സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ജൂൺ 27, 1448 മുഹർറം 12

അധ്യായം: 26, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍۢ كَٱلطَّوْدِ ٱلْعَظِيمِ (٦٣)

63. അപ്പോൾ നാം മൂസായ്ക്ക് ബോധനം നൽകി; നീ നിന്റെ വടികൊണ്ട് കടലിൽ അടിക്കൂ എന്ന്. അങ്ങനെ അത് (കടൽ) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പർവതം പോലെ ആയിത്തീരുകയും ചെയ്തു.

وَأَزْلَفْنَا ثَمَّ ٱلْـَٔاخَرِينَ (٦٤)

64. മറ്റവരെ(ഫിർഔനിന്റെ പക്ഷം)യും നാം അതിന്റെ അടുത്തെത്തിക്കുകയുണ്ടായി.

وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ (٦٥)

65. മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവൻ നാം രക്ഷപ്പെടുത്തി.

ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ (٦٦)

66. പിന്നെ മറ്റവരെ നാം മുക്കിനശിപ്പിച്ചു.

إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ (٦٧)

67. തീർച്ചയായും അതിൽ (സത്യനിഷേധികൾക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധിക പേരും വിശ്വസിക്കുന്നവരായില്ല.

وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ (٦٨)

68. തീർച്ചയായും നിന്റെ രക്ഷിതാവുതന്നെയാണ് പ്രതാപിയും കരുണാനിധിയും.

(63-68). (അപ്പോൾ മൂസാക്ക് ബോധനം നൽകി: ‘നീ നിന്റെ വടികൊണ്ട് കടലിൽ അടിക്കൂ’) അങ്ങനെ അദ്ദേഹം തന്റെ വടികൊണ്ട് കടലിൽ അടിച്ചു. (അത് പിളരുകയും ചെയ്തു) പന്ത്രണ്ട് വഴികളായി. (ഓരോ പൊളിയും പർവതം പോലെ ആയിത്തീരുകയും ചെയ്തു). (വലിയ) മലപോലെ. അങ്ങനെ മൂസാ നബിയും ജനതയും അതിൽ പ്രവേശിച്ചു. (നാം അതിന്റെ അടുത്തെത്തിക്കുകയുണ്ടായി) ആ സ്ഥലത്തുതന്നെ. (മറ്റവരെ-ഫിർഔൻ പക്ഷത്തെ). മൂസായും അദ്ദേഹത്തിന്റെ ആളുകളും കടന്നുപോയ അതേ വഴിയിൽ പ്രവേശിക്കുകയും ചെയ്തു. (മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവൻ നാം രക്ഷപ്പെടുത്തി) അവരെല്ലാവരും പുറത്തെത്തി. (പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു) അവരിൽ ഒരാളും രക്ഷപ്പെട്ടില്ല. (തീർച്ചയായും അതിൽ ഒരു ദൃഷ്ടാന്തമുണ്ട്) അതായത് മൂസാ(അ) കൊണ്ടുവന്ന സന്ദേശം സത്യമാണെന്നതിനും ഫിർഔനും അവന്റെ ആളുകളും പിന്തുടരുന്ന വഴി തെറ്റാണെന്നതിനുമുള്ള ദൃഷ്ടാന്തം. (എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല) വിശ്വസിക്കാവുന്ന ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും അവരുടെ ഹൃദയങ്ങളിലെ കുഴപ്പം കാരണം അവരിൽ ഭൂരിഭാഗവും വിശ്വാസികളായില്ല. (തീർച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണാനിധിയും) തന്റെ ദൂതനെ തള്ളിപ്പറഞ്ഞ സത്യനിഷേധികളെ തന്റെ ശക്തിയാൽ നശിപ്പിക്കുകയും തന്റെ കാരുണ്യത്താൽ മൂസാ നബിയെയും കൂടെയുണ്ടായിരുന്നവരെയും രക്ഷിക്കുകയും ചെയ്തു.


وَٱتْلُ عَلَيْهِمْ نَبَأَ إِبْرَٰهِيمَ (٦٩)

69. ഇബ്‌റാഹീമിന്റെ വൃത്താന്തവും അവർക്ക് നീ വായിച്ചുകേൾപിക്കുക.

(٧٠)إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا تَعْبُدُونَ

70. അതായത് നിങ്ങൾ എന്തൊന്നിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദർഭം.

قَالُوا۟ نَعْبُدُ أَصْنَامًۭا فَنَظَلُّ لَهَا عَـٰكِفِينَ (٧١)

71. അവർ പറഞ്ഞു: ‘ഞങ്ങൾ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പിൽ ഭജനമിരിക്കുകയും ചെയ്യുന്നു.’

