സൂറ: ന്നംല്, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ഫെബ്രുവരി 21, 1447 റമദാൻ 03

അധ്യായം: 27, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَتَفَقَّدَ ٱلطَّيْرَ فَقَالَ مَا لِىَ لَآ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ (٢٠)

20. അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘എന്തുപറ്റി? മരംകൊത്തിയെ ഞാൻ കാണുന്നില്ലല്ലോ! അഥവാ അത് സ്ഥലം വിട്ടുപോയ കൂട്ടത്തിലാണോ?’

20). സുലൈമാൻ നബി(അ) പക്ഷികളോട് സംസാരിച്ചത് എങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് തുടർന്ന് പറയുന്നത്: (അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി) അത് അദ്ദേഹത്തിന്റെ ദൃഢ നിശ്ചയത്തെയും നിയന്ത്രണത്തെയും തന്റെ സൈന്യത്തെ കൈകാര്യം ചെയ്യുന്നതിലുള്ള വ്യവസ്ഥാപിതത്വത്തെയും സൂചിപ്പിക്കുന്നു. ഒരു വിഷയത്തെയും അവഗണിക്കാതെ ചെറുതും വലുതുമായ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും കാണിക്കുന്നു. പക്ഷികളെ പരിശോധിച്ചു. അവയെല്ലാം അവിടെ ഉണ്ടോ അതോ അവയിൽ ആരെയെങ്കിലും കാണാതായോ എന്ന് ഉറപ്പുവരുത്തുന്നു. ഇതാണ് ഈ വാക്യത്തിൽനിന്ന് മനസ്സിലാകുന്നത്. ഈ കാര്യം പോലും അദ്ദേഹം അവഗണിച്ചില്ല എന്നർഥം.

പക്ഷികളെ അന്വേഷിച്ചു എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് അവയെല്ലാം ഉണ്ടോ അതോ ഏതെങ്കിലും നഷ്ടപ്പെട്ടുപോയോ എന്നതാണ്. ഇതാണ് ഈ വചനത്തിന്റെ താൽപര്യം. ഹുദ്ഹുദ് എവിടെയെന്ന് നോക്കാനാണ് പരിശോധന നടത്തിയത് എന്ന് പറയുന്നത് ശരിയല്ല. ‘ഹുദ്ഹുദിന് വെള്ളം ദൂരെയാണോ അടുത്താണോ എന്ന് കണ്ടെത്താനും ഏത് കടുകട്ടിയുള്ള ഭൂമിയിലും താഴ്ചയിൽ വെള്ളമുണ്ടോ എന്ന് മനസ്സിലാക്കാനും കഴിയും, അതിനു വേണ്ടിയാണ് അതിനെ അന്വേഷിച്ചത്’ എന്ന വാദത്തെ സ്ഥാപിക്കാൻ ബുദ്ധിപരമായോ പ്രാമാണികമായോ തെളിവ് കാണുന്നില്ല. ആ വാദം നിരഥകമാണ്.

ബുദ്ധിപരമായ തെളിവ് എന്നതുകൊണ്ട് ഉദ്ദേശ്യം, പതിവ് സമ്പ്രദായങ്ങളുടെയും അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ മനസ്സിലാക്കുക എന്നതാണ്. എന്നാൽ ഈ ജീവികൾ ഒന്നുംതന്നെ അസാധാരണ കാഴ്ചയുള്ളവരായും കട്ടിയുള്ള ഭൂമിക്ക് അടിയിലെ വെള്ളം കണ്ടെത്തുന്നതിന് കഴിവുള്ളവയായും അറിയപ്പെടുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ അല്ലാഹു അത് പറയുമായിരുന്നു. കാരണം അത് അത്രയും വലിയ ഒരു ദൃഷ്ടാന്തമാകുമായിരുന്നു.

