മുഹമ്മദ് നബിﷺ: സ്വഭാവവും വ്യക്തിത്വവും - 02
സലീം പട്‌ല
2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

ലജ്ജയും മാന്യതയും
ലജ്ജയും മര്യാദയും മാന്യതയും എപ്പോഴും നബിﷺ കാത്തുസൂക്ഷിച്ചിരുന്നു. അവിടുന്ന് ഒരു കാര്യം വെറുത്താൽ അവിടുത്തെ മുഖത്തുനിന്ന് ഞങ്ങളത് അറിയുമെന്ന് സ്വഹാബികൾ പറയുന്നുണ്ട് (മുസ്‌ലിം).
നബിﷺ ഏതെങ്കിലും വീടിന്റെ വാതിലിനടുത്തെത്തിയാൽ വാതിലിന്റെ നേരെനിൽക്കുമായിരുന്നില്ല. വലതുഭാഗത്തോ ഇടതുഭാഗത്തോ ആയിരിക്കും നിൽക്കുക (അബൂദാവൂദ്). അത്രയധികം മാന്യനായിരുന്നു റസൂൽﷺ.
സ്വഭാവം പോലെ സൗന്ദര്യവും
ബറാഅ്(റ) പറയുന്നു: ‘നബിﷺ ജനങ്ങളിൽവെച്ച് ഏറ്റവും മുഖ സൗന്ദര്യമുള്ളവരും സൽസ്വഭാവിയുമായിരുന്നു...’ (ബുഖാരി മുസ്‌ലിം).
വിനയയും ലാളിത്യവും
അനസ്(റ) പറയുന്നു: “റസൂലിﷺനെക്കാൾ പ്രിയപ്പെട്ടവരായി മറ്റാരെയും ഞങ്ങൾ കണ്ടിരുന്നില്ല. എന്നാൽ അദ്ദേഹത്തെ കാണുമ്പോൾ അവർ എഴുന്നേറ്റു നിൽക്കുമായിരുന്നില്ല. കാരണം അദ്ദേഹത്തിന് അതിഷ്ടമല്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു’’ (തിർമിദി).
നബിﷺ ആരെയെങ്കിലും ഹസ്തദാനം ചെയ്താൽ അയാൾ കൈ വിട്ടാലല്ലാതെ അവിടുന്ന് ആദ്യം കൈ വിട്ടിരുന്നില്ല. അയാൾ തിരിഞ്ഞ് പോവുകയല്ലാതെ അവിടുന്ന് ആദ്യം അയാളിൽ നിന്ന് മുഖം തിരിക്കുമായിരുന്നില്ല. കൂടെയിരിക്കുന്ന ആളെക്കാൾ കാൽമുട്ടുകൾ മുന്നോട്ട് വെക്കാതിരിക്കാൻ അവിടുന്നു ശ്രദ്ധിച്ചിരുന്നു. (തിർമിദി)
നബിﷺ വീട്ടുജോലികളിൽ ഭാര്യമാരെ സഹായിക്കുമായിരുന്നു എന്നും നമസ്‌കാരത്തിന് സമയമായാൽ ജോലിനിർത്തി നമസ്‌കാരത്തിന്നായി പുറപ്പെടുമായിരുന്നുവെന്നും പത്‌നി ആഇശ(റ) പറയുന്നുണ്ട് (ബുഖാരി).
അനുയായികളെ കൽപ്പിക്കുകയല്ല അവർക്കൊപ്പം കൂടി പണിയെടുക്കുകയായിരുന്നു.ഖൻന്തഖ് യുദ്ധദിവസം കിടങ്ങ് കുഴിക്കാൻ റസൂൽﷺ മണൽ നീക്കുന്നതായി ഞാൻ കണ്ടു. അവിടുത്തെ വയറിന്റെ വെളുപ്പിനെ മണൽ മൂടിയിട്ടുണ്ടായിരുന്നു എന്ന് ബർറാഅ്(റ) പറയുന്നുണ്ട് (ബുഖാരി, മുസ്‌ലിം)
മദീന താമസഘട്ടത്തിലെ പള്ളിനിർമാണവേളയിൽ സ്വഹാബികളായിരുന്നു പാട്ടുപാടി കല്ലുകൾ ചുമന്നിരുന്നത്. നബിﷺയും അവരെപ്പോലെ പാട്ടുപാടി ജോലി ചെയ്തുകൊണ്ടിരുന്നതും അനസ്(റ) അനുസ്മരിക്കുന്നുണ്ട്. (ബുഖാരി, മുസ്‌ലിം).
അമുസ്‌ലിംകളോടുള്ള സമീപനം
അമുസ്‌ലിംകളുമായി നബിﷺ മരണം വരെ നല്ലബന്ധം കാത്തുസൂക്ഷിച്ചിരുന്നു. നബിﷺയെ അമുസ്‌ലിംകൾ വിരുന്നിന് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തതായി വ്യത്യസ്ത ഹദീസുകളിൽ വന്നിട്ടുണ്ട്. അവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ ഉദാഹരണമാണ് മരണസമയത്ത് ജൂതന്റെ അടുത്ത് പടയങ്കി പണയം വെച്ചുകൊണ്ട്ഗോതമ്പ് വാങ്ങിയ സംഭവം (ബുഖാരി).
ജൂതന്റെ മൃതദേഹം കൊണ്ടുപോകുമ്പോൾ എഴുന്നേറ്റുനിന്ന് ബഹുമാനം കാണിച്ച (ബുഖാരി, മുസ്‌ലിം) നബിﷺ ‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ല’ (ത്വബ്‌റാനി) എന്നു പറഞ്ഞിട്ടുണ്ട്. അവിടെ അയൽവാസിയുടെ മതം നോക്കണമെന്ന് പറഞ്ഞിട്ടില്ല.
