മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 4
അബൂറാഷിദ അൽകാസിമി കുടയത്തൂർ
2025 ജനുവരി 04, 1446 റജബ് 04

ദൈവ സ്മരണ
സൃഷ്ടികളിൽ ഉന്നതനും മഹാനുമായ നബിﷺ ഏറ്റവും പൂർണമായി അല്ലാഹുവിന് ദിക്ർ ചെയ്യുന്നതിൽ നിർവഹിക്കുന്ന ആളായിരുന്നു. അതിനുവേണ്ടി വിശ്വാസികളെ പ്രേരിപ്പിക്കുമായിരുന്നു. അവിടുന്ന് എല്ലാ സന്ദർഭങ്ങളിലും-നിന്നും ഇരുന്നും നടന്നും യാത്രയിലും-അല്ലാഹുവിനെ സ്മരിക്കുമായിരുന്നു.
നമസ്‌കാരം, വ്രതം, വിവാഹം
അനസ് ഇബ്‌നു മാലിക്(റ) പറയുന്നു: “നബിﷺയുടെ ഭാര്യമാരുടെ വീടുകളിലേക്ക് മൂവർ സംഘം വന്നു. നബിﷺയുടെ ആരാധനാമുറകളെ കുറിച്ച് ചോദിച്ചറിയലാണ് ലക്ഷ്യം. അവരോട് നബിയുടെ കർമങ്ങളുടെ പതിവുരീതിയെ കുറിച്ച് വിവരിച്ചപ്പോൾ അവർക്ക് അത് വളരെ കുറവായി തോന്നി. അവർ പറഞ്ഞു: ‘നബിﷺയെ അപേക്ഷിച്ചു നമ്മൾ എവിടെയാണ്? (ഒരു മഹത്ത്വമുള്ളവരുമല്ല). നബിﷺക്ക് മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ അല്ലാഹു പൊറുത്ത് കൊടുത്തിട്ടുണ്ട്.’’
അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: ‘ഇനി ഞാൻ എല്ലാ രാത്രിയിലും നമസ്‌കരിച്ചുകൊണ്ടേയിരിക്കും.’ മറ്റൊരാൾ പറഞ്ഞു: ‘ഞാൻ എക്കാലവും നോമ്പനുഷ്ഠിക്കും, വിട്ടുകളയില്ല.’ മറ്റൊരാൾ പറഞ്ഞു: ‘ഞാൻ ഭാര്യമാരിൽനിന്ന് വിരക്തി ഉദ്ദേശിക്കുന്നു. ഒരിക്കലും ഞാൻ വിവാഹം കഴിക്കുകയില്ല.’

തൽസമയം നബിﷺ അവരുടെയടുക്കലേക്ക് വന്നിട്ട് ചോദിച്ചു: ‘നിങ്ങളല്ലേ ഇപ്രകാരമെല്ലാം പറഞ്ഞത്? മനസ്സിലാക്കൂ, അല്ലാഹുവിൽ സത്യം! നിശ്ചയമായും ഞാൻ നിങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിടെ നന്നായി ഭയപ്പെടുന്നയാളാണ്. അവനെ വളരെ സൂക്ഷിക്കുന്നയാളുമാണ്. എന്നാൽ ഞാൻ നോമ്പനുഷ്ഠിക്കാറുണ്ട്; (സുന്നത്തായ) നോമ്പ് അനുഷ്ഠിക്കാതിരിക്കാറുമുണ്ട്. ഞാൻ രാത്രി നമസ്‌കരിക്കാറുണ്ട്, എന്നാൽ ഞാൻ ഉറങ്ങാറുമുണ്ട്. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുന്നു. എന്റെ ചര്യയോട് ആര് വിമുഖത കാണിക്കുന്നുവോ അവൻ എന്നിൽ പെട്ടവനല്ല’’ (ബുഖാരി).
ഇബ്‌നു ഹജർ(റഹി) പറയുന്നു: ഈ ഹദീസിന്റെ താൽപര്യം ആര് എന്റെ മാർഗം ഉപേക്ഷിച്ച് എന്റെതല്ലാത്ത മാർഗം സ്വീകരിക്കുന്നുവോ അവൻ എന്നിൽപെട്ടവനല്ല എന്നാണ്.’
ഇതാണ് നബിയുടെ വക്രതയില്ലാത്ത, നയപരമായ, മധ്യമമായ മാർഗം. ഒട്ടും അതിരുകവിച്ചിൽ ഇല്ല.
ഹജ്ജ്
നബിﷺ ചെയ്തതു പോലെ നിർവഹിക്കേണ്ട, ഇസ്‌ലാമിന്റെ ഏറ്റവും പ്രധാന കർമമാണ് ഹജ്ജ്. നബിﷺ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ ഹജ്ജിന്റെ കർമങ്ങൾ നിർവഹിക്കേണ്ടതായ സ്ഥലങ്ങൾ ശരിക്കും മനസ്സിലാക്കുക. കാരണം, നിശ്ചയം എന്റെ ഈ ഹജ്ജിന് ശേഷം ഹജ്ജ് നിർവഹിക്കാൻ കഴിയുമോ എന്ന് എനിക്ക് അറിയില്ല’’ (മുസ്‌ലിം)
നബിﷺയെ പിൻപറ്റുക എന്നത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ ജീവിതത്തെ ഉൾകൊള്ളലാണ്. കാരണം, അവിടുത്തെ മാർഗം പരിപൂർണമാണ്. ഒരു മുസ്‌ലിമിന് അത് പിൻപറ്റൽ നിർബന്ധമാണ്. ഭക്ഷണം കഴിക്കുന്നതിലാകട്ടെ, വെള്ളം കുടിക്കുന്നതിലാകട്ടെ, മറ്റേതു കാര്യത്തിലുമാകട്ടെ അവിടുന്ന് പരിചയപ്പെടുത്തിയതിൽ ഒന്നും തള്ളിക്കളയാനില്ല. പരലോക രക്ഷയ്ക്കാവശ്യമായ ഒന്നും അവിടുന്ന് പഠിപ്പിച്ചുതരാൻ വിട്ടുപോയിട്ടുമില്ല.
(തുടരും)

