സൂറ: ന്നംല്, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2026 ജനുവരി 17, 1447 റജബ് 28
അധ്യായം: 27, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
1. ത്വാ-സീൻ. ഖുർആനിലെ, അഥവാ കാര്യങ്ങൾ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.

തുടക്കത്തിൽ കാണുന്ന അക്ഷരക്കൂട്ടം (الحروف المقطعة) ധാരാളം സൂറത്തുകളുടെ തുടക്കത്തിൽ കാണാറുണ്ട്. പല വ്യാഖ്യാനങ്ങളും അതിനു പറയാറുണ്ടെങ്കിലും ഏറ്റവും ശരിയായ പണ്ഡിത വീക്ഷണം അവയുടെ അർഥം ചിന്തിക്കാതെ അവ അതുപോലെ വിശ്വസിക്കണം എന്നാണ്. അത് അല്ലാഹുവിന് വിട്ടുകൊടുക്കേണ്ട അറിവാണ്. നമുക്ക് അറിയാത്ത ജ്ഞാനം അതിനു പിന്നിൽ ഉണ്ടെന്നു നാം വിശ്വസിക്കണം.
ഇവിടെ അല്ലാഹു തന്റെ ദാസന്മാരുടെ ശ്രദ്ധ ക്വുർആനിന്റെ മഹത്ത്വത്തിലേക്കാണ് ക്ഷണിക്കുന്നത്. ആ മഹത്ത്വത്തിലേക്ക് സൂചന നൽകിക്കൊണ്ട് അല്ലാഹു പറയുന്നു: (ക്വുർആനിലെ, അഥവാ കാര്യങ്ങൾ സ്പഷ്ടമാവുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അത്). വചനങ്ങളിൽ ഉന്നതമായത്, വ്യക്തതയിൽ ഏറ്റവും ശക്തം, തെളിവുകൾ സ്പഷ്ടം, മഹത്തായ ലക്ഷ്യങ്ങൾ, മികച്ച പ്രവർത്തനങ്ങൾ, വിശുദ്ധമായ സ്വഭാവങ്ങൾ, സത്യസന്ധമായ വർത്തമാനങ്ങൾ, നല്ല നിർദേശങ്ങൾ, എല്ലാ ദുഷ്ട പ്രവൃത്തികളെയും ദുസ്സ്വഭാവങ്ങളെയും നിരോധിക്കുന്നു. ഉൾക്കാഴ്ചയുള്ള ആളുകൾക്ക് പകൽവെളിച്ചം പോലെ വ്യക്തമായ വാക്യങ്ങളാണിവ. വിശ്വാസത്തിലേക്കും നിശ്ചയദാർഢ്യത്തിലേക്കും എത്താൻ ആഹ്വാനം ചെയ്യുന്ന വചനങ്ങൾ. ഭൂതകാലത്ത് സംഭവിച്ചതും ഭാവിയിൽ സംഭവിക്കാൻ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. വിശിഷ്ടമായ നാമങ്ങളിലൂടെയും ഉന്നത വിശേഷണങ്ങളിലൂടെയും സമ്പൂർണ പ്രവർത്തനങ്ങളിലൂടെയും ഉന്നതനായ രക്ഷിതാവിനെ മനസ്സിലാക്കാനുതകുന്ന വചനങ്ങൾ. അവന്റെ ദൂതന്മാരെയും മിത്രങ്ങളെയും നമുക്ക് പരിചയപ്പെടുത്തുന്ന വാക്യങ്ങൾ. എല്ലാം നമ്മുടെ കണ്ണിൽ കാണുന്നതുപോലെയുള്ള വിശദീകരണങ്ങൾ. എന്നിരുന്നാലും ഇതൊന്നും അധികമാളുകളും പ്രയോജനപ്പെടുത്തുന്നില്ല. ഒരു ധിക്കാരിയും അതുമൂലം മാർഗത്തിലേക്ക് എത്തില്ല. ഹൃദയത്തിൽ വിശുദ്ധി ഇല്ലാത്തവരിൽനിന്നും നന്മയില്ലാത്തവരിൽനിന്നും അതിനെ അവൻ സംരക്ഷിച്ചു. വിശ്വാസം കൊണ്ട് അല്ലാഹു പ്രത്യേകമാക്കിയവരും അതുമൂലം ഹൃദയം പ്രകാശിക്കുന്നവരും രഹസ്യജീവിതം ശുദ്ധീകരിക്കപ്പെട്ടവരും മാത്രമെ അതുമൂലം സന്മാർഗത്തിലാവുകയുള്ളൂ.
2. സത്യവിശ്വാസികൾക്ക് മാർഗദർശനവും സന്തോഷവാർത്തയുമത്രെ അത്.
