സൂറ: ന്നംല്, ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ജനുവരി 31, 1447 ശഅ്ബാൻ 12

അധ്യായം: 27, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَلْقِ عَصَاكَ ۚ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّۭ وَلَّىٰ مُدْبِرًۭا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰ لَا تَخَفْ إِنِّى لَا يَخَافُ لَدَىَّ ٱلْمُرْسَلُونَ (١٠)

10. നീ നിന്റെ വടി താഴെയിടൂ. അങ്ങനെ അത് ഒരു സർപ്പമെന്നോണം ചലിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല. അല്ലാഹു പറഞ്ഞു: ‘ഹേ; മൂസാ! നീ ഭയപ്പെടരുത്. ദൂതന്മാർ എന്റെ അടുക്കൽ പേടിക്കേണ്ടതില്ല; തീർച്ച.’

10) (നീ നിന്റെ വടി താഴെയിടൂ) അങ്ങനെ അത് അദ്ദേഹം താഴെ എറിഞ്ഞു. (അങ്ങനെ അത് ഒരു സർപ്പമെന്നോണം ചലിക്കുന്നത് കണ്ടപ്പോൾ) വേഗത്തിൽ നീങ്ങുന്ന ഒരു ആൺ പാമ്പിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്. (അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല) അദ്ദേഹം തന്റെ പാമ്പിനെ ഭയന്ന് തിരിഞ്ഞുനോക്കാതെ ഓടി. അത് മനുഷ്യപ്രകൃതിയാണ്. അപ്പോൾ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: (മൂസാ നീ ഭയപ്പെടരുത്). മറ്റൊരു വചനത്തിലുള്ളത്:

أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ الْآمِنِينَ ‎

“...മൂസാ, നീ മുന്നോട്ടു വരിക. പേടിക്കേണ്ടതില്ല. തീർച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു’’(28:31).

(ദൂതന്മാർ എന്റെ അടുക്കൽ പേടിക്കേണ്ടതില്ല) കാരണം ഭയത്തിന് കാരണമായതെല്ലാം അവന്റെ താത്പര്യത്തിനും കൽപനക്കും വിധേയമാണ്. അവയെല്ലാം അവന്റെ നിയന്ത്രണത്തിലും കൽപനയിലുമാണ്. അല്ലാഹു തന്റെ സന്ദേശത്തിനുവേണ്ടി തെരഞ്ഞെടുത്തവർ അല്ലാഹുവിനെയല്ലാതെ ആരെയും ഭയപ്പെടരുത്. പ്രത്യേകിച്ച് അവർ അവനോട് ഏറെ അടുപ്പമുള്ളവരും അവനോട് സംസാരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരുമാണ്.


إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًۢا بَعْدَ سُوٓءٍۢ فَإِنِّى غَفُورٌۭ رَّحِيمٌۭ (١١)

11. പക്ഷേ, വല്ലവനും അക്രമം പ്രവർത്തിക്കുകയും, പിന്നീട് തിന്മയ്ക്ക് ശേഷം നൻമയെ പകരം കൊണ്ടുവരികയും ചെയ്താൽ തീർച്ചയായും ഞാൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

(പക്ഷേ, വല്ലവനും അക്രമം പ്രവർത്തിക്കുകയും ശേഷം നന്മ കൊണ്ടുവരികയും ചെയ്താൽ) അതായത് ഏതൊരു തെറ്റ് ചെയ്തവനും താൻ ചെയ്ത തെറ്റും കുറ്റവും നിമിത്തം ഭയത്തിലും ദുർബലതയിലും അകപ്പെട്ടേക്കാം. പ്രവാചകന്മാരെ സംബന്ധിച്ചിടത്തോളം അവർ ക്ക് എന്തിന് ദുർബലതയും ഭയവും? എന്നാൽ, ഒരാൾ അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ച് സ്വന്തത്തോട് അക്രമം പ്രവർത്തിക്കുകയും പിന്നീട് ഖേദിക്കുകയും പശ്ചാത്തപിക്കുകയും അവന്റെ തിന്മകൾക്ക് പകരം നന്മകളും അനുസരണക്കേടിന് പകരം അനുസരണവും സ്ഥാപിക്കുകയും ചെയ്താൽ. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അവന്റെ കാരുണ്യത്തിൽനിന്നും പാപമോചനത്തിൽനിന്നും യാതൊരു ആളും നിരാശപ്പെടുകയില്ല. അവൻ ആ പാപങ്ങളും പൊറുക്കും. അവന് തന്റെ ദാസന്മാരോട് ഒരു മാതാവിന് തന്റെ സന്താനത്തോട് ഉള്ളതിനെക്കാൾ വാത്സല്യമാണ്.


وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍۢ ۖ فِى تِسْعِ ءَايَـٰتٍ إِلَىٰ فِرْعَوْنَ وَقَوْمِهِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًۭا فَـٰسِقِينَ (١٢)

12. നീ നിന്റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കളങ്കവും കൂടാതെ വെളുപ്പുനിറമുള്ളതായിക്കൊണ്ട് അത് പുറത്തുവരും. ഫിർഔന്റെയും അവന്റെ ജനതയുടെയും അടുത്തേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ ഇവ. തീർച്ചയായും അവർ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.

12) (നീ നിന്റെ കൈ കുപ്പായത്തിന്റെ മാറിലൂടെ പ്രവേശിപ്പിക്കുക. യാതൊരു കളങ്കവും കൂടാതെ വെളുപ്പ് നിറമുള്ളതായിക്കൊണ്ട് അത് പുറത്തുവരും) അത് കുഷ്ഠവും രോഗവുമല്ലാതെ; കാണുന്നവന് വെളുത്തതായി തിളങ്ങും. അതിന്റെ തിളങ്ങുന്ന വെളുപ്പ് കാഴ്ചക്കാരെ അമ്പരപ്പിക്കും. (ഫിർഔനിന്റെയും അവന്റെ ജനതയുടെയും അടുത്തേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ ഇവ) അതായത് ഈ രണ്ടു ദൃഷ്ടാന്തങ്ങൾ -വടി ചലിക്കുന്ന പാമ്പായി മാറുന്നതും കുപ്പായത്തിൽ നിന്ന് കൈ പുറത്തെടുക്കുമ്പോൾ വെളുത്തതായി തിളങ്ങുന്നതും- ഒമ്പത് അടയാളങ്ങളിൽ പെടുന്നു. ഇവയുമായി ചെന്നാണ് ഫിർഔനിനെയും ജനതയെയും പ്രബോധനം ചെയ്തത്. (തീർച്ചയായും അവർ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു) അവർ അല്ലാഹുവിൽ പങ്കുചേർത്തു കാലം കഴിച്ചു. അവന്റെ അടിമകളെ നിന്ദിച്ചും ഭൂമിയിൽ അഹങ്കാരത്തോടെ പെരുമാറിയും തിന്മ ചെയ്തവരാണവർ.

 


فَلَمَّا جَآءَتْهُمْ ءَايَـٰتُنَا مُبْصِرَةًۭ قَالُوا۟ هَـٰذَا سِحْرٌۭ مُّبِينٌۭ (١٣)

13. അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തി യപ്പോൾ അവർ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യ തന്നെയാകുന്നു.

13) അങ്ങനെ മൂസ ഫിർഔനിന്റെയും അവന്റെ ജനതയുടെയും അടുക്കലേക്ക് ചെന്നു. അദ്ദേഹം അവരെ അല്ലാഹുവിലേക്ക് വിളിക്കുകയും ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. (അങ്ങനെ കണ്ണുതുറപ്പിക്കുന്ന നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ) സത്യത്തിലേക്ക് വെളിച്ചം വീശുന്നതും പകൽവെളിച്ചം പോലെ വ്യക്തമായി കാണാവുന്നതുമായ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ. (അവർ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യ തന്നെയാകുന്നു). ഇത് ജാലവിദ്യയാണെന്ന് പറയുന്നതിൽ നിർത്തിയില്ല, മറിച്ച് അവർ പറഞ്ഞത്; ഇത് എല്ലാവർക്കും വ്യക്തമായതും വിചിത്രമായതും കണ്ണ് തുറപ്പിക്കുന്നതും തെളിവുള്ള പ്രകാശം പോലെയുള്ളതുമായ വ്യക്തമായ മാരണമാണ് എന്നാണ്. ഇത് ഏറ്റവും വലിയ അഹങ്കാരമാണ്.