ഈ പദത്തിൽനിന്നും ഇങ്ങനെ ഒരു ആശയം ലഭിക്കുന്നില്ല. ഈ അർഥം ഉദ്ദേശിച്ചിരുന്നുവെങ്കിൽ പറയേണ്ടത് ഇങ്ങനെയായിരുന്നു: ‘അദ്ദേഹം വെള്ളം കണ്ടെത്താൻ വേണ്ടി ഹുദ്ഹുദിനെ തിരഞ്ഞു.’ അല്ലെങ്കിൽ ‘ഹുദ്ഹുദിനെ തിരഞ്ഞു’വെ ന്നോ ‘അദ്ദേഹം അതിനെ അന്വേഷിച്ചു’ എന്നോ പറയേണ്ടിയിരുന്നു. പകരം, പക്ഷികളെ പരിശോധിച്ചു എന്നാണ് ഇവിടെ പറഞ്ഞത്. അതായത് ഉള്ളവയെയും ഇല്ലാത്തവയെയും മനസ്സിലാക്കാൻ വേണ്ടി അവരുടെ സ്ഥാനങ്ങളിൽ അവ ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ. മാത്രവുമല്ല, സുലൈമാൻ നബിക്ക് വെള്ളം ആവശ്യമുണ്ടായിരുന്നില്ല. പിന്നെയെങ്ങനെയാണ് വെള്ളം കണ്ടെത്താൻ ഹുദ്ഹുദിനെ ആവശ്യപ്പെടുന്നത്? അദ്ദേഹത്തിന്റെ അടുക്കൽ ശക്തരായ ജിന്നുകളും പിശാചുക്കളും ഉണ്ടായിരുന്നു. എത്ര ആഴമുള്ള സ്ഥലത്തും വെള്ളത്തിനു വേണ്ടി കുഴിക്കാൻ അവർക്ക് കഴിയുമായിരുന്നു. അല്ലാഹു കാറ്റിനെയും അദ്ദേഹത്തിന് കീഴ്‌പെടുത്തി. അതിന്റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവും ആകുന്നു. ഇതെല്ലാം ഉണ്ടാകുമ്പോൾ ഹുദ്ഹുദിന്റെ ആവശ്യമെന്താണ്?

ചില തഫ്‌സീറുകളിൽ കാണുന്നതും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതുമായ ഈ വ്യാഖ്യാനങ്ങൾ ഇസ്രായേൽ സന്തതികളുടെ വീക്ഷണങ്ങളിൽനിന്ന് കൈമാറ്റം ചെയ്യപ്പെട്ടു വന്നതാണ്. എന്നാൽ അവ യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതും ശരിയായ ആശയങ്ങൾക്ക് വിരുദ്ധവുമാണ് എന്നത് അവർ ശ്രദ്ധിച്ചില്ല. ആ പഴയ വ്യാഖ്യാനങ്ങൾ മുസ്‌ലിം തലമുറകൾ കൈമാറിപ്പോന്നു. അങ്ങനെ അത് സത്യമാണെന്ന് തെറ്റിദ്ധരിച്ചു.

എന്നാൽ അറിവുള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്ന ക്വുർആൻ വ്യക്തമായ അറബി ഭാഷയിലാണ്. അതിന്റെ അർഥം ശരിയായി മനസ്സിലാക്കാനും അറബി ഭാഷ അനുസരിച്ച് അറബി പദങ്ങളെ വിശകലനം ചെയ്തു മനസ്സിലാക്കാനും സമർഥരും ബുദ്ധിയുള്ളവരുമായ അറബികൾക്ക് പ്രയാസമില്ല. അതിനാൽ പ്രവാചകന്റെതല്ലാത്ത വചനങ്ങൾ കണ്ടാൽ അതിന്റെ അടിസ്ഥാനം പരിശോധിക്കണം. അവ അതിനോട് യോജിച്ചതാണെങ്കിൽ, അവ സ്വീകരിക്കാവുന്നതാണ്. കാരണം വാചകത്തിന്റെ വാക്കുകൾ അത് സൂചിപ്പിക്കുന്നു. എന്നാൽ ആശയത്തിലോ പദത്തിലോ അത് വിരുദ്ധമാണെന്ന് കണ്ടാൽ അത് തള്ളിക്കളയുകയും കളവാണെന്ന് ഉറപ്പിക്കുകയും വേണം. അതിന് വിരുദ്ധമായി സ്വീകാര്യയോഗ്യമായ അറിവ് വന്നിട്ടുണ്ടെങ്കിൽ അത് വാചകത്തിൽനിന്നും അതിന്റെ അർഥത്തിൽനിന്നും വ്യക്തമാകും.

