ഹദീസുമായി ബന്ധപ്പെട്ട സാങ്കേതിക ശബ്ദങ്ങൾ 2

ആരിഫ് ബുസ്താനി

2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

പ്രാമാണികരായ പണ്ഡിതർ ഉദ്ധരിച്ച ഹദീസുകൾക്കോ, അവർ കൊണ്ടുവന്നിട്ടുള്ള നിവേദകശ്രേണിക്കോ വിരുദ്ധമായി ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്ന രീതി: ഇത്തരം ദൗർബല്യങ്ങൾ 5 തരമുണ്ട്.

ഒന്ന്, ശ്രേണിയുടെ ക്രമം തന്നെ തെറ്റിക്കുകയും സ്വഹാബികളുടെയോ താബിഉകളുടെയോ വാക്കുകൾ നബിﷺയുടെ വാക്കായി അവതരിപ്പിക്കുകയും ചെയ്യുക. ഇതിന് ‘മുദ്‌റജ്’ എന്ന് പറയുന്നു. ‘അദ്‌റജ’യുടെ കർമവാചിയാണ് ‘മുദ്‌റജ്.’ പ്രവേശിപ്പിക്കുക, ഉൾക്കൊള്ളിക്കുക എന്നൊക്കെയാണ് അദ്‌റജയുടെ ഭാഷാർഥം. സാങ്കേതികാർഥ പ്രകാരം നിവേദകശ്രേണി(ഇസ്‌നാദ്)യുടെ ക്രമത്തിന് ഭംഗം വന്നിട്ടുള്ളതോ മൂലവാക്യ(മത്ൻ)ത്തിൽ നബിﷺയുടെ വാക്കല്ലാത്തത് കൂട്ടിക്കലർത്തപ്പെടുകയോ ചെയ്തിട്ടുള്ളതാണ് മുദ്‌റജ്. മുദ്‌റജ് ഇസ്‌നാദി(പരമ്പര)ലാണെങ്കിൽ അതിനെ ‘മുദ്‌റജുൽ ഇസ്‌നാദ്’ എന്നും ഉള്ളടക്ക(മത്ൻ)ത്തിലാണെങ്കിൽ ‘മുദ്‌റജുൽ മത്ൻ’ എന്നും പറയുന്നു.

രണ്ട്, ‘മക്വ്‌ലൂബ്.’ കീഴ്‌മേൽ മറിക്കപ്പെടുകയെന്നാണ് മക്വ്‌ലൂബിന്റെ ഭാഷാർഥം. ഹദീസിന്റെ മൂലത്തി(മത്ൻ)ലോ ശ്രേണി(സനദ്)യിലോ രണ്ട് പദങ്ങളെ പരസ്പരം സ്ഥാനം മാറ്റുക. ഇതാണ് മക്വ്‌ലൂബ് കൊണ്ട് ഉദ്ദേശിക്കുന്നത്. ‘കഅ്ബ്‌നുബ്‌നു മുർറ’ എന്ന് പറയേണ്ടതിനു പകരം ‘മുർറതുബ്‌നു കഅ്ബ്’ എന്ന് പറയുക, ‘ഇടതു കൈ അറിയാത്തവിധം വലതുകൈ കൊണ്ട് ചെലവഴിക്കുക’ എന്നതിനു പകരം ‘വലതുകൈ അറിയാത്തവിധം ഇടതുകൈകൊണ്ട് ചെലവിഴിക്കുക’ എന്ന് പറയുക എന്നതൊക്കെ മക്വ്‌ലൂബിന് ഉദാഹരണമാണ്. അത് മത്‌നിലാണെങ്കിൽ ‘മക്വ്‌ലൂബുൽ മത്ൻ’ എന്നും സനദിലാണെങ്കിൽ ‘മക്വ്‌ലൂബുസ്സനദ്’ എന്നും പറയുന്നു.

മൂന്ന്, ‘മുദ്ത്വരിബ്.’ സമീകരണം (ജംഅ്) സാധ്യമല്ലാത്ത വിധം വിഭിന്നമായി ഹദീസുകൾ വരിക. ബലാബലം തുല്യമായതിനാൽ അവയിലൊന്നിന് മുൻഗണന (തർജീഹ്) നൽകി മറ്റൊന്നിനെ തിരസ്‌കരിക്കാൻ കഴിയുന്നുമില്ല. അസ്ഥിരമായ ഒരു അവസ്ഥ ഇത്തരം ഹദീസുകൾക്കുണ്ട്. അസ്ഥിരമായത് എന്നാണ് മുദ്ത്വരിബിന്റെ അർഥം. അത് ഉള്ളടക്ക(മത്ൻ)ത്തിലും പരമ്പര(സനദ്)യിലുമുണ്ടാകാം. ഒന്ന് ‘മുദ്ത്വരിബുൽ മത്ൻ,’ മറ്റേത് ‘മുദ്ത്വരിബുസ്സനദ്.’

