സൂറ: ന്നംല്, ഭാഗം 12
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2026 ഏപ്രിൽ 04, 1447 ശവ്വാൽ 16
അധ്യായം: 27, ഭാഗം 12 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
61. അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയിൽ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നൽകുന്ന പർവതങ്ങൾ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങൾക്കിടയിൽ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരിൽ അധികപേരും അറിയുന്നില്ല.

61) ബിംബങ്ങളും വിഗ്രഹങ്ങളും എല്ലാ നിലയ്ക്കും അപൂർണമാണ്. അവയ്‌ക്കൊന്നും ചെയ്യാനാവില്ല. ഉപജീവനം നൽകുകയോ ഉപകാരം ചെയ്യുകയോ അവയ്ക്ക് സാധ്യമല്ല. അവരാണോ ഉത്തമം അതോ (ഭൂമിയെ നിവാസയോഗ്യമാക്കുകയും) മനുഷ്യർക്ക് തങ്ങാനും താമസിക്കാനും കൃഷി ചെയ്യാനും കെട്ടിടങ്ങൾ നിർമിക്കാനും പോക്കുവരവുകൾക്കും സാധ്യമാകുന്ന വിധം ഭൂമിയെ സംവിധാനിച്ചവനാണോ ആരാധിക്കപ്പെടാൻ നല്ലത്? (അതിനടിയിൽ നദികൾ ഉണ്ടാക്കുകയും) അതായത്, ഭൂമിക്കടിയിൽ മനുഷ്യർക്ക് പ്രയോജനപ്പെടുന്ന നദികൾ അവരുടെ കൃഷിക്കും മരങ്ങൾക്കും കുടിക്കാനും കാലികളെ കുടിപ്പിക്കാനും സഹായകമാകുന്ന നിലയ്ക്ക് അവൻ ഭൂമിയിലുടനീളം നദികൾ ഒഴുക്കാൻ ഇടയാക്കി. (അതിന് ഉറപ്പു നൽകുന്ന പർവതങ്ങൾ ഉണ്ടാക്കുകയും ചെയ്തു) ഭൂമിയെ ഉറപ്പിച്ചുനിർത്തുന്ന പർവതങ്ങൾ. ഇളകിപ്പോകാതിരിക്കാനുള്ള ആണികളായി പർവതങ്ങളെയും സൃഷ്ടിച്ചു (രണ്ടുതരം ജലാശയങ്ങൾക്കിടയിൽ അവൻ ഉണ്ടാക്കി) - ഉപ്പുവെള്ളവും ശുദ്ധള്ളവും. അവ തമ്മിൽ കൂടിക്കലരാതെ തടയുന്നു. അവയ്ക്കിടയിൽ (ഒരു തടസ്സം) സ്ഥാപിച്ചു. അല്ലെങ്കിൽ രണ്ടുതരം ജലാശയങ്ങളുടെയും ഗുണം ലഭിക്കുമായിരുന്നില്ല. ഭൂമി മറ്റൊരു തടസ്സമാണ്. അത് കടൽ ജലത്തിൽനിന്നും നദികളിലെ ജലത്തെ വ്യത്യസ്തമാക്കുന്നു. അതിനാൽ അവ രണ്ടിന്റെയും പ്രയോജനം ലഭിക്കുന്നു. (അല്ലാഹുവിനോടൊപ്പം മറ്റു വല്ല ദൈവവും ഉണ്ടോ?) ഇതെല്ലാം ചെയ്തു കൊടുക്കാൻ കഴിവുള്ളവനായി അവർക്ക് അവനോടൊപ്പം പങ്കു ചേർക്കാൻ അർഹതയുള്ളവൻ? (അല്ല, അവരിൽ അധികപേരും അറിയുന്നില്ല) അതിനാൽ അവർ തങ്ങളുടെ നേതാക്കളെ അനുസരിച്ച് അല്ലാഹുവിന് പങ്കാളികളെ സ്വീകരിക്കുന്നു. ശരിയായ അറിവ് അവർക്ക് ഉണ്ടായിരുന്നെങ്കിൽ അവർ അവനിൽ പങ്കു ചേർക്കുമായിരുന്നില്ല.
62. അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർഥിച്ചാൽ അവന് ഉത്തരം നൽകുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
62). കഷ്ടതയിൽ വലയുകയും ആഗ്രഹിച്ചത് നേടുന്നതിൽ പ്രയാസം നേരിടുകയും കഷ്ടപ്പാടിൽനിന്ന് രക്ഷപ്പെടാൻ മാർഗമില്ലാതെ നിരാശനാവുകയും ചെയ്ത ഒരാൾക്ക് അല്ലാഹു അല്ലാതെ ആരെങ്കിലും ഉത്തരം നൽകുമോ? അല്ലാഹുവല്ലാതെ ആർക്കാണ് ദുരിതങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാക്കാൻ കഴിയുക? നിങ്ങളെ ഭൂമിയിൽ തുടർച്ചയായി തലമുറകളാക്കുകയും ഭൂമിയെ ഉപയോഗപ്പെടുത്താൻ നിങ്ങളെ പ്രാപ്തരാക്കുകയും നിങ്ങൾക്ക് ഉപജീവനം നൽകുകയും അനുഗ്രഹങ്ങൾ എത്തിക്കുകയും ചെയ്യുന്നവൻ അല്ലാഹുവാണ്. നിങ്ങളുടെ മുമ്പുള്ളവർക്ക് ശേഷം നിങ്ങളെ പിൻഗാമികളാക്കിയത് അവനാണ്. നിങ്ങളെ മരിപ്പിച്ച് നിങ്ങൾക്ക് ശേഷം മറ്റൊരു ജനതയെ കൊണ്ടുവരുന്നവനുമാണവൻ. ഇതെല്ലാം ചെയ്യാൻ കഴിയുന്ന മറ്റൊരു ആരാധ്യനുണ്ടോ? അല്ലാഹുവല്ലാതെ ഇതൊന്നും ചെയ്യാൻ കഴിയുന്ന യാതൊരാളും ഇല്ല. അല്ലാഹുവെപ്പോലെ ഇതൊന്നും ചെയ്യാൻ കഴിയുന്നവർ ആരുമില്ലെന്ന് ബഹുദൈവാരാധകർവരെ അംഗീകരിക്കും. അതുകൊണ്ടാണ് അവർക്ക് ആപത്ത് ബാധിക്കുമ്പോൾ തങ്ങൾക്ക് ബാധിച്ചത് നീങ്ങിക്കിട്ടാൻ അല്ലാഹുവോട് മാത്രം അവർ പ്രാർഥിക്കുന്നത്. (കുറച്ചു മാത്രമെ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ) കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുകയും ചിന്തിക്കുകയും ചെയ്താൽ നിങ്ങൾ നേർവഴിയിലാകും. എന്നാൽ അശ്രദ്ധ നിങ്ങളെ കീഴടക്കിയാൽ നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കുകയില്ല. സന്മാർഗത്തിലാകുകയുമില്ല.
63. അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ നിങ്ങൾക്ക് വഴി കാണിക്കുകയും, തന്റെ കാരുണ്യത്തിന് മുമ്പിൽ സന്തോഷസൂചകമായി കാറ്റുകൾ അയക്കുകയും ചെയ്യുന്നവനോ? (അതല്ല, നിങ്ങളുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അവർ പങ്കുചേർക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു.
63). നിങ്ങൾ കടലിലെയും കരയിലെയും അന്ധകാരത്തിൽ അകപ്പെടുമ്പോഴും വഴിയറിയാൻ യാതൊരു മാർഗവുമില്ലാതിരിക്കുമ്പോഴും രക്ഷപ്പെടാനും ശരിയായ വഴി കണ്ടെത്താനും അവൻ നിങ്ങൾക്ക് മാർഗങ്ങൾ ഏർപ്പെടുത്തിത്തരുന്നു. (തന്റെ കാരുണ്യത്തിനു മുമ്പ് സന്തോഷ സൂചകമായി കാറ്റുകൾ അയക്കുകയും ചെയ്യുന്നവൻ). അവൻ മഴക്കു മുമ്പായി കാറ്റുകളെ അയക്കുന്നു. അത് മേഘങ്ങളെ ഇളക്കിവിടുന്നു. എന്നിട്ട് അതിനെ ഒന്നിപ്പിക്കുന്നു. ശേഖരിക്കുന്നു. പിന്നീട് അത് മഴയായി പെയ്യുന്നു. മഴ പെയ്യുന്നതിന് മുമ്പ് ആളുകൾ ആ കാറ്റിൽ സന്തോഷിക്കുന്നു. (അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവും ഉണ്ടോ) ഇതെല്ലാം ചെയ്യാൻ കഴിയുന്ന മറ്റു വല്ലവരുമുണ്ടോ എന്നാണ് ചോദ്യം. അതോ അവൻ മാത്രമാണോ ഇതെല്ലാം ചെയ്യുന്നത്? എന്നിട്ടും എന്തിനാണ് നിങ്ങൾ അവന്റെ കൂടെ പങ്കാളികളെ ചേർക്കുന്നത്, അവനല്ലാത്തവരെ ആരാധിക്കുന്നത്? (അവർ പങ്കുചേർക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു) അവൻ വലിയവനും പരിശുദ്ധനുമാണ്. അവനിൽ പങ്കുചേർക്കുന്നതിലും മറ്റുള്ളവരെ അവനു തുല്യരായി കണക്കാക്കുന്നതിലും നിന്നെല്ലാം അവൻ എത്രയോ പരിശുദ്ധനാണ്.
64. അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവർത്തിക്കുകയും, ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹു വോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? (നബിയേ,) പറയുക: നിങ്ങൾ സത്യവാൻമാരാണെങ്കിൽ നിങ്ങൾക്കുള്ള തെളിവ് നിങ്ങൾ കൊണ്ടുവരിക.
