രിവായത്ത് അഥവാ നിവേദനം
ആരിഫ് ബുസ്താനി
2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

ഹദീസ് വിജ്ഞാനീയത്തിലെ പ്രധാനഭാഗമാണ് രിവായത്ത് അഥവാ നിവേദനം. നബി ﷺയിൽ നിന്നുള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാണ് രിവായത്ത് എന്നു പറയുന്നത്. ഹദീസ് ലഭിക്കുന്ന സ്വഹാബി മറ്റു സ്വഹാബികൾക്കും താബിഉകൾക്കും അവർ അടുത്ത തലമുറക്കും അങ്ങനെ, തലമുറയായി കൈമാറിക്കൈമാറി അവസാനം അത് ഹദീസ് സമാഹർത്താവി (മുഹദ്ദിസ്)ന്റെ അടുത്തെത്തുന്നു. ഇതിനിടയിൽ വരുന്ന ഓരോ വ്യക്തിയുടെയും ശൃംഖലയാണ് സനദ് (ശ്രേണി). അതിലുള്ള വ്യക്തികളാണ് റാവി(നിവേദകർ)മാർ.
ഹദീസ് നിവേദനം സ്വീകാര്യമാവാൻ നിവേദനത്തിനും നിവേദകന്മാർക്കും അനിവാര്യമായുണ്ടാകേണ്ട നിരവധി നിബന്ധനകൾ ഹദീസ് സമാർഹർത്താക്കളായ മുഹദ്ദിസുകൾ വെച്ചിട്ടുണ്ട്. തലനാരിഴ കീറിയ ചർച്ചകളാണ് തങ്ങളുടെ ഗ്രന്ഥങ്ങളിലവർ നടത്തിയിട്ടള്ളത്.
മുസ്‌ലിമല്ലാത്ത ഒരാളുടെ നിവേദനങ്ങളൊന്നും ഹദീസായി പരിഗണിക്കില്ല. ഇസ്‌ലാമിക വിശ്വാസ-കർമങ്ങളിൽ തികഞ്ഞ ബോധ്യമുള്ളയാളും നിയമങ്ങൾ കൃത്യമായി പാലിക്കുന്നവനുമാകണം. ഹദീസ് നിവേദനം തികച്ചും മതപരമായ കാര്യമാണ്. അതുകൊണ്ട് മുസ്‌ലിമിനെ മാത്രമെ നിവേദകനായി പരിഗണിക്കാനാവൂ.
വകതിരിവുണ്ടാകുക എന്ന നിബന്ധനയും പണ്ഡിതന്മാർ വെച്ചിട്ടുണ്ട്. കാരണം, ഹദീസ് നിവേദകന് പ്രായപൂർത്തിയാകാതിരിക്കുക, ബുദ്ധിയുറക്കാതിരിക്കുക പോലുള്ളവ ഹദീസ് നിവേദനത്തെയും ഹദീസിനെയും ബാധിക്കാനിടയുണ്ട്. അക്കാരണത്താൽ ഭ്രാന്തന്മാരിൽനിന്നും കുട്ടികളിൽനിന്നും ഹദീസ് സ്വീകരിക്കില്ല. പ്രായം തികയുന്നതിനു മുമ്പ് ഹദീസ് മനഃപാഠമാക്കി, പ്രായം തികഞ്ഞതിനുശേഷമാണ് നിവേദനം ചെയ്തതെങ്കിൽ ഹദീസ് സ്വീകരിക്കുന്നതിൽ കുഴപ്പമില്ല. ഇബ്‌നു അബ്ബാസ്(റ) ഇക്കൂട്ടത്തിലാണ്.
ജീവിതവിശുദ്ധി (അദാലഃ) ഒരു നിബന്ധനയാണ്. അല്ലാഹുവിന്റെ കൽപനകളും നിരോധങ്ങളും പാലിക്കാത്തവർ, വൻപാപങ്ങളും ചെറുപാപങ്ങളും ചെയ്യുന്നവർ, സത്യസന്ധരും വിശുദ്ധരുമല്ലാത്തവർ, പുത്തനാചാര(ബിദ്അത്ത്)ങ്ങളിൽ രമിക്കുന്നവർ എന്നിവരിൽനിന്നൊന്നും നിവേദനങ്ങൾ സ്വീകാര്യമല്ല. പരിധിവിട്ട് തമാശ പറയുക, മാന്യതയില്ലാതെ ജീവിക്കുക, വഴിയിൽ മൂത്രമൊഴിക്കുക, നിസ്സാരവസ്തുക്കൾ കട്ടെടുക്കുക എന്നതൊക്കെ ഹദീസ് നിവേദകനെ ബാധിക്കുന്ന കുറ്റങ്ങളാണ്.
