സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 മെയ് 30, 1447 ദുൽഹിജ്ജ 14

അധ്യായം: 26, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ (٢٨)

28. അദ്ദേഹം (മൂസാ) പറഞ്ഞു: ‘ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥനത്തിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ (അവൻ). നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കിൽ!

(28). ലോകരക്ഷിതാവിനെ ഫിർഔൻ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്തതിനോട് പ്രതികരിച്ചുകൊണ്ട് മൂസാ നബി പറഞ്ഞു: (ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും അവയ്ക്കിടയിൽ ഉള്ളതിന്റെയും രക്ഷിതാവത്രെ) മറ്റെല്ലാ സൃഷ്ടികളുടെയും. (നിങ്ങൾ ചിന്തിച്ചുമനസ്സിലാക്കുന്നവരാണെങ്കിൽ) യുക്തിപരമായി ചിന്തിക്കാൻ ഏറ്റവും കുറച്ച് സാധിക്കുന്നവർക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ നിങ്ങളോട് വിശദീകരിച്ചു. അപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ അവഗണിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എന്ത് പ്രയോജനം? മൂസാ നബിയിൽ ആരോപിച്ച ഭ്രാന്ത് അവർക്കാണെന്ന് ഇതിൽ വ്യക്തമായ സൂചനയുണ്ട്. കാരണം നിങ്ങൾ ഏറ്റവും ബുദ്ധിമാനായ വ്യക്തിയെയാണ് ഭ്രാന്തൻ എന്ന് വിളിച്ചത്. വാസ്തവത്തിൽ നിങ്ങളാണ് ഭ്രാന്തന്മാർ. കാരണം ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചവൻ. സർവ സൃഷ്ടികളും അവന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നു. അതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്. നിങ്ങൾ അവനെ നിഷേധിക്കുകയാണെങ്കിൽ നിങ്ങൾക്ക് എന്താണ് അംഗീകരിക്കാൻ കഴിയുക? നിങ്ങൾക്ക് അവനെക്കുറിച്ച് അറിയില്ലെങ്കിൽ നിങ്ങൾക്ക് എന്തറിയാം? നിങ്ങൾ അവനിലും അവന്റെ ദൃഷ്ടാന്തങ്ങളിലും വിശ്വസിക്കുന്നില്ലെങ്കിൽ അതല്ലാത്ത എന്തിലാണ് നിങ്ങൾക്ക് വിശ്വസിക്കാനാവുക? തീർച്ചയായും ഭ്രാന്തന്മാരും മൃഗങ്ങളും നിങ്ങളെക്കാൾ ബുദ്ധിയുള്ളവരാണ്. മേഞ്ഞുനടക്കുന്ന മൃഗങ്ങൾ നിങ്ങളെക്കാൾ നേർവഴിയിലുമാണ്.


قَالَ لَئِنِ ٱتَّخَذْتَ إِلَـٰهًا غَيْرِى لَأَجْعَلَنَّكَ مِنَ ٱلْمَسْجُونِينَ (٢٩)

29. അവൻ (ഫിർഔൻ) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തെയും നീ സ്വീകരിക്കുക യാണെങ്കിൽ തീർച്ചയായും നിന്നെ ഞാൻ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്.’

(29). മൂസാ(അ) ഫിർഔനെ തർക്കത്തിൽ തോൽപിക്കുകയും മറുപടി പറയാൻ കഴിയാതെ വരികയും ചെയ്തപ്പോൾ മൂസായെ തന്റെ ശക്തിയുടെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തി. (ഞാനല്ലാതെ വല്ല ദൈവത്തെയും നീ സ്വീകരിക്കുകയാണെങ്കിൽ തീർച്ചയായും നിന്നെ ഞാൻ തടവുകാരുടെ കൂട്ടത്തിൽ ആക്കുന്നതാണ്) മൂസാ നബിയെ വഴിതെറ്റിക്കാൻ അവൻ -അവനെ അല്ലാഹു ശപിക്കട്ടെ- ആഗ്രഹിച്ചു. അവനല്ലാത്ത ഒരു ദൈവത്തെയും ആരാധ്യനായി അദ്ദേഹം സ്വീകരിക്കില്ലെന്ന് അവനറിയാം. മൂസാ നബിക്കും കൂടെയുള്ളവർക്കും തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ശക്തമായ ധാരണയുണ്ടെന്നും അവരെ വഴിതെറ്റിക്കാൻ ആവില്ലെന്നുമറിയാം.


(٣٠)قَالَ أَوَلَوْ جِئْتُكَ بِشَىْءٍۢ مُّبِينٍۢ

30. അദ്ദേഹം (മൂസാ) പറഞ്ഞു: സ്പഷ്ടമായ എന്തെങ്കിലും തെളിവു ഞാൻ നിനക്ക് കൊണ്ടുവന്നുകാണിച്ചാലും (നീ സമ്മതിക്കുകയില്ലേ?)

