സൂറ: ന്നംല്, ഭാഗം 14
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2026 ഏപ്രിൽ 18, 1447 ശവ്വാൽ 30
അധ്യായം: 27, ഭാഗം 14 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
75. ആകാശത്തിലോ ഭൂമിയിലോ മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും സ്പഷ്ടമായ ഒരു രേഖയിൽ രേഖപ്പെടുത്താതിരുന്നിട്ടില്ല.

75). (ആകാശത്തിലോ ഭൂമിയിലോ മറഞ്ഞുകിടക്കുന്ന യാതൊരു കാര്യവും) രഹസ്യമായതാണ് ഇവിടെ ഉദ്ദേശ്യം. അതായത് ഈ ലോകത്തോ ഉപരിലോകത്തോ ഉള്ള രഹസ്യങ്ങൾ. എല്ലാം (സ്പഷ്ടമായ ഒരു രേഖയിൽ രേഖപ്പെടുത്താതിരുന്നിട്ടില്ല) അന്ത്യനാൾവരെ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാം ആ രേഖ ഉൾക്കൊള്ളുന്നു. രഹസ്യമായതും പരസ്യമായതുമായ എല്ലാ സംഭവങ്ങളും ലൗഹുൽ മഹ്ഫൂദ്വിൽ എഴുതിവെച്ചതനുസരിച്ച് സംഭവിക്കുന്നു.
76. ഇസ്രാഈൽ സന്തതികൾ അഭിപ്രായ ഭിന്നത പുലർത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ മിക്കതും ഈ ക്വുർആൻ അവർക്ക് വിവരിച്ചുകൊടുക്കുന്നു.
76). ക്വുർആൻ എങ്ങനെ മുൻ വേദങ്ങളെ സ്ഥിരീകരിക്കുന്നു, വിശദീകരിക്കുന്നു, വ്യക്തത വരുത്തുന്നു എന്നതിനെക്കുറിച്ചാണ് അല്ലാഹു ഇവിടെ പറയുന്നത്. ബനു ഇസ്രായീലുകാർക്കിടയിലുള്ള ആശയക്കുഴപ്പങ്ങളിലും അഭിപ്രായഭിന്നതകളിലും ക്വുർആൻ വ്യക്തത വരുത്തുന്നു. അഭിപ്രായഭിന്നതയുള്ള വിഷയങ്ങളെ വ്യക്തമാക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുന്നു. എല്ലാ അവ്യക്തതകളും ഇല്ലാതാക്കി വ്യക്തത വരുത്തുന്നു. ഇത് അല്ലാഹു തന്റെ അടിമകൾക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്. എന്നാൽ എല്ലാവരും ഈ അനുഗ്രഹത്തോട് നന്ദിയോടെ പ്രതികരിക്കുന്നില്ല.
77. തീർച്ചയായും ഇത് സത്യവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവുമാകുന്നു.
77). അതിന്റെ പ്രയോജനവും വെളിച്ചവും മാർഗദർശനവും വിശ്വാസികൾക്ക് മാത്രമാണെന്ന് അല്ലാഹു പറയുന്നു. (തീർച്ചയായും ഇത് മാർഗദർശനമാകുന്നു) വഴിതെറ്റുന്നതിൽ നിന്നും ആശയക്കുഴപ്പങ്ങളിൽനിന്നും ഒരാളെ രക്ഷിക്കുന്ന മാർഗദർശനമാണിത്. (കാരുണ്യവും) അവരുടെ മതപരവും ലൗകികവുമായ കാര്യങ്ങൾ ശരിയാക്കുകയും ആശ്വാസം നൽകുകയും ചെയ്യുന്നത്. (വിശ്വാസികൾക്ക്) അതായത്, അതിൽ വിശ്വസിക്കുകയും അത് സ്വീകരിക്കുകയും അതിനെ പകർത്തുകയും അതിന്റെ അർഥത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവർക്ക്. അവർ ശരിയായ വഴിയിലേക്കും വിജയവും സൗഭാഗ്യവും നൽകുന്ന കാരുണ്യത്തിലേക്കുമെത്തും.
