സൂറ: ന്നംല്, ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

അധ്യായം: 27, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًۭا وَعُلُوًّۭا ۚ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ (١٤)

14. അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക.

14) (അവരതിനെ നിഷേധിച്ചു) അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരായി അതിൽ അവിശ്വസിച്ചു. (അവരുടെ മനസ്സുകൾക്ക് ദൃഢബോധ്യം വന്നിട്ടും) അവരുടെ നിഷേധം സംശയത്തിന്റെയോ അനിശ്ചിതത്വത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് അവർ സത്യമാണെന്ന് അറിഞ്ഞിട്ടും നിഷേധിച്ചു. (അക്രമവും) സത്യത്തോടും അവരോട് തന്നെയുമുള്ള അക്രമം നിമിത്തം. (അഹങ്കാരവും) സത്യത്തോടും ആളുകളോടും പ്രവാചകന്മാർക്കും കീഴ്‌പ്പെടാത്ത വിധം അഹങ്കാരികളായിരുന്നു. (അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക) ഏറ്റവും മോശമായ പര്യവസാനം. അല്ലാഹു അവരെ തകർത്തുകളഞ്ഞു. കടലിൽ മുക്കി അവരെ അപമാനിതരാക്കുകയും ചെയ്തു. തന്റെ ദാസന്മാരിലെ ദുർബലരും അടിച്ചമർത്തപ്പെട്ടവരുമായവർക്ക് അവരുടെ വാസസ്ഥലങ്ങൾ അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.


وَلَقَدْ ءَاتَيْنَا دَاوُۥدَ وَسُلَيْمَـٰنَ عِلْمًۭا ۖ وَقَالَا ٱلْحَمْدُ لِلَّهِ ٱلَّذِى فَضَّلَنَا عَلَىٰ كَثِيرٍۢ مِّنْ عِبَادِهِ ٱلْمُؤْمِنِينَ (١٥)

15. ദാവൂദിനും സുലൈമാനും നാം വിജ്ഞാനം നൽകുകയുണ്ടായി. തന്റെ വിശ്വാസികളായ ദാസൻമാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയ അല്ലാഹുവിന് സ്തുതി എന്ന് അവർ ഇരുവരും പറയുകയും ചെയ്തു.

15) ഈ ക്വുർആനിൽ അല്ലാഹു ദാവൂദിനോടും അദ്ദേഹത്തിന്റെ മകൻ സുലൈമാനോടും കാണിച്ച അനുഗ്രഹങ്ങൾ പരാമർശിക്കുന്നു. അവൻ അവർക്ക് സമൃദ്ധമായ അറിവ് നൽകി അനുഗ്രഹിച്ചു. മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

‏ وَدَاوُودَ وَسُلَيْمَانَ إِذْ يَحْكُمَانِ فِي الْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ الْقَوْمِ وَكُنَّا لِحُكْمِهِمْ شَاهِدِينَ ‎ ٧٨‏ فَفَهَّمْنَاهَا سُلَيْمَانَ ۚ وَكُلًّا آتَيْنَا حُكْمًا وَعِلْمًا ۚ وَسَخَّرْنَا مَعَ دَاوُودَ الْجِبَالَ يُسَبِّحْنَ وَالطَّيْرَ ۚ وَكُنَّا فَاعِلِينَ٧٩‏

“ദാവൂദിനെയും സുലൈമാനെയും (ഓർക്കുക) ഒരു ജനവിഭാഗത്തിന്റെ ആടുകൾ വിളയിൽ കടന്ന് മേഞ്ഞ പ്രശ്‌നത്തിൽ അവർ രണ്ടുപേരും വിധി കൽപിക്കുന്ന സന്ദർഭം. അവരുടെ വിധിക്ക് നാം സാക്ഷ്യം വഹിക്കുന്നുണ്ടായിരുന്നു. അപ്പോൾ സുലൈമാന്ന് നാം അത് (പ്രശ്‌നം) ഗ്രഹിപ്പിച്ചു. അവർ ഇരുവർക്കും നാം വിധികർതൃത്വവും വിജ്ഞാനവും നൽകിയിരുന്നു. ദാവൂദിനോടൊപ്പം കീർത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയിൽ പർവതങ്ങളെയും പക്ഷികളെയും നാം കീഴ്‌പെടുത്തിക്കൊടുത്തു. നാമായിരുന്നു (അതെല്ലാം) നടപ്പാക്കിക്കൊണ്ടിരുന്നത്’’ (21:78-79).

തങ്ങൾക്ക് ലഭിച്ച മഹത്തായ അനുഗ്രഹങ്ങൾക്കും അവൻ നൽകിയ അറിവിനും നന്ദി പ്രകടിപ്പിച്ച് ഇരുവരും പറഞ്ഞു: (തന്റെ വിശ്വാസികളായ ദാസന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയ അല്ലാഹുവിനു സ്തുതി) ഞങ്ങളെ വിശ്വാസികളും അനുഗൃഹീതരും ആക്കിയതിന് അവർ ഇരുവരും അല്ലാഹുവിനെ സ്തുതിച്ചു. കാരണം അവർ വിശ്വാസികളിൽ പ്രത്യേക അനുഗ്രഹം ലഭിച്ചവരായിരുന്നു. തീർച്ചയായും വിശ്വാസികൾ നാലു തരക്കാരാണ്; സദ്‌വൃത്തർ, അവർക്ക് മുകളിൽ രക്തസാക്ഷികൾ, പിന്നെ സ്വിദ്ദീക്വുകൾ, അവർക്കു മുകളിൽ പ്രവാചകന്മാർ.

