ഹദീസുമായി ബന്ധപ്പെട്ട സാങ്കേതിക ശബ്ദങ്ങൾ
ആരിഫ് ബുസ്താനി
2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20

ഹദീസുകൾക്ക് രണ്ടു ഭാഗങ്ങളാണുള്ളത്; നിവേദിത വചന(مَتْن)വും നിവേദകശ്രേണി(سَنَد)യും. ഇവയിലുള്ള ബലാബലത്തെസംബന്ധിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യുന്ന വിജ്ഞാനശാഖയാണ് മുസ്‌ത്വലഹുൽ ഹദീസ് (مُصْطَلَحُ الحَديث).
ഒരു ഹദീസ് ഉദ്ധരിക്കുന്ന നിവേദകരുടെ എണ്ണം കണക്കിലെടുത്ത് ഹദീസ് രണ്ടു തരമുണ്ട്; മുതവാതിർ (مُتَوَاتِر), ആഹാദ് (ءاحَاد). നിവേദകശ്രേണിയുടെ ഓരോ പടവിലും സത്യവിരുദ്ധമാകാൻ നിർവാഹമില്ലാത്ത വിധം അനേകമാളുകൾ ചേർന്ന് ഉദ്ധരിച്ചിട്ടുള്ള ഹദീസാണ് മുതവാതിർ. എല്ലാ പടവിലും ധാരാളം വ്യക്തികൾ ഉണ്ടാകണമെന്നതും നിവേദകർ പരസ്പരം കാണുകയും കേൾക്കുകയും വേണമെന്നതും പ്രത്യേക നിബന്ധനയാണ്. ഇതിലേതെങ്കിലും കുറഞ്ഞാൽ മുതവാതിർ ആകില്ല. മുതവാതിറിന്റെ നിബന്ധനകൾ നഷ്ടപ്പെട്ടാൽ ആ ഹദീസുകൾ ആഹാദായി മാറും. മുതവാതിർ തന്നെ വാചികം, ആശയപരം എന്നിങ്ങനെ രണ്ടുതരമുണ്ട്. വാക്യവും ഉള്ളടക്കവും മുതവാതിറായി വന്നതാണ് വാചികം. ഉദാ: ‘എന്റെ പേരിൽ ബോധപൂർവം ആരെങ്കിലും കളവ് പറഞ്ഞാൽ അവൻ നരകത്തിലൊരു ഇരിപ്പിടം പ്രതീക്ഷിച്ചുകൊള്ളട്ടെ’ എന്ന ഹദീസ് എഴുപതിൽ പരം സ്വഹാബിമാർ ഉദ്ധരിച്ചിട്ടുണ്ട്.
എന്നാൽ, വാക്യഘടനയിൽ മാറ്റമുണ്ടെങ്കിലും ആശയം മുതവാതിറായി വന്നതാണ് ആശയപരമായ മുതവാതിർ. പ്രാർഥനാ വേളയിൽ നബിﷺ തന്റെ കൈകൾ ഉയർത്തിയിരുന്നു എന്ന് സൂചിപ്പിക്കുന്ന ഹദീസ് ഉദാഹരണം. നൂറോളം ഹദീസുകൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്. വ്യത്യസ്ത സംഭവങ്ങളിലായി വന്നതിനാൽ ഇത് വാചികമായ മുതവാതിറല്ല, എങ്കിലും ഇതിലെ കൈയുയർത്തി പ്രാർഥിച്ചുവെന്നത് ഈ ഹദീസുകളെല്ലാം ഉൾക്കൊള്ളുന്നതിനാൽ ആശയപരമായി അത് മുതവാതിറാണ്.
ഹദീസുകളിൽ മുതവാതിറുകൾ വളരെ വിരളമാണ്. കൂടുതലും വന്നിട്ടുള്ളത് ആഹാദുകളാണ്. ഇമാം സുയൂത്വിയുടെ ‘അൽ അസ്ഹാറുൽ മുതനാസിറ ഫിൽ അഖ്ബാരിൽ മുതവാതിറ,’ മുഹമ്മദുബ്‌നു ജഅ്ഫറിൽ കത്താനിയുടെ ‘നള്മുൽ മുതനാസിരി മിനൽ ഹദീസിൽ മുതവാതിർ ‘ എന്നിവ മുതവാതിറായ ഹദീസുകൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള രചനകളാണ്.
