ഹദീസുമായി ബന്ധപ്പെട്ട സാങ്കേതിക ശബ്ദങ്ങൾ 3
ആരിഫ് ബുസ്താനി
2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12

‘മുസ്‌നദ് (مسند), ‘മുത്തസ്വിൽ’ (متّصل) എന്നീ സംജ്ഞകളിൽ അറിയപ്പെടുന്ന ഹദീസുകളുമുണ്ട്. ‘മുസ്‌നദ്’ എന്നതിന്റെ ഭാഷാർഥം ‘ചാരിവെക്കപ്പെട്ടത്,’ ‘ചേർത്തുപറയപ്പെട്ടത്’ എന്നെല്ലാമാണ്. കണ്ണികളറ്റുപോകാത്ത നിവേദകശ്രേണിയിലൂടെ നബിﷺയിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസുകളാണ് ഇവ.
‘മുത്തസ്വിൽ’ എന്നാൽ ‘അവിച്ഛിന്നം’ എന്നർഥം. ഇടമുറിയാത്ത ശ്രേണിയിലൂടെ നബിﷺയിൽ നിന്നോ സഹാബിയിൽനിന്നോ ഉദ്ധരിക്കപ്പെട്ടതാണ് അവ.
മുഅൻഅൻ, മുഅന്നൻ
‘അൻഅന’ (عنعن) എന്നതിന്റെ കർമപദമാണ് ‘മുഅൻഅൻ’ (معنعن). ‘അൻ’ (عن) എന്ന് ഉപയോഗിച്ച് ഇന്നയാൾ ഇന്നയാളിൽ നിന്ന് ഉദ്ധരിച്ചു എന്നിങ്ങനെ സനദ് പറയുന്നതാണ് മുഅൻഅൻ. അന്നന (أنّن) എന്നതിന്റെ കർമപദമാണ് മുഅന്നൻ. ക്വാല അന്ന ഫുലാനൻ, (قال انّ فلانا), ഹദ്ദസനാ ഫുലാനുൻ (حدّثنا فلان), അന്ന ഫുലാൻ ( انّ فلان) എന്നിങ്ങനെ സനദ് പറയപ്പെടുന്ന ഹദീസുകളാണ് മുഅന്നൻ (مؤنن).
സിയാദാത്തുസ്സിക്വാത്ത്
പ്രാമാണികരിൽ ചിലർ ചില ഹദീസുകളിൽ അധികമായി ചില വാക്കുകളോ വാചകങ്ങളോ ഉദ്ധരിച്ചിട്ടുണ്ടാകും. അതേ വിഷയത്തിൽ, അതേ ഹദീസ് മറ്റു പ്രാമാണികരും ഉദ്ധരിച്ചിട്ടുണ്ടാകും. എന്നാൽ ഈ അധികരിച്ച ഈ ഭാഗം അതിൽ കാണുന്നില്ല. എങ്കിൽ അത് സിയാദാതുസ്സിക്വാത്ത് (زيادات الثقات) ആയി കണക്കാക്കും. പ്രാമാണികർ അധികരിപ്പിച്ചത് എന്നർഥം.
ഇഅ്തിബാർ, മുതാബിഅ്, ശാഹിദ്
ഹദീസ് നിദാനശാസ്ത്രത്തിലെ മൂന്ന് സാങ്കേതിക സംജ്ഞകളാണിവ. ‘ഇഅ്തിബാർ’(إعتبار) എന്നാൽ ‘പരിചിന്തനം ചെയ്യുക’ എന്നർഥം. ഒരു നിവേദകൻ മാത്രമുള്ള ഹദീസ് മറ്റാരെങ്കിലും ഉദ്ധരിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് നിവേദക പരമ്പരകളെ പ്രത്യേകം പഠനവിധേയമാക്കലാണ് ഇഅ്തിബാർ. ‘മുതാബിഅ്’ (متابع) എന്നാൽ അനുഗമിക്കുന്നത് എന്നർഥം. ഒരു നിവേദനകൻ മാത്രമുള്ള ഹദീസിനോട് അക്ഷരാർഥത്തിലോ ആശയത്തിൽ മാത്രമോ യോജിക്കുന്നവിധം ഒരേ സഹാബിയിൽനിന്ന് തന്നെ മറ്റു നിവേദകർ ഉദ്ധരിച്ചിട്ടുള്ള ഹദീസാണ് മുതാബിഅ്. ‘ശാഹിദ്’ (شاهد) എന്നതിന് ‘സാക്ഷി’ എന്നർഥം. ഒരു നിവേദകൻ മാത്രമുള്ള ഹദീസിനോട് അക്ഷരാർഥത്തിലോ അർഥത്തിൽ മാത്രമോ യോജിക്കുന്ന വിധത്തിൽ അതേ സ്വഹാബിയിൽ നിന്നല്ലാതെ മറ്റു നിവേദകർ ഉദ്ധരിച്ച ഹദീസാണ് ശാഹിദ്.
