പ്രകടനപരത
സ്വന്തം ലേഖകൻ
2025 ജനുവരി 25, 1446 റജബ് 25

ബന്ധങ്ങളും ബാധ്യതകളും വ്യാപാരവത്കരിക്കപ്പെട്ട സമൂഹത്തിൽ പ്രകടനപരതയ്ക്ക് അമിതസ്ഥാനമാണുള്ളത്. സമൂഹത്തെ മൊത്തത്തിൽ ബാധിച്ചിടുള്ള ഈ പ്രവണത മതവിശ്വാസികളെയും സ്വാധീനിക്കുന്നുണ്ട്. പ്രവർത്തനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകിടം മറിക്കുന്ന പ്രകടനപരത പൊങ്ങച്ചത്തിന്റെ വകഭേദമാണ്. ആരാധനകളിൽ പ്രകടനപരത വന്നുചേരുന്നത് അവയുടെ മൂല്യം ചോർത്തിക്കളയുന്നു. പ്രകടനപരതയുടെ സ്വാധീനമുള്ള വിശ്വാസി നമസ്‌കരിക്കുന്നത് കാപട്യത്തിന്റെ ലക്ഷണമായാണ് ക്വുർആൻ വിലയിരുത്തുന്നത് (4:142).
പ്രകടപരത പൈശാചികമാണ്. പ്രകടനപരതയ്ക്ക് വശംവദമായവർ നമസ്‌കരിക്കുന്നതു മാത്രമല്ല, ദാനധർമങ്ങൾ ചെയ്യുന്നതും ആത്മാർഥതയില്ലാതെയായിരിക്കും. ചൈതന്യം ചോർന്ന വിശ്വാസത്തിന്റെ വെറും പൊള്ളയായ പ്രകടനം അല്ലാഹു പറയുന്നു:
‘ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കൾ ചെലവഴിക്കുന്നവരും അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവർ. പിശാചാണ് ഒരാളുടെ കൂട്ടുകാരനാകുന്നതെങ്കിൽ അവൻ എത്ര ദുഷിച്ച ഒരു കൂട്ടുകാരൻ’ (4:38).
സത്യമാർഗത്തിലുള്ള ധർമസമരത്തെ പോലും പ്രകടനപരത സ്വാധീനിക്കാം.അതോടെ കർമം നിഷ്ഫലമാകുന്നു. രക്തസാക്ഷിത്വം പോലും ഫലശൂന്യമായിത്തീരുന്നു. അല്ലാഹു പറയുന്നു:
‘ഗർവോടു കൂടിയും ജനങ്ങളെ കാണിക്കാൻ വേണ്ടിയും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടഞ്ഞു നിർത്തുവാൻ വേണ്ടിയും തങ്ങളുടെ വീടുകളിൽ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്‌മമായി അറിയുന്നവനാകുന്നു’ (8:47).
പ്രകടനപരത ഗോപ്യമായ ശിർക്കാണെന്ന് ഇസ്‌ലാം ഓർമിപ്പിക്കുന്നു. നബിﷺ പറഞ്ഞു: ‘ആരെങ്കിലും പ്രകടനപരതയ്ക്കുവേണ്ടി നമസ്‌കരിച്ചാൽ അവൻ (അല്ലാഹുവോട്) പങ്കുചേർത്തു (ശിർക്ക് ചെയ്തു. ആരെങ്കിലും പ്ര കടനപരതയ്ക്കുവേണ്ടി നോമ്പെടുത്താൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തു... ‘ (അഹ്‌മദ്)

