മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 6
അബൂറാഷിദ അൽകാസിമി കുടയത്തൂർ
2025 ജനുവരി 25, 1446 റജബ് 25

രോഗിയെ സന്ദർശിക്കൽ
നബിﷺ രോഗികളായ അനുചരന്മാരെ സന്ദർശിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. ജൂതനായ ഒരു കുട്ടി രോഗിയായിരിക്കെ നബിﷺ സന്ദർശിച്ചു. ബഹുദൈവ വിശ്വാസിയായ പിതൃസഹോദരനെയും സന്ദർശിച്ചിട്ടുണ്ട്. രോഗിയുടെ അടുത്തു ചെന്ന് തലയുടെ ഭാഗത്തിരുന്ന് ക്ഷേമാന്വേഷണം നടത്തിയിരുന്നു. വലതു കരംകൊണ്ട് രോഗിയെ തലോടിക്കൊണ്ട് ഇപ്രകാരം പ്രാർഥിക്കുമായിരുന്നു:
اللَّهُمَّ ربَّ النَّاسِ، أَذْهِب الْبَأسَ، واشْفِ، أَنْتَ الشَّافي لا شِفَاءَ إِلاَّ شِفَاؤُكَ، شِفاءً لا يُغَادِرُ سقَمًا
“ജനങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഈ പ്രശ്‌നത്തെ നീ ദുരീകരിക്കേണമേ, നീ ശമനം നൽകുകയും ചെയ്യേണമേ. നീ മാത്രമാണ് ശമനം നൽകുന്നവൻ. നിന്റെ ഭാഗത്ത് നിന്നുള്ള ശമനമനമല്ലാതെ മറ്റൊരു ശമനവുമില്ല. ഒരു രോഗത്തെയും അവശേഷിപ്പിക്കാത്ത ശമനം (നീ നൽകേണമേ).’’
ഉത്തമ ചര്യ
ചെരുപ്പ് ധരിക്കുക, തലമുടി ചീകുക, ശുദ്ധിവരുത്തുക, സാധനങ്ങൾ കൊടുക്കുക-സ്വീകരിക്കുക പോലുള്ളവ നബിﷺ വലതു കൈകൊണ്ട് ആരംഭിച്ചിരുന്നു. ആഹാരം കഴിക്കുക, വെള്ളം കുടിക്കുക എന്നിവ വലതുകൈ കൊണ്ടും മലമൂത്ര വിസർജനത്തിൽനിന്ന് ശുദ്ധിയാക്കുക, അഴുക്കുകൾ നീക്കുക എന്നിവ ഇടതുകൈകൊണ്ടും നിർവഹിച്ചിരുന്നു.
മുടി വടിക്കുകയാണെങ്കിൽ പൂർണമായും നീക്കിയിരുന്നു. അല്ലെങ്കിൽ ഒട്ടും വെട്ടുകയില്ലായിരുന്നു. കുറച്ചുഭാഗം വടിച്ചിട്ട് കുറച്ചു ഭാഗം ഒഴിവാക്കി നിർത്തിയിരുന്നില്ല.
ദന്തശുദ്ധി വളരെ ഇഷ്ടപ്പെട്ടിരുന്നു. നോമ്പുകാരനായിരിക്കുന്ന അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും ഉറക്കിൽനിന്ന് ഉണരുമ്പോഴും വുദൂഅ് ചെയ്യുമ്പോഴും വീട്ടിൽ പ്രവേശിക്കുമ്പോഴും ശുദ്ധി വരുത്തിയിരുന്നു. സുഗന്ധം അങ്ങേയറ്റം ഇഷ്ടപ്പെട്ടു. അത് ആരെങ്കിലും കൊടുത്താൽ നിരസിക്കുമായിരുന്നില്ല. തലമുടി ചീകുന്നത് പ്രിയമായിരുന്നു. ചിലപ്പോൾ സ്വയം ചെയ്യും. മറ്റു ചിലപ്പോൾ ആഇശ(റ) തലമുടി ചീകിക്കൊടുക്കുമായിരുന്നു.
രാഷ്ട്രീയ നേതാക്കന്മാരെയും താരങ്ങളെയും മോഡലുകളെയും അനുകരിക്കാതെ അല്ലാഹുവിന്റെ ദൂതനെﷺ മാതൃകയാക്കാൻ ആധുനിക മുസ്‌ലിം സമുദായം തയ്യാറാകേണ്ടതുണ്ട്.
