നബിﷺയുടെ നമസ്‌കാരം; ഒരു സംക്ഷിപ്ത വിവരണം 4

ശൈഖ് നാസ്വിറുദ്ദീൻ അൽഅൽബാനി(റഹി)

2025 മെയ് 10, 1446 ദുൽഖഅദ് 12

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ

സുജൂദിൽ നേരെ നിൽക്കൽ

101. സുജൂദിൽ അടങ്ങി നിൽക്കൽ നിർബന്ധമാണ്. സുജൂദ് ചെയ്യുമ്പോൾ തറയിൽ സ്പർശിക്കുന്ന മുഴുവൻ ശരീരഭാഗങ്ങളെയും ഒരുപോലെ ആശ്രയിക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്. അവ: നെറ്റിയും മൂക്കും ഒന്നായി, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽവിരലുകൾ.

102. ഇപ്രകാരം തന്റെ സുജൂദിൽ ആര് അടങ്ങി നിൽക്കുന്നുവോ, അവൻ തീർച്ചയായും കൃത്യമായ അടങ്ങി നിൽക്കൽ (തുമഅ്‌നീനത്ത്) പ്രാപിച്ചു. സുജൂദിലെ അടങ്ങി നിൽക്കലും റുക്‌നാണ്.

103. അതിൽ അവൻ പറയണം:

سُبْحَانَ رَبِّيَ الْأَعْلَى (അത്യുന്നതനായ എന്റെ രക്ഷിതാവ് പരിശുദ്ധൻ). മൂന്ന് തവണയോ അതിൽ കൂടുതലോ.(15)

104. സുജൂദിലായിരിക്കുമ്പോൾ പ്രാർഥന വർധിപ്പിക്കുന്നത് നല്ലതാണ്. കാരണം, അത് ഉത്തരം ചെയ്യപ്പെടാൻ സാധ്യതയുള്ളതാണ്.

105. സുജൂദ്-മുമ്പ് പറഞ്ഞതുപോലെ- റുകൂഇനോട് ഏകദേശം തുല്യ ദൈർഘ്യമുള്ളതാക്കണം.

106. നിലത്തും നിലത്തുവിരിച്ച തുണിയിലും വിരിപ്പിന്മേലും പായയിലും അതുപോലുള്ളവയിലും സുജൂദ് ചെയ്യൽ അനുവദനീയമാണ്.

107. സുജൂദിലായിരിക്കെ ക്വുർആൻ ഓതാൻ പാടുള്ളതല്ല.

രണ്ട് സുജൂദുകൾക്കിടയിലുള്ള ‘ഇഫ്തിറാശും’ ‘ഇക്വ്ആ’ഉം

108. ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് തലയുയർത്തണം. ഇത് വാജിബാണ്.

109. ചിലപ്പോൾ, കൈകൾ ഉയർത്തുകയും ചെയ്യാം.

110. പിന്നെ അസ്ഥികളെല്ലാം അതിന്റെതായ സ്ഥാനം സ്വീകരിക്കുന്നതുവരെ അടങ്ങിയിരിക്കണം. ഇത് റുക്‌നാണ്.

111. ഇടതുകാൽ നിലത്തുവിരിച്ച് അതിന്മേൽ ഇരിക്കണം (ഇഫ്തിറാശ്). ഇത് വാജിബാണ്.

112. വലതുകാൽ കുത്തിനിർത്തുകയും വേണം.

113. കാൽവിരലുകൾ ക്വിബ്‌ലക്ക് അഭിമുഖമായി വെക്കണം.

114. ചിലപ്പോൾ, മടമ്പിന്മേലും ഇരിക്കാവുന്നതാണ് (ഇക്വ്ആഅ്). അതായത്, ഇരു കാൽപാദങ്ങളും കുത്തിനിർത്തിയശേഷം കാൽപാദങ്ങളുടെ വെള്ളയിലും മടമ്പിന്മേലുമായി ഇരിക്കുക.

115. ഈ ഇരുത്തത്തിൽ ഇങ്ങനെ പറയണം.

اَللّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَعَافِنِي وَارْزُقْنِي

“അല്ലാഹുവേ എനിക്ക് നീ പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും എന്റെ ന്യൂനതകൾ പരിഹരിച്ചുതരികയും എന്നെ ഉയർത്തുകയും എനിക്ക് പാപമോചനം നൽകുകയും എനിക്ക് ആഹാരം നൽകുകയും ചെയ്യേണമേ.’’

116. ഇങ്ങനെയും പറയാം:

رَبِّ اغْفِرْ لِي رَبِّ اغْفِرْ لِي (“എന്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ. എന്റെ രക്ഷിതാവേ, എനിക്ക് പൊറുത്തു തരേണമേ.’’)

117. ഈ ഇരുത്തവും ഏകദേശം സുജൂദിനോളം ദീർഘിപ്പിക്കണം.