ദാവൂദും സുലൈമാനും ദൂതന്മാരിൽ പെട്ടവരായിരുന്നു. ശക്തരായ, നിശ്ചയദാർഢ്യമുള്ള (ഉലുൽ അസ്മ്) അഞ്ച് ദൂതന്മാരിൽ ഉൾപ്പെട്ടില്ലെങ്കിലും അവർ ശ്രേഷ്ഠരായ പ്രവാചകന്മാരുടെ കൂട്ടത്തിൽ തന്നെയാണ്. അവരെ അല്ലാഹു തന്റെ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്. അങ്ങേയറ്റം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥാനം എത്തിയതിൽ അവർ രണ്ടുപേരും അല്ലാഹുവിനെ വളരെയധികം സ്തുതിച്ചു. ഒരു വ്യക്തി അനുഗ്രഹിക്കപ്പെട്ടതിന്റെ അടയാളമാണ് അവൻ തനിക്ക് ലഭിച്ച ഭൗതികവും മതപരവുമായ അനുഗ്രഹങ്ങൾക്ക് സ്തുതിക്കുക എന്നത്. തനിക്ക് ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും തന്റെ റബ്ബിൽനിന്നാണെന്ന് അവൻ മനസ്സിലാക്കുന്നു. അതിനാൽ അവൻ അതിൽ അഹങ്കരിക്കുകയോ പൊങ്ങച്ചം കാണിക്കുകയോ ചെയ്യുന്നില്ല. മറിച്ച് അത് ധാരാളം നന്ദി ചെയ്യേണ്ട കാര്യമായി അവൻ മനസ്സിലാക്കുന്നു.


وَوَرِثَ سُلَيْمَـٰنُ دَاوُۥدَ ۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَـٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ (١٦)

16. സുലൈമാൻ ദാവൂദിന്റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളിൽനിന്നും നമുക്ക് നൽകപ്പെടുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ഇത് തന്നെയാകുന്നു പ്രത്യക്ഷമായ അനുഗ്രഹം.

16) രണ്ടുപേരെയും ഒന്നിച്ച് പ്രശംസിച്ച ശേഷം സുലൈമാൻ നബി(അ)ക്ക് പ്രത്യേകം നൽകിയ അനുഗ്രഹങ്ങളെ പരാമർശിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് വലിയ ശക്തിയും ആധിപത്യവും നൽകി. തന്റെ പിതാവിന് ലഭിക്കാത്ത (പലത് കൊണ്ടും) അദ്ദേഹം അനുഗ്രഹിക്കപ്പെട്ടു. അല്ലാഹു പറയുന്നു: (സുലൈമാൻ ദാവൂദിന്റെ അനന്തരാവകാശിയായി). അദ്ദേഹത്തിന്റെ അറിവും പ്രവാചകത്വവും അനന്തരമെടുത്ത് തന്റെ അറിവിലേക്ക് പിതാവിന്റെ അറിവ് കൂടി ചേർത്തു. അക്കാലത്ത് തനിക്കുണ്ടായിരുന്ന അറിവിന് പുറമെ പിതാവിന്റെ അറിവ് കൂടി ചേർത്തു. അതാണ് നേരത്തെ പറഞ്ഞത്: “സുലൈമാന് നാം അത് ഗ്രഹിപ്പിച്ചു...’’(21:79).

അല്ലാഹുവിന് നന്ദിയായും അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ എടുത്തുപറഞ്ഞു കൊണ്ടും (അദ്ദേഹം പറഞ്ഞു): (ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു) പക്ഷികൾ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു. അദ്ദേഹം മരക്കൊത്തിയോട് സംസാരിക്കുകയും അത് പ്രതികരിക്കുകയും ചെയ്തു. ഉറുമ്പ് അതിന്റെ കൂടെയുള്ള ഉറുമ്പിനോട് പറഞ്ഞത് തുടർന്ന് പരാമർശിക്കുന്നുണ്ട്. ഇത് സുലൈമാന് ഒഴികെ മറ്റാർക്കും നൽകപ്പെട്ടിട്ടില്ല. (എല്ലാ കാര്യങ്ങളിൽനിന്നും നമുക്ക് നൽകപ്പെടുകയും ചെയ്തിരിക്കുന്നു) അതായത് മറ്റൊരു മനുഷ്യനും നൽകാത്ത നിരവധി അനുഗ്രഹങ്ങളും ശക്തിയും അധികാരവും സുലൈമാൻ നബിക്ക് നൽകിയിട്ടുണ്ട്. അതിനാൽ അദ്ദേഹം തന്റെ രക്ഷിതാവിനോട് പറഞ്ഞു: “എന്റെ നാഥാ, എനിക്ക് ശേഷം ആർക്കും നൽകപ്പെടാത്തത് എനിക്ക് നൽകേണമേ’’ (38:35). അപ്പോൾ അല്ലാഹു പിശാചുക്കളെ അദ്ദേഹത്തിന് കീഴ്‌പെടുത്തി. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്ത പ്രവൃത്തികളിൽനിന്നും അദ്ദേഹം ആഗ്രഹിച്ചതെല്ലാം ചെയ്തുകൊണ്ടിരുന്നു. കാറ്റിനെയും അദ്ദേഹത്തിന് കീഴ്‌പെടുത്തിക്കൊടുത്തു. അതിന്റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവും ആകുന്നു (34:12). (തീർച്ചയായും ഇത്) അല്ലാഹു നമുക്ക് പ്രത്യേകമായും അനുഗ്രഹമായും നൽകിയത് (പ്രത്യക്ഷമായ അനുഗ്രഹമാകുന്നു) അതായത് വ്യക്തമായ അനുഗ്രഹം. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അദ്ദേഹം പൂർണമായി അംഗീകരിച്ചു.