സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 മെയ് 16, 1447 ദുൽഖഅദ് 27

അധ്യായം: 26, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذْ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئْتِ ٱلْقَوْمَ ٱلظَّـٰلِمِينَ (١٠) قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ (١١)

10. നിന്റെ രക്ഷിതാവ് മൂസായെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ:) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് ചെല്ലുക.

11. അതായത്, ഫിർഔനിന്റെ ജനതയുടെ അടുക്കലേക്ക്. അവർ സൂക്ഷ്മത പാലിക്കുന്നില്ലേ? (എന്നു ചോദിക്കുക).

10,11). അല്ലാഹു മൂസാ നബി(അ)യെ വിളിക്കുകയും അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുകയും തന്റെ ദൂതനും പ്രവാചകനുമായി നിയമിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. (അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് പോവുക) ഭൂമിയിൽ അഹങ്കരിച്ചവരും അവിടുത്തെ ജനങ്ങളെ അവജ്ഞയോടെ കാണുകയും ചെയ്തവരായ അവരുടെ നേതാവാകട്ടെ താൻ ദൈവമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. (ഫിർഔനിന്റെ ജനത, അവർ സൂക്ഷ്മത പാലിക്കുന്നില്ലേ?) ഫിർഔനിന്റെ ജനതയോട് സ്‌നേഹത്തോടെയും സൗമ്യതയോടെയും പറയുക. അവരെ സൃഷ്ടിക്കുകയും അവർക്ക് ഉപജീവനം നൽകുകയും ചെയ്ത അല്ലാഹുവിനെ അവർ ഭയപ്പെടുന്നില്ലേ?


قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ (١٢) وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَـٰرُونَ (١٣) وَلَهُمْ عَلَىَّ ذَنۢبٌۭ فَأَخَافُ أَن يَقْتُلُونِ (١٤)

12. അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവേ, അവർ എന്നെ നിഷേധിച്ചുതള്ളുമെന്ന് തീർ ച്ചയായും ഞാൻ ഭയപ്പെടുന്നു.’

13. ‘എന്റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാൽ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ.

14. ‘അവർക്ക് എന്റെ പേരിൽ ഒരു കുറ്റം ആരോപിക്കാനുമുണ്ട്. അതിനാൽ അവർ എന്നെ കൊന്നേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.’

12-14). മൂസാ(അ) തന്റെ രക്ഷിതാവിനോട് ക്ഷമാപണം നടത്തി തന്റെ ബലഹീനതകൾ തന്റെ രക്ഷിതാവിനോട് പറയുകയും ഭാരമേറിയ തന്റെ ഉത്തരവാദിത്തത്തിൽ തന്നെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. (അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അവർ എന്നെ നിഷേധിച്ചുതള്ളുമെന്ന് തീർച്ചയായും ഞാൻ ഭയപ്പെടുന്നു. എന്റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്റെ നാവിന് ഒഴുക്കുമുണ്ടാവില്ല).

قَالَ رَبِّ اشْرَحْ لِي صَدْرِي ‎٢٥وَيَسِّرْ لِي أَمْرِي ‎٢٦وَاحْلُلْ عُقْدَةً مِّن لِّسَانِي ‎٢٧يَفْقَهُوا قَوْلِي ‎٢٨وَاجْعَل لِّي وَزِيرًا مِّنْ أَهْلِي ‎٢٩هَارُونَ أَخِي ‎٣٠ ‏

“അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നൽകേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. ജനങ്ങൾ എന്റെ സംസാരം മനസ്സിലാക്കേണ്ടതിനായി എന്റെ നാവിൽനിന്ന് നീ കെട്ടഴിച്ചുതരേണമേ. എന്റെ കുടുംബത്തിൽനിന്ന് എനിക്ക് നീ ഒരു സഹായിയെ ഏർപ്പെടുത്തുകയും ചെയ്യേണമേ. അതായത് എന്റെ സഹോദരൻ ഹാറൂനെ’’ (20:25-30).