ആഹാദ് മൂന്ന് ഇനങ്ങളാണ്; മശ്ഹൂർ (مَشْهُور), അസീസ് (عَزِيز) ഗരീബ് (غَرِيب). നിവേദനശ്രേണിയിലെ ഓരോ പടവിലും മൂന്നോ അതിൽ കൂടുതലോ നിവേദകരുള്ളതാണ് മശ്ഹൂർ. മുസ്തഫീദ് എന്നും ഇതിനെ പറയാറുണ്ട്. ശ്രേണിയുടെ ഓരോ പടവിലും രണ്ടിൽ കുറയാത്തവരാണുള്ളതെങ്കിൽ അതാണ് അസീസ്. ശ്രേണിയിലെ പടവുകളിൽ ഒരാൾ മാത്രമാണെങ്കിൽ അത് ഗരീബ് എന്നും അറിയപ്പെടുന്നു.
മറ്റൊരു കാര്യം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. അതായത്, ശ്രേണിയുടെ ഏതെങ്കിലും ഒരു പടവിൽ രണ്ടാൾ വന്നെന്നിരിക്കട്ടെ, ബാക്കിയെല്ലാറ്റിലും മൂന്നാളുകൾ വരികയും ചെയ്തു. എങ്കിൽ ഹദീസ് അസീസ് തന്നെ, അത് മശ്ഹൂറാകുന്നില്ല. ഗരീബും അങ്ങനെ തന്നെ. ഒരെണ്ണത്തിൽ ഒരാൾ വന്നു. ബാക്കിയെല്ലാറ്റിലും രണ്ടിൽ കൂടുതൽ വന്നു. ആ ഹദീസ് ഗരീബ് തന്നെ. അത് അസീസ് ആകുന്നില്ല. ശ്രേണിയുടെ തുടക്കത്തിൽ സ്വഹാബിയാണ് ഒറ്റയായി വന്നതെങ്കിൽ അതിനെ ഗരീബ് മുത് ലക്വ് (غَرِيب مُطْلَق) എന്നും അല്ലാത്തതിലാണെങ്കിൽ ഗരീബ് നിസബി (غَرِيب نسبي) എന്നും പറയുന്നു. ഗരീബ് മുത് ലക്വിനെ ഗരീബ് ഫർദ് (غَرِيب فَرد) എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും പറയാറുള്ളത്. ഗരീബ് നിസബിയെ ഗരീബ് എന്ന് മാത്രം വിളിക്കുകയും ചെയ്യുന്നു. -നിശ്ചയം, കർമങ്ങൾ ഉദ്ദേശ്യങ്ങൾക്കനുസരിച്ചാകുന്നു’ എന്ന ഹദീസിന്റെ സനദിന്റെ തുടക്കത്തിൽ സ്വഹാബിയായ ഉമറുബ്‌നുൽ ഖത്വാബ്(റ) മാത്രം വന്നിരിക്കുന്നു. ബാക്കിയുള്ള പടവുകളിൽ ഒന്നിൽ കൂടുതലാളുകൾ വന്നിട്ടുണ്ട്. ഈ ഹദീസ് ഗരീബ് മുത് ലക്വിന് ഉദാഹരണമാണ്. ‘നബിﷺ തന്റെ ശിരസ്സിൽ ഇരുമ്പ് തൊപ്പി ധരിച്ച് മക്കയിൽ പ്രവേശിച്ചു’ എന്ന ഹദീസ് ഗരീബ് നിസബിക്ക് ഉദാഹരമാണ്. സുഹ് രിയിൽനിന്ന് ഈ ഹദീസ് ഇമാം മാലിക് (റഹി) മാത്രമാണുദ്ധരിക്കുന്നത്.
