സൂറ: ന്നംല്, ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ഫെബ്രുവരി 14, 1447 ശഅ്ബാൻ 26

അധ്യായം: 27, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَحُشِرَ لِسُلَيْمَـٰنَ جُنُودُهُۥ مِنَ ٱلْجِنِّ وَٱلْإِنسِ وَٱلطَّيْرِ فَهُمْ يُوزَعُونَ (١٧)

17. സുലൈമാന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്റെ സൈന്യങ്ങൾ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിർത്തപ്പെടുന്നു.

17) (സുലൈമാനു വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്റെ സൈന്യങ്ങൾ ശേഖരിക്കപ്പെട്ടു) ജിന്നുകളുടെയും മനുഷ്യരുടെയും പക്ഷികളുടെയും സൈന്യം സുലൈമാനു മുമ്പിൽ സമ്മേളിച്ചു. (അങ്ങനെ അവരതാ ക്രമപ്രകാരം നിർത്തപ്പെടുന്നു) അവർ നിയന്ത്രിക്കപ്പെട്ടു. ആ സൈന്യത്തിന്റെ ആദ്യത്തെ ആൾ മുതൽ അവസാനത്തെ ആൾ വരെയും. അവരുടെ ചലനത്തിലും ഇറക്കത്തിലും നീക്കത്തിലുമെല്ലാം അങ്ങേയറ്റം ചിട്ട പാലിക്കുകയും ചെയ്തു. അതിനു വേണ്ടതെല്ലാം അദ്ദേഹം ഏർപ്പെടുത്തി. ഈ സൈന്യങ്ങളെല്ലാം അദ്ദേഹവുമായി കൂടിയാലോചന നടത്തിക്കൊണ്ടാണ് ഏതു കാര്യവും ചെയ്തത്. യാതൊരു നിലയ്ക്കും അവർ അദ്ദേഹത്തിന് എതിരെ പ്രവർത്തിക്കുകയോ അതിക്രമം കാണിക്കുകയോ ചെയ്തില്ല. അല്ലാഹു പറയുന്നു:

هَٰذَا عَطَاؤُنَا فَامْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ

“ഇത് നമ്മുടെ ദാനമാകുന്നു ആകയാൽ നീ ഔദാര്യം ചെയ്യുകയോ കൈവശം വച്ചുകൊള്ളുകയോ ചെയ്യുക’’ (38:39). കണക്കില്ലാതെ കൊടുത്തുകൊള്ളുക. അങ്ങനെ അദ്ദേഹം തന്റെ ഒരു യാത്രയിൽ ഈ വലിയ സൈന്യവുമായി പുറപ്പെട്ടു.


حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌۭ يَـٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَـٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَـٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ (١٨)

18. അങ്ങനെ അവർ ഉറുമ്പിൻ താഴ്‌വരയിലൂടെ ചെന്നപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു: ‘ഹേ, ഉറുമ്പുകളേ! നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവർ ഓർക്കാത്ത വിധത്തിൽ നിങ്ങളെ ചവിട്ടി തേച്ചുകളയാതിരിക്കട്ടെ.’

18) (അങ്ങനെ അവർ ഉറുമ്പുകളുടെ താഴ്വരയിലൂടെ ചെന്നപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു): തന്റെ കൂട്ടുകാരെ ഓർമപ്പെടുത്താൻ, സ്വന്തം വർഗത്തോട്: (ഹേ, ഉറുമ്പുകളേ! നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുക. സുലൈമാനും സൈന്യങ്ങളും അവർ ഓർക്കാത്തവിധത്തിൽ നിങ്ങളെ ചവിട്ടി തേച്ചുകളയാതിരിക്കട്ടെ) ഈ ഉറുമ്പ് മറ്റു ഉറുമ്പുകളെ ഉപദേശിക്കുകയും കേൾപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മറ്റു ഉറുമ്പുകൾക്ക് അല്ലാഹു അസാധാരണമായ കേൾവിശക്തി നൽകിയിട്ടുണ്ടാകാം. ഒരൊറ്റ ഉറുമ്പിന്റെ ശബ്ദം ആ താഴ്‌വര മുഴുവൻ കേൾക്കുക എന്നത് വലിയ ഒരത്ഭുതമാണ്. ഒരുപക്ഷേ, ആ ഉറുമ്പ് തന്റെ ചുറ്റുമുള്ള ഉറുമ്പുകളെ അറിയിക്കുകയും പിന്നീട് ആ വിവരം പരസ്പരം കൈമാറി എല്ലാവരിലേക്കും എത്തിയതും ആയിരിക്കാം. സൂക്ഷിക്കാനും അതിനുള്ള വഴിയുമാണ് അവൾ പറഞ്ഞുകൊടുത്തത്. അതായത് അവർ അവരുടെ താമസസ്ഥലങ്ങളിൽ പ്രവേശിക്കുമെന്ന് അവൾക്കറിയാം. സുലൈമാന്റെ(അ) ആധിപത്യവും സൈന്യത്തിന്റെ ശക്തിയും എല്ലാം പറയുമ്പോൾ ഒരു കാര്യം അവർ ശ്രദ്ധിച്ചിട്ടുണ്ട്; ഇനി അവർ നിങ്ങളെ ചവിട്ടിത്തേക്കുന്നുവെങ്കിൽ അത് ബോധപൂർവമല്ല, മറിച്ച് അറിയാതെയാണ് എന്ന്.


