സൂറ: ന്നംല്, ഭാഗം 10
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2026 മാർച്ച് 21, 1447 ശവ്വാൽ 02
അധ്യായം: 27, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
47. അവർ പറഞ്ഞു: ‘നീ മൂലവും നിന്റെ കൂടെയുള്ളവർ മൂലവും ഞങ്ങൾ ശകുനപ്പിഴയിലായിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ ശകുനം അല്ലാഹുവിങ്കൽ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങൾ (ദൈവികമായ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു.’

47). അവരുടെ പ്രവാചകനായ സ്വാലിഹ്(അ)യോട് നിഷേധിച്ചുകൊണ്ടും നിരസിച്ചുകൊണ്ടും (അവർ പറഞ്ഞു: നീ മൂലവും നിന്റെ കൂടെയുള്ളവർ മൂലവും ഞങ്ങൾ ശകുനപ്പിഴയിൽ ആയിരിക്കുന്നു) സ്വാലിഹിന്റെ മുഖത്ത് നന്മയുടെ ഒരു ലക്ഷണവും കണ്ടില്ലെന്നും അദ്ദേഹവും അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളും അവരുടെ ലൗകിക കാര്യങ്ങൾക്ക് ദോഷങ്ങൾ വരുത്തിയെന്നും അവർ അവകാശപ്പെട്ടു. അപ്പോൾ സ്വാലിഹ് അവരോട് പറഞ്ഞു: (നിങ്ങളുടെ ശകുനം അല്ലാഹുവിങ്കൽ രേഖപ്പെടുത്തപ്പെട്ടതത്രെ). അതായത് നിങ്ങളുടെ പാപങ്ങൾ നിമിത്തം നിങ്ങൾക്കത് സംഭവിച്ചു. (അല്ല, നിങ്ങൾ-ദൈവികമായ-പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു) നിങ്ങൾ പാപം ഉപേക്ഷിച്ച് -പശ്ചാത്തപിക്കുമോ ഇല്ലയോ എന്നറിയാൻ നിങ്ങളെ എപ്പോഴും സന്തോഷത്തിലും ദുഃഖത്തിലും നല്ലതിലും ചീത്തയിലും എളുപ്പത്തിലും പ്രയാസത്തിലും പരീക്ഷിച്ചുകൊണ്ടിരിക്കും. അവർ തങ്ങളുടെ പ്രവാചകനെ തള്ളിപ്പറയുന്നതിൽ ഉറച്ചുനിന്നു. അങ്ങനെയാണ് അവർ അദ്ദേഹത്തോട് പ്രതികരിച്ചത്.
48. ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരും ഒരു നന്മയുമുണ്ടാക്കാത്തവരുമായ ഒമ്പതു പേർ ആ പട്ടണത്തിലുണ്ടായിരുന്നു.
48) (ആ പട്ടണത്തിൽ ഉണ്ടായിരുന്നു) സ്വാലിഹ് നബിയും ഭൂരിഭാഗം ജനങ്ങളും താമസിച്ചിരുന്ന ആ നഗരത്തിൽ. (ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരും ഒരു നന്മയും ഉണ്ടാക്കാത്തവരുമായ ഒമ്പത് പേർ) അവരുടെ ലക്ഷ്യം നാട്ടിൽ കുഴപ്പങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു. നന്മ ചെയ്യുക അവരുടെ ലക്ഷ്യമേ ആയിരുന്നില്ല. അവർ സ്വാലിഹ് നബിക്കെതിരെ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മതത്തെ ആക്ഷേപിക്കുകയും അതിനായി ആളുകളെ ക്ഷണിക്കുകയും ചെയ്തു. മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
فَاتَّقُوا اللَّهَ وَأَطِيعُونِ ١٥٠ وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ ١٥١ الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ١٥٢
“ആകയാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ. ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും നന്മ വരുത്താതിരിക്കുകയും ചെയ്യുന്നവരായ അക്രമകാരികളുടെ കൽപന നിങ്ങൾ അനുസരിച്ചു പോകരുത്’’ (26:150-152).
49. അവനെ(സ്വാലിഹിനെ)യും അവന്റെ ആളുകളെയും നമുക്ക് രാത്രിയിൽ കൊന്നു കളയണമെന്നും പിന്നീട് അവന്റെ അവകാശിയോട്, തന്റെ ആളുകളുടെ നാശത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടില്ല, തീർച്ചയായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു എന്ന് നാം പറയണമെന്നും നിങ്ങൾ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യണം എന്ന് അവർ തമ്മിൽ പറഞ്ഞുറച്ചു.