സ്വീകാര്യതയുടെ കാര്യത്തിൽ മുതവാതിറുകൾ പോലെയല്ല ആഹാദുകൾ. മുതവാതിറുകളുടെ ശ്രേണിയിൽ ധാരാളം പേരുണ്ട്. ഇത്രയധികമാളുകൾ ഒന്നിച്ച് കളവ് പറയില്ലെന്നുറപ്പാണ് എന്നിരിക്കെ, ഇസ് ലാമിക വിഷയങ്ങളിൽ പ്രമാണമാക്കാൻ അതിനോളം മറ്റൊന്നുമില്ല. എന്നാൽ ആഹാദുകളുടെ കാര്യമങ്ങനെയല്ല. ശ്രേണിയിൽ നിവേദകർ കുറവായതിനാൽ ഒരു വിഷയത്തിൽ അതിനെ പ്രമാണമാക്കണമെങ്കിൽ ആദ്യം അത് സ്വീകാരമാണോ അസ്വീകാര്യമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അതിനാൽ ഉലൂമുൽ ഹദീസിന്റെ (ഹദീസ് വിജ്ഞാനീയം) ചർച്ച ഭൂരിഭാഗവും ഈ മേഖലയിലാണ്.
ഇങ്ങനെ പരിശോധനാ വിധേയമാക്കി, കല്ലും നെല്ലും തിരിച്ച് കൃത്യത വരുത്തി സ്വീകരിക്കാൻ കൊള്ളാവുന്നവയ്ക്ക് സ്വഹീഹ് (صَحِيح) എന്നും കൊള്ളാത്തവയ്ക്ക് ദഈഫ് (ضَعِيف) എന്നും പറയുന്നു. അന്യൂനം, കുറ്റമറ്റത്, രോഗമുക്തം എന്നൊക്കെയാണ് സ്വഹീഹിന്റെ അർഥം. ‘ദുർബലം’ എന്നാണ് ദഈഫിന്റെ അർഥം.
ഒരു ഹദീസ് സ്വഹീഹാകാൻ 5 നിബന്ധനകളുണ്ട്. ഒന്ന്, ശ്രേണിയിലെ നിവേദകർ ഓരോരുത്തരും തന്റെ മുകളിലുള്ള നിവേദകനിൽനിന്ന് നേരിട്ട് ഹദീസ് സ്വീകരിച്ചിരിക്കണം. രണ്ട്, നിവേദകർ പ്രായപൂർത്തിയായവരും വിവേകമതികളും ധാർമികതക്കും മാന്യതക്കും കളങ്കമേൽക്കാത്തവരുമായ മുസ്‌ലിംകളായിരിക്കണം. മൂന്ന്, നിവേദകർ ഹദീസ് രേഖപ്പെടുത്തിയോ ഹൃദിസ്ഥമാക്കിയോ സൂക്ഷിക്കുന്ന കാര്യത്തിൽ കൃത്യനിഷ്ഠയും ജാഗ്രതയും ഉള്ളവരായിരിക്കണം. നാല്, ഒരു നിവേദകൻ തന്നെക്കാൾ പ്രാമാണികനായ ഒരു നിവേദകന്റെ ഹദീസിനോട് എതിരാവാതിരിക്കണം. അഞ്ച്, ഹദീസിന്റെ സാധുതയെ ബാധിക്കുന്ന മറ്റു ന്യൂനതയിൽ നിന്നും നിവേദനം മുക്തമായിരിക്കണം.
ഒരു ഹദീസ് സ്വഹീഹാണെന്ന് വിധിക്കപ്പെടുന്നത് ഈ അഞ്ച് നിബന്ധനകൾ പാലിക്കപ്പടുമ്പോഴാണ്. അങ്ങനെ വന്നാൽ ആ ഹദീസ് മതപരമായ വിധികൾക്ക് ആധാരമാക്കാനുള്ള പ്രമാണമായിത്തീരും. ഒരു മുസ്‌ലിം അത് ഒരിക്കലും അവഗണിക്കാൻ പാടില്ല.