കൃത്യത(ദ്വബ്ത്) മറ്റൊരു നിബന്ധനയണ്. അതായത് ഹദീസ് ഹൃദിസ്ഥമാക്കുക, അല്ലെങ്കിൽ രേഖപ്പെടുത്തി സൂക്ഷിക്കുക പോലുള്ളവയിൽ കൃത്യതയില്ലെങ്കിൽ അദ്ദേഹത്തിന്റെ നിവേദനം സ്വീകാര്യമല്ല.
ഇനി, ഒരാൾ മതബോധമുള്ളവനും സത്യസന്ധനുമാണെങ്കിലും അയാൾ പണ്ഡിതന്മാർ മുന്നോട്ട് വെച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചിട്ടില്ലെങ്കിൽ അയാളുടെ നിവേദനം സ്വീകാര്യമല്ല. പ്രസിദ്ധനായ ഒരു താബിഈ പണ്ഡിതന്റെ വാക്ക് ഇങ്ങനെയാണ്: ‘ഹദീസ് വിജ്ഞാനം ദീനാണ്. അതിനാൽ ആരിൽനിന്നാണ് ആ ദീൻ സ്വീകരിക്കുന്നതെന്ന് നിങ്ങൾ ഗവേഷണം നടത്തുക.’ അശ്രദ്ധരും മനഃപാഠമാക്കാൻ കഴിവില്ലാത്തവരുമായവരിൽ ചില നല്ല വ്യക്തിത്വങ്ങളുണ്ടാകാം. എന്നിരുന്നാലും അവരിൽനിന്ന് ഹദീസ് സ്വീകരിക്കുന്നത് ഉചിതമല്ല. യഹ്‌യബ്‌നു സഈദിൽ ഖത്വാൻ പറഞ്ഞു: ‘എത്രയെത്ര സദ്‌വൃത്തർ; പക്ഷേ, അവർ ഹദീസ് ഉദ്ധരിക്കാതിരിക്കുന്നതാണ് ഉത്തമം.’ ഇതായിരുന്നു പണ്ഡിതന്മാരുടെ നിലപാട്. ജീവിത വിശുദ്ധിക്കൊപ്പം കൃത്യതയും അവർ ഗൗരവത്തോടെ കണ്ടിരുന്നു.
ഹദീസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പദങ്ങളിൽ (ലഫ്‌ള്) മാത്രമല്ല, അക്ഷരങ്ങളിൽ (ഹർഫ്) പോലും സൂക്ഷ്മത പുലർത്തണമെന്ന് പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്. പദാനുപദ റിപ്പോർട്ട് ഒഴിവാക്കി ഹദീസിന്റെ ആശയം ഉദ്ധരിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ആശയം ഉദ്ധരിക്കാമെന്നു പറയുന്നവർ തന്നെ പലവിധ നിബന്ധനകളും വെച്ചിട്ടാണ് അത് അനുവദിച്ചിട്ടുള്ളത്. പദങ്ങളുടെ ആന്തരികസത്തയും ചൈതന്യവും തിരിയുന്നവർക്ക് അതാവാം. സംബോധനയുടെ സ്വഭാവവും പദങ്ങളുടെ പ്രത്യേകതകളും അറിയാത്തവർ ആശയം ഉദ്ധരിക്കുന്നത് നല്ലതല്ലെന്നാണ് അവരുടെ അഭിപ്രായം. ആരാധനക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രാർഥനകൾ ഒട്ടും മാറ്റം വരുത്താവതല്ലെന്ന് സകല പണ്ഡിതന്മാരും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇമാം മാലിക്, ഖാസിമുബ്‌നു മുഹമ്മദ്, ഇബ്‌നു സീരിൻ, റജാഉബ്‌നു ഹുവയ്യ എന്നീ മഹാന്മാർ പദങ്ങൾതന്നെ വേണമെന്ന് വാദിച്ചവരായിരുന്നു.