മുദല്ലസ് مدلّس
‘തദ്‌ലീസ്’ (تدليس) എന്ന ക്രിയാപദത്തിൽനിന്ന് നിഷ്പന്നമായ കർമരൂപമാണ് ‘മുദല്ലസ്.’ അതായത്, ഗുരു ശിഷ്യനിൽനിന്ന് ഒരു ഹദീസ് കേട്ടു; പക്ഷേ, ശിഷ്യനിൽനിന്ന് കേട്ടു എന്ന് പറയാൻ അദ്ദേഹത്തിന് മടി. അദ്ദേഹം ശിഷ്യനെ ശ്രേണിയിൽനിന്ന് നീക്കം ചെയ്തു. ഗുരുവിന് താൽപര്യമുള്ള ഒരാളെ തൽസ്ഥാനത്ത് അവരോധിച്ചു. ഇങ്ങനെയൊരു കൃത്യം നടന്നതായി മറ്റൊരാൾക്ക് തോന്നാത്ത വിധമാണ് അദ്ദേഹം ഇത് ചെയ്യുന്നത്. അതിനുവേണ്ടി അദ്ദേഹം അൻഅനത്തിന്റെ രൂപമായ അൻ, അൻ (ഇന്ന ആളിൽ നിന്ന്) എന്നിങ്ങനെയായിരിക്കും ശ്രേണി പറയുന്നത്. ഇപ്രകാരം ചെയ്യുന്ന വ്യക്തിക്ക് മുദല്ലിസ് (مدلّس) എന്ന് പറയപ്പെടുന്നു. ഇപ്രകാരം തദ്‌ലീസ് നടത്തുന്നതിന് പല പ്രേരണകളുണ്ടാകാം. തന്റെ ഗുരു ഹദീസ് സ്വീകരിക്കാൻ പാകത്തിൽ പ്രബലനാകാതിരിക്കുകയും പക്ഷേ, അദ്ദേഹത്തിൽനിന്ന് കേട്ട ഹദീസ് ഉദ്ധരിക്കാൻ ആഗ്രഹമുണ്ടാകുകയും ചെയ്യുക. ആ സമയത്ത് പ്രബലനായ ഒരു നിവേദകനിലേക്ക് ആ ഹദീസ് ചേർത്ത് പറയും. ഇനി, ഗുരു കുറെ നാൾ ജീവിച്ചു; അക്കാരണത്താൽ അദ്ദേഹത്തിൽ നിന്നുമുള്ള ഹദീസുകൾ മറ്റു നിവേദകന്മാർ ഉദ്ധരിച്ചിട്ടുണ്ടാകും. അപ്പോൾ തന്റെ ഗുരുവിനെ ഒഴിവാക്കി, മറ്റൊരാളിലേക്ക് ചേർത്ത് ഹദീസ് ഉദ്ധരിച്ചെന്നും വരും. പിന്നെ, തന്റെ നിവേദകശ്രേണിക്ക് ഔന്നത്യം പകരാൻ, ഉന്നത നിവേദകരിൽനിന്നാണ് കേട്ടതെന്ന് തോന്നിപ്പിക്കുന്ന വിധം ഹദീസ് ഉദ്ധരിച്ചെന്നും വരാം. മറ്റൊരു പ്രേരണ, തന്റെ പ്രധാന ഗുരുവിൽനിന്ന് ചില ഹദീസുകൾ കിട്ടാതെ വന്നു. ശിഷ്യനാകട്ടെ, അതിനെക്കാൾ താഴെയുള്ള ചിലരിൽനിന്ന് ഹദീസുകൾ കിട്ടുകയും ചെയ്തു. ശിഷ്യൻ അതെല്ലാം ഗുരുവിലേക്ക് ചേർത്തുപറയുകയും ചെയ്യും. ഗുരുവിനാകട്ടെ, ഇതൊന്നും അറിയില്ല താനും. ഇതൊക്കെ സനദിൽ കാണിച്ചുകൂട്ടുന്ന കൃത്രിമത്വങ്ങളാണ്. ഇതിനെ തദ്‌ലീസുൽ ഇസ്‌നാദ് (تدليس الإسناد) എന്നാണ് പറയുക. എന്നാൽ മറ്റൊന്നുണ്ട്, തദ്‌ലീസുശ്ശുയൂഖ് (تدليس الشيوخ).അതായത് ഗുരുനാഥന്റെ പേരിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ അറിയപ്പെടാത്ത അപരനാമമോ സംബന്ധികാനാമമോ (നിസ്ബ) ചേർക്കുക. ഇവിടെ ഗുരുനാഥൻ മാറ്റിയിട്ടില്ല. പക്ഷേ, അദ്ദേഹത്തെ അവ്യക്തനാക്കി. അതാണ് തദ്‌ലീസുശ്ശുയൂഖ്.