സ്വീകാര്യമായ ഹദീസുകളുടെ കൂട്ടത്തിൽ ‘ഹസൻ’ (حَسَن) എന്ന ഒരു ഇനം കൂടിയുണ്ട്. മേൽ പറയപ്പെട്ട അഞ്ചെണ്ണത്തിൽ മൂന്നാമത് പറയപ്പെട്ട വ്യവസ്ഥയിൽ റിപ്പോർട്ടർമാർക്ക് അൽപം കുറവ് സംഭവിച്ചിരിക്കാം. അതായത് ഹദീസ് ഹൃദിസ്ഥമാക്കിയോ രേഖപ്പെടുത്തിയോ സൂക്ഷിക്കുന്നതിൽ സ്വഹീഹായ ഹദീസിന്റെ നിവേദകരോളം സൂക്ഷ്മതയും കൃത്യതയും പുലർത്തുന്നവരായിക്കില്ല ഹസന്റെ നിവേദകർ. പ്രാബല്യത്തിന്റെ വിഷയത്തിൽ സ്വഹീഹിന്റെ താഴെയാണ് ഹസനായ ഹദീസ് എങ്കിലും പ്രാമാണികതയുടെ കാര്യത്തിൽ സ്വഹീഹ് പോലെത്തന്നെയാണ് അവ.
ഹദീസ് നിവേദനത്തിന്റെ വിശ്വാസ്യത സംശയാസ്പദമായതാണ് തിരസ്‌കൃത ഹദീസുകൾ. സാമാന്യമായി ദഈഫായ ഹദീസുകൾ എന്ന് ഇവ പറയപ്പെടുന്നു. രണ്ടു കാരണങ്ങളാലാണ് ഹദീസുകൾ തെളിവിന് കൊള്ളാതെ വരിക. ഒന്ന്, ഹദീസ് ശ്രേണിയിലെ കണ്ണികൾ അറ്റുപോവുക. രണ്ട്, നിവേദകർക്ക് ഏതെങ്കിലും കുറ്റം കണ്ടെത്തുക.
കണ്ണികൾ അറ്റുപോകൽ
കണ്ണികൾ അറ്റുപോകുന്നത് ഒന്നോ അധിലധികമോ ആകാം. അതിനനുസരിച്ച് ഹദീസുകളുടെ പേരുകൾ മാറാം. അവ പ്രധാനമായും നാല് ഇനമാണ്: മുഅല്ലക്വ് (مُعَلَّق), മുർസൽ (مُرْسَل), മുഅ്ദൽ (مُعْضَل), മുൻ ക്യത്വിഅ് (مُنقَطِع).
നിവേദകപരമ്പരയുടെ ആദ്യഭാഗത്തുനിന്നും ഒന്നോ അധിലധികമോ റിപ്പോർട്ടർമാരെ ഒഴിവാക്കിയിട്ടുള്ളതാണ് മുഅല്ലക്വ്. നിവേദകരിലൊരാളെയും പരാമർശിക്കാതെ നബിﷺ പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ് ഇതിനുദാഹരണമാണ്. നിവേദകപരമ്പരയുടെ അവസാനഭാഗത്ത് താബിഇനു ശേഷം പരാമർശിക്കേണ്ട നിവേദകനെയോ നിവേദകരെയോ വിട്ടു കളഞ്ഞ ഹദീസാണ് മുർസൽ. സ്വഹാബിയെ പറയാതെ നബിﷺയിൽനിന്ന് ഒരു താബിഅ് ഹദീസ് ഉന്ധരിച്ചാൽ അത് മുർസലാണ്.
പരമ്പരയിൽനിന്ന് തുടർച്ചയായി രണ്ടോ അതിൽ കൂടുതലോ നിവേദകർ വിട്ടുപോയ ഹദീസുളാണ് മുഅ്ദൽ. ‘അബൂഹുറയ്‌റ(റ)യിൽ നിന്ന് ഇമാം മാലിക് ഉദ്ധരിച്ചു’ എന്നൊക്കെ പറയുന്ന ഹദീസുകൾ. അതായത്, ഇമാം മാലികിന്റെയും അബൂഹുറയ്‌റ(റ)യുടെയും ഇടയിൽ രണ്ട് കണ്ണികൾ അറ്റുപോയിട്ടുണ്ട് എന്നതാണ് ഹദീസ് മുഅ്ദലാകാൻ കാരണം.
