സൂറ: ന്നംല്, ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 മാർച്ച് 14, 1447 റമദാൻ 24

അധ്യായം: 27, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَلَمَّا جَآءَتْ قِيلَ أَهَـٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُۥ هُوَ ۚ وَأُوتِينَا ٱلْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ (٤٢)

42. അങ്ങനെ അവൾ വന്നപ്പോൾ (അവളോട്) ചോദിക്കപ്പെട്ടു: ‘താങ്കളുടെ സിംഹാസനം ഇതുപോലെയാണോ?’ അവൾ പറഞ്ഞു: ‘ഇത് അതുതന്നെയാണെന്ന് തോന്നുന്നു. ഇതിനു മുമ്പ് തന്നെ ഞങ്ങൾക്ക് അറിവ് നൽകപ്പെട്ടിരുന്നു. ഞങ്ങൾ മുസ്‌ലിംകളാവുകയും ചെയ്തിരുന്നു.’

42) (അങ്ങനെ അവൾ വന്നപ്പോൾ) സുലൈമാൻ നബിയുടെ അടുക്കൽ പ്രവേശിച്ചു. അവളുടെ സിംഹാസനം അവൾക്ക് പ്രദർശിപ്പിച്ചു. അവൾ തന്റെ രാജ്യത്ത് ഉപേക്ഷിച്ചു പോന്ന സിംഹാസനമാണെന്ന് അവൾക്ക് മനസ്സിലായി. (താങ്കളുടെ സിംഹാസനം ഇതുപോലെയാണോ?) നിനക്ക് വലിയൊരു സിംഹാസനം ഉണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ താങ്കൾക്കു വേണ്ടി കൊണ്ടുവന്ന ഈ സിംഹാസനം അതുപോലെയാണോ? (ഇത് അതു തന്നെയാണെന്ന് തോന്നുന്നു) ഇതിൽനിന്ന് അവളുടെ ബുദ്ധിയും കഴിവും മനസ്സിലാക്കി. അവളുടെ ഈ സാമർഥ്യം അദ്ദേഹത്തിൽ മതിപ്പുണ്ടാക്കി. അതിന് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് അവൾ പറഞ്ഞില്ല. ഇത് അതുതന്നെയാണ് എന്നും പറഞ്ഞില്ല. രണ്ടിനും സാധ്യതയുള്ള ഒരു പ്രയോഗമാണ് അവൾ നടത്തിയത്. രണ്ടാണെങ്കിലും അത് ശരിയാണ്. അവളുടെ സാമർഥ്യവും ബുദ്ധിയും കണ്ട് സുലൈമാൻ നബി(അ) അത്ഭുതപ്പെട്ട് അല്ലാഹുവിന് നന്ദി പറഞ്ഞു. അദ്ദേഹത്തിന് അല്ലാഹു അവളെക്കാൾ മഹത്ത്വം നൽകിയതിന് അദ്ദേഹം നന്ദി പറഞ്ഞു. (ഇതിനു മുമ്പ് തന്നെ ഞങ്ങൾക്ക് അറിവ് നൽകപ്പെട്ടിരുന്നു) ഇവൾക്കുള്ള ഈ സാമർഥ്യവും ബുദ്ധിയും ദൃഢനിശ്ചയവും എല്ലാം നമുക്ക് മുമ്പേ നൽകപ്പെട്ടു. (ഞങ്ങൾ മുസ്‌ലിംകൾ ആവുകയും ചെയ്തിരിക്കുന്നു) അതാണ് അടിസ്ഥാനപരവും പ്രയോജനകരവുമായ മാർഗദർശനം. ഈ വാക്കുകൾ സബഇലെ രാജ്ഞിയുടെതാകാനും സാധ്യതയുണ്ട്. അങ്ങനെയാകുമ്പോൾ അതിന്റെ അർഥം ‘ഈ സംഭവത്തിന്-അവളുടെ സിംഹാസനം കൊണ്ടുവരുന്നതിന് -മുമ്പ് സുലൈമാന്റെ ആധിപത്യത്തെയും അധികാരത്തെയും അവന്റെ മഹത്തായ ശക്തിയെയും കുറിച്ച് ഞങ്ങൾക്ക് അറിവ് ലഭിച്ചു, അതിനാൽ ഞങ്ങൾ അവനെ കീഴൊതുങ്ങിക്കൊണ്ട് വന്നു’ എന്നുമാകാം.


وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ ٱللَّهِ ۖ إِنَّهَا كَانَتْ مِن قَوْمٍۢ كَـٰفِرِينَ (٤٣)

43. അല്ലാഹുവിന് പുറമെ അവൾ ആരാധിച്ചിരുന്നത് അവളെ തടയുകയും ചെയ്തു. തീർച്ചയായും അവൾ സത്യനിഷേധികളായ ജനതയിൽപെട്ടവളായിരുന്നു.

