സൂറ: ഖസ്വസ്വ്, ഭാഗം 12

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ജനുവരി 03, 1447 റജബ് 14

അധ്യായം: 28, ഭാഗം 12 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَخَرَجَ عَلَىٰ قَوْمِهِۦ فِى زِينَتِهِۦ ۖ قَالَ ٱلَّذِينَ يُرِيدُونَ ٱلْحَيَوٰةَ ٱلدُّنْيَا يَـٰلَيْتَ لَنَا مِثْلَ مَآ أُوتِىَ قَـٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٍۢ (٧٩) وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَيْلَكُمْ ثَوَابُ ٱللَّهِ خَيْرٌۭ لِّمَنْ ءَامَنَ وَعَمِلَ صَـٰلِحًۭا وَلَا يُلَقَّىٰهَآ إِلَّا ٱلصَّـٰبِرُونَ (٨٠) فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍۢ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ (٨١) وَأَصْبَحَ ٱلَّذِينَ تَمَنَّوْا۟ مَكَانَهُۥ بِٱلْأَمْسِ يَقُولُونَ وَيْكَأَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ ۖ لَوْلَآ أَن مَّنَّ ٱللَّهُ عَلَيْنَا لَخَسَفَ بِنَا ۖ وَيْكَأَنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ (٨٢) تِلْكَ ٱلدَّارُ ٱلْـَٔاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّۭا فِى ٱلْأَرْضِ وَلَا فَسَادًۭا ۚ وَٱلْعَـٰقِبَةُ لِلْمُتَّقِينَ (٨٣) مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌۭ مِّنْهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَى ٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ إِلَّا مَا كَانُوا۟ يَعْمَلُونَ (٨٤)

79. അങ്ങനെ അവൻ ജനമധ്യത്തിലേക്ക് ആർഭാടത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവർ അതു കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ‘ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങൾക്കുമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! തീർച്ചയായും അവൻ വലിയ ഭാഗ്യമുള്ളവൻ തന്നെ!’

80. ജ്ഞാനം നൽകപ്പെട്ടിട്ടുള്ളവർ പറഞ്ഞു: ‘നിങ്ങൾക്ക് നാശം! വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതൽ ഉത്തമം. ക്ഷമാശീലമുള്ളവർക്കല്ലാതെ അത് നൽകപ്പെടുകയില്ല.

81. അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു. അപ്പോൾ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവൻ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല.

82. ഇന്നലെ അവന്റെ സ്ഥാനം കൊതിച്ചിരുന്നവർ (ഇന്ന്) ഇപ്രകാരം പറയുന്നവരായിത്തീർന്നു: ‘അഹോ! കഷ്ടം! തന്റെ ദാസൻമാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ഉപജീവനം വിശാലമാക്കിക്കൊടുക്കുകയും (താൻ ഉദ്ദേശിക്കുന്നവർക്ക് അതു) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കിൽ ഞങ്ങളെയും അവൻ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികൾ വിജയം പ്രാപിക്കുകയില്ല.’

83. ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാകുന്നു ആ പാരത്രിക ഭവനം നാം ഏർപെടുത്തിക്കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവർക്ക് അനുകൂലമായിരിക്കും.

84. ആർ നൻമയും കൊണ്ട് വന്നുവോ അവന്ന് അതിനെക്കാൾ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിൻമയും കൊണ്ടാണ് വരുന്നതെങ്കിൽ തിന്മ പ്രവർത്തിച്ചവർക്ക് തങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ നൽകപ്പെടുകയില്ല.