കണ്ണിയറ്റു പോയ സകല ഹദീസുകൾക്കും സാമാന്യമായി മുൻഖത്വിഅ് എന്ന് പറയാം. അക്കാരണത്താൽ മുഅല്ലഖും മുർസലും മുഅ്ദലും മുൻകത്വിഅ് തന്നെയാണ്. എന്നാൽ മുഅല്ലക്വിന്റെയും മുർസലിന്റെയും മുഅ്ദലിന്റെയും നിർവചന പരിധിയിൽ വരാത്തവിധം കണ്ണികൾ തുടക്കത്തിൽനിന്നോ ഒടുക്കത്തിൽ നിന്നോ ഇടയിൽ നിന്നോ ആയി പലയിടങ്ങളിലായി അറ്റുപോകുമ്പോഴാണ് മുൻകത്വിഅ് എന്ന് പേര് വന്നു ചേരുന്നത്.
കുറ്റമറ്റതാകൽ
ഹദീസ് നിവേദകന്മാർ കുറ്റമറ്റവരാകണം എന്ന നിബന്ധന സ്വഹീഹായ ഹദീസുകൾക്ക് ഉണ്ടായിരിക്കൽ നിർബന്ധമാണ്. അല്ലാതിരുന്നാൽ ആ ഹദീസ് തള്ളപ്പെടുന്നതാണ്. റിപ്പോർട്ടർമാർക്കുള്ള കുറ്റങ്ങൾ പലതാണ്. അത് സ്വഭാവപരമായതാകാം. കളവ് പറയുക, കളവുപറയുന്നവനായി ആരോപണമുള്ളവനാവുക, അധാർമികതയുള്ളവനാകുക, അനാചാരബന്ധമുള്ളവനാവുക, നിവേദകൻ അജ്ഞാതനാവുക...ഇതൊക്കെ സ്വഭാവസംബന്ധമായ ദോഷങ്ങളാണ്. സ്വഭാവ സംബന്ധമല്ലെങ്കിലും ഹദീസുകൾ ഉദ്ധരിക്കുമ്പോഴുണ്ടാകുന്ന ദോഷങ്ങളും റാവിമാരുടെ വലിയ കുറ്റമായിരിക്കും. ഹദീസ് ഉദ്ധരിക്കുമ്പോൾ ഗുരുതരമായ അബദ്ധങ്ങൾ സംഭവിക്കുക, മനഃപാഠ വൈകല്യം, അശ്രദ്ധ, ധാരണപ്പിശകുകളുടെ ആധിക്യം, പ്രാമാണികരോടുള്ള വിയോജിപ്പ്... ഇതൊക്കെ ഹദീസിന്റെ ന്യൂനതകളാണ്.
നബിﷺയുടെ പേരിൽ കളവ് പറഞ്ഞതാണ് ഒരു നിവേദകന്റെ അയോഗ്യതക്ക് കാരണമെങ്കിൽ അയാളുദ്ധരിക്കുന്ന ഹദീസാണ് മൗദൂഅ് (مَوْضُوع) അഥവാ കൽപിതം. നബിﷺയുടെ പേരിൽ കെട്ടിച്ചമച്ചതാണ് അത്തരം ഹദീസുകൾ. തനി വ്യാജം. പണ്ഡിതന്മാരിൽ ചിലർ ഇതിനെ ഹദീസുകളുടെ പരിധിയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്. മൗദൂആണെന്ന് ബോധ്യപ്പെട്ട ഒരു ഹദീസ് ഉദ്ധരിക്കൽ നിഷിദ്ധമാണ് എന്നകാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്.
