സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 മെയ് 23, 1447 ദുൽഹിജ്ജ 07

അധ്യായം: 26, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًۭا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ (١٨) وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ وَأَنتَ مِنَ ٱلْكَـٰفِرِينَ (١٩)

18. അവൻ (ഫിർഔൻ) പറഞ്ഞു: ‘കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്നെ ഞങ്ങൾ വളർത്തിയില്ലേ? നിന്റെ ആ യുസ്സിൽ കുറെ കൊല്ലങ്ങൾ ഞങ്ങളുടെ ഇടയിൽ നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്.’

19. ‘നീ ചെയ്ത നിന്റെ ആ (ദുഷ്) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി. നീ നന്ദികെട്ടവരുടെ കൂട്ടത്തിൽതന്നെയാകുന്നു.’

(18-19). അങ്ങനെ അവർ രണ്ടുപേരും ഫിർഔനിന്റെ അടുത്തെത്തിയപ്പോൾ അല്ലാഹു നിർദേശിച്ചത് പ്രകാരം അവർ ഫിർഔനിനോട് പറഞ്ഞു. ഫിർഔൻ വിശ്വസിച്ചില്ല. അവരോട് അലിവ് കാണിച്ചതുമില്ല. മൂസാ നബിയെ എതിർക്കാൻ തുടങ്ങി. (അവൻ പറഞ്ഞു: ‘കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്നെ ഞങ്ങൾ വളർത്തിയില്ലേ?’) അതായത് ഞങ്ങൾ നിങ്ങളോട് ഉദാരമനസ്‌കത കാണിച്ചില്ലേ. നീ ഒരു ശിശുവായിരുന്ന കാലം മുതൽ ഞങ്ങൾ നിന്നെ വളർത്തി. അത് കുറച്ചുകാലം തുടർന്നു. (നിന്റെ ആയുസ്സിൽ കുറെ കൊല്ലങ്ങൾ ഞങ്ങളുടെ ഇടയിൽ നീ കഴിച്ചുകൂട്ടിയിട്ടുണ്ട്. നീ ആ പ്രവൃത്തി ചെയ്യുകയുമുണ്ടായി) മൂസാ നബി ഖിബ്ത്വിയെ കൊന്നതാണ് ഉദ്ദേശിക്കുന്നത്; അദ്ദേഹത്തോട് ശത്രുവിനെതിരെ സഹായം ചോദിച്ച സന്ദർഭത്തിൽ.

هَٰذَا مِن شِيعَتِهِ وَهَٰذَا مِنْ عَدُوِّهِ ۖ فَاسْتَغَاثَهُ الَّذِي مِن شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ ۖ

“അപ്പോൾ തന്റെ കക്ഷിയിൽ പെട്ടവൻ തന്റെ ശത്രുവിഭാഗത്തിൽ പെട്ടവനെതിരിൽ അദ്ദേഹത്തോട് സഹായം തേടി. അപ്പോൾ മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അത് അവന്റെ കഥ കഴിച്ചു’’ (28:15).

(നീ നിഷേധികളുടെ കൂട്ടത്തിൽ തന്നെയാകുന്നു) അന്ന് നിന്റെ വഴി ഞങ്ങളുടെ വഴിയായിരുന്നു. അതായത് നിഷേധത്തിന്റെ മാർഗം. അങ്ങനെ ഫിർഔൻ അറിയാതെ അവൻ അവിശ്വാസിയാണെന്ന് സമ്മതിച്ചു.


قَالَ فَعَلْتُهَآ إِذًۭا وَأَنَا۠ مِنَ ٱلضَّآلِّينَ (٢٠) فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِى رَبِّى حُكْمًۭا وَجَعَلَنِى مِنَ ٱلْمُرْسَلِينَ (٢١) وَتِلْكَ نِعْمَةٌۭ تَمُنُّهَا عَلَىَّ أَنْ عَبَّدتَّ بَنِىٓ إِسْرَٰٓءِيلَ (٢٢)

20. അദ്ദേഹം (മൂസാ) പറഞ്ഞു: ‘ഞാൻ അന്ന് അത് ചെയ്യുകയുണ്ടായി. എന്നാൽ ഞാൻ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു.’

21. ‘അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോൾ ഞാൻ നിങ്ങളിൽനിന്ന് ഓടിപ്പോയി. അനന്തരം എന്റെ രക്ഷിതാവ് എനിക്ക് തത്ത്വജ്ഞാനം നൽകുകയും അവൻ എന്നെ ദൂതൻമാരിൽ ഒരാളാക്കുകയും ചെയ്തു.’

22. ‘എനിക്ക് നീ ചെയ്തുതന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രാഈൽ സന്തതികളെ നീ അടിമകളാക്കിവെച്ചതിനാൽ ഉണ്ടായതത്രെ.’

