പ്രപഞ്ചം; ഉത്ഭവവും ഘടനയും - 02

ഡോ. ടി. കെ. യൂസുഫ്

2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

(ഭാഗം: 2)

ഈ പ്രപഞ്ചം അനന്തമാണോ? അനാദികാലം മുതൽ അത് ഇവിടെ നിലനിൽക്കുന്നുണ്ടോ? അല്ല എന്നാണ് ഉത്തരമെങ്കിൽ എന്നാണ് ഈ പ്രപഞ്ചം ആവർഭവിച്ചത്? എന്നെങ്കിലും അതിന് ഒരു അന്ത്യമുണ്ടാകുമോ? ഈ ചോദ്യങ്ങൾക്ക് മാനവരാശിയോളം പഴക്കമുണ്ട്. മതങ്ങളും തത്ത്വശാസ്ത്രങ്ങളും അതിന് മറുപടി പറയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഗോളശാസ്ത്രത്തിന് ഈ വിഷയത്തിൽ എന്താണ് പറയാനുളളത്?

ഗോള ശാസ്ത്രം എന്ന് പറഞ്ഞാൽ അത് നക്ഷത്രങ്ങൾ, ഗോളങ്ങൾ, ഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗ്യാലക്‌സികൾ തുടങ്ങിയവയെ കുറിച്ചുളള പഠനമാണ്. ആകാശ പിണ്ഡങ്ങളുടെ ചലനത്തെക്കുറിച്ചും അന്തരീക്ഷ പാളിക്കപ്പുറത്ത് അരങ്ങേറുന്ന രാസ-ഊർജ പ്രതിഭാസങ്ങളെ കുറിച്ചുമാണ് ഗോളശാസ്ത്രം പഠനം നടത്താറുളളത്. എന്നാൽ ഈ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചോ അതിനു പിന്നിലെ ദിവ്യകരങ്ങളെ സംബന്ധിച്ചോ ചിന്തിക്കാനും പഠിക്കാനും പൊതുവെ നാസ്തികരായ ശാസ്ത്രജ്ഞർ ഉത്സാഹം കാണിക്കാറില്ല.

പ്രപഞ്ചം ദൈവിക സൃഷ്ടിയാണ് എന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. അവരുടെ നൈസർഗിക പ്രേരണയും വിശേഷ ബുദ്ധിയും ദൈവിക വെളിപാടുകളുമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ഇവയെല്ലാം തമസ്‌കരിച്ചുകൊണ്ടാണ് നിരീശ്വരവാദികൾ പ്രപഞ്ചം താനെ ഉണ്ടായതാണെന്നും അനാദി കാലം മുതൽ നിലനിൽക്കുന്നതാണെന്നും വാദിക്കുന്നത്. പ്രപഞ്ചഘടനയെയും പ്രകൃതിയെയും പഠിക്കുന്ന ആർക്കും ഇത് താനെ ഉണ്ടായതാണെന്ന് പറയാൻ കഴിയില്ല. അറിവും കഴിവുമുളള ഒരു സ്രഷ്ടാവ് ഇതിന് പിന്നിലുണ്ടെന്ന് അവന് ബോധ്യപ്പെടും. ദൈവ വിശ്വാസികളായ ശാസ്ത്രജ്ഞരല്ലാം ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ പരിശ്രമിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചും വികാസത്തെ കുറിച്ചും അന്ത്യത്തെ കുറിച്ചും തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ക്വുർആൻ ധാരാളം വചനങ്ങളിലൂടെ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.

പുരാതന വീക്ഷണങ്ങൾ

ബിസി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച അരിസ്റ്റാർക്കസ് (Aristarchus)എന്ന ഗ്രീക്ക് ഗോള ശാസ്ത്രജ്ഞനാണ് പ്രപഞ്ചത്തിന്റെ രൂപമാതൃക ആദ്യമായി വിഭാവനം ചെയ്തത്. അദ്ദേഹം, ഭൂമി സ്വന്തം അച്ചുതണ്ടിലും സൂര്യന് ചുറ്റും ഇതര ഗ്രഹങ്ങളോടൊപ്പവും കറങ്ങുന്നുണ്ടെന്ന് നിഗമനം ചെയ്യുകയുണ്ടായി. പ്രപഞ്ചത്തെ കുറിച്ച് മാനവ ചരിത്രത്തിലെ ഏറ്റവും പഴക്കമുളള ശാസ്ത്ര നിഗമനമാണിത്. എഡി പതിനാറാം നൂറ്റാണ്ടിൽ കോപ്പർ നിക്കസിന് പോലും ഇത് പ്രചോദനമായിട്ടുണ്ട്. എന്നാൽ അരിസ്റ്റാർക്കസിന്റെ ഈ തത്ത്വം പൊതുധാരണക്ക് എതിരായതുകൊണ്ട് അതിന് പ്രചാരം ലഭിക്കാതെ പോകുകയാണുണ്ടായത്.