സുലൈമാൻ നബി(അ) പക്ഷികളെ പരിശോധിച്ചതും ഹുദ്ഹുദിനെ കാണാനില്ലെന്നതും സൂചിപ്പിക്കുന്നത് അവയെല്ലാം അദ്ദേഹത്തിന്റെ പൂർണ നിയന്ത്രണത്തിലാണെന്നും തന്റെ ആവശ്യം കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന് തികഞ്ഞ വൈദഗ്ധ്യം ഉണ്ടെന്നുമാണ്. ഇത്ര ചെറിയൊരു പക്ഷിയുടെ അസാന്നിധ്യം പോലും അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം പറഞ്ഞു: (എന്തുപറ്റി? മരംകൊത്തിയെ ഞാൻ കാണുന്നില്ലല്ലോ! അഥവാ അത് സ്ഥലം വിട്ടുപോയ കൂട്ടത്തിലാണോ?) ഞാനെന്താണ് അവനെ കാണാത്തത്? ഈ വലിയ സമൂഹത്തിൽ അവൻ മറഞ്ഞിരിക്കുന്നതുകൊണ്ട് എനിക്ക് കാണാൻ കഴിയാതായതാണോ? അതോ എന്റെ നിർദേശമോ അനുവാദമോ കൂടാതെ അപ്രത്യക്ഷനായതുകൊണ്ടാണോ കാണാത്തത്?


لَأُعَذِّبَنَّهُۥ عَذَابًۭا شَدِيدًا أَوْ لَأَا۟ذْبَحَنَّهُۥٓ أَوْ لَيَأْتِيَنِّى بِسُلْطَـٰنٍۢ مُّبِينٍۢ ()٢١

21. ‘ഞാനതിന് കഠിനശിക്ഷ നൽകുകയോ, അല്ലെങ്കിൽ അതിനെ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കിൽ വ്യക്തമായ വല്ല ന്യായവും അതെനിക്ക് ബോധിപ്പിച്ചു തരണം.’

21). അപ്പോൾ അദ്ദേഹം മരക്കൊത്തിയോട് ദേഷ്യപ്പെടുകയും അതിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. (ഞാനതിന് കഠിന ശിക്ഷ നൽകുകയോ) അതായത് കൊല്ലാതെ. (അല്ലെങ്കിൽ അതിനെ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കിൽ വ്യക്തമായ വല്ല ന്യായവും അതെനിക്ക് ബോധിപ്പിച്ചു തരണം) എത്താതിരുന്നതിനുള്ള വ്യക്തമായ തെളിവ് നൽകണം. ഇത് അദ്ദേഹത്തിന്റെ തികഞ്ഞ ഭക്തിയെയും നീതിയെയും സൂചിപ്പിക്കുന്നു. അതിനെ കൊല്ലാനോ ശിക്ഷിക്കാനോ അദ്ദേഹം ശപഥം ചെയ്തില്ല. അങ്ങനെ ശപഥം ചെയ്യണമെങ്കിൽ അത് വല്ല തെറ്റും ചെയ്തിരിക്കണം. അതിന്റെ അസാന്നിധ്യത്തിന് വ്യക്തമായ കാരണം ഉണ്ടാകുമല്ലോ. അതിനാൽ തന്റെ സൂക്ഷ്മത കൊണ്ടും ബുദ്ധികൊണ്ടും അദ്ദേഹം അതിനെ ഒഴിവാക്കി.


(٢٢)فَمَكَثَ غَيْرَ بَعِيدٍۢ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِۦ وَجِئْتُكَ مِن سَبَإٍۭ بِنَبَإٍۢ يَقِينٍ

22. എന്നാൽ അത് എത്തിച്ചേരാൻ അധികം താമസിച്ചില്ല. എന്നിട്ട് അത് പറഞ്ഞു: താങ്കൾ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്. സബഇൽ നിന്ന് യഥാർഥമായ ഒരു വാർത്തയും കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത്.

