ഹജ്ജിന്റെ കർമങ്ങൾ; ലഘുവിവരണം

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

ഇസ്‌ലാം കാര്യങ്ങളിൽ അഞ്ചാമത്തെതാണ് ഹജ്ജ്. പുണ്യകരമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല. അതുകൊണ്ട് ഹജ്ജിന്റെ കർമങ്ങൾ കൃത്യമായി പഠിച്ചു മനസ്സിലാക്കിയായിരിക്കണം ഹജ്ജിനു പോകേണ്ടത്. ഓരോ ദിനവും ചെയ്യേണ്ട ഹജ്ജിന്റെ കർമങ്ങൾ ലളിതമായി മനസ്സിലാക്കാം.

ദുൽഹിജ്ജ 8 (യൗമുത്തർവിയ്യ)

ഹാജിമാർ ദുൽഹിജ്ജ 8ന് രാവിലെ എവിടെയാണോ താമസിക്കുന്നത് അവിടെനിന്ന് ‘ലബ്ബൈക ഹജ്ജൻ’ എന്നു പറഞ്ഞ് ഹജ്ജിന് ഇഹ്‌റാം ചെയ്യുക.

പുരുഷന്മാരുടെ ഇഹ്‌റാമിന്റെ വസ്ത്രം ഉടുക്കാനൊരു തുണിയും പുതക്കാൻ മറ്റൊരു തുണിയുമാണ്. സ്ത്രീകൾക്ക് അവരുടെ ഏതു വസ്ത്രവും ഇഹ്‌റാമായി ധരിക്കാം. ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

ഇഹ്‌റാമിന് ശേഷം തൽബിയ്യത്ത് ചൊല്ലിക്കൊണ്ട് മിനയിലേക്ക് ഉച്ചയോടുകൂടി പ്രവേശിക്കുക. മിനയിൽ എത്തിക്കഴിഞ്ഞാൽ ദ്വുഹ്‌റിന്റെ സമയത്ത് രണ്ട് റക്അത്ത് ജമാഅത്തായി നമസ്‌കരിക്കുക. അസ്വ്‌റിന്റെ സയമത്ത് അസ്വ‌്‌ർ രണ്ട് റക്അത്ത് നമസ്‌കരിക്കുക.

മിനയിൽ ഹാജിമാർ ഓരോ വക്‌ത് നമസ്‌കാരവും ക്വസ്‌റാക്കി, ജംആക്കാതെ നിർവഹിക്കുകയാണ് വേണ്ടത്. നാല് റക്അത്തുള്ള ദ്വുഹ്ർ, അസ്വ‌്‌ർ , ഇശാഅ് എന്നീ നമസ്‌കാരങ്ങൾ രണ്ട് റക്അത്തായി അതാതിന്റെ സമയത്ത് നിർവഹിക്കുക. മക്കയിൽ സ്ഥിരതാമസക്കാരായ ഹാജിമാരും മിനയിൽ ഇങ്ങനെയാണ് നമസ്‌കരിക്കേണ്ടത്.

ദുൽഹിജ്ജ 8ന് ഹാജിമാർ മിനയിൽ രാപാർക്കണം. കിട്ടുന്ന സമയങ്ങളിലെല്ലാം തൽബിയത്ത്, ദിക്ർ, ദുആ, ക്വുർആൻ പാരായണം തുടങ്ങിയ ആരാധനകളിൽ മുഴുകുക.

ദുൽഹിജ്ജ 9 (യൗമു അറഫ)

