മുഹമ്മദ് നബിﷺ: സ്വഭാവവും വ്യക്തിത്വവും
സലീം പട്‌ല
2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26

സ്വജീവിതം കൊണ്ട് വിശുദ്ധ ക്വുർആനിന് ആധികാരികവും പ്രായോഗികവുമായ വ്യാഖ്യാനം രചിക്കാനും അന്ത്യനാളു വരെയുള്ള മനുഷ്യർക്ക് മാതൃകയാവാനും സൽസ്വഭാവത്തിന്റെ പൂർത്തീകരണത്തിനുമായി അല്ലാഹു നിയോഗിച്ച അന്തിമദൂതനാണ് മുഹമ്മദ് നബിﷺ.
‘നിശ്ചയമായും നീ മഹത്തായ സ്വഭാവത്തിലാകുന്നു’ (68:4) എന്ന് സർവലോക രക്ഷിതാവായ അല്ലാഹു വിശുദ്ധ ക്വുർആനിലൂടെ സ്വഭാവ സാക്ഷ്യപത്രം നൽകി അനുഗ്രഹിച്ച മുഹമ്മദ് നബിﷺയുടെ സ്വഭാവസവിശേഷതകൾ പത്‌നിമാരും അനുചരന്മാരും നമുക്ക് പറഞ്ഞുതരുന്നുണ്ട്.
നബിﷺയെ അറിയാനും അനുധാവനം ചെയ്യുവാനും അതുവഴി ഇഹലോകത്ത് സമാധാനവും പരലോകത്ത് ശാശ്വത രക്ഷയും ലഭിക്കാനും ആഗ്രഹിക്കുന്ന സത്യാന്വേഷികളായ സഹോദരങ്ങൾക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്തുകൊണ്ട് മുഹമ്മദ് നബിﷺ ഇത്രയധികം സ്‌നേഹിക്കപ്പെടുന്നു, എന്ന് സംശയിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണിത്.
തൗറാത്തിലെ നബിവിശേഷണങ്ങൾ
അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്വ്(റ) നിവേദനം: അല്ലാഹുവിന്റെ റസൂലിﷺന്റെ വിശേഷണത്തെക്കുറിച്ച് തൗറാത്തിൽ പറഞ്ഞതെന്തെന്ന് ചോദിച്ചപ്പോൾ നബിﷺയോട് പറഞ്ഞതിങ്ങനെയായിരുന്നു: അല്ലാഹുവാണെ സത്യം! ക്വുർആനിൽ പറയപ്പെട്ട ചില വിശേഷണങ്ങൾ തൗറാത്തിലുമുണ്ട്; ‘പ്രവാചകരേ, താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് സാക്ഷിയായും സുവാർത്തയറിയിക്കുന്നവനായും താക്കീത് നൽകുന്നവനായും നിരക്ഷരർക്ക് സംരക്ഷകനുമായിട്ടാണ്. നീ എന്റെ ദാസനും ദൂതനുമാണ്. മുതവക്കിൽ (അല്ലാഹുവിൽ ഭരമേൽപിക്കുന്നവൻ) എന്ന് നാം നിനക്ക് പേര് നൽകി. നീ ദുഃസ്വഭാവിയോ കഠിനഹൃദയനോ അല്ല. അങ്ങാടിയിൽ ബഹളമുണ്ടാക്കുന്നവനല്ല. തിന്മയെ തിന്മകൊണ്ട് തടുക്കുന്നവനല്ല. വിട്ടുവീഴ്ച ചെയ്യുന്നവനും മാപ്പ് നൽകുന്നവനുമാണ്...’’ (ബുഖാരി).
സത്യവിശ്വാസികളുടെ ഉമ്മയും നബിﷺയുടെ പ്രിയ പത്‌നിയുമായ ആഇശ(റ) നബി(സ)യുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞത് ‘നിശ്ചയം, നബിﷺയുടെ സ്വഭാവം ക്വുർആനായിരുന്നു’ (മുസ്‌ലിം) എന്നാണ്.
ആഇശ(റ) പറയുന്നു: “റസൂൽﷺ അസഭ്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളിൽ ബഹളമുണ്ടാക്കുകയോ തിന്മകൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. വിട്ടുവീഴ്ചയും വിശാലമനസ്‌കതയും കാണിച്ചിരുന്നു.’’
വ്യക്തിപരമായ കാര്യങ്ങൾക്ക്, അതായത് നബിﷺയെ ആരെങ്കിലും ഉപദ്രവിച്ചാൽ, ഒരിക്കലും അയാളോട് പ്രതികാരം ചെയ്തിരുന്നില്ല; അല്ലാഹു പവിത്രമാക്കിയതിനെ വല്ലവനും അനാദരിച്ചാലല്ലാതെ. അതിന്റെ പേരിൽ രോഷം കൊള്ളുകയും അല്ലാഹുവിന് വേണ്ടി പ്രതികാര നടപടിയെടുക്കുകയും ചെയ്യുമായിരുന്നു. റസൂൽ ഒരു സ്ത്രീയേയോ ഒരു ഭൃത്യനെയോ ഒരിക്കലും അടിച്ചിട്ടില്ല (ബുഖാരി, മുസ്‌ലിം, തിർമിദി).
നബിﷺയുടെ ഉന്നതമായ സ്വഭാവത്തെക്കുറിച്ച് പ്രിയ സ്വഹാബിയായ അനസ്(റ) പറയുന്നു: “നബിﷺ മദീനയിൽ വന്നപ്പോൾ അബൂത്വൽഹ, കുട്ടിയായിരുന്ന എന്റെ കൈ പിടിച്ചുകൊണ്ട് നബിﷺയെ ഏൽപിച്ചു. അങ്ങനെ നബിﷺയുടെ കൂടെ ജീവിച്ചു. ഞാൻ നബിﷺയെ നാട്ടിലും യാത്രയിലും സേവിച്ചു. അല്ലാഹുവാണെ, അവിടുന്ന് ഒരിക്കൽ പോലും എന്നോട് ‘ഛെ’ എന്നോ, നീ എന്തിനിത് ചെയ്തു, നിനക്ക് ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നോ എന്നോട് പറഞ്ഞിട്ടില്ല’’ (ബുഖാരി, മുസ്‌ലിം).
അനസ്(റ) പറയുന്നു: “ഞാൻ ഒരിക്കൽ നബിﷺയോടൊപ്പം നടക്കുകയായിരുന്നു. നജ്‌റാനിൽ നെയ്തുണ്ടാക്കിയ പരുപരുത്ത, വക്ക് കട്ടിയുള്ള ഒരു തട്ടം നബിﷺയുടെ കഴുത്തിലുണ്ട്. അപ്പോൾ ഒരു ഗ്രാമീണൻ നബിﷺയുടെ തട്ടം ശക്തിയായി പിടിച്ചു വലിച്ചു. വലിയുടെ ശക്തിയിൽ തട്ടത്തിന്റെ പരുപരുത്ത ഭാഗം നബിﷺയുടെ കഴുത്തിൽ അടയാളമുണ്ടാക്കിയിരിക്കുന്നു. എന്നിട്ടയാൾ പറഞ്ഞു: ‘നിന്റെ കയ്യിലുള്ള ധനത്തിൽ നിന്നും എനിക്ക് അൽപം തരാൻ കൽപിക്കുക.’ അപ്പോൾ നബിﷺ അയാളുടെ നേരെ തിരിഞ്ഞ് ഒന്ന് പുഞ്ചിരിച്ചു! ശേഷം അയാൾക്ക് അൽപം ദാനം കൊടുക്കാൻ കൽപിക്കുകയും ചെയ്ത’’ (ബുഖാരി, മുസ്‌ലിം).
അനസ്(റ) പറയുന്നു: “നബിﷺ ജനങ്ങളിൽവെച്ച് ഏറ്റവും ഉത്തമനും ധീരനുമായിരുന്നു’’ (ബുഖാരി മുസ്‌ലിം).