രണ്ടാമത്തെ സുജൂദ്

118. പിന്നെ, തക്ബീർ ചൊല്ലണം.

119. ഈ തക്ബീറിനോടൊപ്പം, കൈകൾ ഉയർത്താവുന്നതാണ്.

120. രണ്ടാമത്തെ സുജൂദ് ചെയ്യണം. ഇതും ഒരു റുക്‌നാണ്.

121. ഒന്നാമത്തെ സുജൂദിൽ ചെയ്തതുപോലെതന്നെ ഇതിലും ചെയ്യണം.

ഇസ്തിറാഹത്തിന്റെ ഇരുത്തം

122. രണ്ടാമത്തെ സുജൂദിൽനിന്നും തലയുയർത്തുകയും, രണ്ടാമത്തെ റക്അത്തിനായി എഴുന്നേൽ ക്കാനുദ്ദേശിക്കുകയും ചെയ്താൽ തക്ബീർ ചൊല്ലണം. ഇത് വാജിബാണ്.

123. കൈകൾ ഉയർത്തുകയുമാകാം.

124. എഴുന്നേൽക്കുന്നതിന് മുമ്പായി, എല്ലാ അസ്ഥികളും പൂർവസ്ഥിതിയിലേക്ക് തിരിച്ച് വരുന്നവിധം ഇടതുകാലിന്മേൽ ശാന്തമായി നേരെ നിവർന്നിരിക്കണം.

രണ്ടാമത്തെ റക്അത്ത്

125. മാവ് കുഴക്കുന്നയാൾ ചുരുട്ടിപ്പിടിക്കുന്നതുപോലെ രണ്ട് കൈകളും ചുരുട്ടിപ്പിടിച്ച് നിലത്ത് ഊന്നി രണ്ടാമത്തെ റക്അത്തിനായി എഴുന്നേൽക്കണം. അത് ഒരു റുക്‌നാണ്.

126. ഒന്നാമത്തെ റക്അത്തിൽ ചെയ്തത് പോലെ ഇതിലും ചെയ്യണം.

127. ഇതിൽ, പ്രാരംഭപ്രാർഥന ചൊല്ലേണ്ടതില്ല എന്നുമാത്രം.

128. ഇത് ഒന്നാമത്തെ റക്അത്തിനെക്കാൾ ചുരുക്കുകയും വേണം.

തശഹ്ഹുദിന്റെ ഇരുത്തം

129. രണ്ടാമത്തെ റക്അത്തിൽനിന്ന് വിരമിച്ചശേഷം തശഹ്ഹുദിനായി ഇരിക്കണം. ഇത് വാജിബാണ്.

130. മുമ്പ് പറഞ്ഞതുപോലെ, രണ്ട് സുജൂദുകൾക്കിടയിലുള്ള ‘ഇഫ്തിറാശി’ന്റെ ഇരുത്തം ഇരിക്ക ണം.

131. എന്നാൽ ഇവിടെ ‘ഇക്വ്ആഅ്’ അനുവദനീയമല്ല.

132. വലതുകൈ വലതുതുടയിലും കാൽമുട്ടിലുമായി വെക്കണം. വലതു കൈമുട്ടിന്റെ അറ്റം അകറ്റിവെക്കാതെ തുടയിൽ വെക്കുകയും വേണം.

133. ഇടതുകൈ ഇടതുകാലിന്റെ തുടയിലും കാൽമുട്ടിലുമായി പരത്തിവെക്കണം.

134. കൈയിന്മേൽ ഊന്നിക്കൊണ്ട് ഇരിക്കുന്നത് അനുവദനീയമല്ല. വിശിഷ്യാ ഇടതുകൈയിന്മേൽ.

വിരൽ ചലിപ്പിക്കലും അതിലേക്ക് നോക്കലും

135. വലതുകൈയിലെ വിരലുകളെല്ലാം ചുരുട്ടിപ്പിടിക്കുകയും തള്ളവിരൽ നടുവിരലിന്മേൽ വെക്കുകയും ചെയ്യാം.

136. മറ്റുചിലപ്പോൾ ഈ രണ്ട് വിരലുകളും വൃത്താകൃതിയിൽ വെക്കുകയുമാവാം.

137. ചൂണ്ടുവിരൽ ക്വിബ്‌ലക്ക് നേരെ ചൂണ്ടണം.

138. അതിലേക്ക് നോക്കുകയും വേണം.

139. തശഹ്ഹുദിന്റെ ആദ്യാവസാനം അത് ചലിപ്പിച്ചുകൊണ്ടിരിക്കണം.

140. നബിﷺ തന്റെ ഇടതുകൈയിലെ വിരൽകൊണ്ട് ചൂണ്ടിയിരുന്നില്ല.

