സൂറ: ന്നംല്, ഭാഗം 11

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 മാർച്ച് 28, 1447 ശവ്വാൽ 09

അധ്യായം: 27, ഭാഗം 11 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

(٥٤)وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ وَأَنتُمْ تُبْصِرُونَ

54. ലൂത്വിനെയും (ഓർക്കുക). അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം: നിങ്ങൾ കണ്ടറിഞ്ഞുകൊണ്ട് നീചവൃത്തി ചെയ്യുകയാണോ?

54). നമ്മുടെ ദാസനും പ്രവാചകനുമായ ലൂത്വിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ വാർത്തകളെയും ഓർക്കുക. അദ്ദേഹം അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടും ഉപദേശിച്ചുകൊണ്ടും തന്റെ ജനതയോട് സംസാരിച്ച സന്ദർഭം: (നിങ്ങൾ നീചവൃത്തി ചെയ്യുകയാണോ?) നീചമായപ്രവർത്തനമെന്നത് നല്ല മനസ്സിനും മനുഷ്യപ്രകൃതിക്കും വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണ്. ഈ പ്രവൃത്തി എല്ലാ മതങ്ങളുടെയും അധ്യാപനങ്ങൾ അനുസരിച്ച് മ്ലേച്ഛമായി കാണുന്ന കാര്യമായിരിക്കും. എന്നിട്ടും നിങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നു. അല്ലാഹുവിനോട് തെറ്റ് ചെയ്യാനുള്ള ധൈര്യം കൊണ്ടാണ് നിങ്ങൾ അങ്ങനെ ചെയ്യുന്നത്.


(٥٥)أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةًۭ مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌۭ تَجْهَلُونَ

55. നിങ്ങൾ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷൻമാരുടെ അടുക്കൽ ചെല്ലുകയാ ണോ? അല്ല. നിങ്ങൾ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.

55). തുടർന്ന് ഈ നാണംകെട്ട പ്രവൃത്തി എന്താണെന്ന് വിശദീകരിക്കുന്നു: (നിങ്ങൾ കാമനിവർത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുക്കൽ പോവുകയാണോ?) എങ്ങനെ നിങ്ങൾ ഈ അവസ്ഥയിലെത്തി? നിങ്ങൾക്ക് താൽപര്യം തോന്നുന്നത് പുരുഷന്മാരോടും അവരുടെ പിൻഭാഗത്തോടും ആണ്. അവ വിസർജ്യവും അഴുക്കുമുള്ള സ്ഥലങ്ങളാണ്. നിങ്ങളുടെ മനസ്സുകൾക്ക് ആകർഷണം സ്വാഭാവികമായി തോന്നുന്നതിനു നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ച സ്ത്രീകളെ നിങ്ങൾ ഉപേക്ഷിക്കുന്നു. നിങ്ങൾ കാര്യങ്ങൾ കീഴ്‌മേൽ മറിച്ചു തിന്മയെ നന്മയായി കണക്കാക്കുന്നുവോ. (നിങ്ങൾ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു) തീർച്ചയായും നിങ്ങൾ അല്ലാഹു നിശ്ചയിച്ച പരിധികൾ ലംഘിക്കുകയും അവന്റെ വിശുദ്ധ നിയമങ്ങൾ മറികടക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്ന അജ്ഞരാണ്.


۞ (٥٦)فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوٓا۟ ءَالَ لُوطٍۢ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌۭ يَتَطَهَّرُونَ

56. ലൂത്വിന്റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവർ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി.