വിട്ടുവീഴ്ചയും മാപ്പു നൽകലും
പ്രതികാരം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് നബിﷺയുടെ അടുക്കൽ സമർപ്പിക്കപ്പെട്ട കേസുകളിലൊന്നും അവിടുന്ന് വിട്ടുവീഴ്ച ചെയ്യാൻ നിർദേശിക്കാത്ത നിലക്ക് ഞാൻ ഒരിക്കലും കണ്ടിട്ടില്ല എന്ന് അനസ്(റ) പറയുന്നുണ്ട്. (അബൂദാവൂദ്).
നബിയോട് ഒരാൾ തന്റെ ബന്ധുവിനെ പറ്റി പറഞ്ഞു: “ഞാൻ അവരുമായി ബന്ധം ചേർക്കുന്നു. അവർ ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്നു. അവർ എന്നോട് തിന്മചെയ്യുന്നു. ഞാൻ അവരോട് നല്ലനിലയിൽ പെരുമാറുന്നു അവരാകട്ടെ വളരെ മോശമായും.’ അദ്ദേഹത്തോട് തിരുദൂതർﷺ പറഞ്ഞു: ‘നീ അങ്ങനെയായിരിക്കുന്ന കാലത്തോളം അവർക്കെതിരിൽ നിനക്ക് അല്ലാഹുവിൽനിന്ന് ഒരു സഹായിയുണ്ടാവും’’ (മുസ്‌ലിം).
ബഹുദൈവ വിശ്വാസികൾക്കെതിരെ പ്രാർഥിക്കണെമെന്ന് ആരോ പറഞ്ഞപ്പോൾ, ഞാൻ ശപിക്കുവാനായിട്ടല്ല; കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നതെന്നാണ് നബിﷺ പറഞ്ഞത് (മുസ്‌ലിം).
ദൗസ് ഗോത്രത്തിനെതിരെ പ്രാർഥിക്കാൻ പറഞ്ഞപ്പോൾ ‘അല്ലാഹുവേ, നീ ദൗസ് ഗോത്രത്തെ നേർവഴിയിലാക്കേണമേ. അവരെ(സത്യത്തിൽ) വരുത്തേണമേ’ എന്നായിരുന്നു നബിﷺയുടെ പ്രാർഥന (ബുഖാരി).
ക്രൂരമായി ഉപദ്രവിച്ച ത്വാഇഫിലെ ജനത നശിക്കണമെന്നല്ല നബിﷺ ആഗ്രഹിച്ചത്; ഏകദൈവ വിശ്വാസികളുടെ സന്തതിപരമ്പര അവരിൽനിന്ന് ജനിച്ച് വരണമെന്നായിരുന്നു (ബുഖാരി, മുസ്‌ലിം).
നാട്ടുകാരടെ മർദനത്താൽ മുഖത്തുനിന്ന് രക്തം വന്നപ്പോൾ അത് തുടച്ചുകൊണ്ട് ‘അല്ലാഹുവേ, എന്റെ ജനങ്ങൾക്ക് നീ പൊറുത്തുകൊടുക്കേണമേ. അവർ അറിവില്ലാത്തവരാകുന്നു’ എന്ന് പ്രാർഥിച്ച ഒരു മഹാപ്രവാചകന്റെ കഥ പറഞ്ഞുകൊണ്ടാണ് നബിﷺ സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും വെറുപ്പില്ലായ്മയുടെയും പാഠങ്ങൾ അനുയായികളെ പഠിപ്പിച്ചത് (ബുഖാരി).

‘നിങ്ങൾ കരുണ കാണിക്കുക, നിങ്ങൾക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കും,’ ‘നിങ്ങൾ മനുഷ്യർക്ക് മാപ്പുകൊടുക്കുക, നിങ്ങൾക്ക് അല്ലാഹു മാപ്പു തരും,’ ‘ബന്ധം മുറിച്ചവരോട് ബന്ധം ചേർക്കുക,’ ‘നന്മ തടഞ്ഞവർക്ക് നന്മ ചെയ്യുക’ എന്നിങ്ങനെ നബിﷺ വിശ്വാസികളെ പഠിപ്പിച്ചതായി കാണാം.