79. (അങ്ങനെ അവൻ ഇറങ്ങിപ്പുറപ്പെട്ടു) ഒരിക്കൽ. (ജനമധ്യത്തിലേക്ക് ആർഭാടത്തോടെ) അതായത് ലൗകിക അലങ്കാരത്തിന്റെ ഏറ്റവും മികച്ച രൂപത്തിൽ. അയാൾക്ക് ധാരാളം സമ്പത്തുണ്ടായിരുന്നു. അതിനാൽ സാധിക്കുന്നത്ര അയാൾ തന്നെ ഭംഗിയാക്കി. അവനെപ്പോലുള്ളവരുടെ ഭംഗി സാധാരണയായിത്തന്നെ ഏറെ കൗതുകകരമാണ്. ദുനിയാവിന്റെ അലങ്കാരവും ശോഭയും അഹങ്കാരവുമെല്ലാം ഒരുമിച്ചു. ആ നിമിഷം എല്ലാ കണ്ണുകളും അവനിലായിരുന്നു. അവന്റെ വസ്ത്രവും അലങ്കാരവും ആളുകളെ അമ്പരപ്പിച്ചു. മനസ്സുകൾ അലങ്കാരത്താൽ കവർന്നെടുക്കപ്പെട്ടു. കണ്ടുനിന്നവർ രണ്ട് വിഭാഗങ്ങളായി. ഓരോരുത്തരും അവരവരുടെ ആഗ്രഹങ്ങളും താൽപര്യങ്ങളും അനുസരിച്ച് സംസാരിച്ചു. (ഐഹിക ജീവിതം ലക്ഷ്യമാക്കുന്നവർ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു:) അവരുടെ താൽപര്യം അതായിരുന്നു. അവരുടെ ഏറ്റവും വലിയ ആഗ്രഹം അതാണ്. അതിനപ്പുറം അവർക്കൊന്നുമില്ല. (ഖാറൂനിന് ലഭിച്ചത് പോലെയുള്ളത് ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ) ഇഹലോക വിഭവങ്ങളും അലങ്കാരങ്ങളും. (തീർച്ചയായും അവൻ വലിയ ഭാഗ്യവാൻ തന്നെ) ഈ വാക്ക് സത്യമായിരുന്നു. ഈ ലോകത്തിനുശേഷം മറ്റൊരു ജീവിതം ഇല്ലായിരുന്നുവെങ്കിൽ, അപ്പോൾ ഇവിടെ ലഭിക്കുന്നത് തന്നെയാണ് മഹാഭാഗ്യം. കാരണം അവൻ ആഗ്രഹിച്ച ഇഹലോക സുഖം പരമാവധി അവന് ലഭിച്ചു. അതിലൂടെ അവന്റെ ആഗ്രഹങ്ങളെല്ലാം സാക്ഷാൽക്കരിച്ചു. മഹത്തായ ഭാഗ്യം എന്നത് അവരുടെ ലക്ഷ്യമനുസരിച്ചാണ്. എന്നാൽ ഇഹലോക ജീവിതത്തെ തന്റെ ആത്യന്തിക ലക്ഷ്യമാക്കിയവൻ ഏറ്റവും മോശമായതാണ് ലക്ഷ്യമാക്കിയത്. ഇങ്ങനെ ചിന്തിക്കുന്ന ഒരാൾക്ക് ഉന്നതമായ ആഗ്രഹമോ മഹത്തായ ലക്ഷ്യമോ ഇല്ല.

80) (ജ്ഞാനം നൽകപ്പെട്ടിട്ടുള്ളവർ പറഞ്ഞു:) കാര്യങ്ങളുടെ യാഥാർഥ്യം മനസ്സിലാക്കുകയും ലോകത്തിന്റെ പൊരുൾ ദർശിക്കുകയും ചെയ്തവർ ബാഹ്യം മാത്രം കണ്ടവരെ പോലെയല്ല. (നിങ്ങൾക്ക് നാശം) ഖാറൂനിന് നൽകിയത് തങ്ങൾക്കും കിട്ടണം എന്ന് ആശിച്ചുപോയതിലുള്ള വേദന, അവരുടെ ഇപ്പോഴത്തെ അവസ്ഥയിലുള്ള സങ്കടം. ഇതിൽ അവരെ എതിർത്തുകൊണ്ട് പറയുന്നു: (അല്ലാഹുവിന്റെ പ്രതിഫലമാണ്) ഈ ലോകത്ത് അവനെ ആരാധിക്കുന്നതിലൂടെയും അവനെ സ്‌നേഹിച്ച് അവനിലേക്ക് ഖേദിച്ച് മടങ്ങുന്നതിലൂടെയും കിട്ടുന്ന ആസ്വാദനം; പരലോകത്ത് സ്വർഗവും അതിലുള്ള കൊതിപ്പിക്കുന്ന വിഭവങ്ങളും കണ്ണിന് ആനന്ദം നൽകുന്നവയും. (വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക്) നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാളും കൊതിച്ചതിനേക്കാളും മികച്ചതാണിത്. ഇതാണ് കാര്യത്തിന്റെ യാഥാർഥ്യം. എന്നാൽ എല്ലാവരും അതിന് മുൻഗണന നൽകി അതിനു തയ്യാറാവുകയും ചെയ്തില്ല. അതിനു കഴിയുന്നത് (ക്ഷമാ ശീലമുള്ളവർക്കല്ലാതെ) അല്ലാഹുവിനെ അനുസരിക്കുന്നതിൽ ഉറച്ചുനിൽക്കുകയും അവന് അനുസരണക്കേട് കാണിക്കാതിരിക്കാനുമുള്ള ക്ഷമ. വിഷമമുണ്ടാക്കുന്ന അവന്റെ തീരുമാനങ്ങളിലും ക്ഷമിക്കണം. ഈ ലോകത്തിന്റെ ആകർഷണങ്ങളെയും പ്രലോഭനങ്ങളെയും ചെറുക്കുന്നതിൽ അവർ ക്ഷമ കാണിക്കുന്നു. അവയൊന്നും തങ്ങളുടെ രക്ഷിതാവിൽനിന്ന് അശ്രദ്ധമാക്കാതെയും തടയാതെയും അവർ ക്ഷമിക്കുന്നു. നശ്വരമായ ലോകത്തെക്കാൾ അല്ലാഹുവിന്റെ പ്രതിഫലത്തിന് അവർ മുൻഗണന നൽകുന്നു.

