സൂറ: ന്നംല്, ഭാഗം 13
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2026 ഏപ്രിൽ 11, 1447 ശവ്വാൽ 23
അധ്യായം: 27, ഭാഗം 13 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
66. അല്ല, അവരുടെ അറിവ് പരലോകത്തിൽ എത്തിനിൽക്കുകയാണ്! അല്ല, അവർ അതിനെപ്പറ്റി സംശയത്തിലാകുന്നു. അല്ല, അവർ അതിനെപ്പറ്റി അന്ധതയിൽ കഴിയുന്നവരത്രെ!

66). (അല്ല, അവരുടെ അറിവ് പരലോകത്ത് എത്തിനിൽക്കുകയാണ്) ആ അറിവ് ദുർബലവും വളരെ കുറഞ്ഞതും ഉറപ്പില്ലാത്തതുമാണ്. അവർക്ക് അവരുടെ മനസ്സിൽ വ്യക്തമായ അറിവില്ല. അറിവിന്റെ ഏറ്റവും താഴ്ന്ന നിലയാണിത്. അത് ദുർബലവും അവ്യക്തവുമാണ്. തീർച്ചയായും അവർക്ക് ശക്തമോ ദുർബലമോ ആയ യാതൊരു അറിവും ഇല്ല. (അല്ല, അവർ അതിനെപ്പറ്റി സംശയത്തിലാകുന്നു). പരലോകത്തെപ്പറ്റിയെന്നാണ് ഇവിടെ ഉദ്ദേശം. സംശയം വന്നാൽ അറിവ് ഇല്ലാതാകും. അറിവ് അതിന്റെ ഒരു ഘട്ടത്തിലും സംശയത്തെ സ്വീകരിക്കുന്നില്ല. (അല്ല, അവർ അതിനെപ്പറ്റി) പരലോകത്തെപ്പറ്റി (അന്ധതയിൽ കഴിയുന്നവരത്രെ) അവരുടെ കാഴ്ചകൾ അന്ധമായിരിക്കുന്നു. അതിനെക്കുറിച്ചോ അതിന്റെ സാധ്യതകളെക്കുറിച്ചോ അവർക്കൊന്നും അറിയില്ല. മറിച്ച്, അവരതിനെ നിഷേധിക്കുകയും അസംഭവ്യമായി കാണുകയും ചെയ്യുന്നു.
67. അവിശ്വസിച്ചവർ പറഞ്ഞു: “ഞങ്ങളും ഞങ്ങളുടെ പിതാക്കളുമൊക്കെ മണ്ണായിക്കഴിഞ്ഞാൽ ഞങ്ങൾ (ശവകുടീരങ്ങളിൽനിന്ന്) പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ?’’
67). അതാണ് അല്ലാഹു പറയുന്നത്: (അവിശ്വസിച്ചവർ പറഞ്ഞു; ഞങ്ങളും ഞങ്ങളുടെ പിതാക്കളുമൊക്കെ മണ്ണായിക്കഴിഞ്ഞതിനു ശേഷവും ഞങ്ങൾ പുറത്തുകൊണ്ടുവരപ്പെടുന്നവരാണോ?) ഇത് വിദൂരവും അസാധ്യവുമാണ് എന്നാണ് അവരുടെ വാദം. എന്നാ ൽ സമ്പൂർണ ശക്തിയുള്ളവന്റെ ശക്തിയെ അവരുടെ ദുർബല ശക്തിയുമായി താരതമ്യം ചെയ്യുകയാണവർ.
68. ‘ഞങ്ങളോടും മുമ്പ് ഞങ്ങളുടെ പിതാക്കളോടും ഇപ്രകാരം വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. പൂർവികൻമാരുടെ ഇതിഹാസങ്ങൾ മാത്രമാകുന്നു ഇത്.’’