(30). മൂസാ നബി(അ) അവനോട് പറഞ്ഞു: (സ്പഷ്ടമായ എന്തെങ്കിലും തെളിവ് ഞാൻ നിനക്ക് കൊണ്ടുവന്നു കാണിച്ചാലോ?) അതായത്, ഞാൻ കൊണ്ടുവന്നതിന്റെ സത്യത ബോധ്യപ്പെടാവുന്ന വ്യക്തവും പ്രകടവുമായ അസാധാരണ സംഭവങ്ങൾ ഞാൻ കൊണ്ടുവന്നാലും നീ വിശ്വസിക്കില്ലെന്നാണോ?


قَالَ فَأْتِ بِهِۦٓ إِن كُنتَ مِنَ ٱلصَّـٰدِقِينَ (٣١)

فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌۭ مُّبِينٌۭ (٣٢)

31. അവൻ (ഫിർഔൻ) പറഞ്ഞു: ‘എന്നാൽ നീ അത് കൊണ്ടുവരിക; നീ സത്യവാൻമാ രിൽ പെട്ടവനാണെങ്കിൽ.’

32. അപ്പോൾ അദ്ദേഹം (മൂസാ) തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സർപ്പമായി മാറുന്നു.

(31-32). അവൻ പറഞ്ഞു: ‘എന്നാൽ നീ അതു കൊണ്ടുവരിക; നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ.’ (അപ്പോൾ അദ്ദേഹം തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സർപ്പമായി മാറുന്നു). ഒരു ആൺസർപ്പം. പാമ്പിനു വേണ്ടി ഇവിടെ ഉപയോഗിച്ച അറബിപദം ഒരു ആൺപാമ്പിനെ സൂചിപ്പിക്കുന്നു. (പ്രത്യക്ഷമായ) എല്ലാവർക്കും കാണാൻ കഴിയുന്നത്. ഭാവനയിൽ അല്ല; പാമ്പിനെപോലെ തോന്നിപ്പിക്കുന്നതുമല്ല.


وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّـٰظِرِينَ (٣٣)

33. അദ്ദേഹം തന്റെ കൈ പുറത്തേക്കെടുക്കുകയും ചെയ്തു. അപ്പോഴതാ അത് കാണികൾക്ക് വെള്ളനിറമാകുന്നു.

(33). തന്റെ വസ്ത്രത്തിൽനിന്നും (അദ്ദേഹം തന്റെ കൈ പുറത്തേക്കെടുത്തു). (അപ്പോഴതാ അത് കാണികൾക്ക് വെള്ളനിറം ആകുന്നു) വലിയ പ്രകാശത്തോടെ കാഴ്ചക്കാർക്ക് കാണാൻ കഴിയുന്ന തരത്തിൽ.


قَالَ لِلْمَلَإِ حَوْلَهُۥٓ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌۭ (٣٤)

يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِۦ فَمَاذَا تَأْمُرُونَ (٣٥)

34. തന്റെ ചുറ്റുമുള്ള പ്രമുഖൻമാരോട് അവൻ (ഫിർഔൻ) പറഞ്ഞു: ‘തീർച്ചയായും ഇവൻ വിവരമുള്ള ഒരു ജാലവിദ്യക്കാരൻ തന്നെയാണ്.’

35. ‘തന്റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടിൽനിന്ന് നിങ്ങളെ പുറത്താക്കാൻ അവൻ ഉദ്ദേശിക്കുന്നു. അതിനാൽ നിങ്ങൾ എന്ത് നിർദേശിക്കുന്നു?’