2). അല്ലാഹു പറയുന്നു: (വിശ്വാസികൾക്ക് മാർഗദർശനവും സന്തോഷവാർത്തയുമത്രെ അത്) നേരായ പാത പിന്തുടരുന്നതിലേക്ക് അത് അവരെ നയിക്കുന്നു. എന്താണ് പിന്തുടരേണ്ടതെന്നും ഉപേക്ഷിക്കേണ്ടതെന്നും ക്വുർആൻ അവർക്ക് വ്യക്തമാക്കി കൊടുക്കുന്നു; ഈ പാതയിലൂടെ നയിക്കപ്പെടുന്നതിെൻറ ഫലമായി ലഭിക്കുന്ന അല്ലാഹുവിെൻറ പ്രതിഫലത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും.
3. നമസ്‌കാരം മുറപോലെ നിവ്വഹിക്കുകയും സകാത്ത് നൽകുകയും പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവർക്ക്.
3). ഒരുപക്ഷേ, വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവർ ധാരാളം ഉണ്ടായേക്കാം. എന്നാൽ വിശ്വാസിയാണെന്ന് അവകാശപ്പെടുന്ന എല്ലാവരിൽനിന്നും അത് സ്വീകരിക്കപ്പെടുമോ അതോ ആ പറയുന്നത് സത്യമാണെന്നതിന് തെളിവുകൾ വേണ്ടതുണ്ടോ? അതുകൊണ്ടായിരിക്കണം യഥാർഥ വിശ്വാസികളുടെ വിശേഷണങ്ങൾ അല്ലാഹു ഇവിടെ വിശദീകരിച്ചത്. (നമസ്‌കാരം മുറപോലെ നിർവഹിക്കുകയും) നമസ്‌കാരത്തിന്റെ ഫർദുകളും സുന്നത്തുകളും; ബാഹ്യകാര്യങ്ങളായ അതിന്റെ അടിസ്ഥാന കാര്യങ്ങൾ, നിബന്ധനകൾ, ഐച്ഛിക കാര്യങ്ങൾ എന്നിവയും ആന്തരിക കാര്യങ്ങളായ-നമസ്‌കാരത്തിന്റെ ജീവനായ-ഭക്തിയും അവർ നിറവേറ്റുന്നു. അതുകൊണ്ട് ഉദ്ദേശിക്കുന്നത് താഴ്മയോടെ നമസ്‌കാരം നിർവഹിക്കുക എന്നതാണ്. അല്ലാഹു സമീപസ്ഥനാണെന്ന ബോധത്തോ ടെയും നമസ്‌കാരത്തിൽ ചൊല്ലുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ ചിന്തിച്ചുകൊണ്ടും നിർവഹിക്കുക.
(സകാത്ത് നൽകുകയും) നിർബന്ധ ദാനം അതിന്റെ അവകാശികൾക്ക് നൽകുക. (പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവർ) അവരുടെ വിശ്വാസം ദൃഢതയുടെ അവസ്ഥയിൽ എത്തിയിരിക്കുന്നു. അത് സമ്പൂർണമായ ഒരു വിജ്ഞാനമായി പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നു. പരലോകത്തെ കുറിച്ചുള്ള ഉറപ്പ് അതിനായി പരിശ്രമിക്കാനും ശിക്ഷക്ക് കാരണമാകുന്ന കാര്യങ്ങളെ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്നു. ഇതാണ് എല്ലാ നന്മകളുടെയും അടിസ്ഥാനം.
4. പരലോകത്തിൽ വിശ്വസിക്കാത്തതാരോ അവർക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവർ വിഹരിച്ചുകൊണ്ടിരിക്കുന്നു.
4) (പരലോകത്തിൽ വിശ്വസിക്കാത്തത് ആരോ അവർക്ക്) അതിനെ അവർ കളവാക്കി. അതിനെ സ്ഥാപിക്കാൻ നിയോഗിക്കപ്പെട്ടവനെയും അവർ നിഷേധിച്ചു. (അവർക്ക് നിങ്ങളുടെ പ്രവർത്തനങ്ങൾ നാം ഭംഗിയായി തോന്നിപ്പിച്ചിരിക്കുന്നു. അങ്ങനെ അവർ വിഹരിച്ചുകൊണ്ടിരിക്കുന്നു) അവർ ആശയക്കുഴപ്പത്തിലാവുകയും അവന്റെ പ്രീതി സമ്പാദിക്കുന്നതിനെക്കാൾ അവന്റെ കോപം നേടുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തു. സത്യം അവർക്ക് തല തിരിഞ്ഞു. അങ്ങനെ സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും കണ്ടു.

