സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2026 ജൂൺ 06, 1447 ദുൽഹിജ്ജ 21
അധ്യായം: 26, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
38. അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാർ ഒരുമിച്ചുകൂട്ടപ്പെട്ടു.

(38). (അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാർ ഒരുമിച്ചുകൂട്ടപ്പെട്ടു) അങ്ങനെ അവർ മൂസാ നബിയെയും കൂട്ടി ഒരു നിശ്ചിതദിവസം നിശ്ചിതസമയത്ത് മാന്ത്രികന്മാർ ഒത്തുകൂടി. ആളുകൾക്ക് ജോലി ഒഴിവുള്ള ഒരു ദിവസമായിരുന്നു അത്.
39. ജനങ്ങളോട് ചോദിക്കപ്പെട്ടു: ‘നിങ്ങൾ സമ്മേളിക്കുന്നുണ്ടല്ലോ?’
(39). (ജനങ്ങളോട് ചോദിക്കപ്പെട്ടു:) (നിങ്ങൾ സമ്മേളിക്കുന്നുണ്ടല്ലോ) ആ നിശ്ചിത ദിവസം ഒരുമിച്ചുകൂടാൻ എല്ലാവരോടും പറഞ്ഞു.
40. ‘ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കിൽ നമുക്കവരെ പിന്തുടരാമല്ലോ!’
(40). (ജാലവിദ്യക്കാരാണ് ജയിക്കുന്നതെങ്കിൽ നമുക്ക് അവരെ പിന്തുടരാമല്ലോ) അതായത് അവർ ജനങ്ങളോട് പറഞ്ഞു: ‘മന്ത്രവാദികൾ മൂസായെ പരാജയപ്പെടുത്തുന്നത് കാണാൻ ഒത്തുകൂടുക. കാരണം അവർ അവരുടെ കരകൗശലത്തിൽ വൈദഗ്ധ്യമുള്ളവരാണ്. അപ്പോൾ ഞങ്ങൾ അവരെ പിന്തുടരുകയും ബഹുമാനിക്കുകയും ചെയ്യും. ജാലവിദ്യയുടെ മഹത്ത്വം ഞങ്ങൾ മനസ്സിലാക്കും.’ സത്യത്തോട് അവർക്ക് പ്രതിബദ്ധതയുണ്ടായിരുന്നുവെങ്കിൽ അവർ പറയുക ‘അവരിൽ സത്യത്തിന്റെ ആളുകളെ ഞങ്ങൾ പിന്തുടരും’ എന്നാകുമായിരുന്നു. അല്ലെങ്കിൽ ‘സത്യം നിങ്ങൾ മനസ്സിലാക്കും’ എന്ന്. അതുകൊണ്ടുതന്നെ അവർക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. അവർക്കെതിരെ ഒരു തെളിവുണ്ടായെന്ന് മാത്രം
فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَـٰلِبِينَ (٤١)
41. അങ്ങനെ ജാലവിദ്യക്കാർ വന്നെത്തിയപ്പോൾ ഫിർഔനോട് അവർ ചോദിച്ചു: ‘ഞങ്ങളാണ് വിജയികളാകുന്നതെങ്കിൽ തീർച്ചയായും ഞങ്ങൾക്ക് പ്രതിഫലമുണ്ടായിരിക്കുമോ?’
(41). (അങ്ങനെ ജാലവിദ്യക്കാർ വന്നെത്തിയപ്പോൾ) അതായത് അവർ ഫിർഔനിന്റെ അടുത്ത് എത്തി. എന്നിട്ടവർ അവനോട് ചോദിച്ചു: (ഞങ്ങളാണ് വിജയിക്കുന്നതെങ്കിൽ തീർച്ചയായും ഞങ്ങൾക്ക് പ്രതിഫലം ഉണ്ടായിരിക്കുമോ?) അതായത് മൂസയെ പരാജയപ്പെടുത്തുന്നുവെങ്കിൽ.
42. അവൻ (ഫിർഔൻ) പറഞ്ഞു: ‘അതെ, തീർച്ചയായും നിങ്ങൾ സാമീപ്യം നൽകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.’
