സിഹ്ർ; പിശാചുക്കളുടെ കുപ്രചരണം

അൻവർ അബൂബക്കർ

2025 മാർച്ച് 01, 1446 റമദാൻ 01

(സുലൈമാൻ നബി(അ)യുടെ രാജവാഴ്ച 03)

സുലൈമാൻ നബി(അ)ക്ക് ലഭിച്ച അനുഗ്രഹങ്ങൾ ഭൂലോകത്ത് ആർക്കും ലഭിക്കാത്തതും അത്ഭുതകരവും അതിമഹത്തരവുമായിരുന്നു. സുലൈമാൻ നബി(അ)യുടെ രാജവാഴ്ച സിഹ്‌റിലൂടെ നേടിയെടുത്തതാണെന്ന് പിശാചുക്കൾ പ്രചരിപ്പിച്ചു. ജനങ്ങൾക്കിടയിൽ അത്രമാത്രം സ്വീകാര്യത ലഭിച്ച ഒരു ദുഷിച്ച ഏർപ്പാടായിരുന്നു സിഹ്ർ. യഹൂദികൾ സിഹ്‌റിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും സുലൈമാൻ നബി(അ)യെ മാരണം കൈകാര്യ ചെയ്തിരുന്ന വിദഗ്ധനായ ഒരു രാജാവായി പരിചയപ്പെടുത്തുകയും ചെയ്തു. അല്ലാഹു കൊടുത്ത മികച്ച ദൃഷ്ടാന്തങ്ങളെ സിഹ്‌റിലൂടെ നേടിയെടുത്ത കഴിവുകളായി ചിത്രീകരിച്ചുകൊണ്ട് പിശാചുക്കളാണ് ജനങ്ങൾക്കിടയിൽ ഈ തെറ്റായ വാർത്ത ആദ്യം പ്രചരിപ്പിച്ചത്.

സംഭവം ഇങ്ങനെ: സുലൈമാൻ നബി(അ)യുടെ രാജവാഴ്ചക്ക് മുമ്പ് ജനങ്ങൾ സിഹ്‌റിന്റെ പ്രവർത്തനങ്ങളിൽ ധാരാളമായി മുഴുകിയിരുന്നു. ഈയൊരു കൃത്യം ജനങ്ങൾക്കിടയിൽ വ്യാപകമാക്കുന്നതിന് ആവശ്യമായുളള എല്ലാ സഹായങ്ങളും പിശാചുക്കൾ മാരണം ചെയ്തുകൊടുക്കുന്നവർക്ക് ചെയ്തുകൊടുത്തിരുന്നു. പൊതുവിൽ ഇതെങ്ങനെ സംഭവിക്കുന്നു എന്നത് നബി ﷺ പഠിപ്പിച്ചു തന്നിട്ടുളളതാണ്.

عَنْ أَبِي هُرَيْرَةَ رضي الله عنه أن النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : (إِذَا قَضَى اللَّهُ الْأَمْرَ فِي السَّمَاءِ ضَرَبَتْ الْمَلَائِكَةُ بِأَجْنِحَتِهَا خُضْعَانًا ؛ لِقَوْلِه كَالسِّلْسِلَةِ عَلَى صَفْوَانٍ ، قَالَ عَلِيٌّ (أي : على ابن المديني) ، وَقَالَ غَيْرُهُ : صَفْوَانٍ يَنْفُذُهُمْ ذَلِكَ ( فَإِذَا فُزِّعَ عَنْ قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ قَالُوا لِلَّذِي قَالَ الْحَقَّ وَهُوَ الْعَلِيُّ الْكَبِيرُ) ، فَيَسْمَعُهَا مُسْتَرِقُو السَّمْعِ وَمُسْتَرِقُو السَّمْعِ هَكَذَا وَاحِدٌ فَوْقَ آخَرَ ، وَوَصَفَ سُفْيَانُ (أي : سفيان ابن عيينة ) بِيَدِهِ وَفَرَّجَ بَيْنَ أَصَابِعِ يَدِهِ الْيُمْنَى نَصَبَهَا بَعْضَهَا فَوْقَ بَعْضٍ فَرُبَّمَا أَدْرَكَ الشِّهَابُ الْمُسْتَمِعَ قَبْلَ أَنْ يَرْمِيَ بِهَا إِلَى صَاحِبِهِ فَيُحْرِقَهُ وَرُبَّمَا لَمْ يُدْرِكْهُ حَتَّى يَرْمِيَ بِهَا إِلَى الَّذِي يَلِيهِ إِلَى الَّذِي هُوَ أَسْفَلَ مِنْهُ حَتَّى يُلْقُوهَا إِلَى الْأَرْضِ ، فَتُلْقَى عَلَى فَمِ السَّاحِرِ فَيَكْذِبُ مَعَهَا مِائَةَ كَذْبَةٍ فَيُصَدَّقُ فَيَقُولُونَ : أَلَمْ يُخْبِرْنَا يَوْمَ كَذَا وَكَذَا يَكُونُ كَذَا وَكَذَا فَوَجَدْنَاهُ حَقًّا لِلْكَلِمَةِ الَّتِي سُمِعَتْ مِنَ السَّمَاءِ . وروى البخاري (4701)