(20-22). അപ്പോൾ മൂസാ പറഞ്ഞു: (ഞാൻ അന്ന് അത് ചെയ്യുകയുണ്ടായി. എന്നാൽ ഞാൻ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു) നിഷേധത്തിലല്ല, മറിച്ച് വഴികേടും വിഡ്ഢിത്തവും നിമിത്തം. പക്ഷേ, ഞാനെന്റെ രക്ഷിതാവിനോട് ക്ഷമ ചോദിക്കുകയും അവൻ എന്നോട് ക്ഷമിക്കുകയും ചെയ്തു. (അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോൾ ഞാൻ നിങ്ങളിൽനിന്നും ഓടിപ്പോയി) അതിനാൽ എന്നെ കൊല്ലുന്ന കാര്യം നിങ്ങൾ ചർച്ച ചെയ്തപ്പോൾ ഞാൻ നിങ്ങളെ ഭയന്ന് ഓടിപ്പോയി. അങ്ങനെ ഞാൻ മദ്‌യനിയിലേക്ക് പലായനം ചെയ്യുകയും അവിടെ കുറെക്കാലം താമസിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ഞാൻ നിങ്ങളുടെ അടുക്കൽ വന്നു. (എന്റെ രക്ഷിതാവ് എനിക്ക് തത്ത്വജ്ഞാനം നൽകുകയും അവൻ എന്നെ ദൂതന്മാരിൽ ഒരാളാക്കുകയും ചെയ്തു).

ചുരുക്കത്തിൽ, ഫിർഔൻ മൂസാനബിക്കെതിരെ ഉന്നയിച്ച തർക്കം അറിവില്ലായ്മയോ അറിവുകേട്

അഭിനയിക്കുകയോ ആണ്. മൂസാ നബി(അ) പ്രവാചകനാകാൻ സാധ്യതയില്ലെന്നതിന് ഫിർഔൻ ഉന്നയിച്ച കാരണം അദ്ദേഹത്തിൽ നിന്ന് ഒരു കൊലപാതകം സംഭവിച്ചു എന്നതാണ്. അത് ബോധപൂർവം ചെയ്തതല്ലെന്നും പിഴവിൽ സംഭവിച്ചതാണെന്നും മൂസാ(അ) വ്യക്തമാക്കി ക്കൊടുത്തു. അല്ലാഹു|

അവന്റെ ഔദാര്യം തടയില്ല, പിന്നെന്തിനാണ് നിങ്ങൾ അല്ലാഹു തന്ന പ്രവാചകത്വത്തെയും ജ്ഞാനത്തെയും തടയുന്നത്? ഫിർഔനിന്റെ മറ്റൊരു വാദം: (കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്നെ ഞങ്ങൾ വളർത്തിയില്ലേ?) ശരിയായി വിശകലനം ചെയ്താൽ അതും നിന്റെ ഔദാര്യമല്ല. അതാണ് മൂസാ നബി പറഞ്ഞത്: (എനിക്ക് നീ ചെയ്തുതന്നതായി നീ എടുത്തു പറയുന്ന അനുഗ്രഹം ഇസ്രാഈൽ സന്തതികളെ നീ അടിമകളാക്കി വെച്ചതിനാൽ ഉണ്ടായതത്രെ) നീ പറയുന്ന ഈ ഔദാര്യം ബനൂഇസ്രാഈല്യരെ അടിമകളാക്കി വെച്ചതുമൂലം സംഭവിച്ചതാണ്. അവരെ നീ അടിമകളാക്കി. നീ എന്നെയും അടിമയാക്കി. അതൊരു ഔദാര്യമായി നീ എടുത്തുപറയുകയും ചെയ്യുന്നു. യഥാർഥത്തിൽ കാര്യം വ്യക്തമാകുമ്പോൾ നീ ഈ ശ്രേഷ്ഠ ജനതയോട് അനീതി ചെയ്തു. അവരെ നീ പീഡിപ്പിച്ചു. എന്നെ അല്ലാഹു നിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷിച്ചു. എന്റെ ജനത അത് അനുഭവിക്കുകയും ചെയ്തു. ഇതെങ്ങനെ എന്നോട് ചെയ്ത ഔദാര്യമാകും?


قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَـٰلَمِينَ ()٢٣ قَالَ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ (٢٤)

ഫിർഔൻ പറഞ്ഞു: ‘എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്?’

അദ്ദേഹം (മൂസാ) പറഞ്ഞു: ‘ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു; നിങ്ങൾ ദൃഢവിശ്വാസമുള്ളവരാണെങ്കിൽ.’