78. തീർച്ചയായും നിന്റെ രക്ഷിതാവ് തന്റെ വിധിയിലൂടെ അവർക്കിടയിൽ തീർപ്പുകൽപിക്കുന്നതാണ്. അവനത്രെ പ്രതാപിയും സർവജ്ഞനും.
78). തർക്കിക്കുന്നവർക്കും ഭിന്നിക്കുന്നവർക്കുമിടയിൽ അല്ലാഹു നീതിയോടെ വിധിപറയും. ഭിന്നിക്കുന്നവരുടെ കാരണങ്ങൾ തെളിവിന്റെ പോരായ്മകളോ മറ്റേതെങ്കിലും കാരണങ്ങളോ ആണെങ്കിൽ ആ വിഷയത്തിലെ യാഥാർഥ്യത്തെ അല്ലാഹു വ്യക്തമാക്കും. അവൻ അതിൽ വിധി പറയുന്ന സമയത്ത് (അവനത്രെ പ്രതാപി). അവൻ എല്ലാ സൃഷ്ടികളെയും കീഴ്‌പ്പെടുത്തുന്ന സർവശക്തനാണ്. (സർവജ്ഞനും) എല്ലാ വീക്ഷണങ്ങളെക്കുറിച്ചും അതിന്റെ പിന്നിലെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും അവനറിയാം. ഓരോ വ്യക്തിയെക്കുറിച്ചും അവനറിയാവുന്നതുകൊണ്ട് അതിനനുസരിച്ച് അവൻ പ്രതിഫലം നൽകും.
79. അതിനാൽ നീ അല്ലാഹുവിൽ ഭരമേൽപിച്ചുകൊള്ളുക. തീർച്ചയായും നീ സ്പഷ്ടമായ സത്യത്തിൽ തന്നെയാകുന്നു.
79). നിങ്ങൾക്ക് ഉപകാരപ്രദമായത് ലഭിക്കാനും ഉപദ്രവങ്ങൾ തടുക്കാനും പ്രബോധനം നിർവഹിക്കാനും ദീനിനെ സ്ഥാപിക്കാനും ശത്രുവിനെതിരെ പോരാടാൻ നിങ്ങളെ സഹായിക്കാനും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിൽ ഭരമേൽപിക്കുക. (തീർച്ചയായും നീ സ്പഷ്ടമായ സത്യത്തിൽ തന്നെയാകുന്നു) കാരണം, താങ്കൾ സത്യത്തിന്റെ പാതയിലാണ്. അതിലേക്കാണ് ക്ഷണിക്കുന്നത്. അതിനെ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്ന ഒരാൾ അല്ലാഹുവിൽ ഭരമേൽപിക്കാൻ ഏറ്റവും അവകാശപ്പെട്ടവനാണ്. കാരണം സംശയമോ ആശയക്കുഴപ്പമോ അവ്യക്തതയോ ഇല്ലാത്ത ഉറച്ച ഒരു സത്യത്തിനു വേണ്ടി പരിശ്രമിക്കുന്നു. അതിനാൽ താങ്കളോട് നിർദേശിച്ചത് താങ്കൾ നിർവഹിക്കുകയും അതിൽ അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്താൽ വഴിപിഴച്ച് പോയവന്റെ വഴികേട് താങ്കളെ ബാധിക്കില്ല. അവനെ സന്മാർഗത്തിലാക്കാൻ താങ്കൾക്ക് ഉത്തരവാദിത്തമില്ല എന്ന് അല്ലാഹു പറയുന്നു.
80. മരണപ്പെട്ടവരെ നിനക്ക് കേൾപിക്കാനാവുകയില്ല; തീർച്ച. ബധിരൻമാർ പുറംതിരിച്ചു മാറിപ്പോയാൽ അവരെയും നിനക്ക് വിളികേൾപ്പിക്കാനാവില്ല.
80) (മരണപ്പെട്ടവരെ നിനക്ക് കേൾപിക്കാൻ ആവുകയില്ല; തീർച്ചമാരെയും നിനക്ക് കേൾപ്പിക്കാൻ ആവില്ല). നിങ്ങൾ അവരെ വിളിക്കുമ്പോഴും ക്ഷണിക്കുമ്പോഴും. പ്രത്യേകിച്ചും (അവർ പുറം തിരിഞ്ഞ് മാറിപ്പോയാൽ) കേൾക്കാതിരിക്കുന്നതിന്റെ പരമാവധിയാണ് പുറതിരിഞ്ഞുപോകൽ.