തദ്‌ലീസ് നടത്തുന്നത് വലിയെ തെറ്റായിട്ടുതന്നെയാണ് പണ്ഡിതന്മാർ കണക്കാക്കിയിട്ടുള്ളത്. കാരണം, താൻ ഹദീസ് കേട്ടിട്ടില്ലാത്ത വ്യക്തിയിൽനിന്ന് ഹദീസ് കേട്ടു എന്ന് വരുത്തിത്തീർക്കുന്നത്, ഗുരുവല്ലാത്ത ഒരാളെ ഗുരുവാക്കി അവകാശവാദമുന്നയിക്കുന്നതിന് തുല്യമാണ്. അതോടൊപ്പം തന്റെ ശരിയായ ഗുരുവിനെ നിഷേധിക്കുകയും ചെയ്യുന്നു. ഇതൊക്കെ ഹദീസിന്റെ മേഖലയിൽ വലിയ തെറ്റുധാരണകൾ പ്രചരിക്കാൻ കാരണമായിത്തീരുന്നതാണ്.
തദ്‌ലീസാരോപണം
എന്നാൽ തദ്‌ലീസാരോപണം നടത്തി പണ്ഡിതന്മാരെ മുഴുവനും മുദല്ലിസുകളായി ചിത്രീകരിച്ച് ഹദീസിന് പ്രാധാന്യമില്ല എന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. ആക്ഷേപകരമല്ലാത്ത കാരണങ്ങളാലും തദ്‌ലീസ് സംഭവിക്കാം. കൃത്യമായ കാരണങ്ങൾ കണ്ടെത്താതെ അയാൾ മുദല്ലിസാണ്, ഇയാൾ മുദല്ലിസാണ് എന്നൊക്കെ പറയുന്നത് വലിയ അപകടമാണ്. സൂക്ഷ്മതക്കുറവും പണ്ഡിത വിരോധവും സംഘടനാ സങ്കുചിതത്വവുമാണ് ഈ അപരാധത്തിന് പ്രേരിപ്പിക്കുന്നത്. ശരിയായ കാരണങ്ങൾ കണ്ടെത്താതെ മഹാപണ്ഡിതന്മാരുടെ പേരിൽ പോലും തദ്‌ലീസാരോപണം നടന്നിട്ടുണ്ട്. ഇമാം ദാറുഖുത്‌നി, യഹ്‌യബ്‌നു അൻസ്വാരി, ഇമാം മാലിക്ബ്‌നു അനസ്, ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം സൗരി ഇവരൊക്കെ അതിനുദാഹരണം. തന്റെ അവസാനകാലത്ത്, പ്രായക്കൂടുതൽ മൂലം ഓർമക്കുറവ് സംഭവിച്ചതിനാൽ ഹിശാമുബ്‌നു ഉർവ എന്ന താബിഈ പണ്ഡിതൻ ഹദീസുദ്ധരിച്ചപ്പോൾ തദ്‌ലീസ് സംഭവിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിനെന്നല്ല, ആർക്കും സംഭവിക്കാം. അതിന്റെ പേരിൽ അദ്ദേഹത്തെ മുദല്ലിസായി പണ്ഡിതന്മാർ ഗണിച്ചിട്ടില്ല. ബോധപൂർവം വളരെയധികം തദ്‌ലീസ് നടത്തുകയും അതൊരു ശീലമാക്കുകയും അത് സ്വയം ഏറ്റ് പറയുകയും ചെയ്തവരുണ്ട് മുദല്ലിസുകളിൽ. അവരെ മുൻകാല പണ്ഡിന്മാർതന്നെ മാറ്റി നിർത്തിയിട്ടുമുണ്ട്. ഇക്കാലത്ത് തങ്ങൾക്കിഷ്ടമില്ലാത്ത ഏതെങ്കിലും ഒരു ഹദീസ് നിഷേധിക്കാൻ തദ്‌ലീസാരോപണം നടത്തി മുന്നോട്ട് വരുന്നവർ വളരെയധികം ആലോചിക്കേണ്ടതുണ്ട്. ഹദീസ് നിഷേധികളായ ഒരു തലമുറ വളർന്നുവരാൻ ഈ സ്വഭാവം കാരണമാകുമെന്ന വസ്തുതയും ആ പാപഭാരം ചുമക്കേണ്ടി വരുമെന്ന ബോധവും അവർക്കുണ്ടായിരിക്കുന്നത് നല്ലത്.
(തുടരും)