അല്ലാഹു അദ്ദേഹത്തിന്റെ അഭ്യർഥന മാനിക്കുകയും അദ്ദേഹത്തിന്റെ സഹോദരൻ ഹാറൂനിനെ അദ്ദേഹത്തെ നിയോഗിച്ച പോലെ നിയോഗിക്കുകയും ചെയ്തു. (ഒരു സഹായിയായിക്കൊണ്ട് അവനെ നീയോഗിക്കേണമേ) എന്റെ കാര്യങ്ങൾക്കുള്ള ഒരു സഹായി. (അവർക്ക് എന്റെ പേരിൽ ഒരു കുറ്റം ആരോപിക്കാനുണ്ട്) അതായത് ഖിബ്ത്വിയെ കൊന്ന കാര്യത്തിൽ. (അതിനാൽ അവർ എന്നെ കൊന്നേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു).


قَالَ كَلَّا ۖ فَٱذْهَبَا بِـَٔايَـٰتِنَآ ۖ إِنَّا مَعَكُم مُّسْتَمِعُونَ (١٥) فَأْتِيَا فِرْعَوْنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلْعَـٰلَمِينَ (١٦) أَنْ أَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ (١٧)

15. അല്ലാഹു പറഞ്ഞു: ‘ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളുംകൊണ്ട് നിങ്ങൾ ഇരുവരും പോയിക്കൊള്ളുക. തീർച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്.

16. എന്നിട്ട് നിങ്ങൾ ഫിർഔനിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറയുക: തീർച്ചയായും ഞങ്ങൾ ലോകരക്ഷിതാവിങ്കൽ നിന്ന് നിയോഗിക്കപ്പെട്ട ദൂതൻമാരാകുന്നു.

17. ഇസ്രാഈൽ സന്തതികളെ ഞങ്ങളോടൊപ്പംഅയച്ചുതരണം എന്ന നിർദേശവുമായിട്ട്.

15-17). (അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല) അവർക്ക് നിങ്ങളെ കൊല്ലാൻ കഴിയില്ല. നിങ്ങൾക്ക് രണ്ടുപേർക്കും അധികാരം നൽകും. അവർക്ക് ഉപദ്രവിക്കാൻ കഴിയില്ല. നിങ്ങൾ രണ്ടുപേരും നിങ്ങളെ പിൻപറ്റിയവരും തന്നെയാണ് വിജയികൾ. അതിനാൽ മൂസാനബിയെ എതിർക്കുകയും അദ്ദേഹത്തോട് ഏറ്റുമുട്ടുകയും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ വിഡ്ഢിത്തമായും അദ്ദേഹത്തെയും അനുയായികളെയും പിഴച്ചവരായി കണക്കാക്കുകയും ചെയ്തിട്ടും ഫിർഔനിന് മൂസാ നബിയെ കൊല്ലാനായില്ല. (നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങൾ രണ്ടുപേരും പോകുക) നിങ്ങളുടെ സത്യതയും നിങ്ങൾ കൊണ്ടുവന്ന സന്ദേശത്തിന്റെ സുസ്ഥിരതയും സ്ഥാപിക്കുന്ന ദൃഷ്ടാന്തങ്ങളുമായി നിങ്ങൾ രണ്ടുപേരും പോകൂ. (തീർച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്) നാം നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങളെ ശ്രദ്ധിച്ചും സംരക്ഷിച്ചും പരിപാലിച്ചും. (എന്നിട്ട് നിങ്ങൾ ഫിർഔനിന്റെ അടുക്കൽ ചെന്ന് ലോകരക്ഷിതാവിങ്കൽ നിന്ന് നിയോഗിക്കപ്പെട്ട ദൂതന്മാരാണ് ഞങ്ങൾ എന്ന് പറയുക). നിങ്ങൾ അവനിലും ഞങ്ങളിലും വിശ്വസിക്കുന്നതിനും അവനെ ആരാധിക്കുന്നതിനും അവന്റെ ഏകത്വത്തെ അംഗീകരിക്കാനും താങ്കളോട് പറയാൻ ഞങ്ങളെ താങ്കളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. (ഇസ്രായേൽ സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം) അവരെ പീഡിപ്പിക്കുന്നത് നിർത്തുക. അവരെ വിട്ടേക്കുക. അവർ അവരുടെ രക്ഷിതാവിനെ ആരാധിക്കുകയും അവരുടെ മതം അനുഷ്ഠിക്കുകയും ചെയ്യട്ടെ.