h3>സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

അധ്യായം: 26, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ (٤٣) )

43. മൂസാ അവരോട് പറഞ്ഞു: ‘നിങ്ങൾക്ക് ഇടാനുള്ളതെല്ലാം നിങ്ങൾ ഇട്ടുകൊള്ളുക.’

فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَـٰلِبُونَ (٤٤)

44. അപ്പോൾ തങ്ങളുടെ കയറുകളും വടികളും അവർ ഇട്ടു. അവർ പറയുകയും ചെയ്തു: ‘ഫിർഔന്റെ പ്രതാപം തന്നെയാണെ സത്യം! തീർച്ചയായും ഞങ്ങൾ തന്നെയായിരിക്കും വിജയികൾ.’

فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ (٤٥)

45. അനന്തരം മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് അവർ വ്യാജമായി നിർമിച്ചിരുന്നതിനെയെല്ലാം വിഴുങ്ങിക്കളയുന്നു.

(43-45). (മൂസാ അവരോട് പറഞ്ഞു: നിങ്ങൾക്ക് ഇടാനുള്ളതെല്ലാം നിങ്ങൾ ഇട്ടുകൊള്ളുക) നിങ്ങൾ ഇടണമെന്ന് നിങ്ങൾക്ക് തോന്നുന്നതെന്തും നിങ്ങൾ എറിയുക. സത്യത്തെ എതിർക്കാൻ അവർ കൊണ്ടുവരുന്നതെല്ലാം പരാജയപ്പെടുമെന്ന് അദ്ദേഹത്തിന് ഉറപ്പുള്ളതിനാൽ അദ്ദേഹം നിബന്ധനകളൊന്നും നിശ്ചയിച്ചില്ല. അപ്പോൾ തങ്ങളുടെ വടികളും കയറുകളും അവരിട്ടു. അപ്പോഴതാ, അവ ഇഴയുന്ന പാമ്പുകളായി മാറി. അതുമൂലം അവർ ആളുകളുടെ കണ്ണുകളെ വശീകരിച്ചതായിരുന്നു. (അവർ പറയുകയും ചെയ്തു: ഫിർഔനിന്റെ പ്രതാപം തന്നെയാണ് സത്യം! തീർച്ചയായും ഞങ്ങൾ തന്നെയായിരിക്കും വിജയികൾ) ഒരു മേഖലയിലും കഴിവില്ലാത്ത ഒരു ദുർബലനായ അടിമയുടെ ശക്തിയാൽ അവർ സഹായം തേടി. അവൻ അഹങ്കാരം കാണിച്ചതാണ്. സൈന്യങ്ങളുള്ള ഒരു രാജാവ് മാത്രമാണവർ. ആ പ്രൗഢികൾ അവരെ വഞ്ചിച്ചു. കാര്യത്തിന്റെ യാഥാർഥ്യം കാണാൻ അവർക്കായില്ല. അല്ലെങ്കിൽ തങ്ങൾ ഫിർഔനിന്റെ ശക്തികൊണ്ട് ജയിക്കുമെന്ന് അവർ സത്യം ചെയ്യുകയായിരിക്കാം. (അനന്തരം മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് അവർ വ്യാജമായി നിർമിച്ചതിനെയെല്ലാം വിഴുങ്ങിക്കളയുന്നു) അപ്പോൾ അവർ കയറുകൊണ്ടും വടികൊണ്ടും ഉണ്ടാക്കിവിട്ടത് വിഴുങ്ങിക്കളഞ്ഞു. കാരണം അത് കെട്ടിച്ചമച്ചതും വ്യാജവുമായിരുന്നു. അതെല്ലാം വ്യാജമാണ്. സത്യത്തിന് എതിരായി നിൽക്കാനോ അതിനെ എതിരിടാനോ അതിനാവില്ല.


فَأُلْقِىَ ٱلسَّحَرَةُ سَـٰجِدِينَ (٤٦)

46. അപ്പോൾ ജാലവിദ്യക്കാർ സാഷ്ടാംഗത്തിലായി വീണു.

قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَـٰلَمِينَ (٤٧)

47. അവർ പറഞ്ഞു: ‘ലോകരക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.’

رَبِّ مُوسَىٰ وَهَـٰرُونَ (٤٨)

48. ‘അതായത് മൂസായുടെയും ഹാറൂനിന്റെയും രക്ഷിതാവിൽ.’