(42). (അവൻ - ഫിർഔൻ - പറഞ്ഞു:) (അതെ) നിങ്ങൾക്ക് പ്രതിഫലമുണ്ട്. (തീർച്ചയായും നിങ്ങൾ സാമീപ്യം നൽകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും) എന്റെയടുക്കൽ. ആ സന്ദേശത്തെ എതിർക്കുന്നതിൽ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവർക്ക് പ്രതിഫലവും തന്നോട് സ്‌നേഹവും അവൻ വാഗ്ദാനം ചെയ്തു. അങ്ങനെ നിശ്ചിതസമയത്ത് അവർ കണ്ടുമുട്ടി. അതായത് മൂസാ നബിയും അവരും ഈജിപ്തിലെ ജനങ്ങളും. അപ്പോൾ മൂസാ നബി(അ) അവരെ ഉപദേശിച്ചു; ബോധിപ്പിക്കുകയും ചെയ്തു:
قَالَ لَهُم مُّوسَىٰ وَيْلَكُمْ لَا تَفْتَرُوا عَلَى اللَّهِ كَذِبًا فَيُسْحِتَكُم بِعَذَابٍ ۖ وَقَدْ خَابَ مَنِ افْتَرَىٰ
“നിങ്ങൾക്ക് നാശം! നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കരുത്. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവൻ നിങ്ങളെ ഉൻമൂലനം ചെയ്‌തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവൻ തീർച്ചയായും പരാജയപ്പെട്ടിരിക്കുന്നു’’ (20:61).
അവർ തർക്കിക്കുകയും വാഗ്വാദം നടത്തുകയും ചെയ്തു. ഫിർഔൻ അവരെ പ്രോത്സാഹിപ്പിച്ചു. അവരും പരസ്പരം പ്രോത്സാഹിപ്പിച്ചു. (മൂസാ അവരോട് പറഞ്ഞു: നിങ്ങൾക്ക് ഇടാനുള്ളതെല്ലാം നിങ്ങൾ ഇട്ടുകൊള്ളുക) നിങ്ങൾ ഇടണമെന്ന് നിങ്ങൾക്ക് തോന്നുന്നതെന്തും നിങ്ങൾ എറിയുക. സത്യത്തെ എതിർക്കാൻ അവർ കൊണ്ടുവരുന്നതെല്ലാം പരാജയപ്പെടുമെന്ന് അദ്ദേഹത്തിന് ഉറപ്പുള്ളതിനാൽ അദ്ദേഹം നിബന്ധനകളൊന്നും നിശ്ചയിച്ചില്ല. അപ്പോൾ തങ്ങളുടെ വടികളും കയറുകളും അവരിട്ടു. അപ്പോഴതാ, അവ ഇഴയുന്ന പാമ്പുകളായി മാറി. അതുമൂലം അവർ ആളുകളുടെ കണ്ണുകളെ വശീകരിച്ചതായിരുന്നു. (അവർ പറയുകയും ചെയ്തു: ഫിർഔനിന്റെ പ്രതാപം തന്നെയാണ് സത്യം! തീർച്ചയായും ഞങ്ങൾ തന്നെയായിരിക്കും വിജയികൾ) ഒരു മേഖലയിലും കഴിവില്ലാത്ത ഒരു ദുർബലനായ അടിമയുടെ ശക്തിയാൽ അവർ സഹായം തേടി. അവൻ അഹങ്കാരം കാണിച്ചതാണ്. സൈന്യങ്ങളുള്ള ഒരു രാജാവ് മാത്രമാണവർ. ആ പ്രൗഢികൾ അവരെ വഞ്ചിച്ചു. കാര്യത്തിന്റെ യാഥാർഥ്യം കാണാൻ അവർക്കായില്ല. അല്ലെങ്കിൽ തങ്ങൾ ഫിർഔനിന്റെ ശക്തികൊണ്ട് ജയിക്കുമെന്ന് അവർ സത്യം ചെയ്യുകയായിരിക്കാം. (അനന്തരം മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് അവർ വ്യാജമായി നിർമിച്ചതിനെയെല്ലാം വിഴുങ്ങിക്കളയുന്നു) അപ്പോൾ അവർ കയറുകൊണ്ടും വടികൊണ്ടും ഉണ്ടാക്കിവിട്ടത് വിഴുങ്ങിക്കളഞ്ഞു. കാരണം അത് കെട്ടിച്ചമച്ചതും വ്യാജവുമായിരുന്നു. അതെല്ലാം വ്യാജമാണ്. സത്യത്തിന് എതിരായി നിൽക്കാനോ അതിനെ എതിരിടാനോ അതിനാവില്ല.

