സൂറ: ന്നംല്, ഭാഗം 16

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 മെയ് 02, 1447 ദുൽഖഅദ് 14

അധ്യായം: 27, ഭാഗം 16 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌۭ مِّنْهَا وَهُم مِّن فَزَعٍۢ يَوْمَئِذٍ ءَامِنُونَ (٨٩)

89. ആർ നന്മയുംകൊണ്ട് വന്നുവോ അവന് (അന്ന്) അതിനെക്കാൾ ഉത്തമമായത് ഉണ്ടാ യിരിക്കും. അന്ന് ഭയവിഹ്വലതയിൽ നിന്ന് അവർ സുരക്ഷിതരായിരിക്കുകയും ചെയ്യും.

89). തുടർന്ന് എങ്ങനെയാണ് പ്രതിഫലം നൽകുക എന്ന് വിശദീകരിക്കുന്നു: (ആർ നന്മ കൊണ്ടുവന്നോ?) വാക്കുകളും ഹൃദയത്തിന്റെ പ്രവർത്തനങ്ങളടക്കം എല്ലാ നല്ല പ്രവൃത്തികളും ഇതിൽ ഉൾപ്പെടും. (അവന് അതിനെക്കാൾ ഉത്തമമായത് ഉണ്ടായിരിക്കും) പ്രതിഫലത്തിന്റെ മഹത്ത്വം പറയുന്നതിൽ ചെറുതാണിത്. (അന്ന് ഭയവിഹ്വലതയിൽനിന്ന് അവർ സുരക്ഷിതരായിരിക്കുകയും ചെയ്യും) മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിൽ നിന്ന്-അതായത് നരകം-അവർ സുരക്ഷിതരായിരിക്കും. മറ്റുള്ളവർ ഭയത്തിൽ കഴിയുമ്പോഴും അവർ നിർഭയരായിരിക്കും.


وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ (٩٠)

90. ആർ തിന്മയുംകൊണ്ട് വന്നുവോ അവർ നരകത്തിൽ മുഖംകുത്തി വീഴ്ത്തപ്പെടുന്ന താണ്. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന തിനല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽക പ്പെടുമോ?

90). (ആർ തിന്മ കൊണ്ടുവന്നുവോ) എല്ലാ തിന്മയും ഈ പ്രയോഗത്തിൽ ഉൾപ്പെടും. (അവർ നരകത്തിൽ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്) മുഖങ്ങളിലായി നരകത്തിൽ എറിയപ്പെടും. അവരോട് പറയപ്പെടും: (നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമോ?).


إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَـٰذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُۥ كُلُّ شَىْءٍۢ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ (٩١)

91. (നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീർത്ത ഇതിന്റെ രക്ഷിതാവിനെ ആരാ ധിക്കുവാൻ മാത്രമാണ് ഞാൻ കൽപിക്കപ്പെ ട്ടിട്ടുള്ളത്. എല്ലാ വസ്തുവും അവന്റെതത്രെ. ഞാൻ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും കൽപിക്കപ്പെട്ടിരിക്കുന്നു.

91). മുഹമ്മദേ, അവരോട് പറയുക: (ഈ രാജ്യത്തിന്റെ രക്ഷിതാവിനെ ആരാധിക്കാൻ മാത്രമാണ് ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്) അതായത് പരിശുദ്ധ മക്കയുടെ. (അതിനെ അവൻ പവിത്രമാക്കി) അവിടുത്തെ ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. അതിനാൽ അവനോട് നന്ദിയോടെയും സ്വീകാര്യതയോടെയും പ്രതികരിക്കണം. (ഇഹലോകത്തും ഉപരി ലോകത്തുമുള്ള എല്ലാ വസ്തുക്കളും അവന്റെതത്രെ) താൻ കഅ്ബയുടെ നാഥൻ മാത്രമാണെന്ന് ആരും കരുതാതിരിക്കാൻ. അല്ലാഹു പറയുന്നു: (ഞാൻ കീഴ്‌പ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും കൽപിക്കപ്പെട്ടിരിക്കുന്നു) അതായത്, കീഴടങ്ങാൻ ധൃതിപ്പെടുന്നവരിൽ ഒരാൾ. ഈ ഉമ്മത്തിൽ ആദ്യമായി കീഴൊതുങ്ങുകയും കീഴൊതുങ്ങുന്നവരിൽ മുൻപന്തിയിൽ ആവുകയും ചെയ്തു.


وَأَنْ أَتْلُوَا۟ ٱلْقُرْءَانَ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَقُلْ إِنَّمَآ أَنَا۠ مِنَ ٱلْمُنذِرِينَ (٩٢)

92. ക്വുർആൻ ഓതിക്കേൾപിക്കുവാനും (ഞാ ൻ കൽപിക്കപ്പെട്ടിരിക്കുന്നു). ആകയാൽ വല്ലവരും സൻമാർഗം സ്വീകരിക്കുന്നപക്ഷം സ്വന്തം ഗുണത്തിനായി തന്നെയാണ് അവൻ സൻമാർഗം സ്വീകരിക്കുന്നത്. വല്ലവനും വ്യതിചലിച്ചുപോകുന്നപക്ഷം നീ പറഞ്ഞേക്കുക: ഞാൻ മുന്നറിയിപ്പുകാരിൽ ഒരാൾ മാത്രമാകുന്നു.

