സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2026 ജൂൺ 20, 1448 മുഹർറം 05
അധ്യായം: 26, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
52. മൂസായ്ക്ക് നാം ബോധനം നൽകി: എന്റെ ദാസൻമാരെയും കൊണ്ട് രാത്രിയിൽ നീ പുറപ്പെ ട്ടുകൊള്ളുക. തീർച്ചയായും (ശത്രുക്കൾ) നിങ്ങളെ പിന്തുടരാൻ പോകുകയാണ്.

(52). അങ്ങനെ മൂസാ നബി(അ) അവർ വിശ്വസിക്കാതിരിക്കുന്നതിനാൽ നിരാശനായി. അവർക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. ഇസ്രാഈൽ ജനത അവരുടെ അടിമത്തത്തിൽനിന്ന് മോചനം നേടി. ഭൂമിയിൽ അധികാരം ലഭിക്കാനുള്ള സമയമായി. അപ്പോൾ അല്ലാഹു മൂസാനബിക്ക് സന്ദേശം നൽകി: (മൂസാക്ക് നാം ബോധനം നൽകി: ‘എന്റെ ദാസന്മാരെയും കൊണ്ട് രാത്രിയിൽ നീ പുറപ്പെട്ടു കൊള്ളുക’) രാത്രിയുടെ ആരംഭത്തിൽ താങ്കൾ ബനൂഇസ്രാഈലുകാരെയും കൊണ്ട് യാത്ര ചെയ്യുക. യാത്രക്ക് സമയമെടുക്കും. (തീർച്ചയായും ശത്രുക്കൾ നിങ്ങളെ പിന്തുടരാൻ പോവുകയാണ്) ഫിർഔനും അവന്റെ സൈന്യവും നിങ്ങളെ പിന്തുടരും. അല്ലാഹു പറഞ്ഞതുപോലെ സംഭവിച്ചു. നേരം പുലർന്നു.
53. അപ്പോൾ ഫിർഔൻ ആളുകളെ വിളിച്ചുകൂട്ടാൻ പട്ടണങ്ങളിലേക്ക് ദൂതൻമാരെ അയച്ചു.
54. തീർച്ചയായും ഇവർ കുറച്ചുപേർ മാത്രമുള്ള ഒരു സംഘമാകുന്നു.
55. തീർച്ചയായും അവർ നമ്മെ അരിശംകൊള്ളിക്കുന്നവരാകുന്നു.
56. തീർച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു. (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിർഔൻ നിർദേശിച്ചത്).
57. അങ്ങനെ തോട്ടങ്ങളിൽനിന്നും നീരുറവകളിൽനിന്നും നാം അവരെ പുറത്തിറക്കി.
58. ഭണ്ഡാരങ്ങളിൽനിന്നും മാന്യമായ വാസസ്ഥലങ്ങളിൽ നിന്നും.
59. അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്രാഈൽ സന്തതികൾക്ക് നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെ യ്തു.
(53-59). (അപ്പോൾ ഫിർഔൻ ആളുകളെ വിളിച്ചുകൂട്ടാൻ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു) എല്ലാ ഇസ്രാഈല്യരും മൂസാ നബി(അ)യുടെ കൂടെ പുറപ്പെട്ടു. അന്നേരം ഫിർഔൻ തന്റെ ജനതയെ ഒരുമിച്ചുകൂട്ടാനും ഇസ്രാഈല്യരെ പിടികൂടാൻ അവരെ പ്രേരിപ്പിക്കാനും നഗരങ്ങളിലേക്ക് സന്ദേശവാഹകരെ അയച്ചു. തന്റെ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു: (തീർച്ചയായും ഇവർ) അതായത് ബനുഇസ്രാഈല്യർ. (കുറച്ചുപേർ മാത്രമുള്ള ഒരു സംഘമാകുന്നു. തീർച്ചയായും അവർ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു) ഞങ്ങൾക്കെതിരെ മത്സരിച്ച ഈ അടിമകളോട് ഞങ്ങളുടെ രോഷം പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. (തീർച്ചയായും നാം സംഘടിതരും ജാഗരൂകരും ആകുന്നു) അതായത് ഞങ്ങൾ എല്ലാവരും അവർക്കെതിരെ ഒരുങ്ങിയിട്ടുണ്ട്. അവർ നമ്മുടെയെല്ലാവരുടെയും ശത്രുക്കളാണ്. ഞങ്ങൾക്ക് പൊതുവായ താൽപര്യങ്ങളുണ്ട്. അങ്ങനെ ഫിർഔനും അവന്റെ സൈന്യവും ഒരു വലിയ സംഘവുമായി പുറപ്പെട്ടു. ഒഴികഴിവുകൾ പറയുകയും കഴിയാത്തതിനാൽ പുറത്തിറങ്ങാൻ സാധിക്കാത്തവരുമല്ലാത്തവരല്ലാതെ ആരുംതന്നെ പുറപ്പെടാതിരുന്നില്ല. (അങ്ങനെ തോട്ടങ്ങളിൽനിന്നും നീരുറവുകളിൽനിന്നും നാം അവരെ പുറത്താക്കി) അതായത് ഈജിപ്തിലെ അതിമനോഹരമായ പൂന്തോട്ടങ്ങളും മരുഭൂവാസികളും നഗരവാസികളും ഒരുപോലെ കൃഷിക്ക് ഉപയോഗിച്ചിരുന്ന ഒഴുകുന്ന നദികളും വിളകളും അവർക്ക് നഷ്ടമായി. (ഭണ്ഡാരങ്ങളിൽനിന്നും മാന്യമായ വാസസ്ഥലങ്ങളിൽനിന്നും) കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന അവരുടെ നിധികളിൽനിന്നും പാർപ്പിടങ്ങളിൽനിന്നും. അവിശ്വാസത്തിലും ധിക്കാരത്തിലും അഹങ്കാരത്തിലുമായി അവരാ സുഖങ്ങളിൽ കാലങ്ങളോളം കഴിച്ചുകൂട്ടി. (അപ്രകാരം അതൊക്കെ നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു) ഈ തോട്ടങ്ങളും അരുവികളും കൃഷിയും മാന്യമായ താമസസ്ഥലങ്ങളും.
(ബനൂഇസ്രാഈലുകാർക്ക്) മുമ്പ് അവർ അടിമകളാക്കുകയും കഠിനമായ ജോലികൾക്ക് വിധേയരാക്കുകയും ചെയ്തവർക്ക്. താൻ ഉദ്ദേശിക്കുന്നവർക്ക് ആധിപത്യം നൽകുകയും താൻ ഉദ്ദേശിക്കുന്നവരിൽനിന്ന് അത് എടുത്തുകളയുകയും ചെയ്യുന്നവൻ മഹാപരിശുദ്ധൻ! അവനെ അനുസരിക്കുന്നതിന്റെ ഫലമായി അവൻ അവരെ ഉയർത്തുകയും അവനോടുള്ള അനുസരണക്കേടിന്റെ ഫലമായി അവൻ അവരെ നിന്ദ്യരാക്കുകയും ചെയ്യുന്നു.
60. എന്നിട്ട് അവർ (ഫിർഔനും സംഘവും) ഉദയവേളയിൽ അവരുടെ (ഇസ്രാഈല്യരുടെ) പിന്നാലെ ചെന്നു.
61. അങ്ങനെ രണ്ടു സംഘവും പരസ്പരം കണ്ടപ്പോൾ മൂസായുടെ അനുചരൻമാർ പറഞ്ഞു: ‘തീർച്ചയായും നാം പിടിയിലകപ്പെടാൻ പോകുകയാണ്.’
62. അദ്ദേഹം (മൂസാ) പറഞ്ഞു: ‘ഒരിക്കലുമില്ല, തീർച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്. അവൻ എനിക്ക് വഴി കാണിച്ചുതരും.’
(60-62). (എന്നിട്ടവർ-ഫിർഔനും സംഘവും- ഉദയവേളയിൽ അവരുടെ-ഇസ്രാഈല്യരുടെ-പിന്നാലെ ചെന്നു) ഉദയസമയത്ത് ഫിർഔനിന്റെ സൈന്യം ബനൂഇസ്രാഈലുകാരെ പിന്തുടർന്നു; കോപത്തോടെയും ആകാംക്ഷയോടെയും. അവർക്ക് അതിന് കഴിവുണ്ടായിരുന്നു. (അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോൾ) ഓരോരുത്തരും തങ്ങളുടെ എതിർവിഭാഗത്തെ കണ്ടു. (മൂസായുടെ അനുചരന്മാർ പറഞ്ഞു:) പരാതി പറയുന്നവരായി. (തീർച്ചയായും നാം പിടിയിലകപ്പെടാൻ പോവുകയാണ്). അവരെ ആശ്വസിപ്പിച്ചും തന്റെ രക്ഷിതാവിന്റെ വാഗ്ദത്തം സത്യമാണെന്ന് അവരെ അറിയിച്ചുകൊണ്ടും (മൂസാ പറഞ്ഞു: ‘തീർച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്’) എന്നെയും നിങ്ങളെയും രക്ഷിക്കുന്ന ഒരു വഴി അവൻ എനിക്കു കാണിച്ചുതരും.