141. ഇതെല്ലാം എല്ലാ തശഹ്ഹുദിലും ചെയ്യണം.

തശഹ്ഹുദിന്റെ രൂപവും അതിന് ശേഷമുള്ള പ്രാർഥനയും

142. തശഹ്ഹുദ് വാജിബാണ്. ഇത് മറന്നുപോയാൽ മറവിയുടെ രണ്ടു സുജൂദ് ചെയ്യണം.

143. അത് പതുക്കെ ഓതണം.

144. അതിന്റെ രൂപം:

التَّحِيَّاتُ لِلّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلامُ عَلَى النَّبِيِّ وَرَحْمَتُ اللهِ وَبَرَكَاتُهُ السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ. أَشْهَدُ أَنْ لَا إِلَهَ إِلّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

“എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാണ്. ആരാധനകളും വിശിഷ്ടമായവയും, അല്ലാഹുവിന് തന്നെ. നബിയുടെമേൽ(16) സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും ലഭിക്കുമാറാകട്ടെ. നമുക്കും നല്ലവരായ അല്ലാഹുവിന്റെ എല്ലാ അടിമകൾക്കും സമാധാനമുണ്ടായിരിക്കട്ടെ. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി ആരുംതന്നെയില്ലെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. മുഹമ്മദ് അവന്റെ ദൂതനും അടിമയുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.’’(18)

145. അതിനുശേഷം നബിﷺയുടെ മേൽ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:

اللّهُمَّ صَلِّ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ النَّبِيِّ الأُمِّيِّ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

“അല്ലാഹുവേ, മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ ഗുണം ചെയ്യേണമേ; ഇബ്‌റാഹീമിനും ഇബ്‌റാഹീമിന്റെ കുടുംബത്തിനും നീ ഗുണം ചെയ്തതുപോലെ. നീ സ്തുത്യർഹനും മഹാനുമത്രെ. അല്ലാഹുവേ, മുഹമ്മദിനെയും മുഹമ്മദിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ! ഇബ്‌റാഹീമിനെയും ഇബ്‌റാഹീമിന്റെ കുടുംബത്തെയും നീ അനുഗ്രഹിച്ചതുപോലെ. നീ സ്തുത്യർഹനും മഹാനുമത്രെ!’’

146. ചുരുക്കരൂപം ഉദ്ദേശിക്കുകയാണെങ്കിൽ ഇങ്ങനെ പറയുക:

اَللّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ وَبَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

“അല്ലാഹുവേ, മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ ഗുണം ചെയ്യേണമേ! മുഹമ്മദിനെയും മുഹമ്മദിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കണമേ. ഇബ്‌റാഹീമിനും ഇബ്‌റാഹീമിന്റെ കുടുംബത്തിനും നീ ഗുണം ചെയ്തതുപോലെയും നീ അനുഗ്രഹം ചെയ്തത് പോലെയും. നീ സ്തുത്യർഹനും മഹാനുമത്രെ.’’

147. പിന്നെ, നബിﷺയിൽനിന്നും ഉദ്ധരിക്കപ്പെടുന്ന പ്രാർഥനകളിൽനിന്നും തനിക്കിഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത് ഈ തശഹ്ഹുദിൽ അല്ലാഹുവോട് പ്രാർഥിക്കാവുന്നതാണ്.

കുറിപ്പുകൾ:

(15) ഇതിൽ വേറെയും പ്രാർഥനകളുണ്ട്. ‘നബിﷺയുടെ നമസ്‌കാരം’ (പേജ് 160-163; മലയാള പരിഭാഷ) കാണുക.

(16) പ്രവാചകന്റെ മരണശേഷം പറയാൻ അനുശാസിക്കപ്പെട്ടതാണിത്. ഈ വാചകം, ഇബ്‌നു മസ്ഊദ്(റ), ആഇശ(റ), ഇബ്‌നുസ്സുബൈർ(റ), ഇബ്‌നു അബ്ബാസ്(റ) എന്നിവരുടെ തശഹ്ഹുദിൽ സ്ഥിരപ്പെട്ടതാണ്. അതിന്റെ വിശദീകരണം ആഗ്രഹിക്കുന്നവർ എന്റെ ഗ്രന്ഥമായ ‘നബിﷺയുടെ നമസ്‌കാരം’ (പേജ് 178-202; മലയാള പരിഭാഷ) പരിശോധിക്കുക.

(17) സ്ഥിരപ്പെട്ട മറ്റു രൂപങ്ങൾ മുമ്പ് പറഞ്ഞ എന്റെ ഗ്രന്ഥത്തിലുണ്ട്. ‘നബിﷺയുടെ നമസ്‌കാരം’ (പേജ് 180-202 മലയാള പരിഭാഷ). ഇവിടെ പരാമർശിച്ചത് ഏറ്റവും സ്വഹീഹായതാണ്.