അറഫാദിനത്തിൽ സ്വുബ്ഹി നമസ്‌കാരം ജമാഅത്തായി നിർവഹിച്ചതിനു ശേഷം അറഫയിലേക്ക് പുറപ്പെടുക. അത്യാവശ്യ സാധനങ്ങളായ ഭക്ഷണം, കിടക്കാനുള്ള ഒരു വിരി, അത്യാവശ്യ മരുന്നുകൾ കൂടെ കരുതുക. സുഊദി ഗവൺമെന്റ് നിശ്ചയിക്കുന്ന ഒരു പണ്ഡിതൻ അറഫയിൽ ദ്വുഹ്‌റിന്റെ സമയത്ത് അറഫാ ഖുത്വുബ നടത്തും. ശേഷം ദ്വുഹ്‌റും അസ്വ്‌റും ജംഉം ക്വസ്‌റുമായി നമസ്‌കരിക്കുക. ഇതിന് ശേഷം മഗ്‌രിബ് വരെ അറഫയിൽ പ്രാർഥനയിൽ മുഴുകുക. സൂര്യാസ്തമയത്തിനു ശേഷം അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെടുക. മുസ്ദലിഫയിൽ എത്തിയാൽ അവിടെ വെച്ച് മഗ്‌രിബ് മൂന്നു റക്അത്തും ഇശാഅ് രണ്ടു റക്അത്തും ജംഉം ക്വസ്‌റുമായി നമസ്‌കരിച്ച് അവിടെ കിടന്നുറങ്ങുക. മുസ്ദലിഫയിൽ ഉറങ്ങുകയെന്നത് ഒരു ഇബാദത്താണ്.

ദുൽഹിജ്ജ 10 (യൗമുന്നഹ്ർ, യൗമുൽഈദ്)

സ്വുബ്ഹി നമസ്‌കാരം മുസ്ദലിഫയിൽ വെച്ച് നിർവഹിച്ച് അവിടെയുള്ള മശ്അറുൽ ഹറം എന്ന പേരിലറിയപ്പെടുന്ന പള്ളിയെ മുന്നിലാക്കി കഅ്ബയിലേക്ക് തിരിഞ്ഞ് സൂര്യോദയംവരെ കൈകളുയർത്തി പ്രാർഥിക്കുക. സൂര്യോദയത്തിനു ശേഷം മിനയിലേക്ക് പുറപ്പെടുകയും ടെന്റിലെത്തിയാൽ തങ്ങളുടെ സാധനങ്ങൾ അവിടെ വെച്ച് അമീറുമാർ നിർദേശിക്കുന്ന സമയത്ത് മക്കയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ജംറതുൽ അക്വബ (ജംറതുൽ കുബ്‌റാ) എന്ന പേരിലറിയപ്പെടുന്ന ജംറയിൽ കടലമണിയോളം വലുപ്പമുള്ള ഏഴ് കല്ലുകൾ ഒന്നിന് പുറകെ ഒന്നായി ‘അല്ലാഹു അക്ബർ’ എന്നു പറഞ്ഞ് എറിയുക. ശേഷം ഹജ്ജിന്റെ അറവ് നടത്തുക. ഗവൺമെന്റിന്റെ കീഴിൽ ബലിക്കുള്ള കാശ് അടച്ചയാളുകൾക്ക് വേണ്ടി അതിന് ചുമതലയുള്ള ഗവൺമെന്റ് പ്രതിനിധികൾ കൃത്യമായി അത് നിർവഹിക്കും. ബലി സ്വന്തമായി അറുക്കാൻ ആഗ്രഹിക്കുന്നവർക്ക് മിനയിൽ അതിനുള്ള വിശാലമായ സൗകര്യമുണ്ട്. തന്റെ ബലിയിൽനിന്ന് അൽപം മാംസം വേവിച്ച് കഴിക്കൽ സുന്നത്താണ്. അങ്ങിനെ ബലി നിർവഹിച്ചു കഴിഞ്ഞാൽ പുരുഷന്മാർ മുടി മുഴുവനും കളയുക (മുഴുവൻ മുടിയും വെട്ടുകയും ചെയ്യാവുന്നതാണ്). സ്ത്രീകൾ അവരുടെ മുടിയെല്ലാം കൂട്ടിപ്പിടിച്ച് ഒരു വിരൽക്കൊടിയോളും വെട്ടുക. മുടി കളയാനുള്ള വിശാലമായ സൗകര്യം മിനയിലും മക്കയിലും ലഭ്യമാണ്. ഈ മൂന്ന് കാര്യങ്ങൾ (ജംറതുൽ അക്വബയിലെ കല്ലേറും ബലിയും മുടി കളയലും) ചെയ്തു കഴിഞ്ഞാൽ ഒന്നാമത്തെ തഹല്ലുലായി. ലൈംഗിക ബന്ധം ഒഴിച്ച് ഇഹ്‌റാമിലെ മറ്റു നിഷിദ്ധങ്ങളെല്ലാം ഒഴിവായി. ഇഹ്‌റാമിന്റെ വസ്ത്രം ഒഴിവാക്കി സാധാരണ വസ്ത്രം ധരിക്കാവുന്നതാണ്.

