നബിﷺയുടെ നമസ്‌കാരം; ഒരു സംക്ഷിപ്ത വിവരണം 5

ശൈഖ് നാസ്വിറുദ്ദീൻ അൽഅൽബാനി(റഹി)

2025 മെയ് 17, 1446 ദുൽഖഅദ് 19

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ

മൂന്നാമത്തെയും നാലാമത്തെയും റക്അത്ത്

148. പിന്നെ, വാജിബായ തക്ബീർ ചൊല്ലണം. ഇരുന്നുകൊണ്ട് തന്നെ തക്ബീർ ചൊല്ലുന്നതാണ് നബിചര്യ.

149. നബിﷺ ചിലപ്പോൾ, തന്റെ കൈകൾ ഉയർത്തും.

150. ശേഷം മൂന്നാമത്തെ റക്അത്തിനായി എഴുന്നേൽക്കണം. ഇത് ഇതിനുശേഷം വരുന്നതുപോലെ, ഒരു റുക്‌നാണ്.

151. നാലാമത്തെ റക്അത്തിനായി എഴുന്നേൽക്കാനുദ്ദേശിച്ചാൽ ഇപ്രകാരം തന്നെ ചെയ്യണം.

152. എന്നാൽ, എഴുന്നേൽക്കുന്നതിനു മുമ്പ് അസ്ഥികളെല്ലാം അതിന്റെതായ സ്ഥാനത്ത് മടങ്ങിവരുന്ന വിധം, ശാന്തമായി ഇടതുകാലിന്മേൽ നേരെ ഇരിക്കണം.

153. പിന്നെ, രണ്ടാമത്തെ റക്അത്തിനായി എഴുന്നേൽക്കുമ്പോൾ ചെയ്തതുപോലെ, ഇരുകൈകളിലും ഊന്നിക്കൊണ്ട് എഴുന്നേൽക്കണം.

154. ശേഷം, മൂന്നാമത്തെയും നാലാമത്തെയും റക്അത്തുകളിലോരോന്നിലും സൂറത്തുൽ ഫാതിഹ ഓതണം. ഇത് വാജിബാണ്.

155. ചിലപ്പോൾ, ഒരായത്തോ അതിലധികമോ ഫാതിഹയോട് അനുബന്ധമായി ഓതാവുന്നതാണ്.

ആപൽഘട്ടങ്ങളിലെ ക്വുനൂത്തും അതിന്റെ സ്ഥാനവും

156. മുസ്‌ലിംകൾക്ക് ബാധിച്ച ആപത്ത് കാരണമായി ക്വുനൂത്ത് നിർവഹിക്കുകയും അവർക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നത് സുന്നത്താണ്.

157. ഈ ക്വുനൂത്തിന്റെ സ്ഥാനം റുകൂഅ് കഴിഞ്ഞ് رَبَّنَا وَلَكَ الْـحَمْدُ (ഞങ്ങളുടെ നാഥാ! നിനക്ക് തന്നെയാകുന്നു സ്തുതി) എന്നു പറഞ്ഞ ശേഷമാണ്.

158. സ്ഥിരമായ ഒരു പ്രാർഥന അതിനില്ല. പ്രത്യുത, ആ ആപത്തിനോട് യോജിച്ച രീതിയിൽ പ്രാർഥിക്കുകയാണ് വേണ്ടത്.

159. ഈ പ്രാർഥനയിൽ ഇരുകൈകളും ഉയർത്തണം.

160. ഇമാമാണെങ്കിൽ ഉറക്കെ പ്രാർഥിക്കണം.

161. പിന്നിലുള്ളവർ അതിന് ‘ആമീൻ’ പറയുകയും വേണം.

162. അതിൽനിന്നും വിരമിച്ചാൽ, തക്ബീർ ചൊല്ലുകയും സുജൂദ് നിർവഹിക്കുകയും വേണം.

വിത്‌റിലെ ക്വുനൂത്തിന്റെ സ്ഥാനവും രൂപവും

163. വിത്‌റിലുള്ള ക്വുനൂത് നബിﷺ ചിലപ്പോൾ മാത്രമെ നിർവഹിച്ചിരുന്നുള്ളൂ.