23-24) (ഫിർഔൻ പറഞ്ഞു: ‘എന്താണ് ഈ ലോക രക്ഷിതാവ് എന്ന് പറയുന്നത്?’) മൂസാ നബി(അ) അല്ലാഹുവിനെ വിശേഷിപ്പിച്ചത് ശരിയാണെന്ന് ഫിർഔനിന് ഉറപ്പുണ്ടായിട്ടും അഹങ്കാരവും അക്രമവും നിമിത്തം അവൻ നിഷേധിച്ചു ചോദിക്കുകയാണ്. അപ്പോൾ മൂസാ നബി പറഞ്ഞു: (ആകാശങ്ങളുടെയും ഭൂമിയുടെ അവയ്ക്കിടയിൽ ഉള്ളതിന്റെയും രക്ഷിതാവാകുന്നു ) മുകളിലും താഴെയുമുള്ള മണ്ഡലങ്ങളെ സൃഷ്ടിക്കുകയും അവയെ എല്ലാവിധത്തിലും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവൻ. നിങ്ങളും അതിൽ ഉൾപ്പെടും. ഭൂമിയുടെയും ആകാശങ്ങളുടെയും സ്രഷ്ടാവിനെ നിങ്ങൾക്കെങ്ങനെ നിഷേധിക്കാനാവും? (നിങ്ങൾ ദൃഢവിശ്വാസമുള്ളവരാണെങ്കിൽ).


(٢٥)قَالَ لِمَنْ حَوْلَهُۥٓ أَلَا تَسْتَمِعُونَ

25. അവൻ (ഫിർഔൻ) തന്റെ ചുറ്റുമുള്ളവരോട് പറഞ്ഞു: ‘എന്താ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നില്ലേ?’

25). എന്നാൽ ഫിർഔൻ തന്റെ ജനതയോട് ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: (എന്താ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നില്ലേ?) ഈ മനുഷ്യൻ എന്താണ് പറയുന്നത്?


قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ (٢٦)

26. അദ്ദേഹം (മൂസാ) പറഞ്ഞു: ‘നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂർവപിതാക്കളുടെ രക്ഷിതാവുമത്രെ (അവൻ).’

26) മൂസാ പറഞ്ഞു: (നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂർവപിതാക്കളുടെ രക്ഷിതാവുമത്രെ) നിങ്ങൾക്ക് വിചിത്രമായി തോന്നിയാലും ഇല്ലെങ്കിലും നിങ്ങൾ അഹങ്കാരത്തോടെ പ്രതികരിച്ചാലും അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി, അവൻ നിങ്ങളുടെയും നിങ്ങളുടെ പൂർവികരുടെയും നാഥനാണ്.


قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرْسِلَ إِلَيْكُمْ لَمَجْنُونٌۭ (٢٧)

27. അവൻ (ഫിർഔൻ) പറഞ്ഞു: ‘നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ, തീർച്ചയായും അവൻ ഒരു ഭ്രാന്തൻ തന്നെയാണ്.’

27). സത്യത്തെ ധിക്കാരത്തോടെ നിരാകരിച്ചുകൊണ്ട് അതുമായി വന്നവനെ അപമാനിച്ചുകൊണ്ട് ഫിർഔൻ പറഞ്ഞു: (നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതൻ; തീർച്ചയായും അവൻ ഒരു ഭ്രാന്തൻ തന്നെയാണ്) ഞങ്ങൾ നിലകൊള്ളുന്നതിന് വിരുദ്ധമായതാണ് അദ്ദേഹം പറയുന്നത് എന്ന നിലയ്ക്കും ഞങ്ങളിൽനിന്നും വ്യത്യസ്തനുമാണ് എന്നതിനാലും ഞങ്ങൾ അദ്ദേഹത്തെ പിന്തുടർന്നതല്ല. ബുദ്ധിപരമെന്ന് അയാൾ പറയുന്നതും ബുദ്ധിയുള്ളവരുടെ അഭിപ്രായമായിട്ടുള്ളതും അവർ സൃഷ്ടിക്കപ്പെട്ടതല്ലെന്നും ആകാശഭൂമികൾ ആരും സൃഷ്ടിക്കാതെ തന്നെ അനാദിയായി നിലനിന്നിരുന്നു എന്നും അവരും അങ്ങനെത്തന്നെ സ്രഷ്ടാവില്ലാതെയാണ് ഉണ്ടായത് എന്നുമുള്ള വാദമാണ് അവർക്കുള്ളത്. ഇതാണ് അവർക്ക് ബുദ്ധിപരം. അവർ ഭ്രാന്തായി കാണുന്നതാകട്ടെ ഈ മണ്ഡലത്തിനും ഉപരിമണ്ഡലത്തിനും സ്രഷ്ടാവായ ഒരു രക്ഷിതാവ് ഉണ്ടെന്നും പ്രത്യക്ഷവും പരോക്ഷവുമായ ധാരാളം അനുഗ്രഹങ്ങൾ അവൻ തരുന്നുണ്ടെന്നും അവനെയാണ് ആരാധിക്കേണ്ടതെന്നും പറയുന്നതാണ്. ഈ വാദം അവന്റെ ജനതക്ക് ശരിയായി തോന്നി. അവർ വിഡ്ഢികളും യുക്തിഹീനരും ആയിരുന്നു

فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ ٥٤

“അങ്ങനെ ഫിർഔൻ തന്റെ ജനങ്ങളെ വിഡ്ഢികളാക്കി. അവർ അവനെ അനുസരിച്ചു. തീർച്ചയായും അവർ അധർമകാരികളായ ഒരുജനതയായിരുന്നു’’ (43:54).