81) അഹങ്കാരവും അക്രമവുമായി തുടർന്ന ഖാറൂനിന്റെ അവസ്ഥ അവസാനിച്ചു. ഇഹലോകത്തിന്റെ അലങ്കാരങ്ങൾ അവൻ അണിഞ്ഞു. അവൻ സ്വയം മഹത്വം ചമഞ്ഞു. ഉടൻ ശിക്ഷ വന്നു. (അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു). അവന്റെ പ്രവർത്തിക്ക് അനുയോജ്യമായ പ്രതിഫലം. അവൻ അല്ലാഹുവിന്റെ ദാസന്മാരിൽ ഔന്നിത്യം നടിച്ചു. അപ്പോൾ അല്ലാഹു അവനെ ഏറ്റവും താഴ്ന്ന നിലയിൽ ആക്കി. അവൻ തന്റെ വീട്, വീട്ടുപകരണങ്ങൾ മറ്റു വിഭവങ്ങൾ കൊണ്ട് വഞ്ചിതനായി.

(ഒരു രക്ഷയും അവന് ഉണ്ടായില്ല). ഒരു സംഘം, സേവകർ, സൈന്യം (അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന അവൻ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലും ആയില്ല). അവന് ശിക്ഷ വന്നു. ആരും സഹായിച്ചതുമില്ല. സ്വയം രക്ഷനേടാനുമായില്ല.

82) (ഇന്നലെ അവന്റെ സ്ഥാനം കൊതിച്ചിരുന്നവർ). അതായത് ഇഹലോക ജീവിതം ആഗ്രഹിച്ചവർ. (ഖാറൂനിന് നൽകപ്പെട്ട പോലെ ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ) എന്ന് പറഞ്ഞവർ. (അവർ പറയുന്നു): വേദനയോടെയും ഗുണപാഠം ഉൾക്കൊണ്ടും ശിക്ഷയെ ഭയന്നും. (അഹോ കഷ്ടം, തന്റെ ദാസന്മാരിൽ താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ഉപജീവനം വിശാലമാക്കി കൊടുക്കുകയും ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ ഉപജീവനം കുടുസ്സാക്കുന്നു. അതായത് ഹാറൂന് സാമ്പത്തിക വിശാലത ഉണ്ടായത് അവനിലെ നന്മക്ക് തെളിവല്ലെന്ന് ഇപ്പോൾ നമുക്കു മനസ്സിലാകുന്നു. നാം നേരത്തെ പറഞ്ഞതിൽ പിഴവു പറ്റിയിട്ടുണ്ട്. (തീർച്ചയായും അവൻ വലിയ ഭാഗ്യം ഉള്ളവൻ തന്നെ) എന്നു പറഞ്ഞതിൽ.

(ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നെങ്കിൽ). അവൻ നാം പറഞ്ഞതിന് നമ്മെ ശിക്ഷിച്ചില്ല. അവന്റെ ഔദാര്യവും അനുഗ്രഹവും ഇല്ലായിരുന്നുവെങ്കിൽ. (ഞങ്ങളെയും അവൻ ആഴ്ത്തിക്കളയുമായിരുന്നു.) അതിനാൽ ഖാറൂനിന്റെ നാശവും ശിക്ഷയും മറ്റുള്ളവർക്ക് ഒരു പാഠവും ഉപദേശവും ആണ്. അവനോട് അസൂയ തോന്നിയവർ പോലും അതിൽ ഖേദിക്കുകയും അവരുടെ കാഴ്ചപ്പാട് മാറ്റുകയും ചെയ്തു. (അഹോ കഷ്ടം, സത്യനിഷേധികൾ വിജയിക്കുകയില്ല). ഇഹത്തിലും പരത്തിലും വിജയിക്കുകയില്ല.