68). (ഇത് ഞങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്) അതായത് ഉയിർത്തെഴുന്നേൽപ്പ്. (ഞങ്ങളും ഞങ്ങളുടെ പിതാക്കളും ഒക്കെ) എന്നാൽ അത് ഞങ്ങളിലേക്ക് വന്നില്ല, ഞങ്ങൾ അതിൽ നിന്ന് ഒന്നും കണ്ടില്ല. (പൂർവികന്മാരുടെ ഇതിഹാസങ്ങൾ മാത്രമാകുന്നു ഇത്). അവർ സമയം കളയാൻ വേണ്ടി പറഞ്ഞതും എന്നാൽ അടിസ്ഥാനമില്ലാത്തതും സത്യമല്ലാത്തതുമായ കഥകൾ. പരലോകം എപ്പോൾ വരുമെന്ന് അവർക്കറിയില്ലെന്ന് അവർ പറഞ്ഞതിനെക്കുറിച്ച് പരാമർശിച്ചശേഷം സത്യനിഷേധികളുടെ അവസ്ഥയെക്കുറിച്ച് അല്ലാഹു നമ്മോട് പറയുന്നു. അതിനെക്കുറിച്ചുള്ള അവരുടെ അറിവിന്റെ ദുർബലതയും പരാമർശിക്കുന്നു. അവർ അതിൽ സംശയിക്കുന്നവരും അന്ധരുമാണെന്നും അറിയിക്കുന്നു. തുടർന്ന് പരലോകത്തെ അവർ നിഷേധിക്കുന്നതും അസംഭവ്യമായി കാണുന്നതും പറയുന്നുണ്ട്. ഈ സംശയങ്ങൾ നിമിത്തം പരലോകത്തെക്കുറിച്ചുള്ള ഭയം അവരുടെ ഹൃദയത്തിൽനിന്ന് വിട്ടുപോയി. തൽഫലമായി അല്ലാഹുവി ന് അനുസരണക്കേട് കാണിക്കാനുള്ള ധൈര്യം അവർക്കുണ്ടായി .സത്യത്തെ നിഷേധിക്കാനും അസത്യത്തിൽ വിശ്വസിക്കാനും അവർക്കെളുപ്പമായി. അതിനാൽ അവർ തങ്ങളുടെ ശാരീരിക ആഗ്രഹങ്ങളിൽ മുഴുകുകയും അല്ലാഹുവിനെ ആരാധിക്കുന്നതിൽനിന്ന് അകന്നു പോവുകയും ചെയ്തു. അങ്ങനെ അവർക്ക് ഇഹത്തിലും പരത്തിലും നഷ്ടമുണ്ടായി.
69. (നബിയേ, ) പറയുക: “നിങ്ങൾ ഭൂമിയിൽ കൂടി സഞ്ചരിച്ചിട്ട് കുറ്റവാളികളുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക”.
69). ദൂതന്മാർ കൊണ്ടുവന്നതിന്റെ സത്യത അവരെ ബോധ്യപ്പെടുത്തുന്നു. (നബിയേ, പറയുക: നിങ്ങൾ ഭൂമിയിൽ കൂടി സഞ്ചരിച്ചിട്ട് കുറ്റവാളികളുടെ പര്യവസാനം എപ്രകാരമായിരുന്നുവെന്ന് നോക്കുക) അവർക്ക് അവരുടെ തെറ്റുകളിൽ എന്നും തുടരാനായില്ല. ഏറ്റവും മോശമായ പര്യവസാനമാണ് അവർക്കുണ്ടായത്. അവരുടെ തിന്മകൾക്ക് അനുയോജ്യമായ ശിക്ഷ അല്ലാഹു അവരിലേക്ക് അയച്ചു.
70. നീ അവരുടെ പേരിൽ ദുഃഖിക്കേണ്ട. അവർ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രത്തെപ്പറ്റി നീ മനഃപ്രയാസത്തിലാവുകയും വേണ്ട.
70).(നീ അവരുടെ പേരിൽ ദുഃഖിക്കേണ്ട)മുഹമ്മദ്, താങ്കൾ അവരുടെ നിഷേധത്തെയും അവിശ്വാസത്തെയും ഓർത്ത് ദുഃഖിക്കരുത്. അവരുടെ തിന്മ താങ്കൾ അറിഞ്ഞിരുന്നെങ്കിൽ, ഒരു നല്ലകാര്യത്തിനും അവർ യോഗര്യല്ല. അതിനാൽ അവരുടെ കാര്യത്തിൽ നിരാശപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടതില്ല. അവരുടെ കുതന്ത്രങ്ങളെക്കുറിച്ച് താങ്കൾക്ക് അസ്വസ്ഥതയോ വിഷമമോ ആവശ്യമില്ല. കാരണം അവരുടെ തന്ത്രങ്ങൾ അവർക്കു തന്നെ തിരിച്ചടിയാകും.