(46-48). മന്ത്രവാദികൾക്ക് ഈ വലിയ ദൃഷ്ടാന്തം കണ്ടപ്പോൾ ഇത് മാന്ത്രികമല്ലെന്ന് ബോധ്യപ്പെട്ടു. അത് മൂസാ നബി(അ)യുടെ ആത്മാർഥതയിലേക്കും അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തിന്റെ സത്യസന്ധതയിലേക്കും വിരൽ ചൂണ്ടുന്ന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ ഒന്നായിരുന്നു. (അപ്പോൾ ജാലവിദ്യക്കാർ സാഷ്ടാംഗത്തിൽ വീണു) തങ്ങളുടെ രക്ഷിതാവിന്. (അവർ പറഞ്ഞു: ലോകരക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതായത് മൂസായുടെയും ഹാറൂനിന്റെയും രക്ഷിതാവിൽ) അങ്ങനെ ആ സമ്മേളനത്തിൽ അസത്യം പരാജയപ്പെട്ടു. അസത്യത്തിന്റെ നേതാക്കൾ സത്യത അംഗീകരിച്ചു. കണ്ണുകൊണ്ട് കാണുന്നവർക്ക് എല്ലാം കണ്ട് ബോധ്യപ്പെടത്തക്കവിധം സത്യം വ്യക്തമാവുകയും വിജയിക്കുകയും ചെയ്തു.


قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍۢ وَلَأُصَلِّبَنَّكُمْ أَجْمَعِينَ (٤٩)

49. അവൻ (ഫിർഔൻ) പറഞ്ഞു: ‘ഞാൻ നിങ്ങൾക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങൾ അവനിൽ വിശ്വസിച്ചുവെന്നോ? തീർച്ചയായും ഇവൻ നിങ്ങൾക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവൻ തന്നെയാണ്. വഴിയെ നിങ്ങൾ അറിഞ്ഞുകൊള്ളും. തീർച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെ കാലുകളും എതിർവശങ്ങളിൽനിന്നായിക്കൊണ്ട് ഞാൻ മുറിച്ചുകളയുകയും നിങ്ങളെ മുഴുവൻ ഞാൻ ക്രൂശിക്കുകയും ചെയ്യുന്നതാണ്.

(٥٠)قَالُوا۟ لَا ضَيْرَ ۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ

50. അവർ പറഞ്ഞു: ‘കുഴപ്പമില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു.’

إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَـٰيَـٰنَآ أَن كُنَّآ أَوَّلَ ٱلْمُؤْمِنِينَ (٥١)

51. ഞങ്ങൾ ആദ്യമായി വിശ്വസിച്ചവരായതിനാൽ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങൾക്ക് പൊറുത്തുതരുമെന്ന് ഞങ്ങൾ ആശിക്കുന്നു.’