നബിﷺയുടെ കർമമേഖലയെ നാലായി തിരിക്കാം
ഒന്ന്: മറ്റു മനുഷ്യരെപ്പോലെ പ്രകൃതിദത്തമായ, മനുഷ്യസഹജമായി ഉണ്ടാകുന്ന പ്രവർത്തനങ്ങൾ. അതിന് പ്രവാചകത്വവുമായി ബന്ധമുണ്ടാവില്ല. നബിﷺയുടെ ചലനങ്ങൾ, ഇരുത്തം, നിൽക്കൽ, ആഹാരം കഴിക്കൽ, പാനം ചെയ്യൽ, ഉറക്കം പോലുള്ളവ ഉദാഹരണം.
എന്നാൽ കൽപനയോ നിരോധനമോ ഇല്ലാത്ത ഇത്തരം കാര്യങ്ങൾ നബിയിൽ നിന്ന് ഒരു പ്രത്യേക രീതിയിൽ പതിവായി ഉണ്ടായാൽ അത് മുസ്തഹബ്ബ് (അപ്രകാരം ചെയ്യുന്നത് പ്രിയങ്കരം) ആണ്; വലത് ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്നതുപോലെ.
രണ്ട്: നാടിന്റെ രീതിക്കും ജനങ്ങളുടെ പതിവിനും യോജിക്കുന്ന രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനം. അതിന് ശരീഅത്തുമായി ബന്ധമില്ല. പ്രവാചകത്വത്തിന് മുമ്പ് നബിﷺ എപ്രകാരമാണോ വസ്ത്രം ധരിച്ചിരുന്നത് അപ്രകാരമായിരുന്നു പ്രവാചകത്വത്തിനു ശേഷവും ധരിച്ചത്, അതിൽ മാറ്റം വരുത്തിയിരുന്നില്ല. പുരുഷനും സ്ത്രീകൾക്കും വസ്ത്രധാരണത്തിൽ ചിട്ടയും നിബന്ധനകളും ഉൾപ്പെടുത്തി എന്ന് മാത്രം.
ഒരു കാര്യത്തിൽ കൽപനയോ പ്രേരണയോ ഉണ്ടായാൽ, അല്ലെങ്കിൽ മതനിയമവുമായി ചേർന്നുവരുന്ന ഒരു പ്രവൃത്തിയോട് ബന്ധിപ്പിച്ച് ഒരു തെളിവുണ്ടായാൽ അതിനെ ശരീഅത്തിന്റെ പരിധിയിൽ പെടുത്തും. വെള്ള വസ്ത്രം ധരിക്കുക, പുരുഷന്മാരുടെ വസ്ത്രം നെരിയാണിക്കു താഴെ ഇറങ്ങാത്ത രൂപത്തിലായിരിക്കുക പോലുള്ളവ ഉദാഹരണം.
മൂന്ന്: നബിﷺക്ക് മാത്രം അനുവദനീയമായ പ്രവൃത്തി. അത് ആർക്കും അനുകരിക്കൽ അനുവദനീയമല്ല. റമദാൻ മാസത്തിലല്ലാതെ തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുക, നാലിലധികം സ്ത്രീകളെ ഒരേ സമയം ഭാര്യമാരാക്കുക പോലുള്ളവ.
നാല്: അല്ലാഹുവിനുള്ള ആരാധന എന്ന രീതിയിൽ നബിﷺ ചെയ്തത്. ഇതിൽ നബിയെ പിൻപറ്റണം. അതിൽ നിർബന്ധമായതും മുസ്തഹബ്ബായതും ഉണ്ടാകും.
ഒരു പ്രവൃത്തി ചെയ്യുന്നതിൽ നബിയെ പിൻപറ്റേണ്ടത് പോലെത്തന്നെ ഒരു കാര്യം ഉപേക്ഷിക്കുന്ന തിലും നബിയെ മാതൃകയാക്കേണ്ടതുണ്ട്. ഉപേക്ഷിക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശ്യം ഒരു കാര്യം ചെയ്യുന്നതിനെ വിട്ടുകളയലാണ്.
(തുടരും)