43) അല്ലാഹു പറയുന്നു: (അല്ലാഹുവിനു പുറമെ അവൾ ആരാധിച്ചിരുന്നത് അവളെ തടയുകയും ചെയ്തു) അതായത് ഇസ്‌ലാമിൽനിന്ന് അവളെ തടഞ്ഞു. ശരിക്കും അവളുടെ കഴിവും ബുദ്ധിശക്തിയും അസത്യത്തിൽനിന്നും സത്യത്തെ വേർതിരിച്ചു മനസ്സിലാക്കാൻ അവളെ സഹായിക്കേണ്ടിയിരുന്നു. പക്ഷേ, തെറ്റായ വിശ്വാസങ്ങൾ ഹൃദയത്തിന്റെ ഉൾക്കാഴ്ച നഷ്ടപ്പെടുത്തും. (തീർച്ചയായും അവൾ സത്യനിഷേധികളായ ജനതയിൽ പെട്ടവളായിരുന്നു) അതിനാൽ അവൾ അവരുടെ മതത്തിൽ തുടർന്നു. ഒരു മതവിശ്വാസം വെച്ചുപുലർത്തുന്ന ഒരു ജനതയിൽനിന്ന് ഒരാൾ മാത്രം തന്റെ ബുദ്ധി ഉപയോഗിച്ച് അവരുടെ വഴികേട് മനസ്സിലാക്കി വരുക എന്നത് അപൂർവമാണ്. അതിനാൽതന്നെ അവൾ ആ വിശ്വാസത്തിൽ നിലനിന്നു എന്നതിൽ ആശ്ചര്യമില്ല.


قِيلَ لَهَا ٱدْخُلِى ٱلصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةًۭ وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُۥ صَرْحٌۭ مُّمَرَّدٌۭ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَـٰنَ لِلَّهِ رَبِّ ٱلْعَـٰلَمِينَ (٤٤)

44. കൊട്ടാരത്തിൽ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാൽ അവളതു കണ്ടപ്പോൾ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും തന്റെ കണങ്കാലുകളിൽ നിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാൻ പറഞ്ഞു: ‘ഇത് സ്ഫടികക്കഷ്ണങ്ങൾ പാകിമിനുക്കിയ ഒരു കൊ ട്ടാരമാകുന്നു.’ അവൾ പറഞ്ഞു: ‘എന്റെ രക്ഷിതാവേ, ഞാൻ എന്നോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്‌പെട്ടിരിക്കുന്നു.’

44). ബുദ്ധികളെ വിസ്മയിപ്പിക്കുന്ന തന്റെ ശക്തി അവളെ കാണിക്കാൻ സുലൈമാൻ നബി(അ) ഉദ്ദേശിച്ചു. അവളോട് ഗ്ലാസ് കൊണ്ട് നിർമിച്ച കൊട്ടാരത്തിലേക്ക് പ്രവേശിക്കാൻ നിർദേശിച്ചു. അത് വിശാലമായതും ഉയരത്തിൽ നിർമിച്ചതുമാണ്. അതിനു താഴെ നദികൾ ഒഴുകുന്നു. (കൊട്ടാരത്തിൽ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാൽ അവളത് കണ്ടപ്പോൾ അതൊരു ജലാശയമാണെന്ന് വിചാരിച്ചു) ഗ്ലാസ് സുതാര്യമായതിനാൽ അതിന്റെ തറ ഒരു വെള്ളക്കെട്ട് ആണെന്നും അതിനടിയിൽ വെള്ളം തനിയെ ഒഴുകുന്നതായും അവൾക്ക് തോന്നി. (തന്റെ കണങ്കാലുകളിൽനിന്നും വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു) വെള്ളത്തിൽ നീന്താൻ വേണ്ടി തന്റെ കാലുകൾ കാണിച്ചു. ഇതും അവളുടെ ബുദ്ധിക്കും മര്യാദക്കും ഒരുദാഹരണമാണ്. കാരണം അവൾ പ്രവേശിക്കാൻ നിർദേശിച്ചിടത്ത് പ്രവേശിക്കാൻ അവൾ വിസമ്മതിച്ചില്ല. അവൾക്കറിയാം തന്നെ ആദരിക്കാനാണ് അതിലേക്ക് ക്ഷണിച്ചതെന്ന്. സുലൈമാന്റെ ആധിപത്യവും സംവിധാനവും അവൾക്കറിയാമായിരുന്നു. അതിന്റെ നിർമാണത്തിൽ വലിയ യുക്തിയുണ്ടെന്നും ഇതൊക്കെ കണ്ടപ്പോഴും കാലെടുത്തുവെച്ചാൽ ഏതെങ്കിലും നിലക്കുള്ള അപകടത്തിന്റെ യാതൊരു സംശയവും അവൾക്കുണ്ടായില്ല. അവൾ നീന്താൻ തയ്യാറായപ്പോൾ അവളോട് പറയപ്പെട്ടു: (ഇത് സ്ഫടികക്കഷ്ണങ്ങൾ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അതിനാൽ നിങ്ങളുടെ കാലുകൾ നഗ്‌നമാക്കേണ്ടതില്ല) അതേസമയം, സുലൈമാൻ നബിയുടെ അടുത്തുവെച്ച് ഇതെല്ലാം കണ്ടപ്പോൾ തീർച്ചയായും അദ്ദേഹം ഒരു പ്രവാചകനാണെന്ന് അവൾ മനസ്സിലാക്കി. അവൾ പശ്ചാത്തപിക്കുകയും അവിശ്വാസം ഉപേക്ഷിക്കുകയും ചെയ്തു. (അവൾ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാൻ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴൊതുങ്ങിയിരിക്കുന്നു).