49). ഈ ഭയാനകമായ അവസ്ഥ തുടർന്നു. എത്രത്തോളമെന്നാൽ അവരുടെ വെറുപ്പിനാൽ, അവർ പരസ്പരം (അവനെയും അവന്റെ ആളുകളെയും നമുക്ക് രാത്രിയിൽ കൊന്നുകളയണം) എന്ന് സത്യം ചെയ്തു. അതായത്, രാത്രിയിൽ അവന്റെയും അവന്റെ കുടുംബത്തിന്റെയും അടുത്തേക്ക് ഞങ്ങൾ ചെന്ന് അവരെ തീർച്ചയായും കൊല്ലും എന്ന് സത്യം ചെയ്തു. തീർച്ചയായും ഞങ്ങൾ അവരെ കൊല്ലും. (പിന്നീട് അവന്റെ അവകാശിയോട് പറയണമെന്നും) അവർ വന്ന് ഞങ്ങളാണ് കൊന്നതെന്ന് വാദിച്ചാൽ ഞങ്ങളത് നിഷേധിക്കും. ഞങ്ങൾ അത് ചെയ്തിട്ടില്ലെന്ന് പറയുകയും ചെയ്യും. (തന്റെ ആളുകളുടെ നാശത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടില്ല. തീർച്ചയായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു) ഈ കാര്യം അവർ ഏകകണ്ഠമായി സമ്മതിച്ചു.
50. അവർ ഒരു തന്ത്രം പ്രയോഗിച്ചു. അവർ ഓർക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.
50). (അവർ ഒരു തന്ത്രം പ്രയോഗിച്ചു). അവർ ഗൂഢാലോചന നടത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ബന്ധുക്കളെ ഭയന്ന് ഗൂഢാലോചന സ്വന്തം ആളുകളിൽ നിന്ന് പോലും അവർ മറച്ചുവെച്ചു. അങ്ങനെ സ്വാലിഹ് നബിയെ കൊല്ലാൻ അവർ തീരുമാനിച്ചു. നമ്മുടെ പ്രവാചകൻ സ്വാലിഹിനെ സഹായിക്കാനും അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാക്കാനും സത്യനിഷേധികളായ അദ്ദേഹത്തിന്റെ ജനതയെ നശിപ്പിക്കാനും (നാമും അവർ ഓർക്കാതിരിക്കെ ഒരു തന്ത്രം പ്രയോഗിച്ചു)
51. എന്നിട്ട് അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവൻ നാം തകർത്തുകളഞ്ഞു.
51). (എന്നിട്ട് അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക) ആ ഗൂഢാലോചനയിലൂടെ അവർ അവരുടെ ലക്ഷ്യം നേടിയോ അതോ പരാജയപ്പെട്ടോ? അതാണ് അല്ലാഹു പറഞ്ഞത്: (അവരെയും അവരുടെ ജനങ്ങളെയും മുഴുവനായി നാം തകർത്തു കളഞ്ഞു) നാം അവരെ നശിപ്പിക്കുകയും പൂർണമായി ഉന്മൂലനം ചെയ്യുകയും ചെയ്തു. ഒരു ശിക്ഷയായി ഘോര ശബ്ദം അവരുടെ മേൽ വന്നു. അവരിൽ അവസാനത്തെ ആളും നശിപ്പിക്കപ്പെട്ടു.
52. അങ്ങനെ അവർ അക്രമം പ്രവർത്തിച്ചതിന്റെ ഫലമായി അവരുടെ വീടുകളതാ (ശൂന്യമായി) വീണടിഞ്ഞ് കിടക്കുന്നു. തീർച്ചയായും മനസ്സിലാക്കുന്ന ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തമുണ്ട്.
52). (അവരുടെ വീടുകളതാ വീണടിഞ്ഞു കിടക്കുന്നു) അവയുടെ മേൽക്കൂരകൾ അവയുടെ ചുമരുകളിൽ വീണു. അവിടെ താമസക്കാരില്ല. (അവർ അക്രമം ചെയ്തത് നിമിത്തം) അല്ലാഹുവിൽ പങ്കു ചേർക്കുക, ഭൂമിയിൽ അതിക്രമം കാണിക്കുക എന്നതിന്റെ അനന്തര ഫലങ്ങളാണത്. (തീർച്ചയായും അതിൽ മനസ്സിലാക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തമുണ്ട്) വസ്തുതകൾ മനസ്സിലാക്കുന്നവർക്ക്. അല്ലാഹു തന്റെ അടുത്ത മിത്രങ്ങളോടും ശത്രുക്കളോടും എങ്ങനെ ഇടപെട്ടുവെന്ന് അവർ ചിന്തിക്കുന്നു. അങ്ങനെ അവർ അതിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും തെറ്റിന്റെ ഫലം നാശവും തകർച്ചയുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അതേസമയം, വിശ്വാസത്തിന്റെയും നീതിയുടെയും ഫലം രക്ഷയും വിജയവുമാണെന്ന് അവർ മനസ്സിലാക്കുന്നു.
53. വിശ്വസിക്കുകയും ധർമനിഷ്ഠ പാലിച്ചു വരികയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
53) അതാണ് അല്ലാഹു പറയുന്നത്: (വിശ്വസിക്കുകയും ധർമനിഷ്ഠ പാലിച്ച് വരികയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു) അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിധിയിലും വിശ്വസിച്ചവരെ നാം രക്ഷിച്ചു. അവർ അല്ലാഹുവിൽ പങ്ക് ചേർക്കുന്നതിനെയും തെറ്റുകളെയും സൂക്ഷിച്ചു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ചു പ്രവൃത്തിച്ചു.

