സൂറ: ന്നംല്, ഭാഗം 15
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2026 ഏപ്രിൽ 25, 1447 ദുൽഖഅദ് 07
അധ്യായം: 27, ഭാഗം 15 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
83. ഓരോ സമുദായത്തിൽനിന്നും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുന്ന ഓരോ സംഘത്തെ നാം ഒരുമിച്ചുകൂട്ടുകയും, അങ്ങനെ അവർ ക്രമത്തിൽ നിർത്തപ്പെടുകയും ചെയ്യുന്ന ദിവസത്തെ (ഓർക്കുക).

83). അന്ത്യനാൾ വരുമ്പോഴുള്ള സത്യനിഷേധികളുടെ അവസ്ഥയാണ് ഇവിടെ പറയുന്നത്. എല്ലാ സമുദായങ്ങളെയും സംഘങ്ങളായി അല്ലാഹു ഒരുമിച്ചുകൂട്ടും. (നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരെ ക്രമത്തിൽ നിർത്തപ്പെടും) അവരിൽ ആദ്യത്തെവരെയും അവസാനത്തെവരെയും ചോദ്യം ചെയ്യാനും ശാസിക്കാനും ഒന്നിച്ചു ചേർക്കും.
84. അങ്ങനെ അവർ വന്നുകഴിഞ്ഞാൽ അവൻ പറയും: ‘എന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തിക ച്ചും മനസ്സിലാക്കാതെ നിങ്ങൾ അവയെ നിഷേധിച്ച് തള്ളുകയാണോ ചെയ്തത്? അതല്ല, എന്താണ് നിങ്ങൾ ചെയ്തുകൊണ്ടി രുന്നത്?
84). (അങ്ങനെ അവർ വന്നു കഴിഞ്ഞാൽ) അവർ ഹാജരാകുമ്പോൾ അവരെ അപമാനിച്ചു ചോദിക്കും: (എന്റെ ദൃഷ്ടാന്തങ്ങളെ പറ്റി തികച്ചും മനസ്സിലാക്കാതെ നിങ്ങൾ അവയെ നിഷേധിച്ചുതള്ളുകയാണോ ചെയ്തത്? സത്യം വെളിവാകുന്നതുവരെ ഒരു നിലപാട് സ്വീകരിക്കാൻ നിങ്ങൾക്ക് പാടില്ലായിരുന്നോ? അറിവില്ലാതെ സംസാരിക്കാനും സൂക്ഷ്മമായി അറിയാത്ത കാര്യത്തെ നിഷേധിക്കാനും എങ്ങനെയാണ് നിങ്ങൾക്ക് സാധിച്ചത്?(അതല്ല, എന്താണ് നിങ്ങൾ ചെയ്തുകൊണ്ടിരുന്നത്?) അവരുടെ അറിവിനെ കുറിച്ചും പ്രവർത്തികളെകുറിച്ചും അല്ലാഹു അവരോട് ചോദിക്കും. അവരുടെ അറിവ് സത്യത്തെ നിരാകരിക്കുന്നതായിരുന്നു എന്നും അവർ ചെയ്തത് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും നിർദേശമനുസരിച്ചായിരുന്നില്ല എന്നും അവർക്ക് മനസ്സിലാകും.
85. അവർ അക്രമം പ്രവർത്തിച്ചതുനിമിത്തം (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അവരുടെ മേൽ വന്നുഭവിച്ചു. അപ്പോൾ അവർ (യാതൊന്നും) ഉരിയാടുകയില്ല.
85). (അവർ അക്രമം പ്രവർത്തിച്ചതുനിമിത്തം ശിക്ഷയുടെ വാക്ക് അവരുടെമേൽ വന്നുഭവിച്ചു) അവർ ചെയ്തുവന്ന തെറ്റുകൾ മൂലവും അവർക്കെതിരായ തെളിവുകൾ മൂലവും അവർ ശിക്ഷക്ക് അർഹരാകും. (അപ്പോൾ അവർ യാതൊന്നും സംസാരിക്കുകയില്ല) കാരണം അവരുടെയടുക്കൽ യാതൊരു തെളിവും ഉണ്ടാവില്ല.
86. രാത്രിയെ നാം അവർക്ക് സമാധാനമടയാനുള്ളതാക്കുകയും പകലിനെ പ്രകാശമുള്ള താക്കുകയും ചെയ്തിരിക്കുന്നു എന്നവർ ക ണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങൾക്കു തീർച്ച യായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.