ശത്രുരാജ്യത്തിന്റെ പടത്തലവനായിരുന്ന സുമാമ തിരുനബിﷺയുടെ സ്വഭാവ സവിശേഷത നേരിട്ടനുഭവിച്ച് ശഹാദത്ത് ചൊല്ലിയ ശേഷം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘മുഹമ്മദ്! ഈ ലോകത്ത് എനിക്ക് താങ്കളുടെ മുഖത്തോളം വെറുപ്പുള്ള മറ്റൊരു മുഖവുമുണ്ടായിരുന്നില്ല. എന്നാൽ എനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ട മുഖം അങ്ങയുടെതാണ്...’’ (ബുഖാരി, മുസ്‌ലിം).
വ്യത്യസ്ത സ്വഭാവക്കാരോടുള്ള ഇടപെടലുകൾ
അംറ്ബ്‌നുആസ്(റ) പറയുന്നു: “ജനങ്ങളിൽ ഏറ്റവും ദുഷ്ടരായ ആളുകളോടു പോലും സംസാരിക്കുമ്പോൾ അവരെ ഇണക്കിയെടുക്കാൻ വേണ്ടി അവർക്കഭിമുഖമായി റസൂൽ ﷺ ഇരിക്കുമായിരുന്നു’’ (തിർമിദി).
എന്നെ വ്യഭിചരിക്കാൻ അനുവദിക്കണെമെന്നു പറഞ്ഞ് സമീപിച്ച യുവാവിനെ വിളിച്ചിരുത്തി ശാന്തമായി, വ്യഭിചാരത്തിന് സമീപിക്കുന്ന ഏതൊരു സ്ത്രീയും ആരുടെയെങ്കിലും മാതാവ്/മകൾ പെങ്ങൾ/മാതൃസഹോദരി/പിതൃസഹോദരി... ഇവരിൽ ആരെങ്കിലുമായിക്കുമെന്ന് പഠിപ്പിച്ചു കൊടുക്കുകയും ശേഷം യുവാവിന്റെ തലയിൽ കൈ വെച്ചുകൊണ്ട് പ്രാർഥിക്കുകയുമാണ് നബിﷺ ചെയ്തത്. പിന്നീട് അയാളിൽ ദുഷിച്ച ചിന്തയും വ്യഭിചാരാസക്തിയും ഉണ്ടായിട്ടില്ല എന്നതാണ് ചരിത്രം! തിന്മയെ നന്മകൊണ്ട് എങ്ങനെ നേരിടാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നബിജീവതത്തിലെ ഈ സംഭവം (അഹ്‌മദ്, ത്വബ്‌റാനി).
സ്വഭാവ വിശുദ്ധിയുടെ മഹാമാതൃകകൾ
നബിﷺ ചീത്ത പറയുകയോ അശ്ലീലം പറയുകയോ ശപിക്കുകയോ ചെയ്യുന്ന ആളല്ലായിരുന്നു. ഞങ്ങൾ ആരെയെങ്കിലും അധിക്ഷേപിക്കുമ്പോൾ അവിടുന്ന് ‘അവനെന്തു പറ്റി? അവന്റെ നെറ്റിയിൽ മണ്ണ് പുരളട്ടെ’ എന്ന് പറയുമായിരുന്നു (ബുഖാരി).
നബിﷺ ആരെയും കുറ്റം പറഞ്ഞിരുന്നില്ല. അത് കേൾക്കാനും ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ അനുചരന്മാരിൽ ഒരാളെക്കുറിച്ചുള്ള ഒരു കാര്യവും (കുറ്റവും കുറവും) ആരും എന്നോട് പറയേണ്ടതില്ല. നിർമലവും സുരക്ഷിതവുമായ ഹൃദയത്തോടെ നിങ്ങൾക്കിടയിലേക്ക് ഇറങ്ങിവരാനാണ് ഞാനാഗ്രഹിക്കുന്നത് എന്നാണ് നബിﷺ പറഞ്ഞിരുന്നത്. ആരെയെങ്കിലും കുറിച്ച് വല്ലതും പറയപ്പെട്ടാൽ, എന്തുകൊണ്ടാണ് ഈ വ്യക്തി അങ്ങനെ പറഞ്ഞത്/ചെയ്തത് എന്നിങ്ങനെ ആ വ്യക്തിയെ സൂചിപ്പിച്ച് അവിടുന്ന് പ്രതികരിക്കാറില്ലായിരുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ എന്ന് പൊതുവായിട്ടായിരുന്നു അവിടുന്ന് പറഞ്ഞിരുന്നത് (തിർമിദി).