അബൂ ഹുറയ്‌റ(റ) നിവേദനം, പ്രവാചകൻﷺ പറഞ്ഞു: “അല്ലാഹു ആകാശത്തിൽവെച്ച് ഒരു കാര്യം തീരുമാനിക്കുകയും ആ തീരുമാനം മലക്കുകളെ അറിയിക്കുകയും ചെയ്താൽ, മലക്കുകൾ അവന്റെ കൽപനക്ക് വിധേയത്വം കാണിച്ചുകൊണ്ട് ചിറകുകൾ അടിക്കും. ഒരു മിനുസായ വെള്ളക്കല്ലിൻമേൽ ചങ്ങല വലിക്കുന്ന ശബ്ദം പോലെയായിരിക്കുമത്. മലക്കുകളുടെ ഹൃദയങ്ങളിൽ നിന്ന് നടുക്കം നീങ്ങിപ്പോയാൽ അവർ പരസ്പരം ചോദിക്കും: ‘എന്താണ് നിങ്ങളുടെ രക്ഷിതാവ് പറഞ്ഞത്?’ അല്ലാഹുവിന്റെ കൽപന ചൂണ്ടിക്കാട്ടികൊണ്ട് അവർ പറയും: ‘സത്യമാണ് അവൻ കൽപിച്ചിരിക്കുന്നത്. അവൻ അത്യുന്നതനും മഹാനുമത്രെ.’ കട്ടുകേൾക്കാനിരിക്കുന്ന പിശാചുക്കൾ ഈ സംഭാഷണം കേൾക്കും. കട്ടുകേൾക്കുന്നവർ ഒരുത്തന്റെ മീതെ മറ്റൊരുത്തനായി നിലകൊണ്ടാണ് അപ്രകാരം ചെയ്യുക. നിവേദകൻ (സുഫ്‌യാൻ) തന്റെ വിരലുകൾകൊണ്ട് ഈ രീതി വിവരിച്ചു. ചിലപ്പോൾ ഏറ്റവും മുകളിലിരുന്നു കട്ടുകേൾക്കുന്നവന് താൻ കേട്ടത് തന്റെ അടുത്തിരിക്കുന്ന പിശാചിന് എത്തിച്ചുകൊടുക്കും മുമ്പുതന്നെ അഗ്‌നികൊണ്ടുളള ഏറ് കിട്ടും. അപ്പോൾ അവർ കത്തിക്കരിഞ്ഞുപോകും. ചിലപ്പോൾ അവൻ തന്റെ അടുത്ത ആൾക്ക് കൊടുത്തുകഴിഞ്ഞ ശേഷമായിരിക്കും അവന് അഗ്‌നികൊണ്ടുളള ഏറ് കിട്ടുക. അപ്പോഴേക്കും ആ വിവരം അടുത്തുളളവർക്ക് അവൻ പകർന്ന് അവസാനം ഭൂമിയിലേക്ക് ആ വാർത്ത എത്തിക്കും. അവസാനം അത് മാരണക്കാരന് നൽകും. അവൻ അതിന്റെ കൂടെ നൂറ് നുണകൾ കൂട്ടിപ്പറയും. അന്നേരം ജനങ്ങൾ അവന്റെ വാക്ക് വിശ്വസിക്കും. ‘ഇന്നദിവസം ഇന്നത് സംഭവിക്കുമെന്ന് അയാൾ നമ്മോട് പ്രവചിച്ചിരുന്നില്ലേ? അത് സത്യമായി ഇപ്പോൾ പുലർന്നത് നാം കണ്ടു കഴിഞ്ഞല്ലോ’ എന്ന് ജനങ്ങൾ പറയാൻ തുടങ്ങും. വാസ്തവത്തിൽ ആകാശത്തുനിന്ന് പിശാചുക്കൾ കട്ടുകേട്ട വാർത്തയായിരിക്കും അത്’’ (ബുഖാരി 4701).