(69-71). ‘ഹേ മുഹമ്മദ്, ഇബ്‌റാഹീമിന്റെ കഥ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുക.’ ഇവിടെ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു പ്രത്യേക സന്ദർഭത്തെ മാത്രമാണ്. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ ധാരാളം സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും സുപ്രധാനമായ ഒന്നാണിത്. ഇതിൽ വരുന്നത് അദ്ദേഹത്തിന്റെ സന്ദേശവും പ്രബോധനവും തന്റെ ജനതയോട് അദ്ദേഹം നടത്തിയ തർക്കവും അവർ പിന്തുടരുന്നതിന്റെ നിരഥകതയുമെല്ലാമാണ്. അതുകൊണ്ട് ആ സന്ദർഭം ഇവിടെ എടുത്തുപറയുന്നു: (അതായത് നിങ്ങൾ എന്തൊന്നിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദർഭം. അവർ പറഞ്ഞു) തങ്ങളുടെ ആരാധനയെ കുറിച്ച് വീമ്പിളക്കിക്കൊണ്ട്. (ചില വിഗ്രഹങ്ങളെ) ഞങ്ങൾ സ്വന്തം കൈകൊണ്ട് നിർമിക്കുകയും കൊത്തിയുണ്ടാക്കുകയും ചെയ്യുന്ന വിഗ്രഹങ്ങളെ ഞങ്ങൾ ആരാധിക്കുന്നു. (അവയുടെ മുമ്പിൽ ഭജനമിരിക്കുകയും ചെയ്യുന്നു) അതായത് അവയെ ആരാധിക്കാൻ ഞങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നു.


قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ (٧٢)

72. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ പ്രാർഥിക്കുമ്പോൾ അവരത് കേൾക്കുമോ?’

أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ (٧٣)

73. ‘അഥവാ, അവർ നിങ്ങൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?’

(٧٤)قَالُوا۟ بَلْ وَجَدْنَآ ءَابَآءَنَا كَذَٰلِكَ يَفْعَلُونَ

74. അവർ പറഞ്ഞു: ‘അല്ല, ഞങ്ങളുടെ പിതാക്കൾ അപ്രകാരം ചെയ്യുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു (എന്ന് മാത്രം).

(72-74). എന്തുകൊണ്ട് വിഗ്രഹങ്ങൾ ആരാധന അർഹിക്കുന്നില്ല എന്നത് വിശദീകരിച്ചുകൊണ്ട് ഇബ്‌റാഹിം(അ) അവരോട് പറഞ്ഞു: (നിങ്ങൾ പ്രാർഥിക്കുമ്പോൾ അവരത് കേൾക്കുമോ?) നിങ്ങൾ അവരെ വിളിക്കുമ്പോൾ നിങ്ങളുടെ വിളി അവർ കേൾക്കുകയും പ്രതികരിക്കുകയും നിങ്ങളെ ദുരിതങ്ങളിൽ നിന്ന് മോചിപ്പിക്കുകയും നിങ്ങൾക്ക് ദോഷകരമായത് നീക്കിത്തരികയും ചെയ്യുമോ? (അഥവാ അവർ നിങ്ങൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?) അതൊന്നും ഇല്ലെന്ന് അവർ സമ്മതിച്ചു. കാരണം അവർക്കൊന്നും കേൾക്കാൻ കഴിയില്ല. ഉപകാരമോ ഉപദ്രവമോ ചെയ്യാനും കഴിയില്ല. അതുകൊണ്ടാണ് ഇബ്‌റാഹിം(അ) വിഗ്രഹങ്ങളെ തകർത്തപ്പോൾ ഇങ്ങനെ പറഞ്ഞത്:

قَالَ بَلْ فَعَلَهُ كَبِيرُهُمْ هَٰذَا فَاسْأَلُوهُمْ إِن كَانُوا يَنطِقُونَ (٦٣)‏

“അദ്ദേഹം പറഞ്ഞു: എന്നാൽ അവരുടെ കൂട്ടത്തിൽ ഈ വലിയവനാണ് അത് ചെയ്തത്. അവർ സംസാരിക്കുമെങ്കിൽ നിങ്ങൾ അവരോട് ചോദിച്ചുനോക്കൂ” (21:63)

അവർ അദ്ദേഹത്തോട് പറഞ്ഞു:

(٦٥)عَلِمْتَ مَا هَٰؤُلَاءِ يَنطِقُونَ ‎

“ഇവർ സംസാരിക്കില്ലെന്ന് നിനക്കറിയാമല്ലോ” (21:65)

ഇത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. ആശയക്കുഴപ്പത്തിനും സംശയത്തിനും ഇടമില്ല. അങ്ങനെ അവർ അവരുടെ വഴിപിഴച്ച പിതാക്കന്മാരെ പിന്തുടർന്ന് പറഞ്ഞു: (അല്ല ഞങ്ങളുടെ പിതാക്കൾ അപ്രകാരം ചെയ്യുന്നതായി ഞങ്ങൾ കണ്ടിരുന്നു) അതിൽ ഞങ്ങൾ അവരെ അനുഗമിച്ചു. അവരുടെ പാത പിന്തുടരുകയും അവരുടെ ആചാരങ്ങൾ പാലിക്കുകയും ചെയ്തു