ഇതു മുതൽ തൽബിയത്ത് അവസാനിപ്പിച്ച് തക്ബീർ ചൊല്ലുക. തുടർന്ന് ഹജ്ജിന്റെ ത്വവാഫുൽ ഇഫാദയും സഅ്‌യും ചെയ്യാനായി മക്കയിലേക്ക് പുറപ്പെടുക. ഉംറയിൽ നമ്മൾ ത്വവാഫ് ചെയ്തതു പോലെ ഹജ്ജിന്റെ ത്വവാഫ് ചെയ്യുക. എന്നാൽ ഹജ്ജിന്റെ ത്വവാഫിന് ഇദ്തിബാഉം റംലും സുന്നത്തില്ല എന്ന് മനസ്സിലാക്കുക. ത്വവാഫ് എന്നാൽ വുദുവോടു കൂടി കഅ്ബയെ ഏഴു തവണ ത്വവാഫ് ചെയ്യലും മക്വാമു ഇബ്‌റാഹീമിന്റെ പിന്നിലുള്ള രണ്ടു റക്അത്ത് നമസ്‌കാരവുമാണ്. ശേഷം വയറുനിറയെ സംസം വെള്ളം കുടിക്കുക. തുടർന്ന് സഫാമർവയിൽ സഅ്‌യ് നടത്തുക, ഉംറയുടെ സഅ്‌യ് ചെയ്തതുപോലെ.

ദുൽഹിജ്ജ 10ലെ ഈ നാലു കർമങ്ങൾ (ജംറതുൽ അക്വബയിലെ കല്ലേറ്, ബലി, മുടികളയൽ, ത്വവാഫുൽ ഇഫാദ, സഅ്‌യ്) മുന്തിപ്പിച്ചും പിന്തിപ്പിച്ചും ഹാജിമാരുടെ സൗകര്യത്തിനനുസരിച്ച് ചെയ്യാവുന്നതാണ്. ത്വവാഫിനും സഅ്‌യിനും ശക്തമായ തിക്കും തിരക്കുമാണെങ്കിൽ അവ ദുൽഹിജ്ജ 13 വരെ പിന്തിപ്പിക്കാവുന്നതാണ്. സൗകര്യപ്പെട്ടില്ലെങ്കിൽ അതിന് ശേഷവും ചെയ്യാവുന്നതാണ്. ശേഷം മിനയിലേക്ക് മടങ്ങി അവിടെ രാപാർക്കണം. നമസ്‌കാരങ്ങൾ മുകളിൽ സൂചിപ്പിച്ചതുപോലെ നിർവഹിക്കുക. സമയം പാഴാക്കാതെ തക്ബീർ, ദുആ, ദിക്‌റുകൾ, പ്രാർഥനകൾ, ക്വുർആൻ പാരായണം തുടങ്ങിയ ആരാധനകളിൽ മുഴുകുക.