നാല്, ‘മുസ്വഹ്ഹഫ്.’ ആശയവ്യത്യാസം വരുംവിധം പദത്തിൽ മാറ്റം വരുത്തുന്നതാണ് ‘മുസ്വഹ്ഹഫ്.’ അത് സനദി(പരമ്പര)ലും മത്‌നി(മൂലം)ലുമുണ്ടാകും. അവ യഥാക്രമം ‘തസ്വ്ഹീഫുസ്സനദ്, ‘തസ്വ് ഹീഫുൽ മത്ൻ’ എന്നിങ്ങനെ അറിയപ്പെടുന്നു. ഹദീസുകളുടെ പരമ്പരയിൽ ‘ഇവാമുബ്‌നു മുറാജിം’ എന്നത് ‘ഇവാമുബ്‌നു മുസാഹിം’ എന്നായി മാറുക, ‘ഇഹ്തജമ’ എന്നത് ‘ഇഹ്തജറ’ എന്നായി മാറുക, ഇതൊക്കെ മുസ്വഹ്ഹഫിന് ഉദാഹരണങ്ങളാണ്.

അഞ്ച്, ‘അൽമസീദു ഫീ മുത്തസ്വിലിൽ അസാനീദ്.’ കണ്ണികളറ്റുപോകാത്തതും കുറ്റമറ്റതുമായ ഒരു ഹദീസ്, സ്വഹീഹാണെന്ന് തോന്നിപ്പോകും. പക്ഷേ, നിവേദകശ്രേണിയിൽ അധികപ്പറ്റായി ചില റാവിമാർ കടന്നുകൂടിയിട്ടുണ്ടെന്ന് ബോധ്യപ്പെടുന്നുണ്ടെങ്കിൽ അത്തരം നിവേദനങ്ങളാണ് അൽമസീദു ഫീ മുത്തസിൽ അസാനീദ്.

വിട്ടുകളയലോ കൂട്ടിച്ചേർക്കലോ ഒന്നുമില്ലെങ്കിലും പ്രശ്‌നമുള്ള ഹദീസുകളാണ് ശാദ്ദ്, മഹ്ഫൂദ്വ്. പ്രാമാണികരായവർ ഉദ്ധരിച്ചതിന് ഭിന്നമാകാതിരിക്കുക എന്നത് ഹദീസ് സ്വീകാര്യതക്കുള്ള മാനദണ്ഡമാണ്. ഒരു ഹദീസ്; അതിന്റെ സനദ് കൃത്യം, അറ്റുപോയിട്ടില്ല. പക്ഷേ, ഉദ്ധരിക്കപ്പെട്ട ഹദീസ് മറ്റു പ്രാമാണികരുമായി യോജിക്കുന്നില്ല. ‘നിങ്ങളിലൊരുവൻ ഫജ്ർ നമസ്‌കരിച്ചു കഴിഞ്ഞാൽ വലതുവശം ചെരിഞ്ഞു കിടക്കട്ടെ’ എന്ന ഹദീസ് ഇതിന് ഉദാഹരണമായി പറയപ്പെട്ടിരിക്കുന്നു. മറ്റെല്ലാ റിപ്പോർട്ടർമാരുടെ നിവേദനങ്ങളിലും നബിﷺ ‘ഫജ്ർ നമസ്‌കാരത്തിനുശേഷം വലതുവശം ചെരിഞ്ഞു കിടന്നു’ എന്നാണുള്ളത്. ഒരെണ്ണത്തിൽ മാത്രം ഇങ്ങനെ വരാനുള്ള കാരണം അതിലുള്ള അബ്ദുൽ വാഹിദ് ഇബ്‌നു സിയാദ് എന്ന വ്യക്തിയാണ്. ഇമാം ബൈഹക്വി ഈ ഹദീസിനെ ശാദ്ദായി കണക്കാക്കിയിട്ടുണ്ട്. ഇപ്രകാരം മുൻഗണനയുള്ളവർക്ക് വിരുദ്ധമായി അത്രതന്നെ മുൻഗണനയില്ലാത്ത ഒരു വ്യക്തി ഒരു ഹദീസ് നിവേദനം ചെയ്താൽ അത് ശാദ്ദ് എന്നറിയപ്പെടുന്നു. നേരെ വിപരീതമായി മുൻഗണനയില്ലാത്തവർക്ക് വിപരീതമായി മുൻഗണനയുള്ള ഒരു ഹദീസ് റിപ്പോർട്ട് ചെയ്താൽ അത് മഹ്ഫൂദ്വ് എന്നും അറിയപ്പെടുന്നു. സ്വഹാബികളും താബിഉകളും അറിയപ്പെട്ട താബിഉത്താബിഉകളും വിശ്വസ്തരാണെന്നതിൽ സംശയമില്ല. അവർക്ക് വിരുദ്ധമായി വരുന്ന ഹദീസുകൾ ശാദ്ദായി കണക്കാക്കപ്പെടും.

