ഇണകളുട ആവശ്യങ്ങൾ മനസ്സിലാക്കുക

അബൂറാഷിദ അൽകാസിമി കുടയത്തൂർ

2025 മാർച്ച് 01, 1446 റമദാൻ 01

(മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 8 )

അല്ലാഹുവിനുള്ള ഇബാദത്ത് ഭാര്യമാരോടൊപ്പമുള്ള ആനന്ദത്തിനും നേരമ്പോക്കിനും സംസാരത്തിനും സമയം കണ്ടെത്തുന്നതിന് നബി ﷺക്ക് തടസ്സമായിട്ടില്ല.

ആഇശ(റ) നിവേദനം: “നിശ്ചയം, നബിﷺ നമസ്‌കാരം കഴിയുമ്പോൾ ഞാൻ ഉണർന്നിരിക്കുകയാണെങ്കിൽ എന്നോട് സംസാരിക്കും. അല്ലെങ്കിൽ നമസ്‌കാരത്തിന് ബാങ്ക് കൊടുക്കുന്നതുവരെ കിടക്കും’’ (ബുഖാരി 1161).

യാത്രയിലാണെങ്കിൽ പോലും (യാത്രയിലുള്ള) ഭാര്യയോട് സംസാരിക്കുകയും ഒപ്പം നടക്കുകയും ചെയ്യുമായിരുന്നു. ആഇശ(റ) നിവേദനം: “ഒരു യാത്ര ഉദ്ദേശിച്ചാൽ അവിടുത്തെ ഭാര്യമാരുടെ ഇടയിൽ നറുക്കിടുമായിരുന്നു. അങ്ങനെ ഒരിക്കൽ നറുക്ക് വീണത് ആഇശ(റ)ക്കും ഹഫ്‌സ്വ(റ)ക്കുമായിരുന്നു. രാത്രിയായപ്പോൾ നബിﷺ ആഇശ(റ)യോട് സംസാരിച്ചുകൊണ്ട് യാത്രചെയ്തു’’ (ബുഖാരി 5211, മുസ്‌ലിം 2445).

നവവധുവുമായി വീട് കൂടുന്ന രാത്രിയിൽ പോലും നബിﷺ ഭാര്യമാരോടുള്ള ഈ സമീപനം ഒഴിവാക്കിയിരുന്നില്ല. അനസ് ഇബ്‌നു മാലിക്(റ) പറയുന്നു: “ജഹ്ശിന്റെ മകൾ സൈനബു(റ)മായി വീട് കൂടിയ അന്ന് ഇറച്ചിയും റൊട്ടിയുമുണ്ടാക്കി. ഭക്ഷണം കഴിക്കാൻ ഞാൻ ആളുകളെ ക്ഷണിച്ചു. ഒരു വിഭാഗം വരുന്നു; അവർ കഴിക്കുന്നു, പോകുന്നു. പിന്നെയും ഒരു വിഭാഗം വരുന്നു; അവർ കഴിക്കുന്നു, തിരിച്ചുപോകുന്നു: ‘ഇനി ഒരാളും കഴിക്കാനില്ലാത്ത അവസ്ഥയിൽ എല്ലാവരെയും ഞാൻ ക്ഷണിച്ചു. അല്ലാഹുവിന്റെ ദൂതരേ, ഇനി ക്ഷണിക്കാൻ ഞാൻ ആരെയും കാണുന്നില്ല.’ നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ ഭക്ഷണം നിങ്ങൾ മാറ്റിവെക്കുക.’ എന്നിട്ട് നബിﷺ മുറിയിലേക്ക് പുറപ്പെട്ടു. അപ്പോൾ നബിﷺ പറഞ്ഞു: ‘അസ്സലാമു അലൈക്കും അഹ്‌ലൽ ബൈത്തി, വറഹ്‌മത്തുല്ലാഹി’ (വീട്ടുകാരേ, നിങ്ങൾക്ക് അല്ലാഹുവിന്റെ സമാധാനവും കരുണയും ഭവിക്കട്ടെ). അപ്പോൾ ആഇശ(റ) പറഞ്ഞു:

‘വ അലൈകുമുസ്സലാം വറഹ്‌മത്തുല്ലാഹ്, അങ്ങയുടെ കുടുംബത്തിന്റെ (ഭാര്യയുടെ) അവസ്ഥ എന്താണ്? അല്ലാഹു അവർക്ക് ഐശ്വര്യം നൽകട്ടെ.’ നബിﷺ എല്ലാ ഭാര്യമാരുടെ മുറികളും സന്ദർശിച്ചു. ആഇശ(റ)യോട് പറഞ്ഞതുപോലെ അവരോടും പറഞ്ഞു. അവരും നബിﷺയോട് ആഇശ(റ) (റ)പറഞ്ഞതു പോലെ തിരിച്ചും പറഞ്ഞു’’ (ബുഖാരി 4792, മുസ്‌ലിം 1428).

തന്റെ ഭാര്യമാരുടെ വീടുകൾ സന്ദർശിച്ച് അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നത് അവരുടെ ഹൃദയത്തിന് സമാധാനവും സന്തോഷവുമാണ്. ഭർത്താവ് തങ്ങളെ സ്‌നേഹിക്കുന്നു എന്ന് മനസ്സിലാകുമ്പോൾ തിരിച്ചും സ്‌നേഹവും ബഹുമാനവും ഉണ്ടാവാൻ അത് കാരണമാകും. അതാണ് അവർ നബിﷺയോട് ചോദിച്ചത്; ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ കുടുംബം എന്തെടുക്കുന്നു?’

നബിﷺയുടെ ഭാര്യമാർ ബുദ്ധിമതികളും ക്ഷമാശീലരും കുടുംബ ബന്ധം നന്നായി പുലർത്താൻ അറിയുന്നവരും ആയിരുന്നു. അങ്ങനെയല്ലായിരുന്നുവെങ്കിൽ ആ കുടുംബത്തിൽ പല അവിവേകങ്ങളും ഉണ്ടാകുമായിരുന്നു. എന്നാൽ അവർ പരിശുദ്ധ നബിﷺയുടെ പരിശുദ്ധ പത്‌നിമാരായിരുന്നു.

ഒരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: “നബിﷺ എല്ലാ ഭാര്യമാരുടെയും അടുക്കൽ എത്തി സലാം പറയുമായിരുന്നു: ‘നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ വീട്ടുകാരേ, എന്തുണ്ട് നിങ്ങളുടെ വിശേഷങ്ങൾ?’ അപ്പോൾ അവർ പറയുമായിരുന്നു: ‘അല്ലാഹുവിന്റെ ദൂതരേ, നല്ലതുതന്നെ. അങ്ങയുടെ കുടുംബത്തിന്റെ സ്ഥിതി എന്താണ്?’ അപ്പോൾ നബി ﷺ പറയുമായിരുന്നു: ‘നല്ലതു തന്നെ’ (മുസ്‌ലിം 1427).

ഇമാം നവവി(റഹി) പറയുന്നു: “ഈ ഹദീസ് പഠിപ്പിക്കുന്നത്; ഒരാൾ തന്റെ വീട്ടിൽ വന്നാൽ ഭാര്യയോടും വീട്ടിലുള്ളവരോടും സലാം പറയൽ മുസ്തഹബ്ബാണ്. എന്നാൽ പൊങ്ങച്ചക്കാരായ ദീനിൽ വിവരമില്ലാത്തവർ ഇതിന് മടിക്കുകയോ അഹങ്കാരത്തിന്റെ പേരിൽ വിമുഖത കാണിക്കുകയോ ചെയ്യുന്നു. അപ്രകാരം അവരുടെ വിശേഷങ്ങൾ ചോദിച്ചറിയണം. ചിലപ്പോൾ ഭാര്യയുടെ മനസ്സിൽ ഒരു അഭിപ്രായം ഉണ്ടാകും. അവൾക്ക് അത് തുറന്നു പറയാൻ ലജ്ജയുണ്ടാകും. എന്നാൽ അവളോട് അന്വേഷിച്ചാൽ അവളുടെ ആവശ്യങ്ങൾ തുറന്ന് പറയും’’ (ശർഹു സ്വഹീഹ് മുസ്‌ലിം 9/225).