164. ആപൽഘട്ടങ്ങളിലുള്ള ക്വുനൂതിന് വിരുദ്ധമായി റുകൂഇന്റെ മുമ്പാണ് അതിന്റെ സ്ഥാനം.

165. താഴെ വരുന്ന പ്രാർഥന അതിൽ ചൊല്ലാം:

اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ، لَا مَنجَا مِنكَ إِلَّا إِلَيْكَُ

“അല്ലാഹുവേ! നീ നേർമാർഗത്തിലാക്കിയവരോടൊപ്പം എന്നെ നീ നേർമാർഗത്തിലാക്കേണമേ; നീ സൗഖ്യം നൽകിയവരോടൊപ്പം എന്നെ നീ സൗഖ്യത്തിലാക്കേണമേ; നീ ബന്ധം ചേർത്തവരോടൊപ്പം എന്നെയും നീ ചേർക്കണമേ; നീ നൽകിയതിൽ എനിക്ക് നീ അനുഗ്രഹം ചെയ്യേണമേ; നീ വിധിച്ചതിന്റെ തിന്മയിൽനിന്നും എന്നെ നീ രക്ഷപ്പെടുത്തേണമേ; എന്തെന്നാൽ നീ വിധിക്കുന്നു, നിനക്കെതിരായി വിധിക്കാൻ ആരുമില്ല; നീ ബന്ധം സ്ഥാപിച്ചവനെ നിന്ദിക്കാൻ ആരുമില്ലതന്നെ. നീ ശത്രുവാക്കിയവനെ പ്രതാപിയാക്കാനുമാരുമില്ല. ഞങ്ങളുടെ നാഥാ! നീ അനുഗൃഹീതനും ഉന്നതനുമാണ്. നിന്നിൽനിന്നുള്ള രക്ഷാമാർഗം നീയല്ലാതെ ഒന്നുമില്ല.’’

166. ഈ പ്രാർഥന അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ചുതന്നതിൽ പെട്ടതാണ്. ഇതിനെക്കാൾ അവിടുന്ന് അധികരിപ്പിച്ചിട്ടില്ല- നബിﷺയുടെ പേരിലുള്ള സ്വലാത്തല്ലാതെ. സ്വഹാബികളിൽനിന്നും ഇത് (സ്വലാത്ത്) സ്ഥിരപ്പെട്ടുവന്നതിനാൽ അത് അനുവദനീയമാണ്.

167. പിന്നെ, റുകൂഉം രണ്ട് സുജൂദുകളും മുമ്പ് പറഞ്ഞതുപോലെ ചെയ്യണം.

അവസാനത്തെ തശഹ്ഹുദും തവർറുകും

168. പിന്നീട് അവസാന തശഹ്ഹുദിന് വേണ്ടി ഇരിക്കണം. ഇവ രണ്ടും വാജിബാണ്.

169. ആദ്യ തശഹ്ഹുദിൽ ചെയ്തതുതന്നെ ഇതിലും ചെയ്യണം.

170. ഇടത് പൃഷ്ടം നിലത്തുവെച്ച് ഇരുകാലുകളും ഒരേ വശത്തേക്ക് (വലതുഭാഗത്തേക്ക്) ആക്കി ഇടതുകാൽപാദം വലതുകണങ്കാലിന്റെ അടിയിൽ വെച്ചുകൊണ്ട് ‘തവർറുക്’ രൂപത്തിൽ ഇരിക്കും എന്നുമാത്രം.

171. വലതുകാൽ കുത്തിനിർത്തുകയും വേണം.

172. ചിലപ്പോൾ, അത് പരത്തിവെക്കുന്നതും അനുവദനീയമാണ്.

173. ഇടതുകൈപ്പടം കൊണ്ട് ഇടതുകാൽ മുട്ടിനെ മുഴുവനായി പൊതിയണം. അതിന്മേൽ ഊന്നുകയും വേണം.

നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിന്റെയും നാല് കാര്യങ്ങളിൽനിന്നും രക്ഷതേടുന്നതിന്റെയും അനിവാര്യത:

174. ഈ തശഹ്ഹുദിൽ നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലൽ വാജിബാണ്. അതിന്റെ ചില രൂപങ്ങൾ ഒന്നാമത്തെ തശഹ്ഹുദിൽ നാം സൂചിപ്പിച്ചിട്ടുണ്ട്. (ന: 145,146).