ഹദീസ് സ്വീകരണത്തിന്റെ രീതികൾ
ഹദീസ് സ്വീകരണം എട്ടു രീതിയിലാണ്. കേൾവി (സിമാഅ്), കേൾപിക്കൽ (ക്വിറാഅത്ത്), അനുമതി നൽകൽ (ഇജാസത്ത്), കൈകാര്യാവകാശം നൽകൽ (മുനാവല), എഴുതി നൽകൽ (മുകാതബ), അറിയിക്കൽ (ഇഅ്‌ലാം), വസ്വിയ്യത്ത്, പകർത്തൽ (വിജാദ) എന്നിവയാണവ. ഇതിൽ ഒന്നാമതായി പറഞ്ഞ ‘സിമാഅ്’ മാത്രമാണ് പൂർവകാലത്ത് ഉണ്ടായിരുന്നത്. ബാക്കി ഏഴെണ്ണം അനിവാര്യമായി പിന്നീട് ഉണ്ടായതാണ്.
സിമാഅ്
ഗുരു ഗ്രന്ഥത്തിൽനിന്നോ ഓർമയിൽനിന്നോ ശിഷ്യനെ ഹദീസ് കേൽപിക്കലാണ് സിമാഅ്. ശിഷ്യനത് എഴുതുകയോ മനഃപാഠമാക്കുകയോ ചെയ്യുന്നു.
ക്വിറാഅത്ത്
ശിഷ്യൻ ഓർമയിൽനിന്നോ ഗ്രന്ഥങ്ങളിൽനിന്നോ ഗുരുവിനെ ചൊല്ലിക്കേൾപിക്കലാണ് ക്വിറാഅത്ത്. സമർപ്പണം (അറള്) എന്നും ഇതിന് പേരുണ്ട്.
ഇജാസത്ത്
താൻ തന്റെ ഗ്രന്ഥത്തിലുദ്ധരിച്ചതിൽ (മുഅല്ലഫാത്ത്)നിന്നോ തന്നിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ (മസ്മൂആത്ത്) നിന്നോ നിവേദനം ചെയ്തുകൊള്ളാൻ ഗുരു ശിഷ്യന് നൽകുന്ന അനുവാദമാണ് ഇജാസത്ത്.
മുനാവല
ഒരു ഗ്രന്ഥമോ എഴുതപ്പെട്ട രേഖയോ ഗുരു ശിഷ്യന് കൈമാറുകയും അത് തന്റെതായി റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നതാണ് മുനാവല. ഇത് വിവിധ രൂപത്തിലാകാം:
തന്റെ ഹദീസ് ഗ്രന്ഥമോ അടുക്കലുള്ള രേഖകളോ ഗുരു ശിഷ്യന് നൽകിയിട്ട് പറയുന്നു: ‘ഇനി നീയാണ് ഇതിന്റെ ഉടമസ്ഥൻ, അത് നിവേദനം ചെയ്യാൻ നിനക്ക് ഞാൻ അനുവാദം നൽകുന്നു.’ ഇതാണ് ഒരു രീതി. ഗ്രന്ഥം ശിഷ്യന് നൽകിയിട്ട് നിവേദനം ചെയ്തതിനുശേഷം തിരിച്ചേൽപിക്കണമെന്ന് നിബന്ധന വെക്കുന്നതാണ് മറ്റൊരു രീതി. ഗുരുവിന്റെ രേഖകൾ ശിഷ്യൻ കണ്ടെത്തി ഗുരുവിന്റെ മുമ്പിൽ സമർപ്പിക്കുന്നു. ഗുരു അത് ശ്രദ്ധാപൂർവം പരിശോധിച്ച് നിവേദനം ചെയ്യാൻ അനുവദിക്കുന്നു. ഇതും ഒരു രീതിയാണ്. സമർപ്പിച്ച രേഖ കാര്യമായൊന്നും പരിശോധിക്കാതെ അനുവാദം കൊടുക്കുന്ന മുനാവലയുമുണ്ട്. മുനാവലയിലെ ഏറ്റവും താഴ്ന്ന പടിയിലാണ് ഇതുള്ളത്.