(49-51). എന്നാൽ ഫിർഔൻ തന്റെ ശാഠ്യത്തിലും വഴികേടിലും ഉറച്ചുനിന്നു. അവൻ ജാലവിദ്യക്കാരോട് പറഞ്ഞു: (ഞാൻ നിങ്ങൾക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങൾ അവനിൽ വിശ്വസിച്ചുവെന്നോ?) അവരും അവന്റെ ആളുകളും അവനോട് കാണിച്ച ചങ്കൂറ്റവും അവന്റെ അനുവാദമോ നിർദേശമോ കൂടാതെ വിശ്വസിക്കാനുള്ള ധൈര്യവും കണ്ട് അവൻ അമ്പരന്നു. (തീർച്ചയായും ഇവൻ നിങ്ങൾക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവൻ തന്നെയാണ്) അവൻ നിങ്ങളുടെ യജമാനനായിരിക്കാം; നിങ്ങൾക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചവൻ. ജാലവിദ്യക്കാരെ ഒരുമിച്ചുകൂട്ടിയത് അവനായിരുന്നു എന്ന യാഥാർഥ്യം നിലനിൽക്കെ തന്നെ! എല്ലാ നഗരങ്ങളിൽനിന്നുമുള്ള ജാലവിദ്യക്കാരെ ഒരുമിച്ചുകൂട്ടാൻ അവനെ ഉപദേശിച്ചത് അവന്റെ പ്രമാണിമാരായിരുന്നു. ജാലവിദ്യക്കാർ മൂസാനബിയെ മുമ്പ് കണ്ടിട്ടില്ലെന്നും കാണികളെ അമ്പരപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ജാലവിദ്യ അവർ കാണിച്ചിട്ടുണ്ട് എന്നും ഫിർഔനിന്നും അവന്റെ പ്രധാനികൾക്കും അറിയാം. എന്നിട്ടും പറഞ്ഞത് അവർ അംഗീകരിച്ചു. ഇങ്ങനെ ചിന്തിക്കുന്ന ആളുകൾ വ്യക്തമായ തെളിവുകൾ കണ്ടിട്ടും വിശ്വസിക്കാത്തതിൽ അത്ഭുതമില്ല. ഫിർഔൻ അവരോട് എന്തുപറഞ്ഞാലും അവർ വിശ്വസിക്കും; യാഥാർഥ്യത്തിന് വിരുദ്ധമായാലും. തുടർന്ന് ഫിർഔൻ ജാലവിദ്യക്കാരെ ഭീഷണിപ്പെടുത്തി: (തീർച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെ കാലുകളും എതിർവശങ്ങളിൽനിന്നായി ക്കൊണ്ട് ഞാൻ മുറിച്ചുകളയും) നാട്ടിൽ കുഴപ്പമുണ്ടാക്കുന്നവരെ ചെയ്യുന്ന പോലെ. നിങ്ങളുടെ കൈകളും കാലുകളും എതിർവശങ്ങളിലായി, അതായത് വലത് കൈയും ഇടതുകാലും ഞാൻ ഛേദിച്ചുകളയും. എന്നിട്ട് നിങ്ങളെ എല്ലാവരെയും ഞാൻ ക്രൂശിക്കും. അങ്ങനെ നിങ്ങൾ അപമാനിതരും നിന്ദ്യരുമായിത്തീരും. എന്നാൽ വിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ച ജാലവിദ്യക്കാർ പറഞ്ഞു: (കുഴപ്പമില്ല) നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത് ഞങ്ങൾ കാര്യമാക്കുന്നില്ല. (ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു) സത്യനിഷേധം, മന്ത്രവാദം തുടങ്ങിയ (ഞങ്ങളുടെ പാപങ്ങൾ ഞങ്ങളുടെ രക്ഷിതാവ് പൊറുക്കുമെന്ന് തീർച്ചയായും ഞങ്ങൾ പ്രതീക്ഷിക്കുന്നു). (ഞങ്ങൾ ആദ്യമായി വിശ്വസിച്ചവരായതിനാൽ) ഈ സൈന്യത്തിൽനിന്ന് ആദ്യമായി മൂസായിൽ വിശ്വസിച്ചവരാണ്. അതിനാൽ അല്ലാഹു അവരെ ഉറപ്പിച്ചുനിർത്തുകയും അവർക്ക് ക്ഷമ നൽകുകയും ചെയ്തു. ഫിർഔൻ തന്റെ ഭീഷണി അവർക്കെതിരെ പ്രയോഗിച്ചത് അതിനുള്ള അധികാരം അവനുള്ളതുകൊണ്ടാവാം. അല്ലാഹു അവനിൽനിന്നും അവരെ സംരക്ഷിച്ചതുമാകാം. അങ്ങനെ ഫിർഔനും അവന്റെ ജനതയും അവിശ്വാസത്തിൽ ഉറച്ചുനിന്നു. മൂസാ(അ) അവർക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങൾ കൊണ്ടുവന്നു കൊടുത്തു. ഓരോ ദൃഷ്ടാന്തവും അവരിൽ വലിയ സ്വാധീനങ്ങൾ ഉണ്ടാക്കുമ്പോഴും അവർ മൂസാനബിക്ക് വാഗ്ദാനങ്ങൾ നൽകി; അല്ലാഹു തങ്ങൾക്ക് ആശ്വാസം നൽകിയാൽ തങ്ങൾ അവനിൽ വിശ്വസിക്കും എന്നും ഇസ്രാഈലുകാരെ അദ്ദേഹത്തോടൊപ്പം വിട്ടയക്കുമെന്നും. എന്നാൽ അല്ലാഹു അവർക്ക് ആശ്വാസം നൽകിയാൽ അവർ ഈ കരാർ ലംഘിക്കും.