എഡി രണ്ടാം നൂറ്റാണ്ടിൽ രംഗപ്രവേശം ചെയ്ത ടോളമിയുടെ(Ptolemy) തത്ത്വപ്രകാരം ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണ്. സൂര്യനും ഇതര ഗ്രഹങ്ങളും അതിനെ ചുറ്റിക്കൊണ്ടിരിക്കുകയുമാണ്. പതിനേഴാം നൂറ്റാണ്ടുവരെ യൂറോപ്യൻ-മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ അവലംബം ടോളമിയുടെ സിന്താന്തങ്ങൾ തന്നെയായിരുന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ടോളമിയുടെ ഗ്രന്ഥം സുറിയാനിയിൽ നിന്ന് അറബി ഭാഷയിലേക്കും പിന്നീട് അറബിയിൽനിന്ന് ലാറ്റിൻ ഭാഷയിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി. പൊതുധാരണക്കും അരിസ്റ്റോട്ടിലിന്റെ അഭിപ്രായങ്ങൾക്കും അനുഗുണമായതുകൊണ്ട് ഈ തത്ത്വങ്ങൾക്ക് പ്രചുര പ്രചാരം ലഭിച്ചു. എഡി അഞ്ചാം നൂറ്റാണ്ടിൽ ഭാരതീയ ഗോളശാസ്ത്രജ്ഞനായിരുന്ന ആര്യഭട്ട ഭൂമി ചലിക്കുന്നതും ആകാശം നിശ്ചലവുമാണെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്.

എഡി എട്ടാം നൂറ്റാണ്ടിലാണ് മുസ്‌ലിം ശാസ്ത്രജ്ഞർ ഗോള നിരീക്ഷണം ആരംഭിച്ചത്. ഈ നിരീക്ഷണങ്ങൾ പിൽകാലത്ത് കോപ്പർ നിക്കസിൽ പോലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അരിസ്റ്റാർക്കസിന്റെ പ്രപഞ്ച മാതൃകയിൽ അവർ ഒരു അസ്റ്റർലാബ് രൂപകൽപന ചെയ്തു. ഹിജ്‌റ 415ൽ അന്തരിച്ച സിജ്‌സി എന്ന പേരിലറിയപ്പെടുന്ന അബൂസഈദ് അഹ്‌മദ് ബിൻ മുഹമ്മദ് അബ്ദുൽ ജലീൽ അസ്സജസ്സ്താനിയാണ് അത് നിർമിച്ചത്. കോപ്പർ നിക്കസിന് അഞ്ച് നൂറ്റാണ്ട് മുമ്പ് ഭൂമി കറങ്ങുന്നുണ്ടെന്ന് സമർഥിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം.

ഹിജ്‌റ 440ൽ അന്തരിച്ച പ്രസിദ്ധ സഞ്ചാരിയും ഗോളശാസ്ത്രജ്ഞനും ഭൗമ ശാസ്ത്രജ്ഞനും ചരിത്ര കാരനുമായിരുന്ന അൽബിറൂനി തന്റെ ‘കാനൂനുൽ മസ്ഊദി’ എന്ന ഗ്രന്ഥത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭൂമി ഗോളാഗൃതിയിലാണെന്നും അത് സ്വയം അച്ചുതണ്ടിൽ കറങ്ങുന്നുണ്ടെന്നും സമർഥിക്കുകയുണ്ടായി. എഡി പതിനഞ്ചാം നൂറ്റാണ്ടിൽ ഉലുഗ് ബേഗ് എന്ന മുഗൾ സുൽത്താൻ ഇന്നത്തെ ഉസ്ബകിസ്ഥാനായ സമർക്കന്ധിനെ ഒരു വൈജ്ഞാനിക കേന്ദ്രമാക്കുകയും അവിടെ ഒരു ഗോള നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് ശാസ്ത്രജ്ഞരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ടോളമിയുട ഗോളശാസ്ത്ര തത്ത്വങ്ങൾ പലതും അബദ്ധമാണെന്ന് അദ്ദേഹം തെളിയിക്കുകയുണ്ടായി.