86). ഈ മഹത്തായ ദൃഷ്ടാന്തവും അനുഗ്രഹവും അവർ കണ്ടില്ലേ? രാത്രിയും പകലും അവർക്ക് അല്ലാഹു സൗകര്യപ്പെടുത്തിക്കൊടുത്തു. രാത്രിയുടെ ഇരുട്ടിൽ, തങ്ങളുടെ അധ്വാനങ്ങൾക്ക് ശേഷം വിശ്രമിക്കാനും അങ്ങനെ വീണ്ടും ജോലികൾക്ക് തയ്യാറെടുക്കാനും സമാധാനത്തോടെ തങ്ങാനും സൗകര്യപ്പെടുത്തി. പകലിന്റെ പ്രകാശത്തിലാകട്ടെ, തങ്ങളുടെ ഉപജീവനങ്ങൾക്കും ജോലികൾക്കും സൗകര്യമായി. (വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങൾ ഉണ്ട്) അല്ലാഹുവിന്റെ ഏകത്വത്തിനും മഹത്തായ അനുഗ്രഹത്തിനുമുള്ള തെളിവുകൾ.
87. കാഹളത്തിൽ ഊതപ്പെടുന്ന ദിവസത്തെ (ഓർക്കുക). അപ്പോൾ ആകാശങ്ങളിലുള്ള വരും ഭൂമിയിലുള്ളവരും ഭയവിഹ്വലരായിപ്പോകും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. എ ല്ലാവരും എളിയവരായിക്കൊണ്ട് അവന്റെ അടുത്ത് ചെല്ലുകയും ചെയ്യും.
87). അന്ത്യനാളിൽ വരാനിരിക്കുന്നവയെ കുറിച്ച് അല്ലാഹു ഇവിടെ മുന്നറിയിപ്പ് നൽകുന്നു: അവിടെ ഹൃദയങ്ങൾ നടുങ്ങിപ്പോകുന്ന പ്രയാസങ്ങളും പരീക്ഷണങ്ങളും ഉണ്ട്. അല്ലാഹു പറയുന്നു: (കാഹളത്തിൽ ഊതപ്പെടുന്ന ദിവസം ഭയവിഹ്വലരായി പോകും). ആ ഊത്തിനാൽ (ആകാശങ്ങളിലും ഭൂമിയിലും ഉള്ളവർ) അവർക്ക് വരാൻ പോകുന്നത് കണ്ട് അവർ ഭയവിഹ്വലരാകും. പേടിച്ചു വിറക്കും. അവർ പരസ്പരം ഇളകി മറിയും. (അല്ലാഹു ഉദ്ദേശിച്ചവർ ഒഴികെ). അല്ലാഹു ആദരിച്ചവരെയും അവൻ ഉറപ്പിച്ചു നിർത്തിയവരെയും ഭയത്തിൽ നിന്ന് അവൻ സംരക്ഷിച്ചു നിർത്തും. (എല്ലാവരും) കാഹളത്തിൽ ഊതുമ്പോൾ എല്ലാ സൃഷ്ടികളും (എല്ലാവരും എളിയവരായികൊണ്ട് അവന്റെ അടുക്കൽ ചെല്ലുകയും ചെയ്യും). വിനയാന്വിതരായും കീഴ്‌പെട്ടവരായി ഉയർത്തെഴുന്നേൽക്കും. അല്ലാഹു മറ്റൊരിടത്ത് പറയുന്നു:
‘രാജാധിരാജന് മുമ്പിൽ കീഴൊതുങ്ങുന്നതിൽ നേതാക്കളും പ്രജകളും സമമായിരിക്കും’ (മർയം 31).
88. പർവതങ്ങളെ നീ കാണുമ്പോൾ അവ ഉറച്ചുനിൽക്കുന്നതാണ് എന്ന് നീ ധരിച്ച് പോകും. എന്നാൽ അവ മേഘങ്ങൾ ചലിക്കുന്നതുപോലെ ചലിക്കുന്നതാണ്. എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീർത്ത അല്ലാഹുവിന്റെ പ്രവർത്തനമത്രെ അത്. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
88) ആ ഭയങ്കര ദിവസത്തിന്റെ ഭീകരത കാരണം (പർവതങ്ങളെ നീ കാണുമ്പോൾ അവ ഉറച്ചു നിൽക്കുന്നതാണെന്ന് നീ ധരിച്ചു പോകും) അതിൽനിന്നൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത വിധത്തിൽ അവ എപ്പോഴും ഉള്ളതുപോലെ നിലനിൽക്കുന്നതായി നീ വിചാരിക്കും. അവയാകട്ടെ എത്താവുന്നിടത്തോളം പ്രയാസങ്ങളിലൂടെയും ഭയാനകതകളിലൂടെയും കടന്നുപോയിട്ടുണ്ട്. അവ തകർക്കപ്പെടുകയും അപ്രത്യക്ഷമാവുകയും ചിതറിയ പൊടിപോലെയാവുകയുംചെയ്യും. അല്ലാഹു പറയുന്നു: (അവ മേഘങ്ങൾ ചലിക്കുന്നപോലെ ചലിക്കുന്നതാണ്) കഠിനമായ ഭയത്താൽ. (എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീർത്ത അല്ലാഹുവിന്റെ പ്രവർത്തനമത്രെ അത്. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു) നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുസൃതമായി അവൻ പ്രതിഫലം നൽകും.