175. നാല് കാര്യങ്ങളിൽനിന്നും അല്ലാഹുവോട് രക്ഷതേടിക്കൊണ്ട് ഇപ്രകാരം പറയണം.

اللَّهُمْ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ

“അല്ലാഹുവേ, നരകശിക്ഷയിൽനിന്നും ക്വബ്‌റിലെ ശിക്ഷയിൽനിന്നും ജീവിതത്തിലെയും മരണത്തിലെയും കുഴപ്പങ്ങളിൽനിന്നും മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു’’ (18)

സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാർഥന

176. പിന്നെ ക്വുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട, തനിക്ക് സൗകര്യപ്പെടുന്ന ഏത് പ്രാർഥനയും പ്രാർഥിക്കാം-അത് വളരെ കൂടുതലുണ്ട്. അതിലുള്ളതൊന്നും അവൻ സ്വായത്തമാക്കിയിട്ടില്ലെങ്കിൽ അവന്റെ ദീൻകാര്യത്തിലും ഇഹലോകത്തിലും ഉപകാരപ്പെടുന്ന എളുപ്പമുള്ള പ്രാർഥനകൾ പ്രാർത്ഥിക്കാവുന്നതാണ്.

സലാം വീട്ടലും അതിന്റെ ഇനങ്ങളും

177. പിന്നീട്, തന്റെ വലതുഭാഗത്തേക്ക് സലാം വീട്ടണം-അത് ഒരു റുക്‌നാണ്-തന്റെ വലതുകവി ളിന്റെ വെളുപ്പ് കാണുവോളം തിരിയണം.

178. ഇടത് കവിളിന്റെ വെളുപ്പ് കാണുവോളം ഇടതുഭാഗത്തേക്കും (തിരിയണം). മയ്യിത്ത് നമസ്‌കാരത്തിലാണെങ്കിലും ഇപ്രകാരം ചെയ്യണം.

179. ഇമാം സലാം വീട്ടുമ്പോൾ തന്റെ ശബ്ദമുയർത്തണം. (മയ്യിത്ത് നമസ്‌കാരത്തിലൊഴികെ)

180. സലാം വീട്ടുന്നതിന് വ്യത്യസ്ത രീതികളുണ്ട്:

1) السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ

(അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും നിങ്ങളുടെ മേലുണ്ടാവട്ടെ) എന്ന് വലതുഭാഗത്തേക്ക് തിരിയുമ്പോഴും, السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ (അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും നിങ്ങളുടെ മേലുണ്ടാവട്ടെ) എന്ന് ഇടതുഭാഗത്തേക്ക് തിരിയുമ്പോഴും പറയുക.

2) മുകളിൽ പറഞ്ഞതിൽനിന്നും وَ بَرَكَاتُهُ (അവന്റെ അനുഗ്രഹങ്ങളും) ഒഴിവാക്കിക്കൊണ്ട് പറയും.

3) السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ (അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും നിങ്ങളുടെ മേലുണ്ടാവട്ടെ) എന്ന് വലതുഭാഗത്തക്കും, السَّلَامُ عَلَيْكُمْ (അല്ലാഹുവിന്റെ രക്ഷ നിങ്ങളുടെ മേലുണ്ടാവട്ടെ) എന്ന് ഇടതുഭാഗത്തേക്കും.

4) മുഖം നേരെ വച്ച്, വലതുഭാഗത്തേക്ക് അൽപം തിരിച്ചുകൊണ്ട് ഒറ്റ സലാം മാത്രം പറയുക.

