ദാമ്പത്യജീവിതം ഊഷ്മളമാക്കാനുള്ള വഴികൾ
അബൂറാഷിദ അൽകാസിമി കുടയത്തൂർ
2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24

(മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം 8)
ഭാര്യമാരോട് കുശലം പറയൽ
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: “നമസ്‌കരിച്ചാൽ നമസ്‌കാരസ്ഥലത്തുതന്നെ നബിﷺ ഇരിക്കുമായിരുന്നു. സൂര്യോദയം വരെ ജനങ്ങളും നബിﷺയുടെ ചുറ്റും ഇരിക്കും. പിന്നീട് ഓരോരോ ഭാര്യമാരുടെ അടുക്കലും പ്രവേശിക്കും. അവർക്ക് സലാം പറയുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്യും. ശേഷം അവരിൽ ആരുടെ വീട്ടിലാണോ അന്ന് താമസിക്കുന്നത് അവിടെ കഴിഞ്ഞുകൂടുമായിരുന്നു.’’ എല്ലാദിവസവും നബിﷺ അപ്രകാരം ചെയ്യുമായിരുന്നു.
പകലിന്റെ അവസാനസമയത്ത് ഭാര്യമാരോട് സംസാരിച്ചും കുശലാന്വേഷണം പറഞ്ഞും ഇരിക്കുമായിരുന്നു.ആഇശ(റ) പറയുന്നു: “അസ്വ‌്‌ർ നമസ്‌കാരത്തിൽനിന്ന് നബി ﷺ വിരമിച്ചാൽ അവിടുത്തെ ഭാര്യമാരുടെയടുക്കൽ വരും. എന്നിട്ട് അവരിൽ ഒരാളുടെ അടുക്കൽ (എവിടെയാണോ അന്നത്തെ ഊഴം അവിടെ) അടുത്തിടപഴകുമായിരുന്നു’’(ബുഖാരി 5216, മുസ്‌ലിം 1474).
ഇബ്‌നു ഹജർ(റഹി) പറയുന്നു: “പകലിന്റെ ആരംഭത്തിൽ ഭാര്യമാരോട് സലാം പറയലും ദുആ ചെയ്യലും പകലിന്റെ അവസാനത്തിൽ അവരോടൊത്തിരുന്ന് കുശലം പറയലും നബിﷺയുടെ പതിവായിരുന്നു’’ (ഫത്ഹുൽബാരി 9:379).
ആഇശ(റ) പറയുന്നു: “ഞങ്ങളുടെയെല്ലാവരുടെയും വീട്ടിൽ നബിﷺ വരാതിരിക്കുന്ന ദിവസം കുറവാണ്. എല്ലാ ഭാര്യമാരുടെയടുക്കലും അവിടുന്ന് വരുമായിരുന്നു. പക്ഷേ, ആരുമായും ശാരീരീക ബന്ധത്തിലേർപ്പെടാറുണ്ടായിരുന്നില്ല; എവിടെയാണോ രാത്രി നിശ്ചയിച്ചിട്ടുള്ളത് ആ ഭാര്യയുടെ വീട്ടിൽ എത്തിയാലല്ലാതെ’’(അബൂദാവൂദ് 2135).
“ഭാര്യമാരുടെ മനസ്സമാധാനത്തിനും സന്തോഷത്തിനും ഏതു ഭാര്യയ്ക്കാണോ ആ ദിവസം നിശ്ചയിച്ചത് അവരുടെ പൂർണ തൃപ്തിക്കുമാണ് ഇപ്രകാരം നബിﷺ ചെയ്തിരുന്നത്’’ (അൽമുഹ്ഫിം-ക്വുർതുബി 13/90).
നബിﷺയുടെ ഭാര്യമാർ ഒരു ദിവസം പോലും നബിﷺയെ കാണാതിരുന്നിട്ടില്ല. ഇന്നത്തെ പല ഭർത്താക്കന്മാരുടെയും അവസ്ഥയെന്താണ്? ഭാര്യയുമൊന്നിച്ചിരുന്ന് കുശലം പറയുവാനും കുടുംബകാര്യങ്ങൾ സംസാരിക്കുവാനും സമയം കണ്ടത്തുന്ന ഭർത്താക്കന്മാർ എത്രയുണ്ട്?
നബിﷺ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറിയിരുന്ന ഭർത്താവായിരുന്നു. നബിﷺയുടെ ഭാര്യമാർ എല്ലാ ദിവസവും അവരിൽ ഒരാളുടെ വീട്ടിൽ ഒത്തുകൂടുമായിരുന്നു. അവരുടെയടുക്കൽ നബി ﷺ വന്ന് അവരോടൊന്നിച്ച് കൊച്ചുവർത്തമാനം പറയുകയും ചെയ്യുമായിരുന്നു.