സുലൈമാൻ നബി(അ)യുടെ കാലഘട്ടത്തിലും, നേരത്തെ സൂചിപ്പിച്ച സംഭവങ്ങൾ പിശാചുക്കളുടെ ഇടപെടലിൽ തുടരുകയും ശക്തിപ്പെടുകയും ചെയ്തു. പിശാചുകൾ നൽകുന്ന കെട്ടുകഥകളും സാഹിറുകൾ സ്വന്തം കൈകൊണ്ട് കെട്ടിച്ചമച്ച കള്ളങ്ങളും ജനങ്ങൾ എഴുതിവെച്ച് പലതരത്തിലാക്കി. ഇതുവഴി, സിഹ്‌റിന്റെ പ്രവർത്തനമേഖലയും സ്വാധീനവുമെല്ലാം അവർ വിപുലീകരിച്ചു. എത്രത്തോളമെന്നാൽ, ഗ്വൈബിയായ (അദൃശ) കാര്യങ്ങൾ ജിന്നുകൾക്കും മാരണക്കാരനുമൊക്കെ അറിയാമെന്ന ജൽപനങ്ങൾ ഇസ്രാഈൽ ജനതയിൽപെട്ട സാഹിറുകൾ സാധാരണക്കാരിലേക്ക് ഇട്ടുകൊടുത്തു. ഈ തെറ്റായ വിശ്വാസം ബാബിലോണിലെ ജനങ്ങളിൽ അധികം വൈകാതെ ആഴത്തിൽതന്നെ വേരൂന്നി. അതിന്റെ ഫലമായി, സത്യനിഷേധം നിറഞ്ഞ തെറ്റായ ഉപദേശങ്ങൾ അനുസരിച്ച് ജീവിതം നയിച്ച ഒരു വഴിതെറ്റിയ സമൂഹം അവിടെയുണ്ടായി.

ഈ കാലഘട്ടത്തിൽ സുലൈമാൻ നബി(അ) അവരിലേക്കും പ്രവാചകനായി നിയോഗിക്കപ്പെട്ടു. സിഹ്‌റിനെക്കുറിച്ച് രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളും മറ്റും സുലൈമാൻ നബി(അ) തന്റെ എല്ലാ അധികാരങ്ങളും ശക്തിയും ഉപയോഗപ്പെടുത്തി ശേഖരിച്ചു. അവ ഒരിക്കലും ജനങ്ങളുടെ കൈകളിൽ എത്താതിരിക്കാൻ, അദ്ദേഹം അവയെല്ലാം ഭൂമിക്കടിയിൽ കുഴിച്ചിടുകയും ചെയ്തു. അതിനുശേഷം, പ്രവാചകനും രാജാവുമായ സുലൈമാൻ നബി(അ) ജനങ്ങളോട് പ്രഖ്യാപിച്ചു: ‘ആരെങ്കിലും പിശാചുകൾക്ക് (ഗ്വൈബ്) അദൃശ്യജ്ഞാനം അറിയാം എന്ന് വാദിച്ചാൽ, ഞാൻ അവരുടെ തല കൊയ്‌തെടുക്കും!’ ഈ ശക്തമായ നടപടിയിലൂടെ, ആ കാലഘട്ടത്തിലെ ജനങ്ങളെ സിഹ്‌റിന്റെ ആപത്തുകളിൽനിന്ന് രക്ഷപ്പെടുത്താൻ സുലൈമാൻ നബി(അ)ക്ക് സാധിച്ചു.