(34-35). ഫിർഔൻ (പറഞ്ഞു:) (തന്റെ ചുറ്റുമുള്ള പ്രമുഖന്മാരോട്) സത്യത്തെയും അതുകൊണ്ടുവന്നവനെയും എതിർത്ത് ഫിർഔൻ തന്റെ ചുറ്റുമുള്ള പ്രമാണിമാരോട് പറഞ്ഞു: (തീർച്ചയായും ഇവൻ വിവരമുള്ള ഒരു ജാലവിദ്യക്കാരൻ തന്നെയാണ്. തന്റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടിൽനിന്ന് നിങ്ങളെ പുറത്താക്കാൻ അവൻ ഉദ്ദേശിക്കുന്നു) അവർക്ക് ബുദ്ധി കുറവാണെന്ന് അറിയുന്നതിനാൽ അവൻ അവരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചു. ഇത് മാന്ത്രികന്മാർ ചെയ്യുന്നതുപോലെയുള്ള പ്രവൃത്തിയാണെന്ന് അവൻ അവരോട് പറഞ്ഞു. കാരണം സാധാരണ ആളുകൾക്ക് ചെയ്യാൻ കഴിയാത്ത ചില അത്ഭുതകരമായ കുസൃതികൾ മാന്ത്രികർക്ക് ചെയ്യാൻ കഴിയുമെന്നത് അവർക്കറിയുന്ന കാര്യമായിരുന്നു. ഈ മാന്ത്രികവിദ്യയിലൂടെ അവരെ നാട്ടിൽനിന്ന് പുറത്താക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞു അവൻ അവരെ ഭയപ്പെടുത്തി. അവരുടെ മക്കളിൽനിന്നും വീടുകളിൽനിന്നും അവരെ പുറത്താക്കാൻ ശ്രമിക്കുന്നവരെ തുറന്നുകാട്ടാൻ അവൻ കഠിനമായി പരിശ്രമിച്ചു. (അതിനാൽ നിങ്ങൾ എന്തു നിർദേശിക്കുന്നു?) നാം എന്താണ് അവനെ ചെയ്യേണ്ടത്?


قَالُوٓا۟ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَـٰشِرِينَ (٣٦) يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍۢ (٣٧)

36. അവർ പറഞ്ഞു: ‘അവന്നും അവന്റെ സഹോദരന്നും താങ്കൾ സാവകാശം നൽകുക. ആളുകളെ വിളിച്ചുകൂട്ടാൻ നഗരങ്ങളിലേക്ക് താങ്കൾ ദൂതൻമാരെ നിയോഗിക്കുകയും ചെയ്യുക.’

37. ‘എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവർ താങ്കളുടെ അടുത്ത് കൊണ്ടുവരട്ടെ.’

(അവർ പറഞ്ഞു: അവനും അവന്റെ സഹോദരനും നിങ്ങൾ സാവകാശം നൽകുക) അവർ അൽപസമയം കാത്തിരിക്കട്ടെ. അതായത്, അവരെ താമസിപ്പിക്കുക. (ആളുകളെ വിളിച്ചുകൂട്ടാൻ നഗരങ്ങളിലേക്ക് താങ്കൾ ദൂതന്മാരെ നിയോഗിക്കുകയും ചെയ്യുക) അതായത് അറിവിന്റെ കേന്ദ്രങ്ങളും സിഹ്‌റിന്റെ ഉത്ഭവസ്ഥലങ്ങളുമായ എല്ലാ പട്ടണങ്ങളിലേക്കും സന്ദേശം അയക്കുക. കൂടാതെ അറിവുള്ള എല്ലാ വിദഗ്ധ മാന്ത്രികരെയും വിളിച്ചുകൂട്ടാനും ആളുകളെ അയക്കുക. ഒരു മാന്ത്രികൻ അവന്റെ മന്ത്രവിദ്യക്ക് സമാനമായതിനോട് ഏറ്റുമുട്ടുന്നു.

ഇത് അല്ലാഹു തന്റെ അടിമകളോട് കാണിച്ച ദയയാണ്. അതായത് മൂസാ(അ) കൊണ്ടുവന്നത് മാന്ത്രികതയായാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ പിഴപ്പിക്കാൻ ഉദ്ദേശിക്കുന്ന അജ്ഞനായ ഫിർഔനിന്റെ തനിനിറം അല്ലാഹു തന്റെ അടിമകൾക്ക് തുറന്നുകാണിച്ചു. എല്ലാ വിദഗ്ധരായ ജാലവിദ്യക്കാരെയും ഒരുമിച്ചുകൂട്ടാൻ അല്ലാഹു തീരുമാനിച്ചു. എന്നിട്ട് ധാരാളമാളുകളുടെ സാന്നിധ്യത്തിൽ ഒരു സമ്മേളനം നടത്തുക. അപ്പോൾ അസത്യത്തിൽനിന്നും സത്യം വെളിവാകും. അറിവുള്ളവർക്കും മാന്ത്രികവിദ്യയിൽ വൈദഗ്ധ്യമുള്ളവർക്കും മൂസാ കൊണ്ടുവന്നതിന്റെ സത്യാവസ്ഥ ബോധ്യമാകും. അദ്ദേഹം കൊണ്ടുവന്ന അത്ഭുതങ്ങൾ മാന്ത്രിക വിദ്യയല്ലെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്യും. തന്റെ പ്രമാണിമാരുടെ ഉപദേശപ്രകാരമാണ് ഫിർഔൻ അത് ചെയ്തത്. അവൻ മാന്ത്രികന്മാരെ കൂട്ടി വരാൻ ദൂതന്മാരെ പട്ടണങ്ങളിലേക്ക് അയച്ചു. അതിനായി അവർ കഠിനമായി പരിശ്രമിച്ചു.