സൂറ: ന്നംല്, ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ഫെബ്രുവരി 28, 1447 റമദാൻ 10

അധ്യായം: 27, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ (٢٥)

25. ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞുകിടക്കുന്നത് പുറത്ത് കൊണ്ടുവരികയും നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവർ പ്രണാമം ചെയ്യാതിരിക്കുവാൻ വേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു).

25) തുടർന്ന് പറയുന്നു: (അല്ലാഹുവിന് അവർ സുജൂദ് ചെയ്യാതിരിക്കുവാൻ) അതായത്, അല്ലാഹുവിന് മാത്രം സുജൂദ് ചെയ്തുകൂടായിരുന്നോ? (ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞിരിക്കുന്നത് പുറത്തു കൊണ്ടുവരുന്നവനായ അല്ലാഹുവിന് സുജൂദ് ചെയ്യാതിരിക്കുന്നത്) ആകാശമണ്ഡലങ്ങളിലും ഭൂമിയിൽ എവിടെയുമുള്ള നിസ്സാര സൃഷ്ടികളെയും വിത്തുകളെയും ചെടികളെയും അവനറിയുന്നു. മനസ്സിൽ മറച്ചുവെച്ചതും അവനറിയും. ഭൂമിയിലും ആകാശത്തിലും മറഞ്ഞിരിക്കുന്നതെല്ലാം അവർ പുറത്തുകൊണ്ടുവരും. മഴ പെയ്യിച്ചും ചെടികൾ മുളപ്പിച്ചും അവൻ അതിനെ പുറത്തു കൊണ്ടുവരുന്നു. കാഹളത്തിൽ ഊതുമ്പോൾ ഭൂമിയിൽ മറഞ്ഞു കിടക്കുന്ന മരണപ്പെട്ടവരെ ഭൂമിക്കുള്ളിൽ നിന്നും അവൻ പുറത്തുകൊണ്ടുവരും; അവർക്ക് അവരുടെ കർരമങ്ങളുടെ പ്രതിഫലം നൽകുന്നതിനായി. (നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനാണ്).


(٢٦)ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ۩‏

26. മഹത്തായ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല.

26) (അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല) ആരാധനയും താഴ്മയും സ്‌നേഹവും എല്ലാം അവനു മാത്രം. കാരണം അവനാണ് ആരാധ്യൻ. അവന് സമ്പൂർണ വിശേഷണങ്ങളുണ്ട്. അവൻ നൽകുന്ന അനുഗ്രഹങ്ങൾ കാരണം അവനു മാത്രമാണ് ആരാധനയർഹിക്കുന്നത്. (മഹത്തായ സിംഹാസനത്തിന്റെ നാഥൻ) ഭൂമിയും ആകാശവും പോലെ വിശാലമായ സിംഹാസനം; സൃഷ്ടികളുടെ മേൽക്കൂരയാണത്. മഹത്തായ അധികാരവും ശക്തിയുമുള്ള ഈ പരമാധികാരിക്കാണ് നാം കീഴൊതുങ്ങുകയും പ്രണാമം അർപ്പിക്കുകയും കുമ്പിടുകയും ചെയ്യേണ്ടത്. ഈ സുപ്രധാന വാർത്ത നൽകിയപ്പോൾ മരംകൊത്തി ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടു. ഇതെങ്ങനെ താൻ അറിയാതെ പോയി എന്ന് സുലൈമാൻ നബി(അ) അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ ജ്ഞാനവും പക്വമായ ചിന്തയും കാരണം വാർത്ത പരിശോധിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.


۞ قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَـٰذِبِينَ (٢٧) ٱذْهَب بِّكِتَـٰبِى هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَٱنظُرْ مَاذَا يَرْجِعُونَ (٢٨)

27. സുലൈമാൻ പറഞ്ഞു: നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം.

28. നീ എന്റെ ഈ എഴുത്ത് കൊണ്ടു പോയി അവർക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരിൽനിന്ന് മാറിനിന്ന് അവർ എന്ത് മറുപടി നൽകുന്നു എന്ന് നോക്കുക.

27-28). (സുലൈമാൻ പറഞ്ഞു: നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണോ എന്ന് നമുക്ക് നോക്കാം). (നീ എന്റെ ഈ എഴുത്ത് കൊണ്ടുപോയി) എഴുത്തിൽ ഉള്ളത് ശേഷം വരുന്നുണ്ട്. (അവർക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരിൽനിന്ന് മാറിനിൽക്കുക) ദൂരെയല്ലാതെ കാത്തുനിൽക്കുക. (അവർ എന്തു മറുപടി പറയുന്നു എന്ന് നോക്കുക) നിന്നോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കുക.


قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ إِنِّىٓ أُلْقِىَ إِلَىَّ كِتَـٰبٌۭ كَرِيمٌ (٢٩) إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ (٣٠) أَلَّا تَعْلُوا۟ عَلَىَّ وَأْتُونِى مُسْلِمِينَ (٣١)

29. അവൾ പറഞ്ഞു: ഹേ; പ്രമുഖൻമാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത് നൽകപ്പെട്ടിരിക്കുന്നു.