56). (അദ്ദേഹത്തിന്റെ ജനതയുടെ മറുപടി) സ്വീകരിക്കാമെന്നായിരുന്നില്ല. അവർ ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്തില്ല. എതിർപ്പും നിരാകരണവുമായിരുന്നു അവരുടെ മറുപടി. സത്യസന്ധനായ, തങ്ങളുടെ പ്രവാചകനെ അവർ ഭീഷണിപ്പെടുത്തി. ജന്മനാട്ടിൽനിന്ന് നാടുകടത്തി. നഗരത്തിൽനിന്ന് പുറത്താക്കുക എന്നതായിരുന്നു അവരുടെ പ്രതികരണം. (ലൂത്വിന്റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക) ഇതായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. അവർ പറയുന്നത് ഇവരാണ് തെറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് അവരെ പുറത്താക്കുകയാണ് വേണ്ടതെന്നും അതിലാണ് നാടിന്റെ രക്ഷ എന്നുമാണ്. (ലൂത്വിന്റെ അനുയായികളെ നിങ്ങളുടെ നാട്ടിൽനിന്നും പുറത്താക്കുക. അവർ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു) അതായത് സ്വവർഗരതി ചെയ്യാത്തവർ, പുരുഷന്മാരുടെ പിൻഭാഗം ആവശ്യമില്ലാത്തവർ-അല്ലാഹു അവരെ ചീത്തയാക്കട്ടെ-ഏറ്റവും നല്ല നന്മകളെ അവർ ഏറ്റവും മോശമായ തിന്മകളാക്കി. അവരുടെ ദൂതൻ അവരോട് കൽപിച്ചതിനെതിരെ പ്രവർത്തിച്ചത് മാത്രം പോരാ അവർക്ക്. അദ്ദേഹത്തെ നാട്ടിൽനിന്ന് പുറത്താക്കുന്നേടത്തോളം എത്തി അവരുടെ ധിക്കാരം. അവർ പറയുകയും ചെയ്തു: ‘അവരെ നിങ്ങൾ ഗ്രാമത്തിൽനിന്ന് പുറത്താക്കുക. അവർ ശുദ്ധി നടിക്കുന്ന ജനങ്ങളാണ്.’ അവരുടെ സംസാരത്തിന്റെ ഉള്ളടക്കം ഇതാണ്: നിങ്ങൾ അഴുക്കും മാലിന്യവും പുരണ്ടവരാണ്. ശിക്ഷക്ക് അർഹരായവരാണ്. അതുകൊണ്ടുതന്നെ ഗ്രാമം വിട്ട് പോകേണ്ടവരാണ്.


فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ قَدَّرْنَـٰهَا مِنَ ٱلْغَـٰبِرِينَ (٥٧) وَأَمْطَرْنَا عَلَيْهِم مَّطَرًۭا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ (٥٨)

57. അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. പിൻമാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്. 58. അവരുടെ മേൽ നാം ഒരു മഴ വർഷിക്കുകയും ചെയ്തു. താക്കീത് നൽകപ്പെട്ടവർക്ക് ലഭിച്ച ആ മഴ എത്രമോശം!

