സൂറ: ഖസ്വസ്വ്, ഭാഗം 13

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ജനുവരി 10, 1447 റജബ് 21

അധ്യായം: 28, ഭാഗം 13 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

إِنَّ ٱلَّذِى فَرَضَ عَلَيْكَ ٱلْقُرْءَانَ لَرَآدُّكَ إِلَىٰ مَعَادٍۢ ۚ قُل رَّبِّىٓ أَعْلَمُ مَن جَآءَ بِٱلْهُدَىٰ وَمَنْ هُوَ فِى ضَلَـٰلٍۢ مُّبِينٍۢ (٨٥)

85. തീർച്ചയായും നിനക്ക് ഈ ക്വുർആൻ നിയമമായി നൽകിയവൻ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ടുവരിക തന്നെ ചെയ്യും. പറയുക: സൻമാർഗവും കൊണ്ട് വന്നതാരെന്നും, സ്പഷ്ടമായ ദുർമാർഗത്തിലകപ്പെട്ടത് ആരെന്നും എന്റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്.

അല്ലാഹു പറയുന്നു: (തീർച്ചയായും നിനക്ക് ഈ ക്വുർആൻ നിയമമായി നൽകിയവൻ) ആയത്ത് ഇറക്കിത്തന്നവൻ, അതിൽ മതവിധികൾ നിശ്ചയിച്ചു. അനുവദനീയമായതും നിഷിദ്ധമായതും വിശദീകരിച്ചു. അത് ലോകർക്ക് എത്തിച്ചുകൊടുക്കാൻ താങ്കളോട് കൽപിച്ചു. അതിലെ നിയമങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുക. ഇഹലോകജീവിതം മാത്രമേയുള്ളൂ എന്നത് അവന്റെ യുക്തിക്ക് യോജിക്കുന്നതല്ല. തന്റെ ദാസന്മാർക്ക് അവൻ പ്രതിഫലം നൽകുകയും ശിക്ഷിക്കുകയും ചെയ്യും. താങ്കൾ മടക്കസ്ഥാനത്ത് എത്താതിരിക്കില്ല. അവിടെ നന്മക്ക് പ്രതിഫലവും തിന്മക്ക്ശിക്ഷയുമുണ്ട്.

പ്രവാചകരേ, താങ്കൾ അവർക്ക് മാർഗദർശനം വിശദീകരിച്ചു കൊടുക്കുകയും വഴികാണിക്കുകയും ചെയ്തു. അവർ താങ്കളെ പിൻപറ്റിയാൽ അത് അവരുടെ അനുഗ്രഹവും സൗഭാഗ്യവുമാണ്. എന്നാൽ താങ്കളെ അനുസരിക്കാതിരിക്കാനും താങ്കൾ കൊണ്ടുവന്ന മാർഗദർശനത്തെ വിമർശിക്കാനും സത്യത്തെക്കാൾ അസത്യത്തിന് മുൻഗണന നൽകാനുമാണ് അവർ ചിന്തിക്കുന്നതെങ്കിൽ ഇനി തർക്കത്തിന് ഇടമില്ല. ദൃശ്യവും അദൃശ്യവും അറിയുന്നവൻ കർമങ്ങൾക്ക് നൽകുന്ന പ്രതിഫലമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. അതാണ് അല്ലാഹു പറഞ്ഞത്: (സന്മാർഗം കൊണ്ടുവന്നത് ആരെന്നും സ്പഷ്ടമായ ദുർമാർഗത്തിൽപെട്ടതാരെന്നും എന്റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്) തന്റെ ദൂതൻ മറ്റുള്ളവരെ നേർവഴിയിലേക്ക് നയിക്കുന്നവനാണെന്നും അദ്ദേഹത്തിന്റെ ശത്രുക്കൾ വഴിപിഴച്ചവരും മറ്റുള്ളവരെ പിഴപ്പിക്കുന്നവരുമാണെന്നും അവന് അറിയാം.