92). (ക്വുർആൻ) നിങ്ങൾക്ക് (ഞാൻ ഓതിക്കേൾപിക്കാൻ കൽപിക്കപ്പെട്ടിരിക്കുന്നു) അതിലൂടെ നിങ്ങൾക്ക് മാർഗദർശനം ലഭിക്കുകയും അതിലെ ആശയങ്ങളും പദങ്ങളും പഠിക്കുകയും പിന്തുടരുകയും ചെയ്യാൻ വേണ്ടി. ഇതും എന്റെ ബാധ്യതയാണ്. അത് ഞാൻ നിറവേറ്റുകയും ചെയ്തു. (ആകയാൽ വല്ലവനും സന്മാർഗം സ്വീകരിക്കുന്ന പക്ഷം സ്വന്തം ഗുണത്തിനായി തന്നെയാണ് അവൻ സന്മാർഗം സ്വീകരിക്കുന്നത്) അതിന്റെ ഫലം അവന് ലഭിക്കും. (വല്ലവനും വ്യതിചലിച്ചുപോകുന്ന പക്ഷം നീ പറഞ്ഞേക്കുക: ഞാൻ മുന്നറിയിപ്പുകാരിൽ ഒരാൾ മാത്രമാകുന്നു) സന്മാർഗത്തിലാക്കാനുള്ള അധികാരം എന്റെ കൈകളിൽ അല്ല.


وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ ءَايَـٰتِهِۦ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ (٩٣)

93. പറയുക: അല്ലാഹുവിന് സ്തുതി. തന്റെ ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് കാണിച്ചു തരുന്നതാണ്. അപ്പോൾ നിങ്ങൾക്കവ മനസ്സിലാകും. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കു ന്ന യാതൊന്നിനെപ്പറ്റിയും നിന്റെ രക്ഷിതാവ് അശ്രദ്ധനല്ല.

93). (പറയുക: അല്ലാഹുവിന് സ്തുതി) ഈ ലോകത്തും പരലോകത്തും എല്ലാ സൃഷ്ടികളുടെയും എല്ലാ സ്തുതികളും; പ്രത്യേകിച്ചും തിരഞ്ഞെടുക്കപ്പെട്ട സവിശേഷരും വിശുദ്ധരുമായവരുടെ സ്തുതി. കാരണം അവർ മറ്റുള്ളവരെക്കാൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നവരാണ്. അവരുടെ പദവിയും അല്ലാഹുവിനോട് അവർക്കുള്ള അടുപ്പവും കാരണത്താലും അവൻ അവർക്ക് ചെയ്തുകൊടുത്ത മഹത്തായ അനുഗ്രഹങ്ങൾ നിമിത്തവും. (തന്റെ ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് കാണിച്ചു തരുന്നതാണ്) സത്യവും അസത്യവും നിങ്ങൾക്ക് മനസ്സിലാകുന്നവിധം. അവന്റെ ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് കാണിച്ചുതരും. അത് ഇരുട്ടിന്റെ ആഴങ്ങളിൽ നിങ്ങൾക്ക് വെളിച്ചം നൽകും. നശിക്കാൻ തീരുമാനിച്ചവൻ വ്യക്തമായ തെളിവ് കിട്ടി നശിക്കാനും വിശ്വാസം തിരഞ്ഞെടുത്ത് ജീവിക്കാൻ തീരുമാനിച്ചവൻ വ്യക്തമായ തെളിവുകൾ കണ്ടതിനുശേഷം അങ്ങനെ ചെയ്യാനും വേണ്ടി. (നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യാതൊന്നിനെ പറ്റിയും നിന്റെ രക്ഷിതാവ് അശ്രദ്ധനല്ല) നിങ്ങളുടെ പ്രവർത്തനങ്ങളും സാഹചര്യങ്ങളും ആ പ്രവർത്തനങ്ങളുടെ പ്രതിഫലത്തിന്റെ അളവും അവനറിയാം. അവൻ നിങ്ങൾക്കിടയിൽ ഒരു ന്യായവിധികൊണ്ട് വിധിക്കും. അതിൽ നിങ്ങൾ അവനെ സ്തുതിക്കും. അതിനാൽ നിങ്ങൾക്ക് അവനെതിരെ ഒന്നും പറയാനുണ്ടാവില്ല.


സൂറതു നംലിന്റെ വ്യാഖ്യാനം ഇവിടെ പൂർത്തിയാകുന്നു. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. പ്രവാചകൻ മുഹമ്മദ് നബിക്കും കുടുംബത്തിനും അനുചരന്മാർക്കും അവൻ അനുഗ്രഹവും സമാധാനവും പ്രദാനം ചെയ്യട്ടെ. ആമീൻ.