فَتَبَسَّمَ ضَاحِكًۭا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًۭا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّـٰلِحِينَ (١٩)

19. അപ്പോൾ അതിന്റെ വാക്കു കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ. നിന്റെ കാരുണ്യത്താൽ നിന്റെ സദ്‌വൃത്തരായ ദാസൻമാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപെടുത്തുകയും ചെയ്യേണമേ.

19). ആ ഉറുമ്പിന്റെ സംസാരം സുലൈമാൻ നബി(അ) കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തു. (അപ്പോൾ അതിന്റെ വാക്ക് കേട്ട് അദ്ദേഹം നന്നായി പുഞ്ചിരിച്ചു) അവളുടെ വാചാലതയും സംസാരത്തിലെ ഗുണകാംക്ഷയും വാചക ഭംഗിയും കണ്ടപ്പോൾ അദ്ദേഹത്തിന് അത്ഭുതമായി. ഇതാണ് പ്രവാചകന്മാരുടെ സ്വഭാവം. തികഞ്ഞ മര്യാദയും ഉചിതമായ സന്ദർഭങ്ങളിൽ ആശ്ചര്യപ്പെടലും പൊട്ടിച്ചിരിക്കാതെ പുഞ്ചിരിയിൽ ഒതുക്കുന്നതുമെല്ലാം പ്രവാചകന്മാരുടെ പ്രത്യേകതയാണ്. നബിﷺയും പുഞ്ചിരിക്കാറാണ് പതിവ്. പൊട്ടിച്ചിരി ബുദ്ധി കുറവിനെയും മര്യാദകേടിനെയും അറിയിക്കുന്നു. എന്നാൽ പുഞ്ചിരിക്കാതിരിക്കുന്നതും അത്ഭുതം കാണുമ്പോൾ ആശ്ചര്യപ്പെടാതിരിക്കുന്നതും പരുക്കൻ സ്വഭാവത്തെയും കഠിന ഹൃദയത്തെയും സൂചിപ്പിക്കുന്നു. പ്രവാചകന്മാർ അത്തരം നിലപാടുകളിൽനിന്ന് അകലം പാലിക്കുന്നവരായിരിക്കും.

ഇത്രയും ഉന്നതമായ സ്ഥാനത്ത് തന്നെ എത്തിച്ചതിന് സുലൈമാൻ നബി അല്ലാഹുവിന് നന്ദി പറഞ്ഞു: (എന്റെ രക്ഷിതാവേ, എനിക്ക് നീ പ്രചോദനം നൽകേണമേ) എന്റെ മനസ്സിൽ തോന്നിപ്പിക്കുകയും അതിന് അവസരമുണ്ടാക്കിത്തരികയും ചെയ്യണം. (എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കാനും) കാരണം, മാതാപിതാക്കൾക്കുള്ള അനുഗ്രഹം മക്കൾക്കുള്ള അനുഗ്രഹമാണ്. അതിനാൽ മതപരവും ലൗകികവുമായി തനിക്കും മാതാപിതാക്കൾക്കും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവനായിരിക്കാൻ തന്നെ പ്രാപ്തനാക്കണമെന്ന് അദ്ദേഹം തന്റെ നാഥനോട് അപേക്ഷിച്ചു.

അതായത്, നിന്റെ കൽപനകൾക്കനുസൃതമായും ആത്മാർഥമായും ചെയ്യുന്നത്. അവയെ ദുർബലപ്പെടുത്തുകയോ നശിപ്പിക്കയോ ചെയ്യുന്ന എല്ലാത്തിൽ നിന്നും മുക്തമായി, നീ സന്തോഷിക്കുന്ന സൽകർമങ്ങൾ ചെയ്യാൻ എന്നെ പ്രാപ്തനാക്കേണമേ. അങ്ങനെ കുഴപ്പങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടാനുമുള്ള സഹായം. (നിന്റെ കാരുണ്യത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ) സ്വർഗത്തിലുള്ള കാരുണ്യം. (നിന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ) സദ്‌വൃത്തർക്ക് കാരുണ്യം ലഭിക്കുന്നതിൽ സ്ഥാനപദവികളുടെ വ്യത്യാസങ്ങളുണ്ട്. ഉറുമ്പിന്റെ സംസാരം കേട്ടപ്പോൾ സുലൈമാൻ നബി(അ) എങ്ങനെ പ്രതികരിച്ചു എന്നതിന്റെ കഥയാണ് ഇവിടെ പറയുന്നത്.