30. അത് സുലൈമാന്റെ പക്കൽനിന്നുള്ള താണ്. ആ കത്ത് ഇപ്രകാരമത്രെ: ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.

31. എനിക്കെതിരിൽ നിങ്ങൾ അഹങ്കാരം കാണിക്കാതിരിക്കുകയും കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങൾ എന്റെ അടുത്ത് വരികയും ചെയ്യുക.’

29 -31) അങ്ങനെ ഹുദ്ഹുദ് കത്ത് അവർക്ക് കൈമാറി. അവൾ തന്റെ ആളുകളോട് പറഞ്ഞു: (എനിക്കിന്ന് മാന്യമായ ഒരു എഴുത്ത് നൽകപ്പെട്ടിരിക്കുന്നു) അതായത് ഭൂമിയിലെ ഏറ്റവും വലിയ രാജാക്കന്മാരിൽ ഒരാളിൽനിന്ന് വളരെ പ്രാധാന്യമുള്ള ഒരു കത്ത് എനിക്ക് കിട്ടി. തുടർന്ന് അവൾ കത്തിന്റെ ഉള്ളടക്കം കാണിച്ചു. (അത് സുലൈമാന്റെ പക്കൽ നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. എനിക്കെതിരെ നിങ്ങൾ അഹങ്കാരം കാണിക്കാതിരിക്കുകയും കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങൾ എന്റെ അടുക്കൽ വരികയും ചെയ്യുക). അതായത്, എന്നെക്കാൾ നിങ്ങളുടെ േശ്രഷ്ഠത തെളിയിക്കാൻ ശ്രമിക്കരുത്. മറിച്ച് എന്റെ ആധിപത്യത്തിന് കീഴൊതുങ്ങുകയും എന്റെ കൽപനകൾ അനുസരിക്കുകയും കീഴടങ്ങി എന്റെ അരികിൽ വരികയും ചെയ്യുക.

ഇതു വളരെ സംക്ഷിപ്തമാണ്. അതേസമയം വളരെ വ്യക്തവുമാണ്. അദ്ദേഹത്തെക്കാൾ ഔന്നിത്യം കാണിക്കുന്നതിനെ വിലക്കുന്നു. ഇപ്പോഴുള്ള അവസ്ഥ തുടരുന്നതിനെയും വിലക്കുന്നു. തന്റെ കൽപനകൾക്ക് കീഴൊതുങ്ങാനും തന്നെ അനുസരിക്കുന്നതിലേക്ക് വരാനും നിർദേശിക്കുന്നു. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. എഴുത്തുകൾ ബിസ്മികൊണ്ട് ആരംഭിക്കുന്നത് നല്ലതാണെന്നും എഴുത്തിന്റെ ആദ്യ തലക്കെട്ടിൽ തന്നെ കത്ത് നൽകപ്പെടുന്ന വ്യക്തിയുടെ പേര് പറയണമെന്നും മനസ്സിലാകുന്നു.


قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَفْتُونِى فِىٓ أَمْرِى مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ (٣٢) قَالُوا۟ نَحْنُ أُو۟لُوا۟ قُوَّةٍۢ وَأُو۟لُوا۟ بَأْسٍۢ شَدِيدٍۢ وَٱلْأَمْرُ إِلَيْكِ فَٱنظُرِى مَاذَا تَأْمُرِينَ (٣٣)

32. അവൾ പറഞ്ഞു: ‘ഹേ; പ്രമുഖൻമാരേ, എന്റെ ഈ കാര്യത്തിൽ നിങ്ങൾ എനിക്ക് നിർദേശം നൽകുക. നിങ്ങൾ എന്റെ അടുക്കൽ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്ന വളല്ല ഞാൻ.’‏

33. അവർ പറഞ്ഞു: ‘നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധി കാരം അങ്ങേക്കാണല്ലോ, അതിനാൽ എന്താണ് കൽപിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക.’