ദുൽഹിജ്ജ: 11, 12, 13 (അയ്യാമുത്തശ്‌രീക്വ്)

അയ്യാമുത്തശ്‌രീക്വ് എന്നറിയപ്പെടുന്ന ദുൽഹിജ്ജ 11, 12, 13 എന്നീ ദിവസങ്ങളിൽ ഉച്ച തിരിഞ്ഞതിന് ശേഷം അമീർ നിർദേശിക്കുന്ന സമയത്ത് പോയി മൂന്ന് ജംറകളിൽ കല്ലെറിയുക. മിനയോട് അടുത്ത് നിൽക്കുന്ന ജംറതുസ്സ്വുഗ്‌റയിൽ ജംറയെയും കഅ്ബയെയും മുന്നിലാക്കി ‘അല്ലാഹു അക്ബർ’ എന്നു പറഞ്ഞ് ഏഴു കല്ലുകൾ ഒന്നിന് പുറകെ ഒന്നായി എറിയുക. ശേഷം ജംറയുടെ വലതുവശത്ത് അൽപം മുന്നോട്ട് മാറിനിന്ന് കൈകൾ ഉയർത്തി പ്രാർഥിക്കുക. തുടർന്ന് ജംറതുൽ വുസ്ത്വായിൽ ഇതുപോലെ കല്ലെറിഞ്ഞ് ജംറയുടെ ഇടതുവശത്തേക്ക് അൽപം മുന്നോട്ട് മാറി നിന്ന് കൈകൾ ഉയർത്തി പ്രാർഥിക്കുക. പിന്നെ ജംറതുൽ അക്വബയിൽ (മക്കയോടടുത്ത് നിൽക്കുന്ന ജംറ) മക്കയെ ഇടതുവശത്തും മിനയെ വലതു വശത്തുമാക്കി നിന്ന് ഏഴ് കല്ലെറിയുക. ഇതിന് ശേഷം പ്രാർഥനയില്ല. കല്ലെറിഞ്ഞ് കഴിഞ്ഞാൽ മിനയിലെ ടെന്റിലേക്ക് മടങ്ങുക.

ഈ മൂന്ന് ദിവസങ്ങളിലും (ദുൽഹിജ്ജ 11,12,13) ജംറയിൽ മുകളിൽ പറഞ്ഞ രൂപത്തിൽ കല്ലെറിയുകയും മിനയിൽ രാപാർക്കുകയും ചെയ്യുക. ദുൽഹിജ്ജ 10ലെ ഏതെങ്കിലും കർമങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ ഈ ദിവസങ്ങളിൽ ചെയ്യാവുന്നതാണ്. തിരക്കുള്ളവർക്ക് ദുൽഹിജ്ജ 12ലെ ഏറ് കഴിഞ്ഞ് മഗ്‌രിബിനു മുമ്പ് മിനയിൽനിന്ന് പുറത്തു കടന്ന് മക്കയിൽ പോയി ത്വവാഫുൽ വിദാഅ് ചെയ്ത് യാത്ര തിരിക്കാവുന്നതാണ്. അല്ലാത്തവർ 13ലെ ഏറ് കഴിഞ്ഞ് മക്കയിലെ അവരുടെ റൂമുകളിലേക്ക് മടങ്ങുക. ശേഷം എന്നാണോ മക്കയിൽനിന്ന് യാത്ര തിരിക്കുന്നത് അന്ന് ത്വവാഫുൽ വിദാഅ് ചെയ്യുക.

ആർത്തവം, നിഫാസ് പോലുള്ള കാരണത്താൽ അശുദ്ധിയുള്ള സ്ത്രീകൾക്ക് ഹജ്ജിലെ ത്വവാഫും നമസ്‌കാരവും ഒഴിച്ച് മറ്റു കർമങ്ങളെല്ലാം ഹാജിമാരുടെ കൂടെ ചെയ്യാവുന്നതാണ്. എന്നാണോ ശുദ്ധിയാവുന്നത് അന്ന് കുളിച്ച് ശുദ്ധിയായി ത്വവാഫ് ചെയ്യുക. അത്യാവശ്യ ഘട്ടങ്ങളിൽ ത്വവാഫുൽ ഇഫാദയും ത്വവാഫുൽ വിദാഉം ഒന്നിച്ച് ചെയ്യാവുന്നതുമാണ്. ഇതോടു കൂടി ഹജ്ജ് പൂർത്തിയായി. അല്ലാഹു അനുഗ്രഹിക്കട്ടെ.