ക്വുദ്‌സി, മർഫൂഅ്, മൗക്വൂഫ്, മക്വ‌്ത്വുഅ് എന്നിങ്ങനെ പേരു വെക്കപ്പെട്ട ഹദീസുകളുമുണ്ട്. അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിച്ചതാണ് ക്വുദ്‌സിയ്യായ ഹദീസുകൾ. എന്നാൽ അവ ക്വുർആൻ വാക്യങ്ങൾക്ക് സമാനമല്ല. കാരണം, ക്വുർആൻ സൂക്തങ്ങളുടെ ആശയങ്ങളും പദങ്ങളും പൂർണമായി അല്ലാഹുവിന്റെതാണ്. ക്വുദ്‌സിയായ ഹദീസിന്റെ ആശയം മാത്രമാണ് അല്ലാഹുവിന്റെത്. പദങ്ങളും വാക്യങ്ങളും നബി ﷺയുടെത് തന്നെയാണ്. ക്വുർആൻ പാരായണം ആരാധനയാണ്. ക്വുദ്‌സിയ്യായ ഹദീസുകളുടെ പാരായണം അങ്ങനെയല്ല. ക്വുദ്‌സിയ്യായ ഹദീസുകളുടെ എണ്ണം വളരെ കുറവാണ്.

‘മർഫൂഅ്’ എന്നതിന് ഉന്നതി നൽകപ്പെട്ടത് എന്നാണ് ഭാഷാർഥം. നബിﷺയുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കപ്പെട്ട വാക്ക്, പ്രവൃത്തി, അംഗീകാരം, ഗുണവിശേഷണം എന്നിവയാണ് സാങ്കേതികാർഥത്തിൽ മർഫൂഅ്. നബിﷺ അരുളി എന്ന സ്വഹാബിയുടെ വാക്ക് വാചികമർഫൂഅ് (അൽമർഫൂഉൽ ക്വൗലി) എന്നും നബിﷺ ചെയ്തുവെന്ന സ്വഹാബിയുടെ വാക്ക് കർമപരമായ മർഫൂഅ് (അൽമർഫൂഉൽ ഫിഅ്‌ലി) എന്നും നബിﷺ ഇന്നത് അംഗീകരിച്ചു എന്ന സഹാബയുടെ മൊഴി അംഗീകാരപരമായ മർഫൂഅ് (അൽ മർഫൂഉത്തക്‌രീരി) എന്നും നബിﷺയടെ സ്വഭാവഗുണങ്ങൾ സ്വഹാബി വർണിച്ചാൽ അതിന് വിശേഷണ മർഫൂഅ് (അൽ മർഫൂഉൽ വസ്വ‌്‌ഫി) എന്നും അറിയപ്പെടുന്നു.

‘മൗക്വൂഫ്’ എന്നതിന് നിർത്തിവെക്കപ്പെട്ടത് എന്നാണ് അർഥം. അതായത്, അത് സ്വഹാബിയിൽ ചെന്നവസാനിക്കുന്നു. സ്വഹാബിയുടെതായി ഉദ്ധരിക്കപ്പെടുന്ന പ്രവൃത്തിയും പ്രസ്താവനയും അംഗീകാരവുമാണ് സാങ്കേതികാർഥത്തിൽ മൗക്വൂഫ്. അലി(റ) പറഞ്ഞു, ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു എന്നിങ്ങനെയുള്ളതൊക്കെ മൗക്വൂഫിനുദാഹരണങ്ങളാണ്.

‘മക്വ‌്‌ത്വൂഅ്’ എന്നതിന് ഛേദിക്കപ്പെട്ടത് എന്നർഥം. താബിഇയുടെയോ മറ്റോ നാമത്തിനുശേഷം നിവേദകപരമ്പര ഛേദിക്കപ്പെടുന്നതാണ് ഈ പേര് വരാനുള്ള കാരണം. താബിഇൽ നിന്നോ അദ്ദേഹത്തിന്റെ താഴെയുള്ള താബിഉത്താബിഉകളിൽ നിന്നോ ഉദ്ധരിക്കപ്പെടുന്ന വാക്കോ പ്രവൃത്തിയോ ആണ് ‘മക്വ‌്‌ത്വൂഅ്.’ താബിഈ പണ്ഡിതനായ ഹസനുൽ ബസ്വരിയുടെ വാക്കുകൾ ഉദാഹരണം.

(തുടരും)