സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 മെയ് 09, 1447 ദുൽഖഅദ് 21

അധ്യായം: 26, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

طسٓمٓ (١) تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ (٢)

1. ത്വാ-സീൻ-മീം.

2. സുവ്യക്തമായ ഗ്രന്ഥത്തിലെ വചനങ്ങളാണിവ.

1-2). എല്ലാ ദൈവിക വിധികളിലേക്കും മത നിയമങ്ങളിലേക്കും വിരൽ ചൂണ്ടുന്ന വ്യക്തമായ ഗ്രന്ഥത്തിലെ വചനങ്ങളുടെ മഹത്ത്വമാണ് ഇവിടെ അല്ലാഹു പരാമർശിക്കുന്നത്. അതിനാൽ അത് പഠിക്കുന്ന ഒരാൾക്ക് അതിൽ പറഞ്ഞ കാര്യങ്ങളിൽ സംശയമോ ആശയക്കുഴപ്പമോ ഉണ്ടാകില്ല. അതിലുള്ള വിശദീകരണങ്ങളും വിധികളും അത്രമേൽ സുവ്യക്തമാണ്. ഓരോ വിധിക്ക് പിന്നിലും അതിന്റെതായ യുക്തിയും കാരണങ്ങളും ബന്ധപ്പെട്ട് നിൽക്കുന്നു. അല്ലാഹുവിന്റെ ദൂതൻ അതു മുഖേന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും അതിലൂടെ അവരെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്തു. സൂക്ഷ്മതയുള്ള, അല്ലാഹുവിന്റെ ദാസന്മാർ അതു മുഖേന ശരിയായ മാർഗം കണ്ടെത്തുന്നു. ദൗർഭാഗ്യം വിധിക്കപ്പെട്ടവർ അതിൽനിന്ന് തിരിഞ്ഞുകളയുന്നു. അവർ വിശ്വസിക്കാതിരുന്നപ്പോൾ പ്രവാചകൻﷺ കഠിനമായി ദുഃഖിക്കുന്നു; അവരോടുള്ള ഗുണകാംക്ഷകൊണ്ടും നന്മയിലുള്ള അതീവ താൽത്പര്യം കൊണ്ടും.


لَعَلَّكَ بَـٰخِعٌۭ نَّفْسَكَ أَلَّا يَكُونُوا۟ مُؤْمِنِينَ (٣)

3. അവർ വിശ്വാസികളാകാത്തതിന്റെ പേരിൽ നീ നിന്റെ ജീവൻ നശിപ്പിച്ചേക്കാം.

3). അതിനാൽ തന്റെ ദൂതനോട് പറയുന്നു: (നീ നിന്റെ ജീവൻ നശിപ്പിച്ചേക്കാം) ദുഃഖത്താൽ സ്വയം നശിപ്പിക്കാൻ പോകുകയാണോ? (അവർ വിശ്വാസികളാകാത്തതിന്റെ പേരിൽ) മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അങ്ങനെ ചെയ്യരുത്. അവരുടെ കാര്യത്തിലുള്ള ദുഃഖം കാരണം താങ്കൾ താങ്കളെത്തന്നെ നശിപ്പിച്ചുകളയരുത്. സന്മാർഗം നൽകാനുള്ള അധികാരം അല്ലാഹുവിനാണ്. താങ്കൾ ചെയ്യേണ്ടത് താങ്കളിൽ അർപ്പിതമായ പ്രബോധനം നിർവഹിക്കുക മാത്രമാണ്. അവർക്ക് വിശ്വസിക്കാൻ ഈ ക്വുർആനിനെക്കാളും വ്യക്തമായ മറ്റൊരു ദൃഷ്ടാന്തവുമില്ല. യഥാർഥത്തിൽ സന്മാർഗം അന്വേഷിക്കുന്നവർക്ക് ഇത് എത്രയോ മതിയായതാണ്.


إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ ٱلسَّمَآءِ ءَايَةًۭ فَظَلَّتْ أَعْنَـٰقُهُمْ لَهَا خَـٰضِعِينَ (٤)

4. എന്നാൽ നാം ഉദ്ദേശിക്കുന്നപക്ഷം അവരുടെ മേൽ ആകാശത്തുനിന്ന് നാം ഒരു ദൃഷ് ടാന്തം ഇറക്കിക്കൊടുക്കുന്നതാണ്. അന്നേരം അവരുടെ പിരടികൾ അതിന്ന് കീഴൊതു ങ്ങുന്നതായിത്തീരുകയും ചെയ്യും.