സബഅ് രാജ്ഞിയെ കുറിച്ചും അവൾക്കും സുലൈമാൻ നബിക്കുമിടയിൽ നടന്ന സംഭവങ്ങളെക്കുറിച്ചും അല്ലാഹു നമ്മോട് പറഞ്ഞ കാര്യങ്ങൾ ഇത്രയുമാണ്. ബാക്കിയുള്ള കഥകളെല്ലാം ഇസ്രായേലി കഥകളിൽ നിന്ന് വന്നതാണ്. അതിന് അല്ലാഹുവിന്റെ വചനങ്ങളുടെ വ്യാഖ്യാനവുമായി യാതൊരു ബന്ധവുമില്ല. ഖണ്ഡിതമായ തെളിവുകളില്ലാതെയാണ് അതെല്ലാം പറയുന്നത്. അതൊന്നും നബി ﷺയിൽ നിന്ന് വന്നതല്ല. ഇതിൽ വന്ന മിക്ക റിപ്പോർട്ടുകളും സ്ഥിരീകരിക്കപ്പെടാത്തതാണ്. അതിനാൽ അതിശക്തമായിത്തന്നെ നിരാകരിക്കണം. ക്വുർആൻ വ്യാഖ്യാനങ്ങളിൽ അതൊന്നും ഉൾപ്പെടുത്താവതല്ല.


وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ (٤٥)

45. നിങ്ങൾ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൗത്യവുമായി സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവർ അന്യോന്യം വഴക്കടിക്കുന്ന രണ്ടു കക്ഷികളായിത്തീരുന്നു.

45). ഇവിടെ അല്ലാഹു നമ്മോട് പറയുന്നത്: പ്രസിദ്ധമായ സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹ് നബിയെ അയക്കുകയും അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും വിഗ്രഹങ്ങളെയും സമന്മാരെയും ഉപേക്ഷിക്കണമെന്ന് കൽപിക്കുകയും ചെയ്തതിനെ സംബന്ധിച്ചാണ്. (അപ്പോളവർ അന്യോന്യം വഴക്കിടുന്ന രണ്ട് കക്ഷികളായിത്തീർന്നു) അവരിൽ വിശ്വാസികളുണ്ട്. എന്നാൽ അവിശ്വാസികളാണ് അധികവും.


قَالَ يَـٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ (٤٦)

46. അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ എന്തിനാണ് നന്മയെക്കാൾ മുമ്പായി തിന്മയ്ക്ക് തിടുക്കം കൂട്ടുന്നത്? നിങ്ങൾക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കിൽ നിങ്ങൾക്കു കാരുണ്യം നൽകപ്പെട്ടേക്കാം.’‏

46 (അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ എന്തിനാണ് നന്മയെക്കാൾ തിന്മക്ക് തിടുക്കം കൂട്ടുന്നത്) എന്തുകൊണ്ടാണ് നിങ്ങൾ തിന്മകൾ ചെയ്യാൻ തിടുക്കം കൂട്ടുന്നത്? നിങ്ങൾക്ക് ഇഹത്തിലും പരത്തിലും ഗുണകരമാകുന്ന, നിങ്ങളുടെ എല്ലാ കാര്യത്തിലും നന്മ വരുത്തുന്ന, നല്ല കാര്യങ്ങൾ ചെയ്യുന്നതിനെക്കാൾ നിങ്ങൾ തിന്മകളിൽ തൽപരരാകുന്നത് എന്തുകൊണ്ടാണ്? ദുഷ്പ്രവൃത്തികൾ ചെയ്യേണ്ട യാതൊരു സാഹചര്യവും നിങ്ങൾക്ക് ഇല്ലാതാനും. (നിങ്ങൾക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ?) ബഹുദൈവാരാധനയിൽനിന്നും പാപങ്ങളിൽനിന്നും പശ്ചാത്തപിച്ച് അല്ലാഹുവിനോട് പാപമോചനം തേടാത്തത് എന്താണ്? നിങ്ങൾക്ക് പൊറുത്തുതരാൻ അവനോട് പ്രാർഥിക്കാത്തതെന്താണ്? (എങ്കിൽ നിങ്ങൾക്ക് കാരുണ്യം നൽകപ്പെട്ടേക്കാം) അല്ലാഹുവിന്റെ കാരുണ്യം നന്മ ചെയ്യുന്നവരോടൊപ്പമാണ്. പാപത്തിൽനിന്ന് പശ്ചാത്തപിക്കുന്നവർ നന്മ ചെയ്യുന്നവരിൽ പെട്ടവരാണ്.