81). അന്ധൻമാരെ അവരുടെ ദുർമാർഗത്തിൽ നിന്നും നേർവഴിക്ക് കൊണ്ടുവരാനും നിനക്ക് കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക് കേൾപ്പിക്കാനാവില്ല.
81) (അന്ധന്മാരെ അവരുടെ ദുർമാർഗത്തിൽനിന്നും നേർവഴിക്ക് കൊണ്ടുവരാനും നിനക്ക് കഴിയില്ല). മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۚ
“തീർച്ചയായും നിനക്ക് ഇഷ്ടമുള്ളവരെ നേർമാർഗത്തിൽ ആക്കാൻ നിനക്ക് കഴിയില്ല. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിൽ ആക്കുന്നു’’ (28:56).
إِن تُسْمِعُ إِلَّا مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ
“നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക് കേൾപിക്കാനാവില്ല’’ (27:81).
അവർ നിങ്ങൾക്ക് കീഴൊതുങ്ങുകയും അല്ലാഹുവിന്റെ വചനങ്ങളിൽ വിശ്വസിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
۞ إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ
“കേൾക്കുന്നവർ മാത്രമെ ഉത്തരം നൽകുകയുള്ളൂ. മരിച്ചവരാകട്ടെ, അല്ലാഹു അവരെ ഉയർത്തെഴുന്നേൽപിക്കുന്നതാണ്. എന്നിട്ട് അവങ്കലേക്ക് അവർ മടക്കപ്പെടുകയും ചെയ്യും’’ (6:36).
82. ആ വാക്ക് അവരുടെ മേൽ വന്നുഭവിച്ചാൽ ഭൂമിയിൽ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്. മനുഷ്യർ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ്.
82). അല്ലാഹു പറഞ്ഞ വാക്കും നിശ്ചയിച്ച സമയവും ജനങ്ങളുടെമേൽ പൂർത്തിയായാൽ (ഭൂമിയിൽനിന്ന് ഒരു ജീവിയെ നാം അവരുടെ നേരെ പുറപ്പെടുവിപ്പിക്കുന്നതാണ്) പുറത്തുവരുന്നു. (ഭൂമിയിൽ നിന്ന്) ഭൂമിയിലെ മൃഗങ്ങളിൽനിന്ന് ഒന്നിനെ. ആകാശത്തിൽനിന്നുള്ള ജീവിയല്ല. (അവരോട് സംസാരിക്കുന്നതാണ്) നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്ന് അത് അവരോട് പറയും. കാരണം, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലുള്ള ജനങ്ങളുടെ അറിവും വിശ്വാസവും ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഈ ജീവിയെ പ്രത്യക്ഷപ്പെടുത്തൽ അല്ലാഹുവിന്റെ ഒരു അത്ഭുത ദൃഷ്ടാന്തമാണ്. ജനങ്ങൾ സംശയിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അവർക്ക് വ്യക്തത നൽകാൻ വേണ്ടി അന്ത്യനാളിൽ പ്രത്യക്ഷപ്പെടുന്ന ഈ ജീവി പ്രസിദ്ധമാണ്. പല നബിവചനങ്ങളിലും വന്നതുപോലെ ഇത് അന്ത്യനാളിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ്. അതിനെ വിവരിക്കാനും അത് ഏതുതരം മൃഗമാണെന്ന് പറയാനും വ്യക്തമായ തെളിവുകളില്ല. അത് വരുന്നതിന്റെ ഉദ്ദേശ്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്. അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ട ഒന്നാണ്. അതിന്റെ സംസാരം അസാധാരണമായ ഒന്നായി ജനങ്ങൾക്ക് തോന്നും. അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തത്തിൽ സംശയിക്കും. അത് വിശ്വാസികൾക്ക് ഒരു തെളിവും പ്രമാണവും ആയിരിക്കും. നിഷേധികൾക്കാവട്ടെ അവർക്കെതിരായ തെളിവും.