എന്റെ മുസ്‌ലിം സഹോദരാ! ‘നബിﷺയുടെ നമസ്‌കാരത്തിന്റെ സംക്ഷിപ്ത വിവരണം’ എനിക്ക് സാധിച്ചവിധത്തിൽ ചെയ്തതാണ്. നിങ്ങൾ സ്വന്തം കണ്ണുകൾകൊണ്ട് അത് കാണുന്നതുപോലെ, നിങ്ങൾക്ക് വ്യക്തമാകുകയും നിങ്ങളുടെ മനസ്സിൽ പതിയുകയും ചെയ്യുന്ന രീതിയിൽ അത് എളുപ്പമാക്കുവാൻ ഞാൻ പരിശ്രമിച്ചിട്ടുണ്ട്. അങ്ങനെ, ഞാൻ നിങ്ങൾക്ക് വിവരിച്ചു തന്ന രീതിയിൽ നിങ്ങൾ നമസ്‌കരിക്കുകയാണെങ്കിൽ, നിങ്ങളിൽനിന്നും അല്ലാഹു അത് സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം, അതിലൂടെ നിങ്ങൾ صَلُّوا كَمَا رَأَيْتُمُونِي أُصَلِّي (ഞാൻ നമസ്‌കരിക്കുന്നത് കണ്ടതുപോലെ നിങ്ങൾ നമസ്‌കരിക്കുക) എന്ന നബിവചനം കർമരൂപേണ സത്യപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്.

ഹൃദയസാന്നിധ്യത്തോടെയും ഭയഭക്തിയോടെയും നമസ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം മറന്നുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, അടിമ അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുന്നതിന്റെ പ്രധാന ലക്ഷ്യം അതാണ്. ഭയഭക്തിയിലും നബിﷺയുടെ നമസ്‌കാരം അനുകരിക്കുന്നതിലും നിങ്ങൾക്ക് ഈ വിവരിച്ചുതന്നതിൽനിന്ന് നിങ്ങൾ അത് സ്വയം യാഥാർഥ്യമാക്കുന്നതിന്റെ തോതനുസരിച്ചാണ് ‎إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ‏ (തീർച്ചയായും, നമസ്‌കാരം നീചവൃത്തിയിൽനിന്നും നിഷിദ്ധകർമത്തിൽനിന്നും തടയുന്നു)(19) എന്ന വാക്കിലൂടെ നമ്മുടെ രക്ഷിതാവ് സൂചിപ്പിച്ച ആ സദ്ഫലം നിങ്ങൾക്ക് ലഭിക്കുക.

അവസാനമായി, നമ്മുടെ നമസ്‌കാരവും മറ്റുകർമങ്ങളും നമ്മിൽനിന്നും സ്വീകരിക്കണമെന്നും നാം അവനെ കണ്ടുമുട്ടുന്ന - അതായത്,

يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ‎- إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ

(കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർക്കൊഴികെ. സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം) (20) എന്ന് പറഞ്ഞ ആ ദിവസത്തിലേക്ക് നമ്മുടെ പ്രതിഫലത്തെ നമുക്ക് വേണ്ടി സംരക്ഷിക്കേണമേ എന്ന് അല്ലാഹുവോട് ഞാൻ പ്രാർഥിക്കുന്നു. സർവലോക രക്ഷിതാവിനാകുന്നു സർവസ്തുതിയും.

കുറിപ്പുകൾ:

(1൮) فِتْنَةِ الْمَحْيَا (ജീവിതത്തിലെ കുഴപ്പം) എന്നാൽ മനുഷ്യൻ തന്റെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഇഹലോകത്തെ യും അതിന്റെ ഇച്ഛകളുടെയും കുഴപ്പങ്ങൾ. فِتْنَةِ الْمَمَاتِ (മരണത്തിലെ കുഴപ്പം) എന്നാൽ ഖബറിലെ കുഴപ്പങ്ങളും, രണ്ട് മലക്കുകളുടെ ചോദ്യം ചെയ്യലും.فِتْنَةِ الْمَسِيحَ الدَّجَّالِ (മസീഹുദജ്ജാലിന്റെ കുഴപ്പം) എന്നാൽ ജനങ്ങളിൽ ധാരാളം പേരെ വഴിപിഴപ്പിക്കുകയും ദജ്ജാലിന്റെ ദിവ്യത്വവാദത്തെ പിൻപറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ അവനിൽ നിന്നും വെളിപ്പെടുന്ന അമാനുഷികതകൾ.

(19) സൂറ: അൽ അൻകബൂത്ത് 29:45

(20) സൂറ: അശ്ശുഅറാഅ്: 26:88-89