32-33). അവളുടെ നിശ്ചയദാർഢ്യവും ബുദ്ധിയും കാരണം അവൾ തന്റെ രാജ്യത്തെ മുതിർന്നവരും പ്രമുഖരുമായ വ്യക്തികളെ ഒരുമിച്ചുകൂട്ടി പറഞ്ഞു: (ഹേ പ്രമുഖരേ, എന്റെ ഈ കാര്യത്തിൽ നിങ്ങൾ എനിക്ക് നിർദേശം നൽകുക) എന്തു മറുപടിയാണ് അദ്ദേഹത്തിന് നൽകുക എന്ന് നിങ്ങൾ എനിക്ക് പറഞ്ഞുതരൂ. നാം അദ്ദേഹത്തെ അനുസരിക്കേണ്ടതുണ്ടോ, അതോ മറ്റെന്തെങ്കിലും വഴിയുണ്ടോ? (നിങ്ങൾ എന്റെ അടുക്കൽ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാൻ) നിങ്ങളുടെ സമ്മതമില്ലാതെ ഞാൻ ഒരു തീരുമാനവും എടുക്കില്ല. അതായത് നിങ്ങളോട് ആലോചിക്കാതെ ഞാൻ ഒരു തീരുമാനവും എടുക്കുന്നില്ല. അവർ പറഞ്ഞു: (നാം ശക്തിയുള്ളവരും സമരവീര്യമുള്ളവരുമാണ്) അതായത്, നിങ്ങൾ അയാളുടെ ക്ഷണം നിരസിക്കുകയും അയാളെ അനുസരിക്കാതിരിക്കുകയും ചെയ്യുക. ഇതുമൂലം വരുന്ന ഭവിഷ്യത്തുകൾ എന്തുതന്നെയായാലും അതിനെ പ്രതിരോധിക്കാൻ ഞങ്ങൾ ശക്തരും യുദ്ധം ചെയ്യാൻ പ്രാപ്തരുമാണ്. അവരുടെ വീക്ഷണം നിരസിക്കണമെന്നാണെന്ന് തോന്നുന്നു. അതെങ്ങാനും അവർ തീരുമാനിച്ചിരുന്നുവെങ്കിൽ അവരെ നാശത്തിലേക്ക് നയിക്കുമായിരുന്നു. എന്നാൽ അവർ അതിൽ ഉറച്ചുനിന്നില്ല. പകരം അവർ പറഞ്ഞു: (അധികാരം അങ്ങേക്കാണല്ലോ) അത് നിങ്ങളുടെ തീരുമാനമാണ്. കാരണം അവർക്ക് അവരുടെതായ ചിന്തയും തീരുമാനവും ഉണ്ടെന്നും അവരോട് അവർക്ക് ഗുണകാംക്ഷയുണ്ടെന്നും അവർക്കറിയാമായിരുന്നു. (അതിനാൽ ആലോചിച്ചു നോക്കുക) ചിന്തിച്ചും ആലോചിച്ചും. (എന്താണ് കൽപിച്ച് അരുളേണ്ടതെന്ന്).


قَالَتْ إِنَّ ٱلْمُلُوكَ إِذَا دَخَلُوا۟ قَرْيَةً أَفْسَدُوهَا وَجَعَلُوٓا۟ أَعِزَّةَ أَهْلِهَآ أَذِلَّةًۭ ۖ وَكَذَٰلِكَ يَفْعَلُونَ (٣٤) وَإِنِّى مُرْسِلَةٌ إِلَيْهِم بِهَدِيَّةٍۢ فَنَاظِرَةٌۢ بِمَ يَرْجِعُ ٱلْمُرْسَلُونَ (٣٥)

34. അവൾ പറഞ്ഞു: തീർച്ചയായും രാജാക്കൻമാർ ഒരു നാട്ടിൽ കടന്നാൽ അവർ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യൻമാരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവർ ചെയ്തുകൊണ്ടിരിക്കുന്നത്.

35. ഞാൻ അവർക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതൻമാർ മടങ്ങിവരുന്നതെന്ന് നോക്കാൻ പോകുകയാണ്.’

34-35). അവരുടെ അഭിപ്രായം മാറ്റാൻ അവൾ അവരോട് പറഞ്ഞു. യുദ്ധത്തിന്റെ മോശം അനന്തരഫലങ്ങൾ വിശദീകരിച്ചുകൊടുത്തു. (തീർച്ചയായും രാജാക്കന്മാർ ഒരു നാട്ടിൽ കടന്നാൽ അവർ അവിടെ നാശം ഉണ്ടാക്കും) കൊന്നും തടവുകാരാക്കിയും കൊള്ളയടിച്ചും കെട്ടിടങ്ങൾ നശിപ്പിച്ചും അവരവിടം നശിപ്പിക്കും. (അവിടത്തെ പ്രതാപികളെ നിന്ദ്യരാക്കുകയും ചെയ്യും) അതായത് നേതാക്കളെയും ജനങ്ങളിൽ കുലീനരെയും അവർ ഏറ്റവും താഴ്ന്നവരാക്കുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ യുദ്ധം നല്ലതല്ല. മാത്രമല്ല, അവനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും പരിശോധിക്കുന്നതിനും ഒരാളെ അയക്കുന്നതിന് മുമ്പ് ഞാൻ കീഴൊതുങ്ങില്ല. അവൾ പറഞ്ഞു: (ഞാൻ അവർക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാർ മടങ്ങിവരുന്നതെന്ന് നോക്കാൻ പോകുകയാണ്) അദ്ദേഹം പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുമോ അതോ സമ്മാനത്തിൽ വഞ്ചിതനായി മനസ്സു മാറുമോ? അദ്ദേഹത്തിന്റെയും അവദ്ദേഹത്തിന്റ സൈന്യത്തിന്റെയും അവസ്ഥ എത്രത്തോളം ഉണ്ട് എന്ന് നോക്കട്ടെ.