സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 09
അബ്ദുറഹ്മാന് നാസിര് അസ്സഅദി
2026 ജൂലൈ 04, 1448 മുഹർറം 19
അധ്യായം: 26, ഭാഗം 09 (മക്കയില് അവതരിച്ചത്)
വിവ: ഹാരിസ് ബിന് സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
75. അദ്ദേഹം പറഞ്ഞു: അപ്പോൾ നിങ്ങൾ ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
76. നിങ്ങളും നിങ്ങളുടെ പൂർവപിതാക്കളും.
77. എന്നാൽ അവർ (ദൈവങ്ങൾ) എന്റെ ശത്രുക്കളാകുന്നു; ലോകരക്ഷിതാവ് ഒഴികെ.
78. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാർഗദർശനം നൽകിക്കൊണ്ടിരിക്കുന്നവൻ.
79. എനിക്ക് ആഹാരം തരികയും കുടിനീർ തരികയും ചെയ്യുന്നവൻ.
80. എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്.
81. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവൻ.
82. പ്രതിഫലത്തിന്റെ നാളിൽ ഏതൊരുവൻ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാൻ ആശിക്കുന്നുവോ അവൻ.

75-82). ഇബ്റാഹീം(അ) അവരോട് പറഞ്ഞു: നിങ്ങളും നിങ്ങളുടെ പിതാക്കളും ഈ വിഷയത്തിൽ എതിർപക്ഷത്താണ്. എല്ലാവരോടും പറയാനുള്ളത് ഒന്നാണ്. (അപ്പോൾ നിങ്ങളും നിങ്ങളുടെ പൂർവപിതാക്കളും ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നാൽ അവർ എന്റെ ശത്രുക്കളാകുന്നു) അതിനാൽ അവർ എനിക്ക് ചെറിയൊരു ദ്രോഹമെങ്കിലും ചെയ്യട്ടെ. അവർ എനിക്കെതിരെ തന്ത്രം പ്രയോഗിക്കട്ടെ. അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. (ലോക രക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാർഗദർശനം നൽകിക്കൊണ്ടിരിക്കുന്നവൻ) കാരണം അവൻ മാത്രമാണ് ആളുകൾക്ക് അനുഗ്രഹങ്ങൾ നൽകുകയും ആത്മീയവും ലൗകികവുമായ കാര്യങ്ങളിൽ അവരെ ഏറ്റവും മികച്ചതിലേക്ക് നയിക്കുകയും ചെയ്യുന്നത്.
തുടർന്ന് ജീവിതത്തിലെ ചില അവശ്യകാര്യങ്ങൾ എടുത്തു പറയുകയും ചെയ്തു: (എനിക്ക് ആഹാരം തരികയും കുടിനീർ തരികയും ചെയ്യുന്നവൻ. എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവൻ. പ്രതിഫലത്തിന്റെ നാളിൽ ഏതൊരുവൻ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാൻ വിചാരിക്കുന്നുവോ അവൻ) അവനു മാത്രമെ ഇതെല്ലാം ചെയ്യാൻ കഴിയൂ. അതുകൊണ്ടുതന്നെ അനുസരണയും ആരാധനയും അവന് മാത്രമാകണം. സൃഷ്ടിക്കുക, വഴികാണിക്കുക, രോഗമുണ്ടാക്കുക, ശമനം നൽകുക, ഭക്ഷണം നൽകുക, കുടിപ്പിക്കുക, മരിപ്പിക്കുകയോ ജീവിപ്പിക്കുകയോ ചെയ്യുക; ഇതൊന്നും ചെയ്യാത്ത വിഗ്രഹങ്ങളെ ഉപേക്ഷിക്കുക. അവയെ ആരാധിക്കുന്നവന് ഒരു ചെറിയ വിഷമം പോലും നീക്കിക്കൊടുക്കാൻ അവയ്ക്ക് ആവില്ല. അവ പാപങ്ങൾ പൊറുത്തു നൽകുകയുമില്ല.
