സൂറ: ന്നംല്, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2026 ജനുവരി 24, 1447 ശഅ്ബാൻ 05
അധ്യായം: 27, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
5. അവരത്രെ കഠിനശിക്ഷയുള്ളവർ. പരലോകത്താകട്ടെ അവർ തന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവർ.

(അവരത്രെ കഠിന ശിക്ഷയുള്ളവർ) ഏറ്റവും കഠിനമാമായതും വമ്പിച്ചതുമായ ശിക്ഷ. (പരലോകത്താകട്ടെ അവർതന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവർ) നഷ്ടം അവർക്ക് മാത്രമായിരിക്കും. കാരണം ഉയിർത്തെഴുന്നേൽപ്പ് നാളിൽ അവർക്ക് അവരെയും കുടുംബങ്ങളെയും നഷ്ടപ്പെടും. പ്രവാചകന്മാർ അവരെ ക്ഷണിച്ച വിശ്വാസവും അവർക്ക് നഷ്ടപ്പെടും.
6. തീർച്ചയായും യുക്തിമാനും സർവജ്ഞനുമായിട്ടുള്ളവന്റെ പക്കൽനിന്നാകുന്നു നിനക്ക് ക്വുർആൻ നൽകപ്പെടുന്നത്.
(തീർച്ചയായും യുക്തിമാനും സർവജ്ഞനുമായിട്ടുള്ളവന്റെ പക്കൽനിന്നാകുന്നു നിനക്ക് ക്വുർആൻ നൽകപ്പെടുന്നത്). ഈ ക്വുർആൻ താങ്കൾക്ക് ഇറങ്ങുന്നതും സ്വീകരിക്കുന്നതും (യുക്തിമാൻ) ആയവന്റെ അടുക്കൽനിന്നാണ്. എല്ലാം അതതിന്റെ യോജിച്ച സ്ഥാനത്ത് ഉചിതമായി വെക്കുന്നവൻ, ഇറക്കേണ്ട സ്ഥാനത്ത് ഇറക്കുന്നവൻ. (സർവജ്ഞനും ആയിട്ടുള്ളവൻ) ബാഹ്യവും ആന്തരികവുമായ എല്ലാറ്റിന്റെയും രഹസ്യങ്ങൾ അറിയുന്നവൻ. സർവജ്ഞനായിട്ടുള്ള യുക്തിമാനിൽനിന്നാണ് ഇതെല്ലാം വരുന്നതെങ്കിൽ ഇതിലെല്ലാം യുക്തിയുണ്ട്. തന്റെ ദാസന്മാരുടെ അവസ്ഥകൾ നന്നായി അറിയുന്നവനിൽനിന്നുള്ള നന്മയുമുണ്ട്.
7. മൂസാ തന്റെ കുടുംബത്തോട് പറഞ്ഞ സന്ദർഭം: ‘തീർച്ചയായും ഞാൻ ഒരു തീ കണ്ടിരിക്കുന്നു. അതിന്റെ അടുത്തുനിന്ന് ഞാൻ നിങ്ങൾക്ക് വല്ല വിവരവും കൊണ്ടുവരാം. അല്ലെങ്കിൽ അതിൽനിന്ന് ഒരു തീനാളം കൊളുത്തിയെടുത്ത് ഞാൻ നിങ്ങൾക്ക് കൊണ്ടു വരാം. നിങ്ങൾക്ക് തീ കായാമല്ലോ.’
(മൂസാ തന്റെ കുടുംബത്തോട് പറഞ്ഞ സന്ദർഭം: തീർച്ചയായും ഞാൻ ഒരു തീ കണ്ടിരിക്കുന്നു) മൂസബ്‌നു ഇംറാന്റെ ജീവിതത്തിലെ ശ്രേഷ്ഠമായ ഈ സന്ദർഭം നീ പറഞ്ഞു കൊടുക്കുക. ഇത് അദ്ദേഹത്തിലേക്കുള്ള വഹ്‌യിന്റെ ആരംഭവും പ്രവാചകത്വത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുക്കലും അദ്ദേഹത്തോടുള്ള അല്ലാഹുവിന്റെ സംസാരവുമാണ്. മദ്‌യനിൽ വർഷങ്ങളോളം താമസിച്ച് തന്റെ കുടുംബത്തെയും കൂട്ടി ഈജിപ്തിലേക്ക് പോകുന്ന വഴിയാണിത് സംഭവിച്ചത്. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് വഴിതെറ്റി. അത് നല്ല തണുത്ത, ഇരുട്ടുള്ള ഒരു രാത്രിയായിരുന്നു. അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു: (തീർച്ചയായും ഞാൻ ഒരു തീ കണ്ടിരിക്കുന്നു) അതായത് ദൂരെ ഞാനൊരു തീ കണ്ടു. (അതിന്റെ അടുത്തുനിന്ന് ഞാൻ നിങ്ങൾക്ക് വല്ല വിവരവും കൊണ്ടുവരാം) പോകേണ്ട വഴിയെക്കുറിച്ച്. (അല്ലെങ്കിൽ അതിൽ നിന്ന് ഒരു തീനാളം കൊളുത്തിയെടുത്ത് ഞാൻ നിങ്ങൾക്ക് കൊണ്ടുവരാം. നിങ്ങൾക്ക് തീ കായാമല്ലോ!) അതായത്, നിങ്ങൾക്ക് തീ കായാൻ. അദ്ദേഹത്തിന് വഴിതെറ്റിയെന്നും വളരെ കഠിനമായ തണുപ്പിലായിരുന്നു അദ്ദേഹവും കുടുംബവുമെന്നും ഇതിൽനിന്നു മനസ്സിലാക്കാം.
8. അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോൾ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു: ‘തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു.’
(അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോൾ ഇപ്രകാരം വിളിച്ചു പറയപ്പെട്ടു: തീയിലുള്ളവരും അതിനു ചുറ്റും ഉള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു) അതായത്, അല്ലാഹു മൂസാ നബി(അ) യെ വിളിച്ച് ഇത് പരിശുദ്ധമായ താഴ്‌വരയാണെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഈ സ്ഥലം അനുഗൃഹീതമാകാൻ കാരണം, ഇവിടെ വെച്ചാണ് അല്ലാഹു മൂസാ നബിയോട് സംസാരിച്ചതും അദ്ദേഹത്തെ വിളിച്ച് പ്രവാചകത്വം ഏൽപിച്ചതും എന്നതാണ്. (ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു) അവനെക്കുറിച്ച് എന്തെങ്കിലും അപൂർണതയോ ചീത്തവിചാരമോ ഉണ്ടാകുന്നതിൽനിന്നും അവൻ ഏറെ പരിശുദ്ധനാണ്. പ്രവർത്തനത്തിലും വിശേഷണത്തിലും അവൻ പരിപൂർണനത്രെ.
9. ‘ഹേ; മൂസാ, തീർച്ചയായും പ്രതാപിയും യുക്തിമാനുമായ അല്ലാഹുവാണ് ഞാൻ.’
(ഹേ മൂസാ, തീർച്ചയായും പ്രതാപിയും ബുദ്ധിമാനുമായ അല്ലാഹുവാണ് ഞാൻ) അല്ലാഹുവാണ് യഥാർഥ ആരാധനക്കർഹൻ എന്നാണ് പറയുന്നത്. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. ഈ ആശയം മറ്റു വചനങ്ങളിലും വന്നിട്ടുണ്ട്.
إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ١٤
“തീർച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാൽ എന്നെ നീ ആരാധിക്കുകയും എന്നെ ഓർമിക്കുന്നതിനായി നമസ്‌കാരം മുറ പോലെ നിർവഹിക്കുകയും ചെയ്യുക’’ (20:14).
(സർവശക്തൻ) എല്ലാ വസ്തുക്കളെയും കീഴ്‌പ്പെടുത്തുകയും എല്ലാ സൃഷ്ടികളും സമർപ്പണം ചെയ്യുന്നവനുമായ സർവശക്തൻ. (യുക്തിമാനും) തന്റെ കൽപനയിലും സൃഷ്ടിപ്പിലും. മൂസബ്‌നു ഇംറാനെ ദൂതനായി അയച്ചതും അവന്റെ യുക്തിയിൽ പെട്ടതാണ്. അല്ലാഹുവിന് അറിയാം; അദ്ദേഹം തന്റെ സന്ദേശം അറിയിച്ചുകൊടുക്കാനും വഹ്‌യ് സ്വീകരിക്കാനും നേരിട്ട് സംസാരിക്കാൻ യോഗ്യനാണെന്ന്. കാരണം, അദ്ദേഹം ശക്തനാണ്. അല്ലാഹുവിനെ അവലംബിക്കണം. നീ ഒറ്റക്കാണെന്നത് നിന്നെ ദുർബലനാക്കരുത്. എത്രതന്നെ ശത്രുക്കളുണ്ടെങ്കിലും അവർ എത്ര ശക്തരാണെങ്കിലും അവരുടെ ചലനങ്ങൾ അവന്റെ നിയന്ത്രണത്തിലാണ്.

