൾ മനസ്സിലാക്കാത്ത, പരിഗണിക്കാത്ത, അവൾ തൃപ്തയാണോ അല്ലയോ, അവൾക്ക് സുഖമാണോ പ്രയാസമാണോ എന്നൊന്നും ചിന്തിക്കാത്ത ഭർത്താക്കന്മാർ ചിന്തിക്കുക.

ഭാര്യ സങ്കടപ്പെട്ടാൽ സമാധാനിപ്പിക്കുന്നു

ഹജ്ജിന് ഇഹ്‌റാം ചെയ്ത ആഇശ(റ)ക്ക് ആർത്തവം ഉണ്ടായപ്പോൾ അവർ കരയാനാരംഭിച്ചു. അപ്പോൾ നബിﷺ ചോദിച്ചു: ‘എന്തുപറ്റി? നീ ആർത്തവകാരിയായോ?’ അവർ പറഞ്ഞു: ‘അതെ.’ നബിﷺ പറഞ്ഞു: ‘ആദമിന്റെ പെൺമക്കളുടെ മേൽ അല്ലാഹു ഏർപ്പെടുത്തിയിരിക്കുന്ന ഒരു അവസ്ഥയാണ് അത്. നീ ഹാജിമാർ ചെയ്യുന്ന എല്ലാ കർമങ്ങളും നിർവഹിച്ചുകൊള്ളുക; ത്വവാഫ് ചെയ്യുന്നതൊഴികെ.’

ആഇശ(റ) പറയുന്നു: “അങ്ങനെ ഞാൻ ഹജ്ജ് നിർവഹിച്ചു. അപ്പോൾ എന്റെ സഹോദരൻ അബ്ദുറഹ്‌മാന്റെ കൂടെ തൻഈമിൽ പോയി ഉംറ ചെയ്യാൻ കൽപിച്ചു. അങ്ങനെ ഞാൻ എന്റെ ഉംറയെ ക്വദാ വീട്ടി’’ (ബുഖാരി, മുസ്‌ലിം).

ഭർത്താക്കന്മാർ ഭാര്യമാരുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും അവസ്ഥകൾ മനസ്സിലാക്കി പെരുമാറുകയും ചെയ്യൽ അത്യന്താപേക്ഷിതമാണ്. ഹൈദ്, പ്രസവം, നിഫാസ് പോലുള്ള ഘട്ടങ്ങളിലുള്ള അവരുടെ ശാരീരിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാനസികാസ്വസ്ഥതകളും കണ്ടറിയാനും ആശ്വാസം നൽകാനും ഭർത്താക്കൻമാർക്ക് കഴിയണം.

ആഇശ(റ) നിവേദനം: “നബിﷺ തന്റെ ഭാര്യമാരെ വലതുകൈകൊണ്ട് തടവി ഇപ്രകാരം മന്ത്രിക്കുമായിരുന്നു: “അല്ലാഹുമ്മ റബ്ബന്നാസി, അദ്ഹബിൽ ബഅ്‌സ, ഇശ്ഫി വ അൻതശ്ശാഫി, ലാ ശിഫാഅ ഇല്ലാ ശിഫാഉക, ശിഫാഅൻ ലാ യുഗാദിറു സക്വമൻ.’’ (ജനങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നീ പ്രയാസത്തെ ദൂരീകരിക്കണമേ, നീ രോഗശമനം നൽകേണമേ, നീയാണ് രോഗശാന്തി നൽകുന്നവൻ. നീ ശമനം നൽകിയാലല്ലാതെ ശമനമില്ല. ഇനി രോഗം വരാത്ത രീതിയിൽ ശമനം നൽകേണമേ’’ (ബുഖാരി, മുസ്‌ലിം).

ഭാര്യയുടെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് ദയാവായ്‌പ്പോടെ ഭർത്താവ് തലോടിയൽ അവളുടെ മനസ്സിന് അത് വല്ലാത്തൊരു സാന്ത്വനമായിരിക്കും നൽകുക. വേദനയുണ്ടെങ്കിലും അവൾ അത് മറന്നുപോകും. തന്റെ വേദനയും രോഗവും ഭർത്താവ് മനസ്സിലാക്കുന്നു എന്നതുതന്നെ ഒരു ഭാര്യക്ക് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്.

ഭാര്യാഭർത്താക്കന്മാർ പരസ്പരം സുഖദുഃഖങ്ങൾ മനസ്സിലാക്കണം. ചിലർ ഇതൊന്നും ഗൗനിക്കാറില്ല. ചില ഭർത്താക്കന്മാർ ഭാര്യ രോഗിയായാൽ അവളെ അവളുടെ വീട്ടിലേക്ക് പറഞ്ഞയക്കും. സുഖമായിട്ട് വന്നാൽ മതിയെന്ന് പറയും. ഒരു ഭാര്യക്ക് ഭർത്താവിന്റെ സാമീപ്യത്തെക്കാൾ സാന്ത്വനം നൽകുന്ന മറ്റെന്താണുള്ളത്?

