സൂറ: ന്നംല്, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 മാർച്ച് 07, 1447 റമദാൻ 17

അധ്യായം: 27, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَلَمَّا جَآءَ سُلَيْمَـٰنَ قَالَ أَتُمِدُّونَنِ بِمَالٍۢ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيْرٌۭ مِّمَّآ ءَاتَىٰكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ (٣٦)

36. അങ്ങനെ അവൻ (ദൂതൻ) സുലൈമാന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാൽ എനിക്ക് അല്ലാഹു നൽകിയിട്ടുള്ളതാണ് നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിനെക്കാൾ ഉത്തമം. പക്ഷേ, നിങ്ങൾ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷംകൊള്ളുകയാകുന്നു.

36). അങ്ങനെ അവൾ തന്റെ ജനതയിലെ ബുദ്ധിമാന്മാരായ ദൂതന്മാരുടെ അടുക്കൽ ഒരു സമ്മാനം അദ്ദേഹത്തിന് അയച്ചു. (അങ്ങനെ അവൻ സുലൈമാന്റെ അടുത്ത് ചെന്നപ്പോൾ) അതായത് ദൂതന്മാർ അദ്ദേഹത്തിന്റെ അടുക്കൽ സമ്മാനവുമായി വന്നപ്പോൾ. (അദ്ദേഹം പറഞ്ഞു) അവരെ അപലപിച്ചും തന്റെ ആവശ്യമനുസരിച്ച് കീഴ്‌പ്പെടാത്തതിൽ അമർഷം പ്രകടിപ്പിച്ചും കൊണ്ട് അദ്ദേഹം പറഞ്ഞു: (നിങ്ങൾ സമ്പത്തു തന്ന് എന്നെ സഹായിക്കുകയാണോ? അല്ലാഹു എനിക്ക് നൽകിയിട്ടുള്ളതാണ് നിങ്ങൾക്ക് അവൻ നൽകിയിട്ടുള്ളതിനെക്കാൾ ഉത്തമം) നിങ്ങളുടെ സമ്മാനം എന്നിൽ യാതൊരു സ്വാധീനവും ഉണ്ടാക്കുകയില്ല. അതിൽ ഞാൻ സന്തോഷിക്കുന്നുമില്ല. കാരണം അല്ലാഹു എനിക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. (പക്ഷേ, നിങ്ങൾ നിങ്ങളുടെ പാരിതോഷികങ്ങൾ കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു) ഈ ലോകത്തോടുള്ള നിങ്ങളുടെ സ്നേഹം നിമിത്തവും എനിക്ക് അല്ലാഹു നൽകിയതിന് അപേക്ഷിച്ചു നിങ്ങളുടെ അടുത്തുള്ള കുറഞ്ഞ സമ്പത്തിലും നിങ്ങൾ സന്തോഷിക്കുന്നു.


ٱرْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍۢ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَآ أَذِلَّةًۭ وَهُمْ صَـٰغِرُونَ (٣٧)

37. നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീർച്ചയായും അവർക്ക് നേരിടുവാൻ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും നിന്ദ്യരും അപമാനിതരുമായ നിലയിൽ അവരെ നാം അവിടെനിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്.

37). പിന്നെ പക്വമായ ചിന്തകൊണ്ടും കൃത്യമായ വാക്കുകൾകൊണ്ടും എഴുതിവെക്കാതെ ദൂതന് നിർദേശം കൊടുത്തു. കാരണം വാക്കുകൾ കൃത്യമായി ദൂതൻ കൈമാറുമെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം പറഞ്ഞു: (അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക) നിങ്ങളുടെ സമ്മാനവുമായി മടങ്ങുക. (തീർച്ചയായും അവർക്ക് നേരിടുവാൻ കഴിയാത്ത സൈന്യവും കൊണ്ട് നാം അവരുടെ അടുക്കലേക്ക് ചെല്ലും) അവർക്ക് ചെറുത്തുനിൽക്കാൻ കഴിയാത്ത ശക്തിയുമായി. (നിന്ദ്യരും അപമാനിതരുമായ നിലയിൽ അവരെ നാം അവിടെനിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്) അങ്ങനെ ദൂതൻ തിരിച്ചുപോയി സുലൈമാൻ(അ) പറഞ്ഞ കാര്യങ്ങൾ അവരെ അറിയിച്ചു. അവർ സുലൈമാൻ നബി(അ)യുടെ അടുക്കലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തി.


قَالَ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَيُّكُمْ يَأْتِينِى بِعَرْشِهَا قَبْلَ أَن يَأْتُونِى مُسْلِمِينَ (٣٨) قَالَ عِفْرِيتٌۭ مِّنَ ٱلْجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّى عَلَيْهِ لَقَوِىٌّ أَمِينٌۭ (٣٩) قَالَ ٱلَّذِى عِندَهُۥ عِلْمٌۭ مِّنَ ٱلْكِتَـٰبِ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَـٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّۭ كَرِيمٌۭ (٤٠)

38. അദ്ദേഹം (സുലൈമാൻ ) പറഞ്ഞു: ‘ഹേ; പ്രമുഖൻമാരേ, അവർ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളിൽ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരിക?’

39. ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലൻ പറഞ്ഞു: ‘അങ്ങ് അങ്ങയുടെ ഈ സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീർച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.’

40. വേദത്തിൽനിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആൾ പറഞ്ഞു: ‘താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കൾക്ക് കൊണ്ടുവന്ന് തരാം. അങ്ങനെ അത് (സിംഹാസനം) ത ന്റെ അടുക്കൽ സ്ഥിതി ചെയ്യുന്നതായി കണ്ട പ്പോൾ അദ്ദേഹം പറഞ്ഞു: ‘ഞാൻ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നൽകിയ അനുഗ്രഹത്തിൽപെട്ടതാകുന്നു ഇത്. വല്ലവനും നന്ദി കാണിക്കുന്നപക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവൻ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീർച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉൽകൃഷ്ടനുമാകുന്നു.’

38-40). അവർ ഉറപ്പായും തന്റെ അടുക്കൽ വരുമെന്ന് സുലൈമാന് അറിയാമായിരുന്നു. അതിനാൽ അദ്ദേഹം തന്റെ കൂടെയുണ്ടായിരുന്ന ജിന്നുകളോടും മനുഷ്യരോടും പറഞ്ഞു: (അവർ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുക്കൽ വരുന്നതിനു മുമ്പായി നിങ്ങളിൽ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നു തരിക?) അവർ മുസ്‌ലിമാകുന്നതിനു മുമ്പ് ഞാൻ അത് നീക്കം ചെയ്യട്ടെ. അതിനുശേഷം അവരുടെ സമ്പത്ത് എനിക്ക് അനുവദനീയമല്ല. (ജിന്നുകളുടെ കൂട്ടത്തിലെ ഒരു മല്ലൻ പറഞ്ഞു:) ഇഫ്രീത്ത് എന്ന വാക്ക് ശക്തനും ഊർജസ്വലനുമായ ഒരാളെ സൂചിപ്പിക്കുന്നു (അങ്ങ് അങ്ങയുടെ സദസ്സിൽനിന്ന് എഴുന്നേൽക്കുന്നതിന് മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നു തരാം. തീർച്ചയായും ഞാൻ അതിന് കഴിവുള്ളവനും വിശ്വസ്തനും ആകുന്നു) ആ സമയത്ത് സുലൈമാൻ(അ) സിറിയയിൽ ആയിരുന്നു. അദ്ദേഹവും സബഉം തമ്മിൽ നാലു മാസത്തെ യാത്രാദൂരം ഉണ്ടായിരുന്നു. പോകാൻ രണ്ടു മാസവും തിരിച്ചുവരാൻ രണ്ടു മാസവും. അതിന്റെ വലുപ്പവും ഭാരവും വളരെ അധികമുണ്ടായിട്ടും ധാരാളം ദൂരം സഞ്ചരിക്കാൻ ഉണ്ടായിട്ടും ശക്തനായ ഈ ജിന്ന് പറഞ്ഞു: ‘താങ്കളുടെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കുന്നതിന് മുമ്പ് അത് കൊണ്ടുവരാൻ ഞാൻ സന്നദ്ധനാണ്.’ അതായത്, അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന കൂടിയാലോചനായോഗം പിരിയുന്നതിനു മുമ്പ്. സാധാരണ ഇത്തരം യോഗങ്ങൾ ഒരു ദിവസത്തിന്റെ മൂന്നിലൊന്ന് സമയമെടുക്കും. അതായത് രാവിലത്തെ സമയം മുഴുവനായി. പതിവ് അതാണ്. ചിലപ്പോഴത് നീണ്ടുപോകും. മഹാനായ ഈ രാജാവിന്റെ അടുക്കൽ ഇത്തരത്തിൽ കഴിവും ശക്തിയും ഉള്ള ഒരാൾ ഉണ്ടായിരുന്നു

എന്നാൽ അവനെക്കാൾ കഴിവുള്ള മറ്റൊരാൾ (വേദത്തിൽ നിന്നുള്ള വിജ്ഞാനം കരസ്ഥമാക്കിയിട്ടുള്ള ആൾ പറഞ്ഞു): വ്യാഖ്യാതാക്കൾ പറഞ്ഞത് അദ്ദേഹം സുലൈമാൻ നബിയോടൊപ്പം ഉണ്ടായിരുന്ന നീതിമാനും അറിവുള്ളവനും ആയിരുന്നു. അദ്ദേഹത്തിന്റെ പേര് ആസിഫ് ഇബ്‌നു ബർഖിയ എന്നായിരുന്നു. അല്ലാഹുവിന്റെ ഏറ്റവും മഹത്തായ നാമങ്ങൾ അദ്ദേഹത്തിന് അറിയാമായിരുന്നു. ആ നാമങ്ങളാൽ അദ്ദേഹം അല്ലാഹുവിനെ വിളിച്ചാൽ ഉത്തരം ലഭിക്കുമായിരുന്നു. ചോദിക്കപ്പെട്ടാൽ നൽകപ്പെടുമായിരുന്നു. (താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചു വരുന്നതിന് മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നു തരാം) ആ നാമങ്ങളാൽ അദ്ദേഹം അല്ലാഹുവിനെ വിളിച്ചു. അതു കൊണ്ടുവന്നു. (അല്ലാഹു അഅ്‌ലം) ഇതാണോ വേദവിജ്ഞാനത്തിൽ നിന്ന് അദ്ദേഹത്തിന് അറിയാമെന്നതുകൊണ്ട് ഉദ്ദേശ്യം? അതായത് ആ വേദവിജ്ഞാനം കൊണ്ട് ദൂരെയുള്ളത് കൊണ്ടുവരാനും കഠിന കാര്യങ്ങൾ സാധിക്കാനും കഴിയും എന്നതായിരിക്കാം.