പരദൂഷണത്തിന്റെ ഗൗരവത്തോടൊപ്പം പരദൂഷണമെന്തെന്ന് കൂടി പഠിപ്പിച്ചു. നബിﷺ പറഞ്ഞു: “നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ നീ അവനെക്കുറിച്ച് പരദൂഷണം പറഞ്ഞു. അത് അവനിൽ ഇല്ലെങ്കിൽ നീ അവനെക്കുറിച്ച് കളവ് പറഞ്ഞു’’ (മുസ്‌ലിം).
ഒരു ഭക്ഷണത്തെയും നബിﷺകുറ്റം പറയാറില്ലായിരുന്നു. ഇഷ്ടപ്പെട്ടാൽ കഴിക്കും, ഇല്ലെങ്കിൽ വേണ്ടെന്ന് വെക്കും. ഇതായിരുന്നു നബിയുടെ രീതി (ബുഖാരി).
‘നബിﷺയെക്കാൾ പുഞ്ചിരിക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. റസൂലിﷺന്റെ ചിരി പുഞ്ചിരി മാത്രമായിരുന്നു’ എന്ന് സ്വഹാബികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് (തിർമിദി).
‘പുഞ്ചിരിച്ചുകൊണ്ടല്ലാതെ അവിടുന്ന് എന്നെ എതിരേറ്റിട്ടില്ല’ എന്ന് ജരീർ(റ) പറയുന്നുണ്ട് (ബുഖാരി, മുസ്‌ലിം).
‘നീ നന്മയിൽനിന്നും യാതൊന്നും നിസ്സാരമായി കാണരുത്; പുഞ്ചിരിക്കുന്ന മുഖത്തോട് കൂടി നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നത് പോലും നന്മയാണ്’ എന്ന് നബിﷺ പറഞ്ഞിട്ടുണ്ട് (മുസ്‌ലിം).
സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്തുകൊണ്ട് സ്‌നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ നബിﷺ പ്രത്യേകം ശ്രദ്ധിച്ചിരുന്നെന്ന് ആഇശ(റ) പറയുന്നുണ്ട് (ബുഖാരി).
അബൂമൂസൽ അശ്അരി(റ) പറയുന്നു: “നബി ﷺ എന്തെങ്കിലും കാര്യത്തിന് സ്വഹാബിളെ അയക്കുമ്പോൾ അവരോട് ഇങ്ങനെ പറയുമായിരുന്നു: ‘നിങ്ങൾ സന്തോഷിപ്പിക്കുക; അകറ്റരുത്. എളുപ്പമുണ്ടാക്കുക; പ്രയാസമുണ്ടാക്കരുത്. ആശ്വാസം പകരുക; ഞെരുക്കമുണ്ടാക്കരുത്’’ (മുസ്‌ലിം).
പള്ളിയിൽ മൂത്രമൊഴിച്ച ഗ്രാമീണ അറബിയോട് പരുഷമായി പെരുമാറിയ അനുയായികളോട് നബിﷺ പറഞ്ഞതും കൽപിച്ചതും ഇങ്ങനെയാണ്:
‘നിങ്ങളദ്ദേഹത്തെ വിട്ടേക്കുക. അയാൾ മൂത്രമൊഴിച്ചേടത്ത് ഒരു ബക്കറ്റ് വെള്ളം ഒഴിച്ചേക്കൂ. നിങ്ങൾ എളുപ്പമാക്കുന്നവരാകണം; പ്രയാസമുണ്ടാക്കുന്നവരല്ല.’