നബിﷺയുടെ പലായന (ഹിജ്‌റ) വേളയിൽ വഴികാട്ടിയായി കൂടെയുണ്ടായിരുന്നത് മുസ്‌ലിമല്ലാത്ത ഒരാളായിരുന്നു. നബിﷺയും ഏതാനും അനുചരന്മാരും ഒരു യാത്രാമധ്യെ ഒരു വിധവയെയും അനാഥക്കുഞ്ഞുങ്ങളെയും ഭക്ഷണം നൽകി സഹായിച്ച സംഭവമുണ്ട്. നബി ﷺക്ക് വെളിപ്പെട്ട മുഅ്ജിസത്തിലൂടെ ഭക്ഷണം അധികരിക്കുന്ന അത്ഭുതം സംഭവിച്ചത് ആ സ്ത്രീ പീന്നീട് തന്റെ ഗോത്രക്കാരെ അറിയിക്കുകയും അങ്ങനെ ആ ഗോത്രക്കാർ മുഴുവൻ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അമുസ്‌ലിമായ കുട്ടി രോഗിയായപ്പോൾ നബിﷺഅവനെ സന്ദർശിക്കുകയും പ്രാർഥിക്കുകയും പിന്നെ അവൻ മുസ്‌ലിമാകുകയും ചെയ്ത സംഭവം പ്രസിദ്ധമാണ് (ബുഖാരി, മുസ്‌ലിം).
കുഞ്ഞുങ്ങളുടെ കൂട്ടുകാരൻ
കുഞ്ഞുങ്ങൾ ജനിക്കുന്നത് പാപികളായിട്ടല്ല; ശുദ്ധപ്രകൃതിയോടെയാണെന്ന് നബിﷺ പഠിപ്പിച്ചു (ബുഖാരി, മുസ്‌ലിം). യുദ്ധഘട്ടത്തിൽ പോലും കുഞ്ഞുങ്ങൾ വധിക്കപ്പെടരുതെന്ന് അവിടുന്ന കർശനമായി താക്കീത് നൽകി (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്). ചെറിയവരോട് കാരുണ്യം കാണിക്കാൻ കൽപിച്ചു (അബൂദാവൂദ്).
നബിﷺ കുഞ്ഞുങ്ങളെ ചുംബിക്കുകയും മടിയിലിരുത്തി താലോലിക്കുകയും കവിളിൽ താലോടുകയും ലാളിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്തിരുന്നു (ബുഖാരി, മുസ്‌ലിം, തിർമിദി).
നബിﷺ കുഞ്ഞുങ്ങളെ വാഹനത്തിന് മുന്നിലും പുറകിലും ഇരുത്തി കൊണ്ടുപോകുമായിരുന്നു. പേരമക്കളെ സ്വന്തം പുറത്തിരുത്തി കളിപ്പിച്ചിരുന്നു (ബുഖാരി, മുസ്‌ലിം, തിർമിദി). കുഞ്ഞുങ്ങളായിരുന്ന ഉമ്മുഖാലിദിനെയും സൈനബിനെയും നബിﷺ കളിപ്പിച്ചതും ചിരിപ്പിച്ചതും അവർ അനുസ്മരിക്കുന്നുണ്ട് (ബുഖാരി).
കുഞ്ഞുങ്ങളോട് റസൂൽ ﷺ കൊച്ചുവർത്തമാനങ്ങൾ പറയുമായിരുന്നു. അനസ്(റ)വിന്റെ കുഞ്ഞനിയനോട് അവൻ പോറ്റിക്കൊണ്ടിരുന്ന നുഗൈർ എന്ന് പേരുള്ള പക്ഷിക്കുഞ്ഞിന്റെ വിശേഷങ്ങൾ നബിﷺ ചോദിച്ചറിയുമായിരുന്നു(മുസ്‌ലിം). വിളവെടുപ്പിലെ ആദ്യപഴം കുഞ്ഞുങ്ങൾക്കായിരുന്നു നബിﷺ നൽകിയിരുന്നത് (മുസ്‌ലിം). നമസ്‌കരിച്ചുകൊണ്ടിരിക്കെ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട്അവരോടുള്ള കാരുണ്യത്താൽ നബിﷺ നമസ്‌കാരം ലഘൂകരിച്ചതായും കുഞ്ഞിനെ എടുത്തുകൊണ്ട് നമസ്‌കാരത്തിന് നേതൃത്വം നൽകിയതായും ഹദീസുകളിലുണ്ട് (ബുഖാരി, മുസ്‌ലിം).
വാഹനപ്പുറത്ത് ഇരുത്തിക്കൊണ്ട്, കുട്ടിയായിരുന്ന ഇബ്‌നു അബ്ബാസി(റ)ന് നബിﷺ നൽകിയ സാരോപദേശം പ്രസിദ്ധമാണ്. അതിലൊന്ന് ഇങ്ങനെയാണ്: “കുട്ടീ, നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക...’’(തിർമിദി).
നബിﷺയുടെ സംരക്ഷണത്തിൽ വളർന്നിരുന്ന കുട്ടിയായിരുന്ന ഉമറുബ്നു അബൂസലമക്ക് ഭക്ഷണം കഴിക്കുന്ന വേളയിൽ നബിﷺനൽകിയ ഉപദേശം ഇങ്ങനെയായിരുന്നു: “കുട്ടീ, ഭക്ഷണ വേളയിൽ നീ ബിസ്മി ചൊല്ലുക. നിന്റെ മുമ്പിൽനിന്ന് തിന്നുക. വലതുകൈകൊണ്ട് തിന്നുക...’’(ബുഖാരി).
(തുടരും)