(അങ്ങനെ അത്-സിംഹാസനം-തന്റെ അടുക്കൽ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോൾ) ആ സിംഹാസനം തന്റെ അടുക്കൽ സ്ഥിതിചെയ്യുന്നതായി സുലൈമാൻ നബി കണ്ടു). ഈ അധികാരം തനിക്ക് നൽകിയതിനും കാര്യങ്ങൾ എളുപ്പമാക്കിയതിനും അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. (ഞാൻ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കാനായി എന്റെ രക്ഷിതാവ് എനിക്ക് നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാകുന്നു ഇത്) അതായത്, ഇത് എനിക്ക് ഒരു പരീക്ഷണമാണ്. അജ്ഞരായ രാജാക്കന്മാർക്ക് സാധാരണ സംഭവിക്കുന്നതു പോലെ തന്റെ ആധിപത്യം, അധികാരം എന്നിവയാൽ അദ്ദേഹം വഞ്ചിക്കപ്പെട്ടില്ല. മറിച്ച് ഇത് തന്റെ രക്ഷിതാവിൽ നിന്നുള്ള പരീക്ഷണമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ അനുഗ്രഹത്തിന് നന്ദി ചെയ്യാതിരിക്കുന്നതിന് അദ്ദേഹം ഭയപ്പെട്ടു. ഈ നന്ദികൊണ്ട് അല്ലാഹുവിന് പ്രയോജനം ഒന്നും തന്നെയില്ല. പകരം നന്ദി കാണിക്കുന്നവന് തന്നെയാണ് അതിന്റെ പ്രയോജനം. അതാണ് അദ്ദേഹം പറഞ്ഞത്: (വല്ലവനും നന്ദി കാണിക്കുന്ന പക്ഷം. തന്റെ ഗുണത്തിനായി തന്നെയാകുന്നു അവൻ നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീർച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉൽകൃഷ്ടനുമാകുന്നു) തീർച്ചയായും അല്ലാഹു സ്വയം പര്യാപ്തനാണ്. അത്യധികം ഉദാരനാണ്. ഒരാളുടെ പ്രവർത്തനവും അവന് ആവശ്യമില്ല. അവൻ നന്ദിയുള്ളവർക്കും നന്ദികെട്ടവർക്കും അനുഗ്രഹം നൽകുന്നു. എന്നാൽ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുന്നവർക്ക് കൂടുതൽ അനുഗ്രഹങ്ങൾ നൽകുന്നു. നന്ദികേടാവട്ടെ അനുഗ്രഹങ്ങൾ കുറയാൻ കാരണമാകുന്നു.


قَالَ نَكِّرُوا۟ لَهَا عَرْشَهَا نَنظُرْ أَتَهْتَدِىٓ أَمْ تَكُونُ مِنَ ٱلَّذِينَ لَا يَهْتَدُونَ (٤١)

41. അദ്ദേഹം (സുലൈമാൻ) പറഞ്ഞു: ‘നിങ്ങൾ അവളുടെ സിംഹാസനം അവൾക്ക് തിരിച്ചറിയാത്ത വിധത്തിൽ മാറ്റുക. അവൾ യാ ഥാർഥ്യം മനസ്സിലാക്കുമോ, അതല്ല അവൾ യാഥാർഥ്യം കണ്ടെത്താത്തവരുടെ കൂട്ടത്തിലായിരിക്കുമോ എന്ന് നമുക്ക് നോക്കാം.’

41). പിന്നീട് തന്റെ അടുക്കലുള്ളവരോട് അദ്ദേഹം പറഞ്ഞു: (നിങ്ങൾ അവളുടെ സിംഹാസനം അവൾക്ക് തിരിച്ചറിയാത്ത വിധത്തിൽ മാറ്റുക) അതിൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തുകൊണ്ട്. നാം അതിൽ (നോക്കും) അതിൽ അവളുടെ മിടുക്ക് പരീക്ഷിക്കാം. (അവൾ യാഥാർഥ്യം മനസ്സിലാക്കുമോ) അവളുടെ രാജാധിപത്യത്തിന് യോജിക്കുന്ന ബുദ്ധിയും കഴിവും ഉണ്ടോ എന്ന് നോക്കാം. (അതല്ല യാഥാർഘ്യം കണ്ടെത്താത്തവരുടെ കൂട്ടത്തിൽ ആയിരിക്കുമോ എന്നും നമുക്ക് നോക്കാം)