4). അതാണ് അല്ലാഹു പറഞ്ഞത്: (എന്നാൽ ഉദ്ദേശിക്കുന്നപക്ഷം അവരുടെ മേൽ ആകാശത്തുനിന്ന് നാമൊരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കുന്നതാണ്) അവർ ആവശ്യപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഒന്ന്. (അന്നേരം അവരുടെ പിരടികൾ അതിന് കീഴൊതുങ്ങുന്നതായി തീരുകയും ചെയ്യും) നിഷേധികളുടെ പിരടികൾ. (അതിനു കീഴൊതുങ്ങുന്നവരായി) എന്നാൽ അതിന്റെ ആവശ്യമില്ല. വിശ്വാസത്തിന് അതുകൊണ്ട് ഒരു കാര്യവുമില്ല. അത് കാണുമ്പോൾ ആ സമയത്ത് വിശ്വസിക്കുന്നതുകൊണ്ട് അവർക്ക് പ്രയോജനമില്ല. അദൃശ്യമായി വിശ്വസിക്കുന്നതാണ് പ്രയോജനമുള്ള വിശ്വാസം. അല്ലാഹു പറയുന്നു:

هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ ۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا

“തങ്ങളുടെ അടുക്കൽ മലക്കുകൾ വരുന്നതോ, നിന്റെ രക്ഷിതാവുതന്നെ വരുന്നതോ, നിന്റെ രക്ഷിതാവിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവർ കാത്തിരിക്കുന്നത്? നിന്റെ രക്ഷിതാവിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം മുമ്പ് തന്നെ വിശ്വാസത്തോടുകൂടി വല്ല നന്മയും ചെയ്തിട്ടില്ലാത്ത യാതൊരാൾക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല’’(6:158).


وَمَا يَأْتِيهِم مِّن ذِكْرٍۢ مِّنَ ٱلرَّحْمَـٰنِ مُحْدَثٍ إِلَّا كَانُوا۟ عَنْهُ مُعْرِضِينَ (٥)

5). പരമകാരുണികന്റെ പക്കൽ നിന്ന് ഏതൊരു പുതിയ ഉൽബോധനം വന്നെത്തുമ്പോഴും അവർ അതിൽ നിന്ന് തിരിഞ്ഞുകളയുന്നവരാകാതിരുന്നിട്ടില്ല.

5). (പരമകാരുണികന്റെ പക്കൽനിന്ന് ഏതൊരു പുതിയ ഉദ്‌ബോധനം വന്നെത്തുമ്പോഴും) കൽപനകളും വിലക്കുകളും അടങ്ങുന്ന പുതിയ വെളിപാടുകൾ ഒന്നും തന്നെ പരമകാരുണികനിൽനിന്ന് ലഭിക്കുന്നില്ല. (അവർ അതിൽനിന്ന് തിരിഞ്ഞു കളയുന്നവർ ആകാതിരുന്നിട്ടില്ല) ശരീരംകൊണ്ടും മനസ്സുകൊണ്ടും സാധാരണയായി കൂടുതൽ സ്വാധീനം ചെലുത്തുന്ന പുതിയ വെളിപാടുകളിൽനിന്നുപോലും അവർ തിരിഞ്ഞുകളയുന്നുവെങ്കിൽ മറ്റു പ്രബോധനങ്ങളിൽനിന്നും തിരിയാനുള്ള സാധ്യത കൂടുതലാണ്. കാരണം അവരിൽ യാതൊരു നന്മയുമില്ല. അവരുടെ കാര്യത്തിൽ പ്രബോധനം പ്രയോജനപ്പെട്ടില്ല.


فَقَدْ كَذَّبُوا۟ فَسَيَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ (٦)

6. അങ്ങനെ അവർ നിഷേധിച്ചു തള്ളിയിരിക്കയാണ്. അതിനാൽ അവർ ഏതൊന്നിനെ പരിഹസിക്കുന്നവരായിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള വൃത്താന്തങ്ങൾ അവർക്ക് വന്നെത്തിക്കൊള്ളും.