وَمَا كُنتَ تَرْجُوٓا۟ أَن يُلْقَىٰٓ إِلَيْكَ ٱلْكِتَـٰبُ إِلَّا رَحْمَةًۭ مِّن رَّبِّكَ ۖ فَلَا تَكُونَنَّ ظَهِيرًۭا لِّلْكَـٰفِرِينَ (٨٦)

86. നിനക്ക് വേദഗ്രന്ഥം നൽകപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യത്താൽ (അതു ലഭിച്ചു). ആകയാൽ നീ സത്യനിഷേധികൾക്കു സഹായിയായിരിക്കരുത്.

(നിനക്ക് വേദഗ്രന്ഥം നൽകപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല) ഈ ഗ്രന്ഥം താങ്കൾക്ക് ഇറക്കുമെന്ന് താങ്കൾ പ്രതീക്ഷിക്കുകയോ അതിന് തയ്യാറെടുക്കുകയോ ചെയ്തിരുന്നില്ല. (പക്ഷേ, നിന്റെ രക്ഷിതാവിന്റെ കാരുണ്യത്താൽ) തന്റെ ദാസന്മാരോടുള്ള കാരുണ്യമാണ്. ഈ ഗ്രന്ഥം ലോകരക്ഷിതാവിൽനിന്ന് കാരുണ്യമായിട്ടാണ് താങ്കൾക്ക് ഇറക്കപ്പെട്ടത്. അവർക്ക് അറിയാത്തത് അവനവരെ പഠിപ്പിച്ചു. അവരെ സംസ്‌കരിക്കുകയും വേദവും ജ്ഞാനവും അവരെ പഠിപ്പിക്കുകയും ചെയ്തു. അവർ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.

അവനിൽനിന്നുള്ള കാരുണ്യമായിട്ടാണ് ഇത് നിങ്ങൾക്ക് ഇറക്കിത്തന്നതെന്ന് നിങ്ങൾക്ക് അറിയുമെങ്കിൽ അതിലുള്ള അവന്റെ കൽപനകളും വിലക്കുകളുമെല്ലാം അവനിൽനിന്നുള്ള കാരുണ്യവും അനുഗ്രഹവുമാണെന്ന് നിങ്ങൾക്കറിയാം. അതിനാൽ താങ്കളുടെ ഹൃദയം അതിൽ അസ്വസ്ഥത കാണിക്കരുത്. എതിരാവുന്ന കാര്യങ്ങൾ ഏറ്റവും കൂടുതൽ പ്രയോജനകരമായിരിക്കുമെന്ന് കരുതുക. (ആകയാൽ നീ സത്യനിഷേധികൾക്ക് സഹായിയായിരിക്കരുത്) അവരുടെ അവിശ്വാസത്തിന്റെ കാര്യത്തിൽ അവരെ നീ സഹായിക്കരുത്. അവരെ സഹായിക്കുക എന്നു വെച്ചാൽ നല്ലതല്ലാത്തതും പ്രയോജനകരമല്ലാത്തതും ആ വേദഗ്രന്ഥത്തിൽ ഉണ്ടെന്ന് പറയലാണ്.


وَلَا يَصُدُّنَّكَ عَنْ ءَايَـٰتِ ٱللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَٱدْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ (٨٧)

87. അല്ലാഹുവിന്റെ വചനങ്ങൾ നിനക്ക് അവതരിപ്പിക്കപ്പെട്ടതിനു ശേഷം അവർ നിന്നെ അതിൽനിന്ന് തടയാതിരിക്കട്ടെ. നിന്റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്.