മൂത്രമൊഴിച്ചു കഴിഞ്ഞ ഗ്രാമീണനെ അടുത്ത് വിളിച്ചു സൗമ്യതയോടെ നബിﷺ ഇങ്ങനെ പറഞ്ഞു: ‘ഈ പള്ളിയിൽ മൂത്രമൊഴിക്കുകയോ, മലിനമാക്കുന്ന മറ്റെന്തെങ്കിലും ചെയ്യാനോ പാടില്ല. ഇത് അല്ലാഹുവിന് സ്തുതി കീർത്തനങ്ങൾ നടത്താനും ക്വുർആൻ പാരായണം ചെയ്യാനുമുള്ളതാണ്...’ (ബുഖാരി)
പാവങ്ങളുടെ പ്രവാചകൻ
നബി(സ)പാവങ്ങളുടെ സംരക്ഷകനും പരോപകാരിയുമായിരുന്നു. തന്റെ കൂടെ ഭക്ഷിക്കാൻ ഒരു പാവപ്പെട്ടവനെ കൊണ്ടുവരാതെ നബിﷺ ഭക്ഷണം കഴിക്കുക പതിവില്ലായിരുന്നു (ബുഖാരി).
ആദ്യമായി വഹ്‌യ് ലഭിച്ചപ്പോൾ ഹിറാ ഗുഹയിൽനിന്ന് ഭയന്നു വിറച്ച് ഓടിവന്ന നബിﷺയെ ആശ്വസിപ്പിച്ചുകൊണ്ട് പ്രിയ പത്‌നി ഖദീജ(റ) പറഞ്ഞതിങ്ങനെയാണ്:
“ഇല്ല, ഒരിക്കലുമില്ല; അല്ലാഹുവാണെ സത്യം! അവനൊരിക്കലും താങ്കളെ കൈവെടിയുകയില്ല. (കാരണം) താങ്കൾ കുടുംബബന്ധം പുലർത്തുന്നവനും ആലംബഹീനരുടെ ഭാരം ചുമക്കുന്നവനും അഗതികൾക്ക് (അർഹതപ്പെട്ടത്) നേടിക്കൊടുക്കുന്നവനും അതിഥികളെ സൽക്കരിക്കുന്നവനും ദുരിതബാധിതരെ സഹായിക്കുന്നവനുമാകുന്നു..’’(ബുഖാരി).
പാവപ്പെട്ടവരെ രോഗാവസ്ഥയിൽ സന്ദർശിക്കുകയും അവരെക്കുറിച്ച് അന്വേഷിച്ചറിയുകയും ചെയ്തിരുന്ന ആളായിരുന്നു അവിടുന്ന്. (നസാഇ, മൂവത്വ).
‘നിങ്ങൾ എന്നെ പാവങ്ങൾക്കിടയിൽ അന്വേഷിക്കുക, ദരിദ്രർ കാരണമാണ് നിങ്ങൾക്ക് ഭക്ഷണം നൽകപ്പെടുന്നതും സഹായം ലഭിക്കപ്പെടുന്നതും’ എന്ന് നബിﷺ പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്).
നബിﷺ രോഗികളെ സന്ദർശിക്കുകയും മയ്യിത്തിനെ അനുഗമിക്കുകയും അടിമകളുടെ ക്ഷണം സ്വീകരിക്കുകയും കഴുതപ്പുറത്ത് യാത്ര ചെയ്യുകയും ചെയ്തിരുന്നു (ഇബ്‌നുമാജ, ബൈഹഖി).
മാത്രമല്ല, നബിﷺ ഒരു രോഗിയെ സന്ദർശിച്ചാൽ നീ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്ന് അയാളോട് ചോദിക്കുകയും നിറവേറ്റിക്കൊടുത്താൽ രോഗിക്ക് ഉപദ്രവകരമല്ലെങ്കിൽ അത് ചെയ്തു കൊടുക്കുകയും ചെയ്യുമായിരുന്നു (തിർമിദി).
(അവസാനിച്ചില്ല)