എഡി പതിനാറാം നൂറ്റാണ്ടിലാണ് നിക്കോളാസ് കോപ്പർ നിക്കസ് രംഗപ്രവേശം ചെയ്തത്. പോളണ്ടിലെ പുരോഹിതനും ഗോള-ഗണിത ശാസ്ത്രജ്ഞനും ദാർശനികനുമായിരുന്ന അദ്ദേഹം ഭൂമി സ്വയം അച്ചുതണ്ടിലും സൂര്യന് ചുറ്റിലും കറങ്ങുന്നുണ്ടെന്ന് കണ്ടെത്തി. അങ്ങനെ പ്രപഞ്ച വിജ്ഞാനത്തിന് ഒരു ശാസ്ത്രീയ അടിത്തറയുണ്ടാക്കിയത് അദ്ദേഹമാണ്. എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ ഇറ്റാലിയൻ ഗോളശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി വരുന്നതുവരെ കോപ്പർ നിക്കസിന്റെ പ്രപഞ്ച വീക്ഷണം കേവലം ഒരു സങ്കൽപം മാത്രമായി അവശേഷിച്ചു. നിക്കസിന്റെ തത്ത്വം ഗലീലിയോ പ്രചരിപ്പിക്കുകയും സഭയുടെ എതിർപ്പുകളെ നേരിടേണ്ടി വന്ന നിക്കസിനെ അദ്ദേഹം പ്രതിരോധിക്കു കയും ചെയ്തു. ഗലീലിയോ നിർമിച്ച ഒരു ദൂരദർശിനിയുടെ സഹായത്തോടെ അദ്ദേഹം തന്റെ വാദങ്ങൾക്ക് തെളിവ് കണ്ടെത്തുകയും കോപ്പർ നിക്കസിന്റെ വീക്ഷണത്തെക്കാളും വിശാലമായ ഒരു പ്രപഞ്ചം കണ്ടെത്തുകയും ചെയ്തു. ക്ഷീരപഥത്തിലെ നക്ഷത്രങ്ങളെ കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചത് തന്റെ ദൂരദർശിനിയാണ്. അതിനു മുമ്പ് അത് ഒരു ധൂമപടലമാണ് എന്ന ധാരണയാണുണ്ടായിരുന്നത്.

ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടന്റെ (1642-1727) ആഗമനമാണ് ശാസ്ത്ര വിപ്ലവത്തിന് നാന്ദി കുറിച്ചത്. റോയൽ സൊസൈറ്റിയുടെ ചെയർമാനായ അദ്ദേഹം കാംബ്രിഡ്ജ് സർവകലാശാലയിലെ ഗണിതശാസ്ത്രം അധ്യാപകനായിരുന്നു. പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണ് എന്ന തത്ത്വത്തിന് എതിരായ മുഴുവൻ സംശയങ്ങളും അദ്ദേഹം ദുരീകരിക്കുകയുണ്ടായി. പിന്നീട് മൂന്ന് നൂറ്റാണ്ടുകളോളം ഭൗതിക ശാസ്ത്രജ്ഞന്മാരെ അടക്കി ഭരിച്ചത് ന്യൂട്ടന്റെ ചലന-ആകർഷണ സിദ്ധാന്തങ്ങളായിരുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആൽബർട്ട് ഐൻസ്റ്റിന്റെ സിദ്ധാന്തങ്ങൾ രംഗത്ത് വരികയും ന്യൂട്ടന്റെ പൗരാണിക ഊർജതന്ത്ര തത്ത്വങ്ങൾ തിരുത്തിയെഴുതി നവീന ഊർജതന്ത്ര തത്ത്വങ്ങൾ ആവഷ്‌കിരിക്കുകയും ചെയ്തു. പ്രകാശത്തിന് സ്ഥിരമായ ഒരു വേഗതയുണ്ടെന്നും അതിന്റെ സഞ്ചാരത്തിന് ശബ്ദ തരംഗങ്ങളുടെ സഞ്ചാരത്തിനെന്ന പോലെ ഒരു മാധ്യമമാവശ്യമില്ലെന്നും അദ്ദേഹം സമർഥിച്ചു. പ്രപഞ്ച വിജ്ഞാന രംഗത്ത് വിപ്ലവകരമായ നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്.

പ്രപഞ്ചം സ്ഥിരമായി നിലനിൽക്കുന്നു എന്ന വിശ്വാസമാണ് ഇരുപതാം നൂറ്റാണ്ടുവരെ ശാസ്ത്രജ്ഞന്മാർ വെച്ചുപുലർത്തിയിരുന്നത്. പ്രപഞ്ചം അനാദികാലം മുതൽ ഉണ്ടെന്നും അത് അനന്തമായി നിലനിൽക്കുമെന്നും അവർ വിശ്വസിച്ചിരുന്നു. ക്ഷീരപഥത്തിനപ്പുറം വാതക പടലമാണെന്നായിരുന്നു അവരുടെ ഊഹം. 1920ൽ പ്രപഞ്ചത്തിന്റെ ഘടനയെ കുറിച്ച് ഗോളശാസ്ത്രജ്ഞർ രണ്ടായി തിരിഞ്ഞ് സംവാദം നടത്തി. ക്ഷീരപഥത്തിന് അപ്പുറം കാര്യമായി ഒന്നുമില്ലെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ ക്ഷീരപഥം ഒന്നുമല്ലെന്നും അതിന് പുറകിൽ ഒരു ലോകമുണ്ടെന്നും മറുപക്ഷം വാദിച്ചു.