മുകാതബ
ഗുരു തന്റെ നിവേദനം സ്വയം എഴുതിയോ മറ്റൊരാളെക്കൊണ്ട് എഴുതിച്ചോ ശിഷ്യന് കൈമാറുന്ന രീതിയാണിത്. ശിഷ്യൻ ദൂരെദിക്കിലാണെങ്കിൽ അയച്ചുകൊടുക്കുന്നതും മുകാതബയുടെ പരിധിയിൽ വരുന്നതാണ്. എഴുതിയോ എഴുതിച്ചോ നൽകിയാൽ പോരാ, റിപ്പോർട്ട് ചെയ്യാനുള്ള അനുവാദം (ഇജാസ) കൂടി നൽകണമെന്നും അഭിപ്രായം വന്നിട്ടുണ്ടെങ്കിലും മുകാതബ തന്നെ ഹദീസ് നിവേദനത്തിന് പര്യാപ്തമാണെന്നതിനാൽ ആ അഭിപ്രായം വേണ്ടെത്ര പരിഗണിക്കപ്പെട്ടിട്ടില്ല. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ദൂരെ ദിക്കുകളിലുള്ളവരുമായി മുകാതബ മാത്രം നടത്തുകയും അവരത് നിവേദനം ചെയ്യുകയും ചെയ്തതായി ചരിത്രത്തിൽ രേഖയുണ്ട്. എന്നാൽ രണ്ടും കൂടിയായാൽ (മുകാതബ, ഇജാസ) ഹദീസ് കുറച്ചുകൂടി ശക്തമായിരിക്കുമെന്നതിൽ സംശയമില്ല.
ഇഅ്‌ലാം
ഇന്ന ഗ്രന്ഥമോ ഇന്ന ഹദീസോ തന്റെ നിവേദനത്തിലുണ്ടെന്ന് ഗുരു ശിഷ്യനെ അറിയിക്കുന്നു. എന്നാൽ നിവേദനം നൽകാനുള്ള അനുവാദം വിലക്കുന്നതായിട്ട് യാതൊരു പരാമർശവും അതിലില്ല. അതാണ് ഇഅ്‌ലാം. ഹദീസ് നിവദേനം ചെയ്യാനുള്ള അനുവാദമായി മുഹദ്ദിസുകളിൽ ഭൂരിഭാഗവും ഇത് അംഗീകരിച്ചിട്ടുണ്ട്. വിലക്കുന്ന പരാമർശങ്ങൾ എന്തെങ്കിലും അതിലുണ്ടെങ്കിൽ അത് നിവേദനം ചെയ്യൽ സ്വീകർത്താവിന് അനുവാദമില്ല.
വസ്വിയ്യത്ത്
‘ഞാൻ ഇന്ന വ്യക്തിക്ക് ഇന്ന ഗ്രന്ഥം റിപ്പോർട്ട് ചെയ്യാൻ അനുമതി നൽകിയിരിക്കുന്നു’ എന്നു പറയുന്നതാണ് വസ്വിയ്യത്ത്. യാത്രാമധ്യെയോ മരണക്കിടക്കയിൽ വെച്ചോ മറ്റേതെങ്കിലും അടിയന്തിര സന്ദർഭത്തിലോ ആയിരിക്കാം ഗുരു ഇപ്രകാരം ചെയ്യുന്നത്. വസ്വിയ്യത്തേറ്റെടുത്ത വ്യക്തി അതിന് കളങ്കമേശാത്ത വിധം പ്രവർത്തിക്കൽ നിർബന്ധമാണ്. ഈ വസ്വിയ്യത്ത് സാമ്പത്തിക വസ്വിയ്യത്തുപോലെ തന്നെ നിർണിതമായിരിക്കണം.
വിജാദ
താനുമായി മുമ്പ് കൂടിക്കാഴ്ച നടത്തി പരിചയമുള്ള ഒരു ഗുരു, സ്വകരം കൊണ്ടെഴുതിയ ഒരു പകർപ്പ് പിന്നീട് ആ വ്യക്തി കണ്ടെത്തുകയും ആ പകർപ്പ് ആ മുഹദ്ദിസിന്റെതാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുന്നതാണ് വിജാദ. ഗുരുവുമായി മുമ്പ് കൂടിക്കാഴ്ച നടത്തിയിട്ടില്ലെങ്കിലും ശൈഖിന്റെതാണെന്ന് ഉറപ്പൂണ്ടായാൽ മതി. ശൈഖിലേക്ക് ചേർത്ത് പറഞ്ഞുകൊണ്ട് ആ ഹദീസ് ആർക്കും ഉദ്ധരിക്കാം. അതാണ് ഇപ്പോൾ നാം ചെയ്യുന്നത്.
