ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവ് - 2
അബൂറാഷിദ അൽകാസിമി കുടയത്തൂർ
2025 മാർച്ച് 29, 1446 റമദാൻ 28

(മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 12 )
ആഇശ(റ) പറയുന്നു: “ഞാനും അല്ലാഹുവിന്റെ ദൂതരും ഒരു പാത്രത്തിൽനിന്ന് (വെള്ളം മുക്കി) കുളിക്കുമായിരുന്നു. എന്നെ മറികടന്ന് അദ്ദേഹം വെള്ളം പകർന്ന് ഒഴിക്കുകയും അദ്ദേഹത്തെ മറികടന്ന് ഞാനും വെള്ളം പകർന്ന് ഒഴിക്കുകയും ചെയ്തിരുന്നു. അങ്ങനെ നബിﷺ പറയും: ‘എനിക്ക് വെള്ളം തരൂ.’ ഞാൻ പറയും: ‘എനിക്ക് വിട്ടുതരൂ’’ (ബുഖാരി, മുസ്‌ലിം, നസാഈ).
ഇബ്‌നു അബ്ബാസ്(റ) നിവേദനം: “നബിﷺയും മൈമൂന(റ)യും ഒരു പാത്രത്തിൽനിന്ന് വെള്ളമെടുത്തു കുളിക്കുമായിരുന്നു’’ (ബുഖാരി, മുസ്‌ലിം).
ഉമ്മുസലമ(റ) പറയുന്നു: “ഞാനും നബിﷺയും ഒരു പാത്രത്തിൽനിന്നും ജനാബത്ത് കുളി നിർവഹിക്കുമായിരുന്നു’’ (ബുഖാരി, മുസ്‌ലിം).
ഇതിലൂടെ ഏറ്റവും നല്ല ഭർത്താവിന്റെയും ഭർത്താവിനെ സ്‌നേഹിക്കുന്ന ഭാര്യയുടെയും ജീവിതം വായിക്കാൻ കഴിയും.
ഭാര്യയെ സ്‌നേഹം പ്രകടമാക്കുന്ന പേര് വിളിക്കൽ: ആഇശ(റ) പറയുന്നു: “നബിﷺ ഒരു ദിവസം എന്നോട് പറഞ്ഞു: ‘ആഇശാ! ദാ, ജിബ്‌രീൽ നിനക്ക് സലാം പറയുന്നു.’ അപ്പോൾ ഞാൻ പറഞ്ഞു: ‘വ അലൈഹിസ്സലാം വ റഹ്‌മത്തുല്ലാഹി വ ബറകാതുഹു’’ (ബുഖാരി, മുസ്‌ലിം).
നബിﷺ ആഇശ(റ)യെ ഹുമൈറാഅ് (റോസ് നിറമുള്ള പെണ്ണേ) എന്ന് വിളിക്കുമായിരുന്നു.
ഇന്ന് ചില പുരുഷന്മാർ അവരുടെ ഭാര്യമാരെ ഫോൺ സംഭാഷണങ്ങൾക്കിടയിൽ വളരെ മോശമായി അഭിസംബോധന ചെയ്യുന്നതായി കാണുന്നു. അന്യസ്ത്രീകളെ വളരെ സ്‌നേഹത്തോടെ വിളിക്കുകയും ചെയ്യും.
ഭാര്യമാരെ സദ്യക്ക് കൊണ്ടുപോകൽ:
അനസ് ഇബ്‌നു മാലിക്(റ) നിവേദനം: “നബിﷺയുടെ ഒരു പേർഷ്യക്കാരനായ അയൽവാസി നന്നായി കറി പാചകം ചെയ്യുമായിരുന്നു. ഒരിക്കൽ നബിﷺക്ക് വേണ്ടി പാചകം ചെയ്തിട്ട് ക്ഷണിക്കാനായി വന്നു. നബിﷺ ചോദിച്ചു: ‘ആഇശ(റ)ക്കും കൂടി തയ്യാറാക്കിയിട്ടുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ അപ്പോൾ നബിﷺ പറഞ്ഞു: ‘എന്നാൽ ഞാനില്ല.’ അദ്ദേഹം വീണ്ടും നബിﷺയെ ക്ഷണിച്ചു. അപ്പോഴും നബിﷺ ‘ഇവൾക്ക് കൂടി ഉണ്ടോ’ എന്ന് ചോദിച്ചു. അദ്ദേഹം ‘ഇല്ല’ എന്ന് പറഞ്ഞപ്പോൾ നബിﷺ പറഞ്ഞു: ‘എന്നാൽ ഞാനും ഇല്ല.’ വീണ്ടും അദ്ദേഹം നബിﷺയെ ക്ഷണിച്ചു. അപ്പോൾ നബിﷺ ചോദിച്ചു: ‘ഇവൾക്ക് കൂടി ഉണ്ടോ?’ മൂന്നാം തവണയും അദ്ദേഹം പറഞ്ഞു: ‘ഉണ്ട്.’ അങ്ങനെ അവർ രണ്ടുപേരും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി’’ (മുസ്‌ലിം).