(അല്ലാഹുവിന്റെ വചനങ്ങൾ നിനക്ക് അവതരിപ്പിക്കപ്പെട്ടതിനുശേഷം അവർ നിന്നെ അതിൽ നിന്ന് തടയാതിരിക്കട്ടെ) പകരം അവർക്ക് എത്തിച്ചുകൊടുക്കുകയും നടപ്പിലാക്കുകയും ചെയ്യുക. അവരുടെ തന്ത്രങ്ങൾ നിന്നെ വഞ്ചിച്ചുകളയരുത്. അവരുടെ ഇച്ഛകളെ പിന്തുടരുകയും ചെയ്യരുത്. (നിന്റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക) അതായത് ആളുകളെ നിന്റെ രക്ഷിതാവിങ്കലേക്ക് ക്ഷണിക്കുക എന്നത് ആത്യന്തിക ലക്ഷ്യമാക്കുക. അതിന് വിരുദ്ധമായതെന്തും തള്ളിക്കളയണം. ലോകമാന്യത, പ്രശസ്തി, വഴിതെറ്റിയവരുടെ ആശയങ്ങളോട് യോജിപ്പ് പുലർത്തുക തുടങ്ങിയ കാര്യങ്ങളൊക്കെ തള്ളിക്കളയണം. അങ്ങനെ ചെയ്താൽ അത് അവരോടൊപ്പം ചേരലും അവരുടെ ലക്ഷ്യങ്ങളെ സഹായിക്കലുമാണ്. അതാണ് അല്ലാഹു പറഞ്ഞത്: (നീ പങ്കുചേർക്കുന്നവരിൽ പെട്ടവനാവുകതന്നെ ചെയ്യരുത്) അതായത് അല്ലാഹുവിൽ പങ്കുചേർക്കുന്ന കാര്യത്തിൽ, അതല്ലെങ്കിൽ അതിലേതെങ്കിലും ചെറിയ വിഷയത്തിൽ പോലും; മറ്റേതെങ്കിലും തിന്മകളുടെ ഭാഗമാവുകയോ ചെയ്യരുത്.


وَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۘ لَآ إِلَـٰهَ إِلَّا هُوَ ۚ كُلُّ شَىْءٍ هَالِكٌ إِلَّا وَجْهَهُۥ ۚ لَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ (٨٨)

88. അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാർഥിക്കുകയും ചെയ്യരുത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്. അവന്നുള്ളതാണ് വിധികർതൃത്വം. അവങ്കലേക്കു തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും.

(അല്ലാഹുവോടൊപ്പം വേറെ ഒരു ദൈവത്തെയും നീ വിളിച്ചു പ്രാർഥിക്കുകയും ചെയ്യരുത്) പകരം നിന്റെ ആരാധന അല്ലാഹുവിന് മാത്രം സമർപ്പിക്കുക. കാരണം (അവനല്ലാതെ യാതൊരു ദൈവവുമില്ല) അതിനാൽ ആരാധ്യതക്കോ സ്‌നേഹിക്കപ്പെടാനോ അർഹനായി എന്നെന്നും അവശേഷിക്കുന്ന സമ്പൂർണനായ അല്ലാഹു മാത്രമേയുള്ളൂ. (അവന്റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്) അവനല്ലാത്തതെല്ലാം നശിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുമെങ്കിൽ നശിക്കുന്നതിനെയും നിരർഥകമായതിനെയും ആരാധിക്കുന്നതുതന്നെ നിഷ്ഫലമാണ്. (അവനുള്ളതാണ് വിധികർതൃത്വം) ഇഹത്തിലും പരത്തിലും. (അവങ്കലേക്ക്) മറ്റാരിലേക്കും അല്ല. (നിങ്ങൾ മടക്കപ്പെടുകയും ചെയ്യും) കാരണം, അല്ലാഹു ഒഴികെയുള്ളതെല്ലാം അസത്യവും നശിക്കുന്നതും ആണെങ്കിൽ അല്ലാഹു മാത്രമാണ് അവശേഷിക്കുന്നത്. അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. ഇഹത്തിലും പരത്തിലും വിധികർതൃത്വം അവന്നാണ്. എല്ലാ സൃഷ്ടികളും അവനിലേക്ക് മടങ്ങും. അവരുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകും. അതിനാൽ ബുദ്ധിയുള്ള ഏതൊരാളും അവനെ മാത്രമെ ആരാധിക്കൂ; അവനിൽ പങ്കുചേർക്കുകയില്ല. അവനിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കും. അവനു കീഴൊതുങ്ങും. അവന്റെ ശിക്ഷയെയും കോപത്തെയും സൂക്ഷിക്കും. പാപങ്ങൾ ഉപേക്ഷിക്കാതെയും പശ്ചാത്തപിക്കാതെയും തന്റെ രക്ഷിതാവിന്റെ അടുക്കൽ വരാതിരിക്കാൻ അവൻ സൂക്ഷ്മത പാലിക്കും.

(സൂറഃ ഖസ്വസ്വിന്റെ വിശദീകരണം പൂർത്തിയായി. അല്ലാഹുവിന്സ്തുതി).