64). സൃഷ്ടി ആരംഭിക്കുകയും സർവ സൃഷ്ടികളെയും ഉണ്ടാക്കുകയും അവയുടെ സൃഷ്ടിപ്പ് തുടങ്ങി പിന്നീട് ഉയിർത്തെഴുന്നേൽപ്പ് നാളിൽ അവയെ തിരിച്ചുകൊണ്ടു വരികയും ചെയ്യുന്നത് ആരാണ്? ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്കു മഴയും സസ്യങ്ങളും ഉപജീവനം നൽകുന്നതും ആരാണ്? (അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവും ഉണ്ടോ?) ഇതെല്ലാം ചെയ്യാൻ കഴിയുന്നവനായി എന്നാണ് ചോദ്യം. (പറയുക: നിങ്ങൾ സത്യവാന്മാരാണെങ്കിൽ നിങ്ങൾക്കുള്ള തെളിവ് നിങ്ങൾ കൊണ്ടുവരിക) നിങ്ങൾ പറയുന്നതിനുള്ള തെളിവ് നിങ്ങൾ കൊണ്ടുവരിക. അല്ലെങ്കിൽ നിങ്ങൾ പറയുന്നത് നിങ്ങളുടെ സങ്കൽപങ്ങൾ മാത്രമാണെന്ന് കണക്കാക്കും. അതായത് വിഗ്രഹങ്ങൾക്ക് ഇതിൽ പങ്കുണ്ടെന്ന വാദം കേവലം അവകാശവാദം മാത്രം. അങ്ങനെയെങ്കിൽ നിങ്ങളുടെ വാദം നിരർഥകമാണെന്നും നിങ്ങൾക്ക് യാതൊരു പ്രമാണവും ഇല്ലെന്നും നിങ്ങൾ മനസ്സിലാക്കണം. അതിനാൽ ശരിയായ തെളിവുള്ള ദൃഢമായ സത്യത്തിലേക്ക് നിങ്ങൾ മടങ്ങുക. അതായത് ഇതെല്ലാം ചെയ്യുന്നത് അല്ലാഹു മാത്രമാണെന്നും എല്ലാ തരം ആരാധനകളും അവനിൽ മാത്രമെ അർപ്പിക്കപ്പെടാവൂ എന്നും നിങ്ങൾ അംഗീകരിക്കണം.
65. (നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങൾ എന്നാണ് ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്നും അവർക്കറിയില്ല.
65) ആകാശങ്ങളിലും ഭൂമിയിലുമുള്ള അദൃശ്യകാര്യങ്ങൾ അറിയുന്നവൻ അല്ലാഹു മാത്രമേയുള്ളൂ എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്:
وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ٥٩
“അവന്റെ പക്കലാകുന്നു അദൃശ്യകാര്യങ്ങളുടെ ഖജനാവുകൾ. കരയിലും കടലിലും ഉള്ളത് അവനല്ലാതെ അറിയുകയില്ല. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിൽ ആയിരിക്കുന്ന ഒരു ധാന്യമണിയാവട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടത് ആയിട്ടല്ലാതെ ഉണ്ടാവില്ല’’ (ക്വുർഅൻ 6:59).
മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നു:
إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ
’’തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവൻ മഴ പെയ്യിക്കുന്നു, ഗർഭാശയത്തിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു’’ (31:34).
ആകാശങ്ങളിലും ഭൂമിയിലുമുള്ള അദൃശ്യകാര്യങ്ങൾ അവനു മാത്രമെ അറിയൂ എന്നാണ് അല്ലാഹു ഇവിടെ നമ്മോട് പറയുന്നത്. അല്ലാഹുവിനോട് സാമീപ്യമുള്ള ഒരു മലക്കിനോ നിയോഗിക്കപ്പെട്ട ഒരു പ്രവാചകനോ അതറിയില്ല. ആളുകളുടെ ഹൃദയത്തിലുള്ളതും മറഞ്ഞിരിക്കുന്നതും സൂക്ഷ്മവുമായ എല്ലാ കാര്യങ്ങളും അറിയുന്നവൻ അവൻ മാത്രമാണെങ്കിൽ ആരാധനയും അവനു മാത്രമെ പാടുള്ളൂ. തുടർന്ന് അല്ലാഹു പറയുന്നത്, പരലോകത്ത് നിഷേധിക്കുന്നവരുടെ അറിവില്ലായ്മയെ കുറിച്ചാണ്. ഒന്നിൽനിന്നും അതിനെക്കാൾ പ്രാധാന്യമുള്ളതിലേക്കാണ് നീങ്ങുന്നത്. (അവർക്കറിയില്ല) അതായത് അവർ അറിയുന്നില്ല. (തങ്ങൾ എന്നാണ് ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്ന്) എപ്പോൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്നതും ക്വബ്‌റുകളിൽനിന്ന് പുറത്തേക്ക് വരുന്നതും അവർക്കറിയില്ല. അതുകൊണ്ടുതന്നെ അവർ അതിനുവേണ്ടി ഒരുങ്ങിയിട്ടുമില്ല.