>57-58). അതാണ് അല്ലാഹു പറഞ്ഞത്: (അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. പിന്മാറി നിന്നവരുടെ കൂട്ടത്തിലാണ് അവളെ നാം കണക്കാക്കിയത്) അപ്പോഴാണ് മലക്കുകൾ മനുഷ്യ അതിഥികളുടെ രൂപത്തിൽ അദ്ദേഹത്തിന്റെ അടുക്കൽ വന്നത്. അദ്ദേഹത്തിന്റെ ജനത അവരെക്കുറിച്ച് അറിഞ്ഞു. ദുരുദ്ദേശ്യത്തോടെ അവർ അതിഥികളുടെ അടുത്തേക്ക് വന്നു. ഇത് ലൂത്വിന് വളരെയധികം പ്രയാസമുണ്ടാക്കി. അവർക്ക് പ്രവേശിക്കാൻ കഴിയാത്തവിധം വാതിൽ അടച്ചു. അപ്പോൾ ദൂതന്മാർ ലൂത്വിനോട് കാര്യം വ്യക്തമാക്കി. അവരിൽനിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ടുവരാൻ അവർ വന്നു. അവർ നശിപ്പിക്കാൻ ഉദ്ദേശിച്ചു. ശിക്ഷക്ക് നിശ്ചയിച്ച സമയം രാവിലെ ആയിരുന്നു. ഭാര്യ ഒഴികെയുള്ള, തന്റെ കുടുംബത്തെ കൂട്ടി സ്ഥലം വിടാൻ ലൂത്വിനോട് മലക്കുകൾ നിർദേശിച്ചു. അവർക്ക് വരുന്ന ശിക്ഷ ലൂത്വിന്റെ ഭാര്യയ്‌ക്കും വരും. ലൂത്വ് നബി(അ) തന്റെ കുടുംബത്തെയും കൂട്ടി രാത്രി പുറപ്പെട്ടു. അങ്ങനെ അവർ രക്ഷപ്പെട്ടു. രാവിലെ നാട്ടുകാർക്ക് ശിക്ഷയെത്തി. അല്ലാഹു അവരുടെ വീടുകൾ തലകീഴായി മറിച്ചു. ചുട്ടുപഴുത്ത കളിമണ്ണിന്റെ കല്ലുകൾ ഒന്നിനുപിറകെ ഒന്നായി പതിച്ചു. അല്ലാഹു പറയുന്നു: (അവരുടെ മേൽ നാം മഴ വർഷിപ്പിക്കുകയും ചെയ്തു. താക്കീത് നൽകപ്പെട്ടവർക്ക് ലഭിച്ച ആ മഴ എത്ര മോശം) അവരുടെ മേൽ വർഷിച്ച മഴ എത്ര ചീത്ത! എത്ര ഭയാനകമായിരുന്നു ആ ശിക്ഷ! അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അവർ പിന്മാറിയില്ല. അതിനാൽ തന്നെ അല്ലാഹു അവർക്ക് കഠിനമായ ശിക്ഷയാണ് നൽകിയത്.


قُلِ ٱلْحَمْدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ (٥٩)

59. (നബിയേ,) പറയുക: അല്ലാഹുവിന് സ്തുതി. അവൻ തെരഞ്ഞെടുത്ത അവന്റെ ദാസൻമാർക്ക്

സമാധാനം. അല്ലാഹുവാണോ ഉത്തമൻ; അതല്ല, (അവനോട്) അവർ പങ്കുചേർക്കുന്നവയോ?

59). പറയുക: (അല്ലാഹുവിന് സ്തുതി) സ്തുതി പൂർണമായും അർപ്പിക്കപ്പെടേണ്ടത് അല്ലാഹുവിനാണ്. അവന്റെ വിശേഷണങ്ങളുടെ പൂർണത, അവന്റെ നീതി, ദാനം, മനോഹരമായ സ്വഭാവം, അക്രമികളെയും നിഷേധികളെയും ശിക്ഷിക്കുന്നതിലെ യുക്തി; ഇതെല്ലാം അവനെ സ്തുതിക്കേണ്ടതിന്റെ കാരണങ്ങളാണ്. സർവ മനുഷ്യരിൽനിന്നും അവൻ തിരഞ്ഞെടുത്ത അവന്റെ ദാസന്മാരാണ് പ്രവാചകൻമാർ. അല്ലാഹു പരിശുദ്ധി നൽകിയവരാണവർ. അവരിൽ സലാം അർപ്പിക്കണം. അത് അവരുടെ പ്രശസ്തി ഉയർത്താനും എല്ലാ അഴുക്കുകളിൽനിന്നും അവരെ സംശുദ്ധരാക്കാനും ഉപകരിക്കും. തങ്ങളുടെ രക്ഷിതാവിനെ കുറിച്ച് അവർ പറഞ്ഞതിലും യാതൊരു ന്യൂനതയും തകരാറുകളും ഇല്ല താനും. (അല്ലാഹുവാണോ ഉത്തമൻ അതല്ല അവർ പങ്കു ചേർക്കുന്നവയോ?) ഇതൊരു ചോദ്യമാണ്. അതിനുള്ള പ്രതികരണം അറിയുന്നതും അംഗീകരിക്കപ്പെട്ടതുമാണ്. ലോകരക്ഷിതാവായ അല്ലാഹു പൂർണ വിശേഷണങ്ങളുള്ള മഹാദയാലുവും. അവനാണോ ഉത്തമം? അതോ വിഗ്രഹങ്ങളും ബിംബങ്ങളുമാണോ? അവയെയാണ് അവനോടൊപ്പം അവർ ആരാധിക്കുന്നത്. എല്ലാ നിലയ്ക്കും അവർ ന്യൂനതയുള്ളവരാണ്. ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്തവർ. സ്വന്തം കാര്യത്തിൽ പോലും കഴിവില്ലാത്തവർ. തങ്ങളെ ആരാധിക്കുന്നവർക്കും ഒന്നും ചെയ്തുകൊടുക്കാൻ ആവില്ല. ഒരു ചെറിയ ഗുണം പോലും ചെയ്തുകൊടുക്കാൻ അവർക്കാവില്ല. അവർ പങ്കുചേർക്കുന്ന എല്ലാറ്റിനെക്കാളും ഉത്തമം


أَمَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءًۭ فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍۢ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌۭ يَعْدِلُونَ (٦٠)

60. അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ് ടിക്കുകയും നിങ്ങൾക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?). എന്നിട്ട് അത് (വെള്ളം) മൂലം കൗതുകമുള്ള ചില തോട്ടങ്ങൾ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങൾ മുളപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവർ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു.

60). അറിഞ്ഞിരിക്കേണ്ട ചില വിശദീകരണങ്ങൾ അല്ലാഹു നൽകുന്നു. ആരാധിക്കപ്പെടേണ്ട ഏക ആരാധ്യൻ അല്ലാഹുവാണെന്ന് വ്യക്തമാക്കുന്നു. അവനെ ആരാധിക്കുന്നതാണ് ശരി. മറ്റുള്ളവർക്കുള്ള ആരാധന തെറ്റാണ്. തുടർന്ന് ചോദിക്കുന്നു: (അഥവാ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങൾക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞ് തരികയും ചെയ്തവനോ, അതോ അവരുടെ ദൈവങ്ങളോ? എന്നിട്ട് അതുമൂലം കൗതുകമുള്ള ചില തോട്ടങ്ങൾ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങൾ മുളപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവും ഉണ്ടോ? അല്ല അവർ വ്യതിചലിച്ചുപോകുന്നു) അതായത്, ആകാശഭൂമികളെയും അതിലുള്ള സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, മലക്കുകൾ, ഭൂമി, പർവതങ്ങൾ, കടൽ, പുഴ, മരങ്ങൾ തുടങ്ങിയവയെല്ലാം സൃഷ്ടിക്കുകയും ചെയ്തത് ആരാണ്? (നിങ്ങൾക്ക് അവൻ ഇറക്കിത്തന്നു) നിങ്ങൾക്കായി. (ആകാശത്തുനിന്നും വെള്ളം ചൊരിഞ്ഞ് തരികയും എന്നിട്ട് അതുമൂലം തോട്ടങ്ങൾ മുളപ്പിക്കുകയും ചെയ്തു). (കൗതുകമുള്ള) തോട്ടങ്ങൾ. കാണാൻ ഭംഗിയുള്ളതും മുന്തിയ ഇനം പഴങ്ങളുള്ളതുമായ മരങ്ങൾ. മഴയിറക്കിത്തന്ന് അല്ലാഹു നിങ്ങളോട് കരുണ കാണിച്ചിരുന്നില്ലെങ്കിൽ (അവയിലെ വൃക്ഷങ്ങൾ മുളപ്പിക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല). (അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ?) അവന്റെ കൂടെ പങ്കുകാരാക്കി വെക്കാൻ പറ്റിയ രൂപത്തിൽ ഇതെല്ലാം ചെയ്യാൻ കഴിയുന്ന ഒരു ദൈവം. (അവർ വ്യതിചലിച്ചുപോകുന്ന ഒരു ജനതയാകുന്നു) മറ്റുള്ളവരെ അവനോട് തുല്യരാക്കുന്നു. അവർക്കറിയാം, രണ്ട് ലോകങ്ങളുടെയും സ്രഷ്ടാവും ഉപജീവനം നൽകുന്നവനും അവൻ മാത്രമാണെന്ന്.