ക്വുർആനിലെ പ്രപഞ്ച വിസ്മയങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെക്കുറിച്ച് ഉറ്റാലോചിക്കാൻ ക്വുർആൻ നമ്മോട് ആവർത്തിച്ച് ആവശ്യപ്പെടുന്നണ്ട്. “തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകൾ മാറി മാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’’ (ആലുഇംറാൻ: 190). സൃഷ്ടിപ്പിലെ അത്ഭുതങ്ങൾ മനസ്സിലാക്കണമെങ്കിൽ പ്രപഞ്ചത്തിലേക്ക് നോക്കിയതുകൊണ്ട് മാത്രം കാര്യമില്ല. അതിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ആലോചനയും ആവശ്യമാണ്. ക്വുർആനി നെക്കുറിച്ച് ചിന്തിക്കാൻ പറയുന്ന അല്ലാഹു തന്നെയാണ് പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കാനും നമ്മോടാവശ്യപ്പെടുന്നത്. അല്ലാഹുവിന്റെ കൽപനപ്രകാരം ചെയ്യുന്ന ഒരു പ്രവർത്തി എന്ന നിലയ്ക്ക് പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം പ്രതിഫലാർഹവും അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാൻ പര്യപ്തവുമാണ്. സർവോപരി വിശ്വാസികൾക്ക് ഭക്തിയും വിശ്വാസവും വർധിക്കുന്നതിനും ക്വുർആനിന്റെ ദൈവികത മനസ്സിലാക്കുന്നതിനും ഇത്തരം പഠനങ്ങൾ അനിവാര്യമാണ്. ‘അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസൻമാരിൽനിന്ന് അറിവുള്ളവർ മാത്രമാകുന്നു’(ഫാതിർ: 28) എന്ന വചനവും ഇവിടെ പ്രസ്താവ്യമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വരെ പ്രപഞ്ചം സ്ഥിരമായി നിൽക്കുന്നതാണെന്നാണ് ശാസ്ത്രം ഗണിച്ചിരുന്നത്. ഈ അറിവിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചം വികസിക്കുന്നതാണ് എന്ന വസ്തുത അക്കാലത്ത് ആർക്കും വിഭാവനം ചെയ്യാൻ പോലും പറ്റാത്തതായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യമായപ്പോയേക്കും ടെലസ്‌ക്കോപ്പിന്റെ സഹായത്തോടുകൂടി പ്രപഞ്ചം വികസിക്കുന്നുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. ഈ വസ്തുതയാകട്ടെ ക്വുർആൻ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് വ്യക്തമാക്കിയതാണ്.

ഗോളശാസ്ത്ര വിജ്ഞാനത്തിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് മനുഷ്യന് ഇതുവരെ ആർജിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രപഞ്ചത്തെക്കുറിച്ച് ക്വുർആൻ പറഞ്ഞ പല വസ്തുതകളും ഇന്നും നമുക്ക് അജ്ഞാതമാണ്. നക്ഷത്രങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള കാലഘട്ടത്തിൽ യൂറോപ്യന്മാർ പോലും വിശ്വസിച്ചിരുന്നത് അവ ആകാശത്ത് ഉറച്ച് നിൽക്കുകയാണെന്നാണ്. എന്നാൽ നക്ഷത്രങ്ങൾ പിന്നിട്ട പാതയിലെ പ്രകാശമാണ് നാം കാണുന്നത് എന്ന വസ്തുതയാണ് ക്വുർആൻ വെളിപ്പെടുത്തുന്നത്. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ക്വുർആൻ സത്യം ചെയ്ത് പറഞ്ഞ ‘നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ’ എന്ന വസ്തുത ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ശാസ്ത്രം തെളിയിക്കുന്നത്. ക്വുർആൻ ദൈവിക വചനമാണെന്ന് വ്യക്തമാക്കുന്ന അനവധി അനിഷേധ്യ ദൃഷ്ടാന്തങ്ങളിൽ ഒന്നായി ഇതിനെയും കാണാവുന്നതാണ്.

പ്രപഞ്ചത്തിന്റെ ആവിർഭാവം The Big Bang Theory എന്ന പേരിലറിയപ്പെടുന്ന ഒരു മഹാ വിസ്‌ഫോടനത്തിലൂടെ സംഭവിച്ചുവെന്നത് പോലെ ഇതിന്റെ അന്ത്യം The Big Crunch Theory എന്ന ഒരു മഹാവിനാശത്തിലൂടെയായിരിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ ഈ രണ്ട് സിദ്ധാന്തങ്ങളെക്കുറിച്ചുമുള്ള പരാമർശം ക്വുർആനിലെ ഒരു അധ്യായത്തിൽതന്നെ (അൻബിയാഅ്: 30,104) പ്രസ്താവിച്ചുവെന്നതും ശ്രദ്ധേയമാണ്.

ഈ പ്രപഞ്ചത്തിൽ മറ്റൊരു സ്ഥലത്തും ഭൂമിക്ക് മുകളിലുള്ളത് പോലുള്ള വ്യത്യസ്ത കണികകളും വാതകങ്ങളും അടങ്ങിയ ഒരു ആവരണം കാണപ്പെടാത്തതുകൊണ്ട് അവിടെനിന്ന് നോക്കുന്ന ഒരാൾക്ക് സൂര്യപ്രകാശം കൊണ്ടുണ്ടാകുന്ന പകലിനെ കാണാൻ സാധ്യമല്ല എന്നതിലുപരി സൂര്യനെയും കാണാൻ കഴിയുകയില്ല. അപ്പോൾ സൂര്യൻ പകലിനെ വ്യക്തമാക്കുകയല്ല മറിച്ച് പകൽ സൂര്യനെ വ്യക്തമാ ക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം ക്വുർആൻ രണ്ട് വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്: ‘സൂര്യനും അതിന്റെ പ്രഭയും തന്നെയാണ് സത്യം. ചന്ദ്രൻ തന്നെയാണ് സത്യം; അത് അതിനെ തുടർന്ന് വരുമ്പോൾ. പകലിനെ തന്നെയാണ് സത്യം; അത് സൂര്യനെ പ്രത്യക്ഷപ്പെടുത്തുമ്പോൾ’’ (അശ്ശംസ്: 13). “രാത്രിയെ നാം അവർക്ക് സമാധാനമടയാനുള്ളതാക്കുകയും

പകലിനെ ദൃശ്യമാക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു എന്നവർ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്’’ (നംല്: 86).

ക്വുർആനിൽ മതവിധികൾ 250 വചനങ്ങളിൽ മാത്രമണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ പ്രാപഞ്ചിക വസ്തുതകൾ 750 ഓളം സൂക്തങ്ങളിൽ പ്രതിപാദിച്ചതായി കാണാം. പ്രാപഞ്ചിക വിസ്മയങ്ങളെക്കുറിച്ച് ക്വുർആനിൽ പരാമർശിച്ച ഏതാനും വിഷയങ്ങൾ മാത്രമാണ് ഇവിടെ വിശദീകരിക്കുന്നത്.

(തുടരും)