83) ഖാറൂനെയും അവന് നൽകപ്പെട്ട ഐഹിക നേട്ടങ്ങളെയും അവസാനം അവന് സംഭവിച്ചതിനെയും കുറിച്ചെല്ലാം മനസ്സിലാക്കിയവർ പറഞ്ഞു: (വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതൽ ഉത്തമം). പരലോക ജീവിതത്തിനു വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണ് ഇവിടെ. അതിനുള്ള വഴികളും പറഞ്ഞുതരുന്നു. (ആ പാരത്രിക ഭവനം) പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും പറഞ്ഞു തന്ന, അതെല്ലാ സുഖങ്ങളെയും ഉൾക്കൊള്ളുന്നു. എല്ലാ പ്രയാസങ്ങളെയും വിഷമങ്ങളെയും നിരാകരിക്കുകയും ചെയ്യുന്നു. (അതിനെ നാം ഏർപ്പെടുത്തി കൊടുക്കുന്നത്) ആ ഭവനത്തെ, സ്ഥിരതാമസത്തെ (ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാകുന്നു). അല്ലാഹുവിന്റെ അടിമകൾക്കുമേൽ ഔന്നത്യം നേടാനുള്ള ഉദ്ദേശം അവർക്കില്ല. അവരോട് സത്യത്തോടോ അഹങ്കാരം കാണിക്കണമെന്നുമില്ല. (കുഴപ്പമോ) എല്ലാ തെറ്റും ഇതിൽ പെടും. ഭൂമിയിൽ അഹങ്കരിക്കാനോ കുഴപ്പങ്ങൾ ഉണ്ടാക്കാനോ അവർക്ക് ആഗ്രഹമില്ലാത്തതിനാൽ അവരുടെ ലക്ഷ്യം എപ്പോഴും അല്ലാഹു ആയിരിക്കും. ഉദ്ദേശം പരലോകവും. അല്ലാഹുവിന്റെ ദാസന്മാരോട് വിനയം കാണിക്കുകയും സത്യത്തിനും സൽപ്രവർത്തിക്കും അവർ വിധേയരാവുകയും ചെയ്യും.

ഇവർ അല്ലാഹുവിനെ ഭയപ്പെടുന്ന ഭക്തന്മാരാണ്. അവർക്കാണ് നല്ല പര്യവസാനം. അതാണ് അല്ലാഹു പറയുന്നത്: (അന്ത്യപ്രതിഫലം). വിജയം നിലനിൽക്കുന്നതും സുസ്ഥിരവുമായ വിജയം അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്കാണ്. മറ്റുള്ളവർ ഈ ലോകത്ത് ചില സൗകര്യങ്ങളും സുഖങ്ങളും നേടിയാലും അതിന് നിലനിൽപ്പില്ല. അത് പെട്ടെന്ന് അപ്രത്യക്ഷമാകും. അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് മാത്രമേ നല്ല പ്രതിഫലം ലഭിക്കു എന്ന് ഈ സൂക്തം നമ്മോട് പറയുന്നു. ഭൂമിയിൽ ഔന്നിത്യം നടിക്കുന്നവർക്കും കുഴപ്പമുണ്ടാക്കുന്നവർക്കും പരലോകത്ത് യാതൊരു വിഹിതവും ഇല്ല.

84) തന്റെ ഔദാര്യം ഇരട്ടിപ്പിച്ച് നൽകുന്നതിനെക്കുറിച്ചും അവന്റെ സമ്പൂർണ്ണ നീതിയെക്കുറിച്ചും അല്ലാഹു പറയുന്നു. (ആർ നന്മയും കൊണ്ടുവന്നുവോ,) നന്മ അവൻ ചെയ്യണം എന്ന നിബന്ധന ഉണ്ട്. എന്നാൽ സ്വീകരിക്കപ്പെടാത്ത നന്മയാണ് ചെയ്തതെങ്കിൽ നന്മ ചെയ്തതായി പരിഗണിക്കില്ല.