6). അതിനാൽ അല്ലാഹു പറയുന്നു: സത്യത്തെ (അങ്ങനെ അവർ നിഷേധിച്ചു തള്ളിയിരിക്കുകയാണ്). നിഷേധം അവരുടെ സ്വഭാവമായി മാറി. ഇനി ഒരിക്കലും അത് മാറില്ല. (അതിനാൽ അവർ ഏതൊന്നിനെ പരിഹസിക്കുന്നവരായിരുന്നോ അതിനെപ്പറ്റിയുള്ള വൃത്താന്തങ്ങൾ അവർക്ക് വന്നെത്തിക്കൊള്ളും) അവർക്ക് ശിക്ഷ ലഭിക്കും. അവർ നിഷേധിച്ചത് അവർക്ക് സംഭവിക്കും. കാരണം ശിക്ഷ അവർക്ക് അനിവാര്യമായിരുന്നു.


أَوَلَمْ يَرَوْا۟ إِلَى ٱلْأَرْضِ كَمْ أَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۢ كَرِيمٍ (٧)

7. ഭൂമിയിലേക്ക് അവർ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവർഗങ്ങളിൽ നിന്നും എത്രയാണ് നാം അതിൽ മുളപ്പിച്ചിരിക്കുന്നത്!

7). പ്രയോജനപ്പെടാവുന്ന ഒരു ചിന്ത അദ്ദേഹം അവരെ ഉണർത്തുന്നു: (ഭൂമിയിലേക്ക് അവർ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവർഗങ്ങളിൽനിന്നും എത്രയാണ് നാം അതിൽ മുളപ്പിച്ചിരിക്കുന്നത്) അതായത് ആളുകൾക്ക് പ്രയോജനകരമായ അത്തരം മനോഹര സസ്യങ്ങളും പഴങ്ങളും.


إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ (٨)

8. തീർച്ചയായും അതിൽ ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികപേരും വിശ്വാസികളായില്ല.

(തീർച്ചയായും അതിൽ ഒരു ദൃഷ്ടാന്തമുണ്ട്) നിർജീവമായ ഭൂമിയെ ജീവിപ്പിക്കുന്നതുപോലെ മരണശേഷം മരിച്ചവരെ അല്ലാഹു ജീവിപ്പിക്കും. (അവരിൽ അധികപേരും വിശ്വാസികളായില്ല). അല്ലാഹു പറയുന്നു:

وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ ‎١٠٣

“എന്നാൽ മനുഷ്യരിൽ അധികപേരും വിശ്വസിക്കില്ല; താങ്കൾ എത്രതന്നെ ആഗ്രഹിച്ചാലും’’ (12:103).


(٩)وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ

9. തീർച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.

9). (തീർച്ചയായും നിന്റെ രക്ഷിതാവ് പ്രതാപിയും) തീർച്ചയായും നിങ്ങളുടെ നാഥൻ എല്ലാ സൃഷ്ടികളെയും കീഴ്‌പ്പെടുത്തിയ സർവശക്തനാണ്. ഈ ലോകവും ഉപരിലോകവും അവനു കീഴ്‌പ്പെടുന്നു. (കരുണാനിധിയും) അവന്റെ കരുണ എല്ലാറ്റിലും വിശാലമാണ്. അവന്റെ ഔദാര്യം എത്താത്ത ഒരു ജീവിയുമില്ല. വ്യത്യസ്ത ശിക്ഷകൾകൊണ്ട് ദൗർഭാഗ്യരെ അവൻ നശിപ്പിക്കുന്നു. സൗഭാഗ്യവാന്മാരെ അവൻ അനുഗ്രഹിക്കുന്നു. അതോടൊപ്പം സർവ തിന്മകളിൽനിന്നും കാത്തുരക്ഷിക്കുകയും ചെയ്യുന്നു. (തീർച്ചയായും അതിൽ ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികപേരും വിശ്വാസികളായില്ല. തീർച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും) ഇവിടെ അല്ലാഹു മൂസാ നബി(അ)യുടെ കഥയിലേക്ക് മടങ്ങുന്നു. അത് ക്വുർആനിൽ മറ്റു കഥകളെക്കാൾ ആവർത്തിക്കുന്നു. കാരണം അതിൽ വലിയ തത്ത്വങ്ങളും ഗുണപാഠങ്ങളും ഉൾക്കൊള്ളുന്നു. അക്രമികളോടും വിശ്വാസികളോടും മൂസാ നബി(അ) എന്ത് സമീപനം സ്വീകരിച്ചു എന്നും പഠിപ്പിക്കുന്നു. ഏറ്റവും വലിയ ശരീഅത്തിന്റെ ഉടമയാണ് അദ്ദേഹം. ക്വുർആൻ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ തൗറാത്തിന്റെ ഉടമയുമാണ് അദ്ദേഹം.