وَيَمْكُرُونَ وَيَمْكُرُ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ
“അവർ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാൽ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരിൽ മെച്ചപ്പെട്ടവൻ’’ (8:30).
71. അവർ പറയുന്നു: “എപ്പോഴാണ് ഈ വാഗ്ദാനം നടപ്പിൽ വരിക? നിങ്ങൾ സത്യവാൻമാരാണെങ്കിൽ (പറഞ്ഞുതരൂ).’’
71). പുനരുദ്ധാനത്തിലും റസൂൽ കൊണ്ടുവന്ന സത്യത്തിലും വിശ്വസിക്കാത്തവർ ശിക്ഷ വേഗത്തിലാക്കാൻ വേണ്ടി പറഞ്ഞു. (എപ്പോഴാണ് ഈ വാഗ്ദാനം നടപ്പിൽ വരിക? നിങ്ങൾ സത്യവാന്മാരാണെങ്കിൽ -പറഞ്ഞുതരൂ) ഇത് അവരുടെ അറിവില്ലായ്മയും ബുദ്ധിശൂന്യതയുമാണ്. അത് സംഭവിക്കുന്ന സമയം അല്ലാഹു നേരത്തെ നിശ്ചയിച്ചതും വിധിച്ചതുമാണ്.
72. നീ പറയുക: “നിങ്ങൾ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ചിലത് ഒരുപക്ഷേ, നിങ്ങളുടെ തൊട്ടുപുറകിൽ എത്തിയിട്ടുണ്ടായിരിക്കാം.’’
72). അവർ ധൃതികൂട്ടുന്ന ശിക്ഷ അവർക്ക് സംഭവിക്കുമെന്ന് അല്ലാഹു അവരെ താക്കീത് ചെയ്യുന്നു (ഒരുപക്ഷേ, അത് തൊട്ടു പിറകെ എത്തിയിട്ടുണ്ടായിരിക്കാം) നിങ്ങളോട് അടുത്ത്. അത് നിങ്ങൾക്ക് സംഭവിക്കാറാവുകയും ചെയ്‌തേക്കാം. (നിങ്ങൾ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ചിലത്) അതായത് ശിക്ഷ.
73. തീർച്ചയായും നിന്റെ രക്ഷിതാവ് മനുഷ്യരോട് ഔദാര്യമുള്ളവൻ തന്നെയാകുന്നു. പക്ഷേ, അവരിൽ അധികപേരും നന്ദി കാണിക്കുന്നില്ല.
73). അല്ലാഹു തന്റെ ദാസന് ചെയ്ത വിശാലമായ ഔദാര്യവും വലിയ അനുഗ്രഹങ്ങളും ഓർമപ്പെടുത്തുകയും അതിനു നന്ദി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അധികപേരും നന്ദി ചെയ്യാതെ തിരിഞ്ഞുകളയുന്നവരും അനുഗ്രഹം നൽകുന്നവന്റെ അനുഗ്രഹത്തെ അവഗണിക്കുന്നവരും ആണ്.
74. അവരുടെ ഹൃദയങ്ങൾ ഒളിച്ചുവെക്കുന്നതും അവർ പരസ്യമാക്കുന്നതുമെല്ലാം നിന്റെ രക്ഷി താവ് അറിയുന്നു.
74) (മറച്ചുവെക്കുന്നത് തീർച്ചയായും നിന്റെ രക്ഷിതാവ് അറിയുന്നു) അതായത് ഒളിപ്പിച്ചു വെക്കുന്നത്. (അവരുടെ ഹൃദയങ്ങൾ പരസ്യമാക്കുന്നതും) അതിനാൽ മറഞ്ഞിരിക്കുന്നതും വെളിപ്പെടുത്തുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്നവനെ അവർ സൂക്ഷിക്കട്ടെ, അവൻ അവരെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന് അവർ ഓർക്കട്ടെ.