ഇമാം നവവി(റ) പറയുന്നു: “ഭാര്യയെ കൂട്ടാതെ നബിﷺക്ക് ഒറ്റയ്ക്ക് പോയി ആഹാരം കഴിക്കുന്നത് ഇഷ്ടമായിരുന്നില്ല.’’ എത്ര സുന്ദരമായ കുടുംബജീവിതം!
ഇഅ്ത്തികാഫ് ഇരിക്കുമ്പോളും ഭാര്യമാർ വന്നാൽ നബിﷺയുടെ നല്ല സമീപനം:
സ്വഫിയ്യ ബിൻത് ഹുയയ്യ്(റ) പറയുന്നു: “നബിﷺ ഇഅ്തികാഫ് ഇരിക്കുകയായിരുന്നു. ആ സമയം ഞാൻ അദ്ദേഹത്തെ സന്ദർശിക്കാൻ രാത്രി ചെന്നു. ഞാൻ നബിയോട് സംസാരിച്ചുകൊണ്ടിരുന്നു. പിന്നീട് ഞാൻ വീട്ടിലേക്ക് തിരിച്ചു പോകാൻ എഴുന്നേറ്റു. അപ്പോൾ നബിﷺ എന്നോടു കൂടെ എന്നെ തിരിച്ചു കൊണ്ടുവിടാൻ വേണ്ടി എഴുന്നേറ്റു. അപ്പോൾ അൻസ്വാരികളിൽ പെട്ട രണ്ടുപേർ നടന്നു പോകുന്നു. അവർ നബിﷺയെ കണ്ടപ്പോൾ അവരുടെ നടത്തം വേഗത്തിലാക്കി. ആ അവസരത്തിൽ നബി ﷺ പറഞ്ഞു: ‘ഇത് എന്റെ ഭാര്യ സ്വഫിയ്യയാണ്.’ അപ്പോൾ അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, സുബ്ഹാനല്ലാഹ്! ഞങ്ങൾക്ക് അങ്ങയെ കുറിച്ച് ഒരു തെറ്റിദ്ധാരണയുമില്ല.’ നബിﷺ അരുളി: ‘നിശ്ചയം, പിശാച് രക്തം സിരകളിൽ ഒഴുകുന്നത് പോലെ ഒഴുകി നടക്കും. നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയത്തിൽ എന്തെങ്കിലും തെറ്റായ ധാരണ വരുന്നതിനെ ഞാൻ ഭയപ്പെടുന്നു’’ (ബുഖാരി, മുസ്‌ലിം).
ഇഅ്തികാഫ് ഇരിക്കുമ്പോൾ പള്ളിയിൽനിന്ന് വളരെ അത്യാവശ്യമായ കാര്യങ്ങൾക്കല്ലാതെ വെളിയിലേക്ക് പോയിക്കൂടാ എന്നിരിക്കെ, ഭാര്യയുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും പ്രഥമ പരിഗണന നൽകേണ്ടതാണെന്ന് മനസ്സിലാക്കി വീട്ടിലേക്ക് പോകാൻ കൂടെ പോകുന്നത് എത്ര മഹത്തരം.
ഒരു കവിയുടെ വരികൾ ഇങ്ങനെ ഭാഷാന്തരം ചെയ്യാം: “ഞങ്ങളുടെ ഭവനങ്ങൾ സ്‌നേഹത്തിൽ നിർമിക്കപ്പെട്ടതാണ്. ഞങ്ങളുടെ ഭാര്യമാർ അവിടെ പ്രകാശം പരത്തുന്നവരാണ്. തക്വ്വയും പരോപകാരവും കൊണ്ട് അതിനെ ഞങ്ങൾ സജീവമാക്കിക്കൊണ്ടിരിക്കും; ഒപ്പം ആദരവായ നബിയുടെ തിരുചര്യകൊണ്ടും. ഈ നബിﷺയാണ് ഞങ്ങളുടെ മാർഗദർശി. ആ നബിﷺയുടെ ചര്യ നിനക്ക് മതിയായതാണ്.’’