22). (എന്നാൽ അത് എത്തിച്ചേരാൻ അധികം താമസിച്ചില്ല) ഇതിൽനിന്ന് സുലൈമാൻ നബിയെ അദ്ദേഹത്തിന്റെ സൈന്യം എത്രത്തോളം ഭയപ്പെടുന്നു എന്ന് മനസ്സിലാക്കാം; അദ്ദേഹത്തിന്റെ കൽപനകൾ അവർ നന്നായി പാലിച്ചിരുന്നു എന്നതും. വൈകാൻ മരക്കൊത്തിക്ക് വ്യക്തമായ കാരണമുണ്ടായിട്ടും അധികം വൈകാതെ തന്നെ അത് ഹാജരായി. (എന്നിട്ട് അത് പറഞ്ഞു) സുലൈമാനോട്. (താങ്കൾ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്) താങ്കൾക്ക് വലിയ അറിവും ഉയർന്ന സ്ഥാനവും ഉണ്ടായിട്ടും അറിയാത്ത ചില അറിവുകൾ എനിക്കുണ്ട്. (സബഇൽനിന്ന് ഞാൻ താങ്കളുടെ അടുക്കൽ വന്നു) യമനിലെ പ്രസിദ്ധമായ ഒരു ഗോത്രമാണ് സബഅ്. (യഥാർഥമായ ഒരു വാർത്ത) ഉറച്ച് വിശ്വസിക്കാവുന്ന ഒരു വാർത്ത.


إِنِّى وَجَدتُّ ٱمْرَأَةًۭ تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَىْءٍۢ وَلَهَا عَرْشٌ عَظِيمٌۭ (٢٣)

23. ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാൻ കണ്ടെത്തുകയുണ്ടായി. എല്ലാകാര്യങ്ങളിൽനിന്നും അവൾക്ക് നൽകപ്പെട്ടിട്ടുണ്ട്. അവൾക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്.

23) എന്നിട്ട് ആ വാർത്ത എന്താണെന്ന് വിശദീകരിക്കുന്നു: (ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാൻ കണ്ടെത്തുകയുണ്ടായി) അതായത് ഗോത്രത്തെ ഭരിക്കുന്നത് ഒരു സ്ത്രീയാണ്. (എ ല്ലാ കാര്യങ്ങളിൽനിന്നും അവർക്ക് നൽകപ്പെട്ടിട്ടുണ്ട്) രാജാക്കന്മാർക്ക് നൽകപ്പെടുന്ന സമ്പത്ത്, ആയുധങ്ങൾ, സേനകൾ, കോട്ടകൾ അങ്ങനെ പലതും. (അവൾക്ക് ഗംഭീരമായ ഒരു സിംഹാസനവും ഉണ്ട്) അത് വലുതും ഗംഭീരവുമാണ്. സിംഹാസനത്തിന്റെ വലുപ്പം വലിയ ആധിപത്യത്തെയും ശക്തിയെയും സൂചിപ്പിക്കുന്നു. അതുപോലെതന്നെ ഭരണാധികാരിക്ക് ധാരാളം ഉപദേശകർ ഉണ്ടെന്നും സൂചിപ്പിക്കുന്നു.


وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ (٢٤)

24. അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടെത്തിയത്. പിശാച് അവർക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ ഭംഗിയായി തോന്നിക്കുകയും അവരെ നേർമാർഗത്തിൽനിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ നേർവഴി പ്രാപിക്കുന്നില്ല.

24) (അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടെത്തിയത്). അവർ സൂര്യനെ ആരാധിക്കുന്ന ബഹുദൈവാരാധകരാകുന്നു. (പിശാച് അവർക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ ഭംഗിയായി തോന്നിപ്പിക്കുകയും ചെയ്തു) അതിനാൽ അവർ പിന്തുടരുന്നത് സത്യമാണെന്ന് അവർ കരുതി. (അവരെ നേർമാർഗത്തിൽനിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ നേർവഴി പ്രാപിക്കുന്നില്ല) കാരണം, ഒരാൾ താൻ പിന്തുടരുന്നത് സത്യമാണെന്ന് കരുതുന്നുവെങ്കിൽ, അയാൾ തന്റെ വിശ്വാസങ്ങളിൽ മാറ്റം വരുത്തുന്നതുവരെ അയാൾ ക്ക് മാർഗനിർദേശം ലഭിക്കുമെന്ന് വലിയ പ്രതീക്ഷയില്ല.