നബിﷺയുടെ മൃദുല സമീപനം

സ്വഫിയ്യ ബിൻത് ഹുയയ്യ്(റ) നിവേദനം: “നബിﷺ അവിടുത്തെ ഭാര്യമാരുമായി ഹജ്ജിന് പോയി. യാത്രയ്ക്കിടയിൽ ഒരാൾ വന്നു. (അൻജര എന്നാണ് പേര്). അയാൾ സ്ത്രീകളുമായി വളരെ വേഗത്തിൽ യാത്രാമൃഗത്തെ ഓടിച്ചു പോകുന്നു. അപ്പോൾ നബി ﷺപറഞ്ഞു: ‘ഇങ്ങനെയാണോ പളുങ്കുപാത്രങ്ങളെ നീ കൊണ്ടുപോവുക?’ (അതായത് സ്ത്രീകളുമായി സൂക്ഷിച്ച് യാത്ര ചെയ്യുക. വേഗത കുറക്കുക). അപ്രകാരം യാത്ര തുടരുകയും സ്വഫിയ്യ(റ)യുടെ ഒട്ടകം (അസ്വസ്ഥതയാൽ) മുട്ടുകുത്തുകയും ചെയ്തു. ഏറ്റവും സുഖകരമായി യാത്ര ചെയ്യാവുന്ന മൃഗമായിരുന്നു അത്. അവർ കരയാൻ ആരംഭിച്ചു. ഇതിനെ സംബന്ധിച്ച് വിവരം ലഭിച്ച നബിﷺ അവരുടെ അടുത്തേക്ക് ചെന്നു. നബിﷺ തന്റെ കൈ കൊണ്ട് അവരുടെ കണ്ണുനീർ തുടച്ചു’’ (അഹ്‌മദ്).

ഭർത്താവിന്റെ കൈകൊണ്ട് കണ്ണുനീർ തുടയ്ക്കുന്നത് വലിയ ആശ്വാസം പകരുന്നതാണ്. കരയുന്നത് നിസ്സാര കാര്യത്തിനാണെങ്കിലും ഭാര്യയെ മനസ്സിലാക്കുകയും അവരോടുള്ള അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഭാര്യയുടെ ജീവിതം ചിലപ്പോൾ ചില പ്രതിസന്ധികളുടെയും പ്രയാസങ്ങളിലൂടെയും കടന്നുപോയേക്കാം. അപ്പോൾ അവരുടെ മനസ്സ് സമാധാനവാക്കും ആശ്വാസവചനവും കൊതിക്കും. ആ സന്ദർഭത്തിൽ അവളുടെ പിതാവോ മാതാവോ സഹോദരനോ അടുത്ത് ഉണ്ടായിരിക്കുകയുമില്ല. ഭർത്താവ് അത് കണ്ടറിയണം.

അബൂ ഹുറയ്‌റ(റ) നിവേദനം, നബിﷺ അരുളി: “അല്ലാഹുവാണേ, രണ്ട് ബലഹീനരുടെ കടമയിൽ അലംഭാവം വരുത്തിയാൽ ശിക്ഷയുണ്ടാകുമെന്ന് ഞാൻ വളരെ ഗൗരവമായി മുന്നറിയിപ്പ് നൽകുന്നു. ഒന്ന് അനാഥക്കുട്ടിയും മറ്റൊന്ന് ഭാര്യയുമാണ്’’ (ഇബ്‌നുമാജ).

അതായത് അവരോടുള്ള കടമകൾ പാഴാക്കിയാൽ ശിക്ഷയുണ്ടാകുമെന്ന് ശക്തമായി മുന്നറിയിപ്പ് നൽകുന്നു.

ഭാഗ്യ ശബ്ദം ഉയർത്തി സംസാരിക്കുന്നത് നബിﷺ ക്ഷമിക്കുന്നു:

അബൂബക്ർ(റ) നബിﷺയോട് വീട്ടിലേക്ക് അനുവാദം ചോദിച്ചു. കയറിവരുന്ന സന്ദർഭത്തിൽ ആഇശ(റ) നബിﷺയോട് ശബ്ദമുയർത്തി സംസാരിക്കുകയാണ്. അദ്ദേഹം അകത്ത് പ്രവേശിച്ചു. എന്നിട്ട് അവരുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു: ‘മകളേ, അല്ലാഹുവിന്റെ ദൂതരുടെ നേർക്കാണോ നീ ശബ്ദം ഉയർത്തി സംസാരിക്കുന്നത്?’ ഈ സമയം അബൂബക്‌റി(റ)ന്റെയും ആഇശ(റ)യുടെയും ഇടയിൽ നബിﷺ വന്നു നിന്നു. പിതാവ് അബൂബക്ർ(റ) ഒന്നും ചെയ്യാതിരിക്കുന്നതിനാണത്. ശേഷം അബൂബ ക്ർ(റ) പോയപ്പോൾ നബിﷺ ആഇശ(റ)യെ സന്തോഷിപ്പിക്കുന്ന വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു. നബിﷺ ചോദിച്ചു: ‘നിന്റെയും അദ്ദേഹത്തിന്റെയും ഇടയിൽ ഞാൻ മറയിട്ടത് നിനക്ക് മനസ്സിലായില്ലേ?’ പിന്നീട് അബൂബക്ർ(റ) വന്നു. നബിﷺയുടെ അനുവാദം വാങ്ങി. നബിﷺ യുടെ ആഇശ(റ)യുമായി തമാശ പറഞ്ഞിരിക്കുന്നതാണ് കാണുന്നത്. അപ്പോൾ നബിﷺയോട് അബൂബക്ർ(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾ രണ്ടുപേരുടെയും പിണക്കത്തിൽ എന്നെ നിങ്ങൾ ഭാഗബാക്കാക്കിയതു പോലെ നിങ്ങളുടെ രണ്ടുപേരുടെയും സന്തോഷത്തിലും നിങ്ങ ൾ എന്നെ ഭാഗബാക്കാക്കൂ’’ (അഹ്‌മദ്).