നബിﷺ തന്റെ ഭാര്യമാരോട് മനസ്സിലുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നു. നമ്മിൽ പലരുമാകട്ടെ അത് ഒളിച്ചുവെക്കുന്നു. നബിﷺ കളിതമാശകളുമായി അവരുടെ കൂടെ സല്ലപിക്കുന്നു. ഏറ്റവും നല്ല പേരുകൊണ്ട് സംബോധന ചെയ്യുന്നു. വീട്ടിൽനിന്ന് പുറത്തു പോകുന്ന നേരം ചുംബനങ്ങളർപ്പിക്കുന്നു. ചെവിയിൽ ചുണ്ട് ചേർത്ത് സ്വകാര്യം പറയുന്നു. ഒരിക്കലും ആ കൈകൾ ഉപദ്രവിക്കാൻ നീട്ടിയിട്ടില്ല. ആ കരങ്ങൾ നന്മയുടെ അരുവി ഒഴുകുന്നതാണ്.
നബിﷺ അവിടുത്തെ പരിശുദ്ധകളായ സഹധർമിണിമാരുമൊത്ത് തൃപ്തികരമായ, വിജയകരമായ ജീവിതം നയിച്ചു. അത് അല്ലാഹുവിന്റെ ഈ വചനത്തെ അന്വർഥമാക്കിയ ജീവിതമായിരുന്നു: “അവരോട് നിങ്ങൾ മര്യാദയോടെ സഹവ ർത്തിക്കേണ്ടതുണ്ട്’’ (അന്നിസാഅ് 19).
നബിﷺ പറഞ്ഞു: “നിങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ ഭാര്യയിലേക്ക് ഉത്തമനായവനാണ്’’ (തിർമിദി). (ഭാര്യയോട് ഏറ്റവും നല്ലനിലയിൽ വർത്തിക്കുന്നവനാണ്)
നബിﷺ അരുളി: “വിശ്വാസികളിൽ ഏറ്റവും പരിപൂർണ ഈമാനുള്ളയാൾ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ള വനാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ല സ്വഭാവം കാഴ്ചവെക്കുന്നവരാണ്.’’
നബിﷺ ഒരിക്കൽ പോലും ഒരു സ്ത്രീയെ അപമാനിച്ചതായോ അടിച്ചതായോ ഉദ്ധരിക്കപ്പെട്ടിട്ടില്ല. ആഇശ(റ) പറയുന്നു: “നബിﷺ അവിടുത്തെ കരംകൊണ്ട് ഒന്നിനെയും-ഭാര്യയെയാകട്ടെ സേവകരെയാകട്ടെ- തീരെ ഉപദ്രവിച്ചിട്ടില്ല, അല്ലാഹുവിന്റെ മാർഗത്തിൽ ധർമസമരം ചെയ്യുന്നതിനല്ലാതെ’’ (മുസ്‌ലിം).
നബിﷺ പറഞ്ഞു: ‘നിങ്ങൾ അല്ലാഹുവിന്റെ ദാസിമാരെ അടിക്കരുത്.’ അപ്പോൾ ഉമർ(റ) നബിﷺയുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: ‘സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരോട് അനുസരണക്കേട് കാണിക്കുന്നല്ലോ.’ അപ്പോൾ നബിﷺ അവരെ അടിക്കുന്നതിന് ഇളവു നൽകി. പിന്നീട് നബിﷺ യുടെ വീട്ടുവളപ്പിൽ ധാരാളം സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ കുറിച്ച് അടിയുടെ പേരിൽ പരാതിയുമായി വളഞ്ഞു. അപ്പോൾ നബിﷺ പറഞ്ഞു: ‘മുഹമ്മദ് കുടുംബത്തിൽ ധാരാളം സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ കുറിച്ച് പരാതി പറയാൻ കൂട്ടമായി വന്നിരിക്കുകയാണ്. ഭാര്യമാരെ അടിക്കുന്നവർ നിങ്ങളിൽ നല്ലവരല്ല’’ (അബുദാവൂദ്).
നിസ്സാര കാര്യങ്ങൾക്കു പോലും ഭാര്യമാരെ ചീത്ത പറയുകയും മർദിക്കുകയും ചെയ്യുന്ന ഭർത്താക്കൻമാർ മാറി ചിന്തിക്കുക.