സുലൈമാൻ നബി(അ)യുടെ മരണശേഷം, പിശാചുക്കൾ വീണ്ടും ജനങ്ങളെ വഴിതെറ്റിക്കാൻ സിഹ്‌റിന്റെ അതേ പ്രവർത്തനങ്ങളുമായി രംഗത്തെത്തി. സുലൈമാൻ നബി(അ)യുടെ രാജവാഴ്ചയ്ക്കിടെ, ജിന്നുകൾ അദ്ദേഹത്തിന് കീഴടങ്ങിയതും കാറ്റിനെയും പക്ഷികളെയുമെല്ലാം നിയന്ത്രിക്കാൻ കഴിഞ്ഞതുമെതെല്ലാം സുലൈമാൻ നബി(അ) പഠിച്ച സിഹ്‌റിന്റെ ഫലമാണെന്ന് പിശാചുകൾ പ്രചരിപ്പിച്ചു. സുലൈമാൻ നബി(അ) ഭൂമിക്കടിയിൽ കുഴിച്ചിട്ടത്, അദ്ദേഹം പഠിച്ച വിജ്ഞാനങ്ങളാണെന്ന് പിശാചുകൾ ജനങ്ങളിൽ പ്രചരിപ്പിച്ചു. അവയെ വീണ്ടും പുറത്തെടുക്കാൻ കഴിയുമെങ്കിൽ, സുലൈമാൻ നബി(അ)യെപ്പോലെ മറ്റുളളവർക്കും അതേ ശക്തിയും പ്രയോജനങ്ങളും ലഭിക്കുമെന്ന് അവർ ജനങ്ങളെ വിശ്വസിപ്പിച്ചു. ഈ പ്രചാരണത്തിന്റെ ഫലമായി, സുലൈമാൻ നബി(അ) കുഴിച്ചുമൂടിയ സിഹ്‌റിന്റെ ഭാണ്ഡങ്ങൾ വീണ്ടും ജനങ്ങൾ കൈമാറിത്തുടങ്ങി. അങ്ങനെ, സിഹ്ർ യഹൂദർക്കിടയിൽ വീണ്ടും വ്യാപകമായി, ജനങ്ങൾ കൂട്ടത്തോടെ അതിൽ ആസക്തരാവുകയും കുഫ്‌റിലേക്ക് വഴുതിപ്പോകുകയും ചെയ്തു. അതാണ് അല്ലാഹു പറഞ്ഞത്:

وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَان

“സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കൾ പറഞ്ഞുപരത്തികൊണ്ടിരുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു.’’

ഇവിടെ എന്താണ് സംഭവിച്ചത്? ഇസ്രാഈൽ ജനതയെ വഴിതെറ്റിക്കാൻ പിശാചുക്കൾ പണിയെടുക്കുകയായിരുന്നു. സുലൈമാൻ നബി(അ)യുടെ ഭരണകൂടവും അല്ലാഹു അദ്ദേഹത്തിന് നൽകിയ മറ്റു അനുഗ്രഹങ്ങളും സിഹ്‌റിലൂടെ നേടിയെടുത്തതാണെന്ന് പിശാചുക്കൾ വ്യാജ ആരോപണം നടത്തുകയും ജനങ്ങൾ ഈ തെറ്റായ പ്രചാരണത്തിന് അടിമപ്പെടുകയും സിഹ്ർ എന്ന വഞ്ചനയിലേക്ക് വീണ്ടും വഴുതിപ്പോകുകയും ചെയ്തു. എന്നാൽ അല്ലാഹു അവന്റെ ദാസനായ സുലൈമാൻ നബി(അ)യെ പരിശുദ്ധനാക്കികൊണ്ട് പറഞ്ഞു:

وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ

“സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് സിഹ്ർ പഠിപ്പിച്ചുകൊണ്ട് പിശാചുക്കളാണ് അവിശ്വസിച്ചത്’’ (അൽബക്വറ 102).