നിങ്ങൾക്കോ നിങ്ങളുടെ പിതാക്കൾക്കോ നിഷേധിക്കാൻ കഴിയാത്ത വ്യക്തമായ തെളിവും പ്രമാണങ്ങളുമാണിത്. നിങ്ങളെല്ലാവരും വഴിപിഴച്ചവരാണെന്നും സന്മാർഗത്തിന്റെ വഴി ഉപേക്ഷിച്ചവരാണെന്നും ഇത് സൂചിപ്പിക്കുന്നു. അല്ലാഹു മറ്റൊരിടത്ത് പറയുന്നു:
وَحَاجَّهُ قَوْمُهُ ۚ قَالَ أَتُحَاجُّونِّي فِي اللَّهِ وَقَدْ هَدَانِ
“അദ്ദേഹത്തിന്റെ ജനത അദ്ദേഹവുമായി തർക്കത്തിൽ ഏർപ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങൾ എന്നോട് തർക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേർവഴിയിൽ ആക്കിയിരിക്കുകയാണ്’’ (6:80)
83. എന്റെ രക്ഷിതാവേ, എനിക്ക് നീ തത്ത്വജ്ഞാനം നൽകുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേർക്കുകയും ചെയ്യേണമേ.
84. പിൽക്കാലക്കാർക്കിടയിൽ എനിക്ക് നീ സൽകീർത്തി ഉണ്ടാക്കേണമേ.
83-84). പിന്നീട് അദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാർഥിച്ചു: (രക്ഷിതാവേ എനിക്ക് നീ തത്ത്വജ്ഞാനം നൽകണേ) അതിലൂടെ എനിക്ക് മതവിധികളും ഹലാലും ഹറാമും എന്താണെന്ന് അറിയാൻ കഴിയും. ആളുകൾക്കിടയിൽ വിധിപറയാൻ കഴിയും. (എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേർക്കുകയും ചെയ്യേണമേ) ഇത് അദ്ദേഹത്തിന്റെ സഹോദര പ്രവാചകന്മാരെ സൂചിപ്പിക്കുന്നു. (പിൽക്കാലക്കാർക്കിടയിൽ എനിക്ക് നീ സൽകീർത്തി ഉണ്ടാക്കേണമേ) അതായത് അന്ത്യകാലം വരെ ഞാൻ പ്രശംസിക്കപ്പെടുന്നവനാകാൻ അനുഗ്രഹിക്കുക. അല്ലാഹു അദ്ദേഹത്തിന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകി. അവൻ അദ്ദേഹത്തിനു അറിവും ജ്ഞാനവും വർധിപ്പിച്ചു. അതിനാൽ അദ്ദേഹം പ്രവാചകരിൽ ശ്രേഷ്ഠനായി. തന്റെ സഹോദര പ്രവാചകന്മാരുമായി അദ്ദേഹം ചേർന്നു. അവൻ അദ്ദേഹത്തെ എല്ലാ മതങ്ങളുടെയും അനുയായികൾക്കിടയിൽ എല്ലായ്പ്പോഴും പ്രിയപ്പെട്ടവനാക്കി; അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നവനാക്കി.
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ ١٠٨ سَلَامٌ عَلَىٰ إِبْرَاهِيمَ ١٠٩
كَذَٰلِكَ نَجْزِي الْمُحْسِنِينَ ١١٠
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ ١١١
“പിൽക്കാലക്കാരിൽ അദ്ദേഹത്തിന്റെ സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്റാഹീമിന് സമാധാനം. അപ്രകാരമാണ് നാം സദ്വൃത്തർക്ക് പ്രതിഫലം നൽകുന്നത്. തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരിൽ പെട്ടവനാകുന്നു’’ (37:108-111).
85. എന്നെ നീ സുഖസമ്പൂർണമായ സ്വർഗത്തിന്റെ അവകാശികളിൽ പെട്ടവനാക്കേണമേ.
85). (എന്നെ നീ സുഖസമ്പൂർണമായ സ്വർഗത്തിന്റെ അവകാശികളിൽ പെട്ടവനാക്കേണമേ) അതായത് സ്വർഗത്തിലെ ആളുകളിൽ ഒരാളാക്കുക. അല്ലാഹു അത് അനന്തരാവകാശമായി നൽകുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുകയും ആനനന്ദത്തിന്റെ സ്വർഗത്തോട്ടങ്ങളിലേക്ക് അദ്ദേഹത്തെ ഉയർത്തുകയും ചെയ്തു.