നല്ല പുരുഷന്മാർ ഭാര്യമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രയാസങ്ങളിൽ ക്ഷമിക്കുന്നവരായിരിക്കും. അറബികൾ സാധാരണ പറയാറുണ്ട്: “മാന്യന്മാരല്ലാതെ ഭാര്യമാരെ ബഹുമാനിക്കുകയില്ല. മാന്യത കെട്ടവരല്ലാതെ അവരെ നിസ്സാരമാക്കുകയുമില്ല. മാന്യരായ ഭർത്താക്കന്മാരെ ഭാര്യമാർ പരാജയപ്പെടുത്തും; നിസ്സാരന്മാർ ഭാര്യമാരെ പരാജയപ്പെടുത്തും.’’
നബിﷺ ഭാര്യമാരോട് സൗമ്യമായി പെരുമാറുവാൻ ഉപദേശിച്ചു: അബൂഹുറയ്‌റ(റ) നിവേദനം: നബിﷺ പറഞ്ഞു: “സ്ത്രീകളോട് നിങ്ങൾ നന്മ ഉപദേശിക്കുക, കാരണം അവർ വാരിയെല്ലിനാൽ പടക്കപ്പെട്ടവരാണ്. വാരിയെല്ലിൽ ഏറ്റവും ഉയർന്നുനിൽക്കുന്നതാണ് ഏറ്റവും മുകളിലുള്ളത്. അതിൽനിന്നാണ് അവർ പടക്കപ്പെട്ടത്; നീ അതിനെ നേരെയാക്കാൻ പോയാൽ അതിനെ ഒടിച്ചുകളയേണ്ടി വരും. എന്നാൽ അതിനെ വെറുതെ വിട്ടാൽ വളഞ്ഞുകൊണ്ടേയിരിക്കും. ആയതിനാൽ നീ സ്ത്രീകളോട് നന്മ ഉപദേശിച്ചുകൊണ്ടിരിക്കുക’’ (ബുഖാരി, മുസ്‌ലിം).
ഹജ്ജത്തുൽ വിദാഇലെ പ്രസംഗത്തിൽ നബിﷺ അരുളി: ‘അറിയുക; സ്ത്രീകളോട് നിങ്ങൾ നന്മ ഉപദേശിക്കണം. കാരണം നിങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് അവർ. അതല്ലാതെ അവരോട് നിങ്ങൾക്ക് ഒരു അധികാരവുമില്ല’’ (തിർമുദി).
നബിﷺ ഭാര്യമാരുടെ കാര്യത്തിൽ ആവർത്തിച്ച് ഉപദേശവും നൽകിയിരുന്നത്; ദേഷ്യം വരുന്ന സന്ദർഭത്തിൽ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കാത്ത പുരുഷന്മാർ ഭാര്യമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അസ്വാരസ്യങ്ങളിൽ സൂക്ഷ്മത പാലിക്കുവാനാണ്; കുടുംബ ജീവിതം ശിഥിലമാകാതിരിക്കുവാനാണ്.
അബൂഹുറയ്‌റ നിവേദനം: നബിﷺപറഞ്ഞു: “ഒരു വിശ്വാസിയും വിശ്വാസിനിയായ ഭാര്യയെ ചൊറിയാതിരുന്നുകൊള്ളട്ടെ. (ദേഷ്യപ്പെടാതിരിക്കുക). അവളിൽ ചില സ്വഭാവങ്ങൾ അനിഷ്ടമായി തോന്നിയാൽ മറ്റു ചിലത് അവളിൽനിന്ന് തൃപ്തിയുള്ളതായിട്ടുണ്ടാകാം’’ (മുസ്‌ലിം).
നബിﷺ എപ്പോഴും ഭാര്യമാരോട് അവരുടെ ഹൃദയങ്ങളിൽ സന്തോഷമുണ്ടാ കണമെന്ന ആഗ്രഹത്താൽ നല്ല നിലയിൽ സഹവസിച്ചിരുന്ന മഹാനായിരുന്നു. അവരോടൊപ്പം ആഹാരം കഴിക്കുകയും അവരോട് തമാശകൾ പറയുകയും കാര്യങ്ങൾ കൂടിയാലോചിക്കുകയും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അവർക്ക് സമാധാന വഴി കാണിച്ചുകൊടുക്കുകയും അവരുടെ പോരായ്മകൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുമായിരുന്നു.