പ്രപഞ്ച ഘടനയെക്കുറിച്ചുളള വാഗ്വാദങ്ങൾ തുടരുന്നതിനിടയാലാണ് എഡ്‌വിൻ ഹബിൽ (Edwin Hubble) കടന്നുവന്നത്. ക്ഷീരപഥം നമ്മൾ വിചാരിക്കുന്നതിനെക്കാൾ വലുതാണെന്നും അതിനപ്പുറം വേറെയും ഗ്യാലക്‌സികളുണ്ടെന്നും അദ്ദേഹം തെളിവ് സഹിതം സമർഥിച്ചു. അക്കാലത്ത് ഒമ്പത് ഗ്യാലക്സികളുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. പ്രപഞ്ചം വികസിക്കുന്നുണ്ടെന്നും ഗ്യാലക്‌സികൾ തമ്മിൽ അകലുന്നുണ്ടെന്നും 1929ൽ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ഗ്യാലക്‌സികൾ അകലുന്ന വേഗത അവ തമ്മിലുളള അകൽച്ച കൂടുന്നതിനനുസരിച്ച് വർധിക്കുന്നുവെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ ശാസ്ത്രലോകത്തെ പിടിച്ചു കുലുക്കി.

പ്രപഞ്ച വികാകസത്തെ കുറിച്ചുളള ഹബിളിന്റെ തത്ത്വത്തിൽനിന്നും ബോധനം ഉൾക്കൊണ്ട് ബൽജിക്കൻ കത്തോലിക്കാ പുരോഹിതനും ഊർജതന്ത്ര- ഗോളശാസ്ത്ര ശാസ്തജ്ഞനുമായ ജോർജ്ജ് ലോമ്ടർ (Georges Henri Joseph Edouard Lemaitre) മഹാ വിസ്‌ഫോടന തത്ത്വത്തിന് ബീജാവാപം നൽകി. മതവും ശാസ്ത്രവും പഠിച്ച ഇദ്ദേഹമാണ് വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം ബില്യൺ കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു കേന്ദ്ര ബിന്ദുവിൽനിന്നും മഹാവിസ്‌ഫോടനത്തിലൂടെ രൂപപ്പെട്ടതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചത്. ഭൂരിഭാഗം ഗോളശാസ്ത്രജ്ഞരും അംഗീകരിക്കുന്ന ഈ വിസ്‌ഫോടന സിദ്ധാന്തം ക്വുർആനിന്റെ അധ്യാപനങ്ങൾക്കും അനുയോജ്യമാണ്. സൂറത്തുൽ അമ്പിയാഅ് 30-ാം വചനത്തിൽ ഇപ്രകാരം കാണാം: “ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു വെന്നും എന്നിട്ട് നാം അവയെ വേർപ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ? വെളളത്തിൽനിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?’’

ഈ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ച് ശാസ്ത്രം കണ്ടെത്തിയ വസ്തുതകൾ ഒരു സൂക്തത്തിന്റെ ശകലത്തിലൂടെ ക്വുർആൻ വ്യക്തമാക്കുന്നതായി നാം കാണുന്നു. പ്രസ്തുത വചനത്തിൽ ‘റത്ക്വ്’ എന്ന ഒരു പദം കാണാം. അതിന്റെ അർഥം പല വസ്തുക്കൾ കൂടിച്ചേർന്നത് എന്നാണ്. പ്രപഞ്ചം അതിന്റെ പ്രഥമ പിണ്ഡമായിരിക്കെ ദൃശ്യവും അദൃശ്യവുമായി പല വസ്തുക്കൾ ചേർന്നതായിരുന്നു. മറ്റൊരു പദം ‘ഫതക്വ’ എന്നതാണ്. അതിനർഥം ‘ശക്തമായി പിളർത്തുക’ എന്നാണ്. മഹാവിസ്‌ഫോടനം ഒരു ശക്തമായ പൊട്ടിപ്പിളരലായരുന്നു. ഈ വചനത്തിന്റെ ആദ്യത്തിൽ അവിശ്വാസികൾ കാണുന്നില്ലേ എന്നാണ് ചോദിക്കുന്നത്. ഈ രംഗത്തെ കണ്ടെത്തലുകൾ നടത്തിയത് അവിശ്വാസികളായിരുന്നുവെന്നത് മറ്റൊരു വിസ്മയമാണ്.

(തുടരും)