കളവ് പറയുന്നവനെന്ന ആരോപണമാണ് ഒരു നിവേദകന്റെ അയോഗ്യതക്ക് കാരണമെങ്കിൽ അയാൾ ഉദ്ധരിക്കുന്ന ഹദീസുകൾ മത്‌റൂക് (مَتْرُوك) അഥവാ ‘വർജ്യം’ എന്ന് അറിയപ്പെടുന്നു. അതായത്, നിവേദകപരമ്പരയിൽ വ്യാജാരോപിതനായ റിപ്പോർട്ടറുള്ള ഹദീസ്. വ്യാജാരോപണത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: ഒന്ന്, ഒരു വ്യക്തി ഒരു ഹദീസ് ഉദ്ധരിച്ചു, അതാകട്ടെ അയാൾ മാത്രമാണ് ഉദ്ധരിച്ചിട്ടുള്ളത്. മാത്രമല്ല, മതത്തിന്റെ പൊതുതത്ത്വങ്ങൾക്ക് വിപരീതമായി വരികയും ചെയ്യുക. രണ്ട്, നബിﷺയുടെ പേരിൽ കളവ് പറയാറില്ലെങ്കിലും സാധാരണ സംസാരങ്ങളിൽ നിറയെ കളവ് പറയുക. ഹദീസിന്റെ ഉള്ളടക്കം എത്ര നന്നായിരുന്നാലും സനദിൽ, കളവ് പറയൽ ശീലമാക്കിയ ഒരു വ്യക്തിയുണ്ടെങ്കിൽ അത്തരം ഹദീസുകൾ മത്‌റൂകിൽ ഉൾപ്പെടുന്നു.
ഗുരുതരമായ വീഴ്ച, തികഞ്ഞ അശ്രദ്ധ, ധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികൾ ഇത്യാദി കാരണങ്ങളാൽ ആക്ഷേപിക്കപ്പെടുന്ന റാവിമാർ ഹദീസിന്റെ ശ്രേണിയിലുണ്ടെങ്കിൽ അത്തരം ഹദീസുകളാണ് മുൻകർ (مُنكَر). പ്രാമാണികരായവർ ഉദ്ധരിച്ചിട്ടുള്ള ഹദീസിന് നേർവിപരീതമായി ദുർബലനായ ഒരു വ്യക്തി ഉദ്ധരിച്ചിട്ടുള്ള ഹദീസുകളെയും മുൻകറായി പണ്ഡിതന്മാർ കണക്കാക്കിയിട്ടുണ്ട്.
ഇനി, ധാരണപ്പിശകു (വഹ്‌മ്)കളാണ് ഒരു നിവേദകന്റെ അയോഗ്യതക്ക് കാരണമെങ്കിൽ അയാളുദ്ധരിക്കുന്ന ഹദീസാണ് മുഅല്ലൽ (مُعَلَّل) അഥവാ വികലം. ഇത്തരം ഹദീസുകളുടെ ബാഹ്യരൂപം ചിലപ്പോൾ കുറ്റമറ്റതായിരിക്കാം. പക്ഷേ, അതിന്റെ സാധുതയെ ദോഷകരമായി ബാധിക്കുന്ന എന്തൊക്കെയോ നിഗൂഢതകളുള്ള വൈകല്യങ്ങൾ കണ്ടെത്തിയിട്ടുള്ളതാണ് മുഅല്ലലായ ഹദീസുകൾ. ഇത്തരം വൈകല്യങ്ങളാണ് ഇല്ലത്ത് (عِلَّة) എന്നറിയപ്പെടുന്നത്.
ഇല്ലത്തുകൾ കണ്ടെത്തൽ ഹദീസ് നിദാനശാസ്ത്രത്തിലെ അതിസൂക്ഷ്മമായ വശമാണ്. ഹദീസുകളുമായി ദീർഘനാൾ നിരന്തര ബന്ധം വെച്ചുപുലർത്തി ജീവിച്ചിട്ടുള്ള പരിണത പ്രജ്ഞരായിട്ടുള്ള പണ്ഡിത മഹത്തുക്കൾക്കേ ഈ ന്യൂനതകൾ കണ്ടെത്താനാകുകയുള്ളൂ.
(തുടരും)