അനസ്ബ്‌നു മാലിക്(റ) പറയുന്നു: “നബിﷺക്ക ് ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരുടെ ഇടയിൽ ഊഴം നിശ്ചയിച്ചാൽ ഒമ്പത് പേരുടെയും അടുക്കൽ നിശ്ചയിച്ച ദിവസം കഴിഞ്ഞേ ആദ്യ ആളുടെ അടുക്കലേക്ക് മടങ്ങിയിരുന്നുള്ളൂ. എവിടെയാണോ നബിﷺ രാപാർക്കാൻ ഉദ്ദേശിച്ചിരുന്നത് അവിടെയാണ് മറ്റുള്ള ഭാര്യമാർ ഒരുമിച്ചുകൂടിയിരുന്നത്’’ (മുസ്‌ലിം).
വലിയ ഉത്തരവാദിത്തമുള്ള ആളായിരുന്നിട്ട് കൂടി നബിﷺ ഭാര്യമാരോടൊത്ത് സമയം ചെലവഴിക്കുകയും അവരുമായി നർമഭാഷണം നടത്തുകയും ചെയ്തിരുന്നു. ഒന്നിനും സമയമില്ല എന്നതാണ് നമ്മുടെയൊക്കെ ആവലാതി!
ആഇശ(റ) നബിﷺയോട് ഉമ്മുസറഇന്റെ സംഭവം പറഞ്ഞു. സംഭവമിതാണ്: പതിനൊന്ന് സ്ത്രീകൾ പ്രതിജ്ഞയെടുത്തു; അവരുടെ ഭർത്താക്കന്മാരുടെ വിവരങ്ങൾ ഒന്നും മറച്ചുവെക്കാതെ പറയണമെന്ന്. അങ്ങനെ ഓരോരുത്തരും തങ്ങളുടെ ഭർത്താക്കന്മാരെപ്പറ്റി വിവരിക്കാൻ തുടങ്ങി. ഉമ്മുസറഅ് ആകട്ടെ അവരുടെ ഭർത്താവിനെ സംബന്ധിച്ച് ഏറ്റവും ഭംഗിയായി വിവരിച്ചു. അവരിൽ ഏറ്റവും നന്നായി ഭാര്യയ്ക്ക് ഉപകാരം ചെയ്യുന്ന ആളായിരുന്നു ഉമ്മുസറഇന്റെ ഭർത്താവായ അബൂസറഅ്.
ആഇശ(റ) പറയുന്നു: “എന്നോട് നബി ﷺ പറയുകയുണ്ടായി; ഞാൻ നിനക്ക് ഉമ്മുസറഇന് അബൂസറഇനെപ്പോലെയാണ്’’ (ബുഖാരി 5189, മുസ്‌ലിം 24480). ഇത്തരം വാക്കുകൾ ഒരു ഭാര്യയെ എത്രകണ്ട് സന്തോഷിപ്പിക്കുമെന്നും അവർ തമ്മിലുള്ള ബന്ധത്തെ അത് എത്രമാത്രം ഊഷ്മളമാക്കുമെന്നും പറയേണ്ടതില്ലല്ലോ.
ഭാര്യയുടെ സംസാരം കേൾക്കുന്നതിനും അവരോടൊത്ത് രസം പറയുന്നതിനും അവരുടെയടുക്കൽ ഇരിക്കുന്നതിനും ഭർത്താവ് സമയം കണ്ടെത്തണം. ഭാര്യമാരുടെ ആവലാതികൾ കേൾക്കണം. അവരെ പരിഗണിക്കണം. ന്യായമായ ആവശ്യങ്ങൾ പരിഹരിക്കണം. എത്ര അകലെയായാലും ആശയവിനിമയം നടത്താൻ ഇന്ന് മൊബൈൽ ഫോണുണ്ട്. ജോലിത്തിരക്കിനിടയിലായിരിക്കും ചിലപ്പോൾ ഭാര്യയുടെ വിളി വരിക. അവൾ ചിലപ്പോൾ വെറുതെ വിളിച്ചതായിരിക്കും. സ്ത്രീകൾ അങ്ങനെയാണ്. ഭർത്താവ് പുറത്തു പോയാൽ തിരിച്ചെത്തുന്നതുവരെ അവർക്ക് സമാധാനമുണ്ടാകില്ല. ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കും. നമ്മൾ അതിൽ അതൃപ്തി കാണിക്കുന്നതും ദേഷ്യപ്പെടുന്നതും അവർക്ക് വലിയ ഷോക്കായിരിക്കും. ഒന്നോ രണ്ടോ മിനുട്ട് നേരം അവരോടൊന്ന് സംസാരിച്ചാൽ തന്നെ അത് അവർക്ക് വലിയ കാര്യമായിരിക്കും; മനസ്സമാധാനം നൽകുന്നതായിരിക്കും.
(തുടരും)

